•  7 Nov 2024
  •  ദീപം 57
  •  നാളം 35
ലേഖനം

ദന്തസംരക്ഷണം നമ്മുടെ കൈകളില്‍

    ദന്തഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ നവംബര്‍ 7 ദേശീയ ''ടൂത്ത് ബ്രഷിങ് ഡേ'' ആയി ആചരിക്കുകയാണ്.
ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് കുട്ടികളില്‍ ടൂത്ത് ബ്രഷിങ്ങിന്റെയും വായ് ശുചിയായി സൂക്ഷിക്കേണ്ടതിന്റെയും പ്രാധാന്യം പ്രചരിപ്പിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. 
    പണ്ടു പല്ലുതേക്കുന്നതിന് ഉമിക്കരിയോ മാവിലയോയാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, കാലം മാറിയതോടെ അതു ബ്രഷിനും പേസ്റ്റിനും വഴിമാറി.  ഉമിക്കരിയെക്കാളും മാവിലയെക്കാളും  ബ്രഷും പേസ്റ്റും മെച്ചമാണെങ്കിലും ശരിയായ രീതിയില്‍ അതുപയോഗിച്ചാല്‍  മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ.  
കഴിഞ്ഞ ദിവസം ലേഖകനുണ്ടായ അനുഭവം വിവരിക്കട്ടെ. ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്ന മുപ്പത്തൊമ്പതു കാരനായ സാബു എന്നെ സമീപിച്ചത് അദ്ദേഹത്തിന്റെ അണപ്പല്ലിനു ശക്തിയായ വേദനയുമായാണ്.
   ഞാന്‍ സാബുവിനോടു കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. അദ്ദേഹം കാലത്തും വൈകിട്ടും പല്ലു തേക്കും. നല്ല കാര്യംതന്നെ. പക്ഷേ, ഓരോ നേരവും അഞ്ചും എട്ടും മിനിറ്റാണ് അതിനെടുക്കുന്നത്. കൂടുതല്‍ സമയം തേച്ചാല്‍ പല്ലിന്റെ പുളിയും വേദനയുമൊക്കെ മാറുമെന്നാണു പലരുടെയും ധാരണ. തികച്ചും തെറ്റായ ധാരണയാണത്. ഓരോ പ്രാവശ്യവും രണ്ടു മിനിറ്റിനുള്ളില്‍ കൂടുതല്‍ ബ്രഷു ചെയ്യേണ്ടതില്ല.
   എന്നതുതന്നെയല്ല, ശരിയായ  രീതിയില്‍ പല്ലുതേച്ചില്ലെങ്കില്‍ അതു ഗുണത്തേക്കാളേറെ ദോഷവുമാണ്.
    ഉമിക്കരിയോ ഉപ്പോ മാവിലയോ കൊണ്ടു പല്ലുതേച്ചാല്‍ പോരേ? ബ്രഷ് തന്നെ വേണമെന്നുണ്ടോ? പലരുടെയും ചോദ്യമാണ്. പോരാ. അതിന്റെ കാരണമിതാണ്: ഭക്ഷണം കഴിച്ചതിനുശേഷം പഞ്ചസാര അടങ്ങിയ വസ്തുക്കളില്‍നിന്ന് ബാക്ടീരിയകള്‍ പല്ലിന്റെ പുറംകവചമായ ഇനാമലിനെ നശിപ്പിക്കുന്ന  ആസിഡുകള്‍ ഉണ്ടാക്കുന്നു. ഇനാമല്‍ നമ്മുടെ ശരീരത്തിലെ ഏറ്റവും കട്ടിയുള്ള വസ്തുവാണെങ്കിലും പല്ലുകളെ സംരക്ഷിക്കുന്ന ഇവയ്ക്ക് ആസിഡിന്റെ ആക്രമണത്തില്‍നിന്നു രക്ഷയില്ല. ഇത് ഭാവിയില്‍ ദന്തക്ഷയത്തിനു കാരണമാകുന്നു. ശരിയായ രീതിയില്‍ ബ്രഷ് ചെയ്യുമ്പോള്‍ പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളും പ്ലാക്കും നീക്കം ചെയ്ത് പല്ലു ശുചിയാക്കുന്നു. ഉമിക്കരിയും ഉപ്പുംകൊണ്ട് പല്ലു വെളുപ്പിക്കാമെങ്കിലും ബ്രഷ് ചെയ്യുന്നതിന്റെ അത്രയും പ്രയോജനം ലഭിക്കുന്നില്ല.      
ബ്രഷിങ് എങ്ങനെ ചെയ്യണം? 
