•  7 Nov 2024
  •  ദീപം 57
  •  നാളം 35
ലേഖനം

ലോകം ആണവയുദ്ധഭീതിയില്‍

    ഈ വര്‍ഷം ജൂലൈ 31-ാം തീയതി ഇറാന്‍തലസ്ഥാനമായ ടെഹ്‌റാനില്‍ വധിക്കപ്പെട്ട ഹമാസിന്റെ രാഷ്ട്രീയകാര്യമേധാവി ഇസ്മയില്‍ ഹനിയയുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ട യഹ്യ സിന്‍വര്‍ ഒക്‌ടോബര്‍ 16-ാം തീയതിയാണ് ഇസ്രയേലിന്റെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍, ഇതിനകംതന്നെ ഭീകരസംഘടനകള്‍ രക്തസാക്ഷിത്വപരിവേഷം ചാര്‍ത്തിയ സിന്‍വറിന്റെ കൊലപാതകത്തിനു പ്രതികാരം ചെയ്യുമെന്ന പ്രഖ്യാപനങ്ങള്‍ വന്നുകഴിഞ്ഞു. 
ഇറാനുമായി നേര്‍ക്കുനേര്‍
ഇസ്രയേലുമായി ഒരു നേര്‍ക്കുനേര്‍ യുദ്ധത്തിനുള്ള ആഹ്വാനം ഇറാനില്‍നിന്നാണ് ആദ്യം ഉയര്‍ന്നുകേട്ടത്.  ലബനനില്‍ താവളമുറപ്പിച്ച് ഇസ്രയേലിനെതിരേ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന ഹിസ്ബുല്ല എന്ന ഭീകരസംഘടനയുടെ തലവന്‍ ഹസ്സന്‍ നസ്‌റല്ലയുടെ വധത്തിനു പിന്നാലെയായിരുന്നു ഇറാന്റെ പോര്‍വിളി. 1982 മുതല്‍ ആയുധവും പണവും നല്കുകമാത്രമല്ല, ആയുധപരിശീലനവും നല്കി ഹിസ്ബുല്ലയെ വളര്‍ത്തിയെടുത്ത് ഇസ്രയേലിനെതിരേ തിരിച്ചുവിടുന്നത് ഇറാനാണ്. മൂന്നു ദശകങ്ങളായി ഇസ്രയേലിനെ വിറപ്പിച്ചിരുന്ന നസ്‌റല്ലയെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 27-ാം തീയതിയാണ് ഇസ്രയേല്‍ വധിച്ചത്. ഹിസ്ബുല്ലയുടെ സ്ഥാപകനേതാക്കളില്‍ അവശേഷിച്ച നസ്‌റല്ലയോടൊപ്പം ഉന്നതസ്ഥാനീയരായ ഇരുപതോളം നേതാക്കളും കൊല്ലപ്പെട്ടുവെന്നാണു സ്ഥിരീകരണം. അവരോടൊപ്പം നസ്‌റല്ലയുടെ മകള്‍ സൈനബയും ഇറാന്‍സൈന്യത്തിന്റെ കമാന്‍ഡര്‍മാരിലൊരാളായ അബ്ബാസ് നില്‍ഫറോഷനും ഉള്‍പ്പെട്ടതായും വാര്‍ത്തയുണ്ടായിരുന്നു. ലബനന്‍തലസ്ഥാനമായ ബെയ്‌റൂട്ടിലെ ദഹിയയിലുള്ള ഹിസ്ബുല്ലയുടെ ആസ്ഥാനമന്ദിരത്തില്‍ ഉഗ്രശക്തിയുള്ള 80 ബോംബുകളാണ് ഇസ്രയേലിന്റെ യുദ്ധവിമാനങ്ങള്‍ വര്‍ഷിച്ചത്. ആസ്ഥാനമന്ദിരം സ്ഥിതിചെയ്യുന്ന പാര്‍പ്പിടസമുച്ചയങ്ങളിലെ നൂറിലേറെപ്പേര്‍ക്കു പരിക്കുപറ്റിയതായും പറയപ്പെടുന്നു. ഈ ആക്രമണത്തോടെ ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതൃനിര പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടുവെന്നാണു കരുതപ്പെടുന്നത്. നസ്‌റല്ലയുടെ പിന്‍ഗാമിയാകുമെന്നു കരുതപ്പെട്ടിരുന്ന ഹാഷെം സഫിയെദ്ദീനും വധിക്കപ്പെട്ടതായി സ്ഥിരീകരണമുണ്ട്. 
