റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടി ലോകത്തിന് ഇന്ത്യയുടെ കരുത്തും തിളക്കവും സ്വാധീനവും ഒരിക്കല്‍ക്കൂടി തെളിയിച്ചു കാട്ടുന്നതായി. അമേരിക്കയുള്‍പ്പെടെയുള്ള വികസിതരാജ്യങ്ങള്‍ക്കുമുമ്പില്‍ തന്റേടത്തോടെ നെഞ്ചുനിവര്‍ത്തിനില്‍ക്കുന്ന വന്‍ശക്തികളായി ഇന്ത്യ-റഷ്യ-ചൈന കൂട്ടുകെട്ടു മാറിയത് ചരിത്രമുഹൂര്‍ത്തങ്ങളാണു സമ്മാനിച്ചത്. ചൈനയുമായി രമ്യപ്പെടുക ചെറിയ കാര്യമൊന്നുമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്രവിജയംതന്നെയാണിത്.
ബ്രിക്‌സിന്റെ 16-ാമത് ഉച്ചകോടിയുടെ പ്രഖ്യാപനങ്ങള്‍ അംഗരാജ്യങ്ങള്‍ക്കുമാത്രമല്ല, ലോകത്തിന്റെ സമഗ്രസംവിധാനക്രമങ്ങള്‍ക്കും കൂടുതല്‍ പ്രതീക്ഷയും ഉത്തേജനവും നല്‍കുന്നതാണ്. 15-ാം ഉച്ചകോടിയിലെ ബ്രിക്‌സിന്റെ വിപുലീകരണത്തിനുശേഷമുള്ള ആദ്യ ഉച്ചകോടിയാണ് റഷ്യയുടെ ആതിഥേയത്വത്തില്‍ കസാനില്‍ നടന്ന16-ാം ഉച്ചകോടി. ലോകത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയുടെ പ്രഖ്യാപനങ്ങള്‍ സൃഷ്ടിക്കുന്ന ചലനങ്ങള്‍ ആഗോളസമൂഹത്തിലും ലോകവ്യാപാരസാമ്പത്തികമേഖലകളിലും പുതുചരിത്രം രചിക്കും.
ഉച്ചകോടി അജണ്ടകള്‍
16 വര്‍ഷംമുമ്പ് തുടക്കംകുറിച്ച ബ്രിക്‌സ് കൂട്ടായ്മയുടെ അടിസ്ഥാനലക്ഷ്യങ്ങള്‍ സമാധാനം, സുരക്ഷിതത്വം, വികസനം, സഹകരണം എന്നിവയാണ്. ഭീകരവാദത്തിനെതിരേയുള്ള ഉറച്ച നിലപാടിനും പോരാട്ടത്തിനും ബ്രിക്‌സ് മുന്‍ഗണന നല്‍കുമ്പോള്‍, പശ്ചിമേഷ്യയിലെ ആനുകാലികവിഷയങ്ങളും ഉച്ചകോടിയിലെ ചര്‍ച്ചകളിലുണ്ടായി. വികസനം, പ്രാദേശിക കറന്‍സികള്‍, വ്യാപാരനിക്ഷേപസഹകരണം ശക്തിപ്പെടുത്തുന്നതിനോടൊപ്പം വിവരസാങ്കേതികവിദ്യകളുടെ പങ്കുവയ്ക്കലും സുതാര്യസമീപനവും പരസ്പരസഹകരണത്തോടെയുള്ള ഗവേഷണം, വികസനം, ഇന്നോവേഷന്‍സ് എന്നിവയെ പ്രോത്സാഹിപ്പിക്കാനുള്ള സംയുക്തനീക്കങ്ങളും 16-ാം ഉച്ചകോടിയുടെ അജണ്ടയായിരുന്നു. ഊര്‍ജമേഖലയിലെ സഹകരണം, കാര്‍ബണ്‍ കുറയ്ക്കല്‍, കാര്‍ഷികവികസനം, ദാരിദ്ര്യനിര്‍മാര്‍ജനം, പരിസ്ഥിതിസംരക്ഷണം എന്നിവയിലും ബ്രിക്‌സ്, ബ്രിക്‌സ് പ്ലസ് രാജ്യങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
ബ്രിക്‌സ്: ബ്രിക്‌സ് പ്ലസ്