    ഒരു പയറുമണിയുടെ വലുപ്പത്തിലുള്ള ടൂത്ത് പേസ്റ്റ് ബ്രഷില്‍ പുരട്ടുക. (പരസ്യങ്ങളില്‍ കാണുന്നതുപോലെ ബ്രഷില്‍ മുഴുവന്‍  നിറഞ്ഞുനില്‍ക്കുന്ന പേസ്റ്റിന്റെ ആവശ്യമില്ല; ഫ്‌ളൂറൈഡ് അടങ്ങിയ പേസ്റ്റ് ആണെങ്കില്‍ നല്ലത്). 
    ബ്രഷ് ചെയ്യാന്‍ പല രീതികള്‍ ഉണ്ടെങ്കിലും 'ബാസ് മെത്തേഡ്' (Bass method) ആണ് കൂടുതലായി പ്രചാരത്തിലുള്ളത്. 
    ഈ വിധം ബ്രഷ് ചെയ്യുന്ന അവസരത്തില്‍ പല്ലിന്റെ പ്രതലത്തില്‍ ടൂത്ത് ബ്രഷ് 45 ഡിഗ്രിയില്‍  പിടിക്കുന്നു(ചിത്രം 1 & 2 )  അപ്പോള്‍ ബ്രഷിലെ ബ്രസില്‍സ് മോണയുടെ വശത്തേക്കു ചൂണ്ടുന്നു. തുടര്‍ന്ന് താഴേക്കു മാറ്റുന്നു. ആ അവസരത്തില്‍ ബ്രഷ് മോണയുടെ അടിയില്‍ നിന്നു പല്ലിന്റെ മുകളിലേക്ക് അഴുക്കുകളും  ബയോഫിലിമും പ്ലാക്കും തൂത്തു കൊണ്ടുവരുന്നു.  ബയോഫിലിം നീക്കം ചെയ്യുന്നതു മോണവീക്കം തടയാനും സഹായിക്കും. കീഴ്ത്താടിയിലെ പല്ലുതേക്കുന്ന അവസരത്തില്‍ ബ്രഷ് താഴേക്കായി 45 ഡിഗ്രി  ചരിച്ചുപിടിച്ച്  വീണ്ടും മോണയില്‍നിന്ന് ആരംഭിക്കുക. ഈ പ്രക്രിയ പല്ലിനു തേയ്മാനം കുറയ്ക്കാന്‍ സഹായിക്കുന്നു. ബ്രഷ് ലംബമായി പിടിച്ച് ശക്തിയായി തേക്കുമ്പോള്‍ പല്ലും  മോണയുമായി ചേരുന്ന സ്ഥലത്ത് ഇനാമല്‍ നഷ്ടപ്പെടുകയും അതുമൂലം  അമിത തേയ്മാനം ഉണ്ടാവുകയും ചെയ്യുന്നു. അതിനുപകരം മേല്പറഞ്ഞ രീതിയില്‍ പല്ലുതേച്ചാല്‍ (Bass method) അമിതതേയ്മാനം ഒഴിവാക്കുകയും പുളിപ്പും വേദനയും കുറയുകയും ചെയ്യുന്നു. ഇങ്ങനെയുള്ള ബ്രഷിന്റെ ചലനം മോണയ്ക്ക് നല്ല ഉത്തേജനവും (massaging effect) നല്‍കുന്നുണ്ട്. തുടര്‍ന്ന് ചിത്രത്തില്‍ (3,4,5,6) കാണിച്ചിരിക്കുന്നതുപോലെ മേല്‍ത്താടിയിലെയും, കീഴ്ത്താടിയിലെയും പല്ലിന്റെ ചവയ്ക്കുന്ന  വശവും  ഉള്‍വശവും വൃത്തിയാക്കണം. അതിനുശേഷം വെള്ളമുപയോഗിച്ചു വായ് കഴുകുക.
എപ്പോഴൊക്കെ പല്ലുതേക്കണം? 
   രണ്ടുനേരം - പ്രഭാതത്തിലും രാത്രിയില്‍ അത്താഴത്തിനുശേഷവും - പല്ലുതേക്കേണ്ടതാണ്. ഒരിക്കല്‍ ഒരു ദന്തഡോക്ടര്‍ തമാശരൂപേണ പറയുകയുണ്ടായി, 'മറ്റുള്ളവര്‍ക്കു വായ്‌നാറ്റം അനുഭവപ്പെടാതിരിക്കാന്‍ രാവിലെ ബ്രഷ് ചെയ്യുക, നമ്മുടെ ദന്താരോഗ്യം സംരക്ഷിക്കാന്‍ രാത്രിയില്‍ ബ്രഷ് ചെയ്യുക'യെന്ന്. നര്‍മരൂപേണ പറഞ്ഞതാണെങ്കിലും ഇതില്‍ അല്പം കാര്യമുണ്ട്. കാരണം, രാത്രിയില്‍ പല്ലുതേക്കാത്തപക്ഷം പല്ലില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ കൂടുതല്‍ നേരം പറ്റിപ്പിടിച്ചിരുന്ന് പല്ലിനും മോണയ്ക്കും രോഗങ്ങള്‍ വരാന്‍ കാരണമാകുന്നു. 