ഹസ്സന്‍ നസ്‌റല്ല ബോംബാക്രമണത്തില്‍ വധിക്കപ്പെടുന്ന ദിവസം അതേസമയത്ത് ബഞ്ചമിന്‍ നെതന്യാഹു ഐക്യരാഷ്ട്രസംഘടനയുടെ 79-ാം പൊതുസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു. വികാരവായ്‌പോടെയുള്ള അദ്ദേഹത്തിന്റെ പ്രസംഗം കരഘോഷത്തോടെയാണ് അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ എതിരേറ്റത്. നെതന്യാഹു ഇപ്രകാരം പറഞ്ഞു: ''എന്റെ രാജ്യത്തിനുവേണ്ടി വാദിക്കാനാണ് ഞാനിവിടെയെത്തിയത്. യാഥാര്‍ഥ്യം എന്താണെന്നു നിങ്ങള്‍ അറിയണമെന്നു ഞാനാഗ്രഹിക്കുന്നു. ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരാണ്. എന്നാല്‍, ഞങ്ങളുടെ രാജ്യം ശത്രുക്കളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന അവസ്ഥയാണ്. അവരുമായി നിരന്തരം പോരാടേണ്ടിവരുന്നു. ഞങ്ങളെയും ഞങ്ങളുടെ സംസ്‌കാരത്തെയും പൂര്‍ണമായി ഇല്ലായ്മ ചെയ്യണമെന്ന ഒറ്റലക്ഷ്യമേ അവര്‍ക്കുള്ളൂ. ഞങ്ങള്‍ക്കു പോകാന്‍ മറ്റൊരിടമില്ല. ഞങ്ങള്‍ക്ക് ഇവിടെ നിലനിന്നേ മതിയാകൂ.
''ഏകദേശം 4,000 വര്‍ഷംമുമ്പ് ഞങ്ങളുടെ പൂര്‍വപിതാവായ അബ്രാഹം ഞങ്ങള്‍ക്കു നേടിത്തന്ന വാഗ്ദത്തഭൂമിയാണത്. വെറും മരുഭൂമിയായിരുന്ന പ്രദേശം പാലും തേനും ഒഴുകുന്ന നാടാക്കി മാറ്റിയത് ഞങ്ങളുടെ പൂര്‍വികരാണ്. കഴിഞ്ഞവര്‍ഷം ഒക്‌ടോബര്‍ ഏഴാം തീയതി ഭീകരസംഘടനയായ ഹമാസ് നടത്തിയ നരവേട്ട സമാനതകളില്ലാത്തതാണ്. യഹൂദരെയും വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ വിനോദസഞ്ചാരികളുള്‍പ്പെടെയുള്ള 1,200 പേരെയുമാണ് അവര്‍ കൂട്ടക്കൊല ചെയ്തത്. സൈനികരുള്‍പ്പെടെ  251 പേരെ  ബന്ദികളാക്കി. ഇവരില്‍ 117 പേരെ ഇനിയും മോചിപ്പിക്കാനുണ്ട്. ഹമാസ്‌പോരാളികളെ പ്രതിരോധിച്ച ഞങ്ങളുടെ രാജ്യത്തെ, ഹിസ്ബുല്ല എന്ന ഭീകരസംഘടന ലബനനില്‍നിന്ന് ആക്രമിക്കുകയുണ്ടായി. അവരുടെ ആക്രമണം ഇപ്പോഴും  തുടരുന്നു. രണ്ടു ഭീകരസംഘടനകളെയും ഞങ്ങള്‍ ഇല്ലായ്മ ചെയ്യും. അവരെ മുമ്പില്‍നിര്‍ത്തി നിഴല്‍യുദ്ധം ചെയ്യുന്നത് തിന്മയുടെ അച്ചുതണ്ടായ ഇറാനാണ്. പൗരാണികവും ധന്യവുമായ പാരമ്പര്യമുള്ള പേര്‍ഷ്യന്‍ജനതയുടെ പിന്മുറക്കാരാണ് ഇറാനിലുള്ളത്. ജനങ്ങളില്‍ വര്‍ഗീയതയുടെ വിഷം കുത്തിവയ്ക്കുകയും, സ്ത്രീകളെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന മതമൗലികവാദികളായ ഭരണാധികാരികളെ അധികാരത്തില്‍നിന്നു താഴെയിറക്കാന്‍ ഇറാനിലെ ജനങ്ങള്‍ക്കു കഴിയണം. ഇറാന്റെ പാവകളായ ഹമാസ്ഭീകരരുടെ ഒളിത്താവളങ്ങളിലുള്ള  117 ബന്ദികളെക്കൂടി മോചിപ്പിക്കുംവരെ  ഈ യുദ്ധം  ഞങ്ങള്‍ തുടരുകതന്നെ ചെയ്യും.'' എന്നാല്‍, ഇസ്രയേല്‍സേന ഗാസയില്‍നിന്നു പൂര്‍ണമായും പിന്‍വാങ്ങുന്നതുവരെ ബന്ദികളെ വിട്ടയയ്ക്കുകയില്ലെന്നും ഇസ്രയേലിനെതിരേയുള്ള ആക്രമണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ഹമാസിന്റെയും ഹിസ്ബുല്ലയുടെയും നേതാക്കള്‍ ഒളിത്താവളങ്ങളില്‍നിന്നു പ്രഖ്യാപിച്ചത് വടക്കന്‍ ഗാസയിലേക്കു കൂടുതല്‍ സൈന്യത്തെ അയയ്ക്കാന്‍ ഇസ്രയേലിനെ പ്രേരിപ്പിക്കുകയാണുണ്ടായത്.