2001 ല്‍ ഗോള്‍ഡ്മാന്‍ സാച്ച്‌സ് ആഗോളസമ്പദ്‌വ്യവസ്ഥയില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍ വരുംനാളുകളില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുമെന്നു പ്രവചിച്ചു. 2006 സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ ചേര്‍ന്ന യുഎന്‍ പൊതു അസംബ്ലിയുടെ തുടര്‍ച്ചയായി 2009 ല്‍ റഷ്യയിലെ യെക്കാറ്ററിന്‍ബര്‍ഗില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ നാലു രാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് ബ്രിക്‌ന് രൂപംകൊടുത്തു. ആദ്യ ഉച്ചകോടിക്ക് 2009 ജൂണ്‍ 16 ന് റഷ്യ ആതിഥേയത്വം വഹിച്ചു. അന്ന് ഇന്ത്യയെ പ്രതിനിധീകരിച്ചത് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങാണ്. പ്രഥമ ഉച്ചകോടി പ്രധാനമായും ലക്ഷ്യംവച്ചത് നാലു രാജ്യങ്ങള്‍ തമ്മില്‍ ഭാവിയില്‍ പരസ്പരസഹകരണം ശക്തിപ്പെടുത്തുകയും അതോടൊപ്പം ആഗോള സാമ്പത്തികസ്ഥിതിഗതികള്‍ വിലയിരുത്തി സാമ്പത്തികപരിഷ്‌കരണങ്ങള്‍ നടപ്പാക്കുകയുമായിരുന്നു. 2010 ല്‍ സൗത്താഫ്രിക്കയും കൂട്ടായ്മയില്‍ പങ്കുചേര്‍ന്നു. അഞ്ചംഗരാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്രിക്‌സ് എന്ന് പേരിനു മാറ്റമുണ്ടായി.
2023 ഓഗസ്റ്റ് 22 മുതല്‍ 24 വരെ ദക്ഷിണാഫ്രിക്കന്‍നഗരമായ ജോഹന്നാസ്ബര്‍ഗില്‍ ചേര്‍ന്ന 15-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ കൂടുതല്‍ അംഗങ്ങളെ സ്ഥിരമായി ഉള്‍പ്പെടുത്തി വിപുലീകരിക്കുന്ന പ്രമേയം അംഗീകരിച്ചു. നിലവിലുള്ള അഞ്ചു രാജ്യങ്ങള്‍കൂടാതെ, സൗദി അറേബ്യ, ഈജിപ്ത്, യു.എ.ഇ., ഇറാന്‍, എത്യോപ്യ, അര്‍ജന്റീന എന്നീ ആറു രാജ്യങ്ങളെ പുതിയ അംഗങ്ങളാക്കി 2024 ജനുവരി 1 ന് ഔദ്യോഗികമായി പ്രവേശനവും പ്രഖ്യാപിച്ചു. എന്നാല്‍, അര്‍ജന്റീനയിലുണ്ടായ ഭരണമാറ്റത്തെത്തുടര്‍ന്ന് പ്രഖ്യാപനസമയത്തു നിലവിലുണ്ടായിരുന്ന പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസിന്റെ പിന്‍ഗാമി പുതിയ പ്രസിഡന്റ് ജാവീയര്‍ മിലെയ് ബ്രിക്‌സ് കൂട്ടായ്മയില്‍നിന്നു പിന്മാറി. ബാക്കി അഞ്ചു രാജ്യങ്ങളും നിലവിലുണ്ടായിരുന്ന അഞ്ചു രാജ്യങ്ങളുമുള്‍ക്കൊള്ളുന്ന പത്തുരാഷ്ട്രനേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടിയാണ് റഷ്യയില്‍ നടക്കേണ്ടിയിരുന്നത്. പക്ഷേ, സൗദി അറേബ്യയുടെ കാര്യത്തില്‍ വ്യക്തത ഇതുവരെയും കൈവന്നിട്ടില്ല. സൗദി പരിപൂര്‍ണ അംഗത്വത്തിലായിട്ടില്ലെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍. ഇതിനര്‍ഥം, ബ്രിക്സില്‍ ചേരാനുള്ള ക്ഷണം ഇപ്പോഴും സൗദിയുടെ പരിഗണനയിലാണെന്നാണ്. അമേരിക്കയെയും ചൈനയെയും ഒരുപോലെ തൃപ്തിപ്പെടുത്താതെ സൗദിക്കും മുന്നോട്ടുപോകാനാവില്ല.