ഒരു ബ്രഷ് എത്രനാള്‍ ഉപയോഗിക്കാം? 
  മൂന്നു മാസത്തിലൊരിക്കല്‍ അല്ലെങ്കില്‍ ബ്രഷിന്റെ രോമത്തിനു കേടുപാടു് സംഭവിച്ചാല്‍  ടൂത്ത്ബ്രഷ് മാറ്റുക.
അനുബന്ധം
  1. ധാരാളം ആസിഡുകള്‍ അടങ്ങിയ ഭക്ഷണപാനീയങ്ങള്‍ കഴിച്ചതിനുശേഷം ഉടന്‍ ബ്രഷ് ചെയ്യരുത്. സോഡ, സിട്രസ് ജ്യൂസുകള്‍, സിട്രസ് പഴങ്ങള്‍ എന്നിവ പോലുള്ള ശീതളപാനീയങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവയിലെ ആസിഡിന് ഇനാമലിനെ മൃദുവാക്കാന്‍ കഴിയും. അതിനാല്‍ അസിഡിറ്റിയുള്ള എന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ ചെയ്തതിനുശേഷം വളരെവേഗം ബ്രഷ് ചെയ്യുന്നത് നിങ്ങളുടെ പല്ലിലെ ഇനാമലിനെ ഇല്ലാതാക്കും. ബ്രഷ് ചെയ്യാന്‍ ഒരു മണിക്കൂര്‍ കാത്തിരിക്കുക. ആ സമയത്ത്, നിങ്ങളുടെ ഉമിനീര്‍ ആസിഡിനെ കഴുകിക്കളയുകയും ഇനാമല്‍ വീണ്ടും കഠിനമാകുകയും ചെയ്യുന്നു.
   2. നിങ്ങള്‍ക്ക് ആര്‍ത്രൈറ്റിസ് (സന്ധിവാതം) മൂലമോ മറ്റേതെങ്കിലും കാരണത്താലോ  സാധാരണ ടൂത്ത്ബ്രഷ് പിടിക്കാന്‍ പ്രയാസമുണ്ടെങ്കില്‍   ബാറ്ററി ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്ന ഇലക്ട്രിക് ടൂത്ത് ബ്രഷ് പരീക്ഷിക്കാവുന്നതാണ്. ഈ  ടൂത്ത് ബ്രഷുകള്‍ ഉപയോഗിക്കാന്‍ എളുപ്പമായിരിക്കും.
   3.പല്ലുകള്‍ക്കിടയില്‍ കൂടുതല്‍ വിടവുള്ള പക്ഷം 'ഡെന്റല്‍ ഫ്‌ളോസ്'  (dental floss), 'ഇന്റ്റര്‍ ഡെന്റല്‍ ബ്രഷ്'  (inter dental brush) എന്നിവ ഉപയോഗിച്ചാല്‍ കൂടുതല്‍ നന്നായിരിക്കും.         
   4. ടൂത്ത് ബ്രഷിങ്ങിനു പകരം മൗത്ത് വാഷ്  (mouthwash)  മാത്രം ഉപയോഗിക്കുന്നതു നന്നല്ല. ദന്തരോഗം തടയുന്നതിന് ബ്രഷിങ്ങിന്റെ അത്രയും ഫലപ്രദമായിരിക്കില്ല ഇത്.
   വായുടെ  ആരോഗ്യം നിലനിര്‍ത്തുന്നതിനും, ദന്തരോഗവും മോണരോഗവും  തടയുന്നതിനും പതിവായി പല്ലു തേയ്ക്കുന്നത് അത്യന്താപേക്ഷിതമാണ്. ശരിയായ രീതിയില്‍ ബ്രഷിങ് ചെയ്യുകയും ഫ്‌ളൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ, ദന്തരോഗങ്ങള്‍ ഗണ്യമായി തടയാന്‍ സാധിക്കും. ശ്രദ്ധാപൂര്‍വം ഈ ശീലത്തിനു മുന്‍ഗണന നല്‍കുമ്പോള്‍  മനോഹരമായി  പുഞ്ചിരിക്കാനും  ആത്മവിശ്വാസം  വര്‍ധിപ്പിക്കാനും അതു  സഹായിക്കുന്നു. 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)