ഇസ്മയില്‍ ഹനിയയുടെയും ഹസന്‍ നസറല്ലയുടെയും അബ്ബാസ് നില്‍ഫറോഷന്റെയും കൊലപാതകത്തിനുശേഷം ഇസ്രയേലിന്റെ ആക്രമണം ഭയന്ന് ഇറാനിലെ ഏതോ രഹസ്യസങ്കേതത്തില്‍ ഒളിച്ചിരുന്നുകൊണ്ട് ഇസ്രയേലിലേക്കു  ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിടാന്‍ ഉത്തരവിട്ടത് ഇറാന്റെ പരമോന്നത നേതാവായ അയത്തൊള്ള അലി-ഖമെനെയിയാണ്. മൂവരുടെയും മരണത്തില്‍ അതീവദുഃഖിതനായിരുന്ന ഖമെനെയിയുടെ ഉത്തരവുപ്രകാരം ഷഹാബ്-3 ബാലിസ്റ്റിക് മിസൈലുകളും ഫലാഹ്-2 ഹൈപ്പര്‍ സോണിക് മിസൈലുകളുമുള്‍പ്പെടെ 181 മിസൈലുകളാണ് കഴിഞ്ഞ മാസം ഒന്നാം തീയതി ഇസ്രയേലിന്റെമേല്‍ വര്‍ഷിച്ചത്. ഇറാക്കിന്റെയും ജോര്‍ദാന്റെയും ആകാശാതിര്‍ത്തികള്‍ കടന്ന് 1,724 കിലോമീറ്റര്‍ സഞ്ചരിച്ച മിസൈലുകളില്‍ 90 ശതമാനവും ഇസ്രയേലിന്റെ അയണ്‍ ഡോം സംവിധാനം ആകാശത്തുവച്ചുതന്നെ നശിപ്പിച്ചതിനാല്‍ ആളപായമോ വലിയ നഷ്ടങ്ങളോ ഉണ്ടായില്ല. ശബ്ദത്തെക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ സഞ്ചരിച്ച മിസൈലുകള്‍ 12 മിനിറ്റുകൊണ്ട് ഇസ്രയേലിന്റെ അതിര്‍ത്തി കടന്നു.
മധ്യപൂര്‍വദേശത്തെ ഏറ്റവും ശക്തരായ ഇസ്രയേലും ഇറാനും ശക്തിപരീക്ഷണത്തിനു തയ്യാറായത് ലോകനേതാക്കളെ ഭീതിയിലാക്കി. ആണവരാജ്യമായ ഇസ്രയേലും ആണവായുധം കൈവശമുണ്ടെന്നു കരുതപ്പെടുന്ന ഇറാനും പോര്‍മുഖം തുറന്നതാണ് അവരെ ആശങ്കപ്പെടുത്തുന്നത്. ഒക്‌ടോബര്‍ ഒന്നിലെ ഇറാന്റെ മിസൈല്‍വര്‍ഷത്തിനു പകരംവീട്ടുമെന്ന ബഞ്ചമിന്‍ നെതന്യാഹുവിന്റെയും പ്രതിരോധമന്ത്രി യോവ് ഗാലന്റിന്റെയും പ്രഖ്യാപനങ്ങള്‍ ഒക്‌ടോബര്‍ 26-ാം തീയതി അവര്‍ നടപ്പാക്കുകയും ചെയ്തു. 25 ദിവസത്തെ മുന്നൊരുക്കങ്ങള്‍ക്കുശേഷമായിരുന്നു ഇസ്രയേലിന്റെ പ്രത്യാക്രമണം. 