ഇന്ത്യ - ചൈന കൈകോര്‍ത്തു
ഉച്ചകോടിക്കുമുമ്പു നടന്ന ഇന്ത്യാ-ചൈന ഉഭയകക്ഷിചര്‍ച്ച ചരിത്രമുഹൂര്‍ത്തങ്ങളാണു സമ്മാനിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ മുന്‍കൈയെടുത്ത് ഇന്ത്യാ-ചൈന അതിര്‍ത്തിത്തര്‍ക്കങ്ങള്‍ക്കു പരിഹാരം കാണാന്‍ നടത്തിയ ശ്രമങ്ങളാണ് ഉച്ചകോടിയിലെ സുപ്രധാനപ്രഖ്യാപനങ്ങളെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത്. നരേന്ദ്രമോദിയുടെ നയതന്ത്രവിജയമെന്നും ഇതിനെ പറയാം. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയായ 3488 കിലോമീറ്റര്‍ നീളമുള്ള നിയന്ത്രണരേഖയില്‍ പട്രോളിങ്ങിനുള്ള കരാറിലേക്ക് ചൈനയെ എത്തിക്കാനായത് ഇന്ത്യയുടെ വിജയമാണ്. അമേരിക്കയെയും റഷ്യയെയും ഇടത്തും വലത്തും നിര്‍ത്തി മുന്നേറാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കുന്നതിന്റെ തെളിവുകൂടിയാണ് ചൈനയുടെ ഈ അനുരഞ്ജനം.
അഞ്ചു വര്‍ഷത്തിനുശേഷമുള്ള നരേന്ദ്രമോദി-ഷി ചിന്‍പിങ് കൂടിക്കാഴ്ചയില്‍ പരസ്പരബഹുമാനം ഉറപ്പാക്കി പക്വതയോടെ സമാധാനപരമായ ബന്ധം നിലനിര്‍ത്താന്‍ ധാരണയായി. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിത്തര്‍ക്കത്തില്‍ നിര്‍ണായകതീരുമാനമുണ്ടായതിനുശേഷമായിരുന്നു കസാനിലെ ബ്രിക്‌സ് ഉച്ചകോടിക്കുമുമ്പുള്ള ഇന്ത്യാ-ചൈന ഉഭയകക്ഷി ചര്‍ച്ച.
2019 ഒക്ടോബറില്‍ മഹാബലിപുരത്തുവച്ചാണ് മോദിയും ഷിയും തമ്മില്‍ മുമ്പ് ഔദ്യോഗികചര്‍ച്ച നടത്തിയത്. 2022 നവംബറില്‍ ബാലിയിലും, 2023 ഓഗസ്റ്റില്‍ ജോഹാനസ്ബര്‍ഗില്‍ നടന്ന 15-ാം ബ്രിക്‌സ് ഉച്ചകോടിയിലും വെറും സംഭാഷണം നടത്തി ഇരുവരും പിരിഞ്ഞിരുന്നു. ഇതിനിടെ ഷാങ്ഹായ് സഹകരണക്കൂട്ടായ്മയുടെ അധ്യക്ഷപദവിയിലേക്ക് ചൈനയ്ക്ക് ഇന്ത്യ പിന്തുണയും നല്‍കി.
യുദ്ധമല്ല സമാധാനം
ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തുക, ഭീകരവാദത്തെ ചെറുക്കുക, സാമ്പത്തികവളര്‍ച്ച പ്രോത്സാഹിപ്പിക്കുക, ആഗോള ദക്ഷിണേന്ത്യയുടെ ആശങ്കകള്‍ പരിഹരിക്കുക എന്നിവയിലധിഷ്ഠിതമാണ് ഉച്ചകോടി പുറപ്പെടുവിച്ച പ്രഖ്യാപനങ്ങള്‍. 'ആഗോളവികസനത്തിനും സുരക്ഷയ്ക്കുംവേണ്ടിയുള്ള ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തല്‍' എന്ന പ്രമേയത്തിലൂന്നിയായിരുന്നു ഉച്ചകോടിയുടെ ചര്‍ച്ചകള്‍.
യുദ്ധം ഉച്ചകോടിയുടെ അജണ്ടയല്ലായിരുന്നെങ്കിലും സമാധാനം മുഖ്യവിഷയങ്ങളിലൊന്നായിരുന്നു. അതേസമയം, വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ യുദ്ധങ്ങള്‍ അവസാനിപ്പിക്കാനുതകുന്ന നിര്‍ദേശങ്ങളും പിന്തുണയും ഉയര്‍ന്നുവന്നത് പ്രതീക്ഷയേകുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാടുകള്‍ക്ക് എറെ സ്വീകാര്യത ലഭിച്ചു. അന്താരാഷ്ട്രസംഘര്‍ഷങ്ങളെ നയതന്ത്രത്തിലൂടെ സമാധാനപരമായി പരിഹരിക്കുന്നതിന്റെ ആവശ്യകതയിലൂന്നിയായിരുന്നു ഉച്ചകോടിയുടെ പ്രഖ്യാപനം.