    അതിനിടെ, മധ്യഇറാനിലെ സെമ്‌നാന്‍ പ്രവിശ്യയിലുള്ള അരാദാന്‍ മരുഭൂമിയില്‍ കഴിഞ്ഞ മാസം 5-ാം തീയതി രാവിലെ 10.45 ന് വലിയ ഒരു പ്രകമ്പനമുണ്ടായത്  ഇറാന്റെ ആണവപരീക്ഷണമായിരുന്നുവെന്നു സംശയിച്ചവരുണ്ട്. എന്നാല്‍, അത് ആണവപരീക്ഷണമല്ലെന്നും, ഭൗമാന്തര്‍ഭാഗത്ത് 12 കിലോമീറ്റര്‍ താഴെ  റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നുവെന്നും ടെഹ്‌റാന്‍ യൂണിവേഴ്‌സിറ്റിയിലെ ജിയോഫിസിക്‌സ് വിഭാഗത്തിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. എന്നാലും, ആണവായുധനിര്‍മാണത്തിനുള്ള യുറേനിയം സമ്പുഷ്ടീകരണം 90 ശതമാനവും ഇറാന്‍ പൂര്‍ത്തിയാക്കിയിരിക്കാമെന്ന വാര്‍ത്ത ആശങ്ക ജനിപ്പിക്കുന്നുണ്ട്. 
     അണ്വായുധങ്ങളുടെ എണ്ണം ശീതയുദ്ധകാലത്തെക്കാള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ആകെ 13,000 ത്തോളം ആണവായുധങ്ങള്‍ ഉണ്ടെന്നു കണക്കാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അണ്വായുധങ്ങള്‍ ശേഖരിച്ചുവച്ചിരിക്കുന്നത് റഷ്യയാണ്, 6,000 എണ്ണം. അമേരിക്കയുടെ കൈവശമുള്ളത്  5,428, ചൈന 350, ഫ്രാന്‍സ് 300, ബ്രിട്ടന്‍ 225,   പാക്കിസ്ഥാന്‍ 165, ഇന്ത്യ 160, ഇസ്രയേല്‍ 90, വടക്കന്‍ കൊറിയ 50 എന്നിങ്ങനെയാണ് കണക്കുകള്‍. ജര്‍മനി,  ഇറ്റലി, ഹോളണ്ട്, ബല്‍ജിയം, തുര്‍ക്കി, എന്നിവയുടെ കൈവശം 20 എണ്ണം വീതമുണ്ട്. ഇപ്പോഴത്തെ ഒരു അണുബോംബിന്റെ ശേഷി, 1945 ല്‍ അമേരിക്ക ഹിരോഷിമയില്‍ വര്‍ഷിച്ച ആറ്റംബോബിന്റെ ആയിരം മടങ്ങുവരുമെന്നാണ് ആണവശാസ്ത്രജ്ഞരുടെ നിഗമനം. 12,500 ടിഎംസി ശേഷിയുണ്ടായിരുന്ന ആറ്റംബോംബില്‍നിന്നുള്ള തീജ്വാലയുടെ ചൂട് 10 ലക്ഷം ഡിഗ്രി സെന്റിഗ്രേഡായിരുന്നത്രേ! തറനിരപ്പില്‍നിന്ന് 40,000 അടി മുകളിലേക്കുയര്‍ന്ന കൂണാകൃതിയിലുള്ള  വിഷമേഘങ്ങള്‍ തിമിര്‍ത്തുപെയ്ത മഴയോടൊപ്പം തിരികെ മണ്ണിലെത്തി. ഹിരോഷിമയിലും നാഗസാക്കിയിലുമായി 2,14,000 പേരുടെ മരണമാണ് ആദ്യം റിപ്പോര്‍ട്ടു ചെയ്തത്. അണുവികിരണംമൂലം രണ്ടു നഗരങ്ങളിലുമായി മരിക്കുന്നവരുടെ എണ്ണം ഇപ്പോഴും പുതുക്കിക്കൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റുമാസംവരെ 5.40 ലക്ഷം പേര്‍ മരണപ്പട്ടികയില്‍ ഇടംപിടിച്ചു.
    തന്റെ രാജ്യത്തിന്റെ എണ്‍പതിരട്ടി വലുപ്പവും പത്തിരട്ടി ജനസംഖ്യയുമുള്ള  ഇറാനെ ആക്രമിക്കാന്‍ തുനിഞ്ഞ നെതന്യാഹുവിന്റെ സാഹസികത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 16.50 ലക്ഷം ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയില്‍ ഇറാന്‍ വ്യാപിച്ചുകിടക്കുമ്പോള്‍, ഇസ്രയേലിന്റെ വിസ്തീര്‍ണം 22,145 ചതുരശ്രകിലോമീറ്റര്‍മാത്രമാണ്. 9.61 കോടി ജനം ഇറാനില്‍ അധിവസിക്കുമ്പോള്‍ ഇസ്രയേലിന്റെ ജനസംഖ്യ 98 ലക്ഷംമാത്രം. (യഹൂദരുടെ ലോകത്തെ ആകെ ജനസംഖ്യ 15.70 ദശലക്ഷമാണ്). സൈനികരുടെ എണ്ണത്തിലും ഈ അന്തരമുണ്ട്. 1.69 ലക്ഷം സൈനികരുള്ള ഇസ്രയേലിനു നേരിടേണ്ടത്  6.10 ലക്ഷം ഇറാനിയന്‍ സൈനികരെയാണ്. ഇസ്രയേലിന് 4.63 ലക്ഷം റിസര്‍വ് സൈനികരുള്ളപ്പോള്‍ ഇറാന്റെ കരുതല്‍ സേനയില്‍ 3.50 ലക്ഷം പേരേയുള്ളൂ. കവചിതവാഹനങ്ങളുടെ എണ്ണത്തില്‍ ഇറാന്‍ മുന്‍പില്‍ നില്‍ക്കുമ്പോള്‍ (10,513, ഇസ്രയേല്‍ 2,200); പോര്‍വിമാനങ്ങളില്‍ ഇസ്രയേലാണു മുമ്പില്‍ (618). ഇറാന് 551 യുദ്ധവിമാനങ്ങളേയുള്ളൂ.
ഇറാനിലെ ഏതോ അജ്ഞാതകേന്ദ്രങ്ങളില്‍ കഴിയുന്ന അയത്തൊള്ള ഖമെനെയി ഇസ്രയേലിന്റെ പ്രത്യാക്രമണത്തോട് ഇങ്ങനെയാണ് പ്രതികരിച്ചത്: ''ഇറാന്റെ യുവത്വത്തെയോ, സൈനികശക്തിയെയോ, ഇവിടത്തെ ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെയോ ഇസ്രയേലികള്‍ക്കറിയില്ല. അവരെ ഞങ്ങള്‍ ഒരു പാഠം പഠിപ്പിക്കും.''
ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിലെ മുതിര്‍ന്ന അംഗവും, സുപ്രീം സെക്യൂരിറ്റി കൗണ്‍സില്‍ അംഗവുമായ ജനറല്‍ ഇസ്മയില്‍ കോസ്‌രിയുടെ വെല്ലുവിളി ഇപ്രകാരമായിരുന്നു: ''ഞങ്ങളുടെ ആകാശത്ത് അതിക്രമിച്ചുകയറിയ ഇസ്രയേലികള്‍ മറുപടി പറയേണ്ടിവരും. ഇസ്രയേല്യരെ ഞങ്ങള്‍ ഭൂഗര്‍ഭബങ്കറുകളിലൊതുക്കും.'' ഇസ്രയേലിന്റെ യുദ്ധവിമാനങ്ങള്‍ ഇറാന്റെയുള്ളില്‍ കയറി ആക്രമിച്ചത്  ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂടിന്റെ നഗ്നമായ ലംഘനമാണെന്നും കോസ്‌രി അഭിപ്രായപ്പെട്ടു.
    അത്യന്തം ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷമാണ് പശ്ചിമേഷ്യയില്‍ ഉടലെടുത്തിരിക്കുന്നത്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം മൂന്നാം ലോകയുദ്ധത്തിനടുത്തെത്തിയിരിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റു തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് നോര്‍ത്ത് കരോളിനയിലെ തിരഞ്ഞെടുപ്പുറാലിയില്‍ സൂചിപ്പിക്കുകയും ചെയ്തു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)