യുക്രെയ്ന്‍സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെ തത്ത്വങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം രാഷ്ട്രനേതാക്കള്‍ ആവര്‍ത്തിച്ച് മധ്യസ്ഥശ്രമങ്ങളെ സ്വാഗതം ചെയ്തു. 2024 ഓഗസ്റ്റ് 23 ന് പ്രധാനമന്ത്രി നരേന്ദ്രമോദി കീവില്‍ വച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ സജീവമായ പങ്കു വഹിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും ഇന്ത്യ നിഷ്പക്ഷരല്ലെന്നും സമാധാനത്തിന്റെ പക്ഷത്താണെന്നും രാജ്യങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ബഹുമാനിക്കാന്‍ പ്രതിബദ്ധതയുണ്ടെന്നും കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയത് ബ്രിക്‌സ് ഉച്ചകോടിയിലും ആവര്‍ത്തിച്ചു.
പ്രാദേശിക കറന്‍സി
യു.എസ്. ഡോളറിനെ ആശ്രയിച്ചുള്ള വ്യാപാരം പരമാവധി അവസാനിപ്പിക്കാന്‍ സഖ്യകക്ഷികളെയും വികസ്വരരാജ്യങ്ങളെയും പ്രേരിപ്പിക്കണമെന്ന നിര്‍ദേശം വിവിധ കോണുകളില്‍നിന്ന് മുന്‍കാലങ്ങളിലേതുപോലെ കസാന്‍ ഉച്ചകോടിയിലും ഉയര്‍ന്നു. ഈ നീക്കം വികസ്വരരാജ്യങ്ങളുടെ പ്രാദേശികസമ്പദ്‌വ്യവസ്ഥയ്ക്കു കരുത്തേകുമെന്നാണു കരുതുന്നത്. പ്രാദേശികകറന്‍സികളുടെ വ്യാപാരം ശക്തമാകുമ്പോള്‍ ഡോളറിനെ മാറ്റിനിര്‍ത്താനാകുമെന്നാണു വിലയിരുത്തല്‍.
ബ്രിക്‌സ് ബാങ്ക് എന്നറിയപ്പെടുന്ന ന്യൂഡെവലപ്‌മെന്റ് ബാങ്ക് അംഗരാജ്യങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിനായി നല്‍കുന്ന ബില്യണ്‍ മൂല്യമുള്ള വായ്പകള്‍ പ്രാദേശികകറന്‍സിയില്‍ വിതരണം ചെയ്യുമ്പോള്‍ ഡോളറിന്റെ മൂല്യത്തകര്‍ച്ച ഉറപ്പാകും. റഷ്യയും ചൈനയും ഇതു കാണാന്‍ ആഗ്രഹിക്കുന്നവരാണ്. അതിനാല്‍ത്തന്നെ, റഷ്യയുടെയും ചൈനയുടെയും നേതൃത്വത്തിലുള്ള ബ്രിക്‌സ്-ബ്രിക്‌സ് പ്ലസ് അമേരിക്കന്‍ ഡോളറിനെതിരേ നീങ്ങുന്നതില്‍ അദ്ഭുതമില്ല.
അമേരിക്കന്‍ സാമ്പത്തിക ആധിപത്യത്തെ പ്രതിരോധിക്കാന്‍ ഒരു ബദല്‍ പൊതു കറന്‍സി എന്ന ആശയം പ്രധാനമായും ഉയര്‍ന്നത് റഷ്യയില്‍നിന്നാണ്. യുക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് പാശ്ചാത്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം 300 ബില്യന്‍ ഡോളറിന്റെ റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് ആസ്തി മരവിപ്പിച്ചത് റഷ്യയുടെ ബദല്‍ കറന്‍സി ചിന്തകള്‍ക്കു പിന്നിലുണ്ട്. കാലങ്ങളായി തുടരുന്ന ചൈന-അമേരിക്ക വ്യാപാരയുദ്ധവും റഷ്യയ്ക്കു പിന്തുണയേകാന്‍ ചൈനയെയും പ്രേരിപ്പിച്ചു. യു.കെ., ജര്‍മനി ഉള്‍പ്പെടെ ഡസനിലേറെ രാജ്യങ്ങളുമായി ഇന്ത്യ രൂപയില്‍ വ്യാപാരം ആരംഭിച്ചിരിക്കുന്നതും മാറ്റത്തിന്റെ സൂചനകള്‍തന്നെ. ഇറാന്‍, സൗദി അറേബ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഡോളറിനെ പുറന്തള്ളാനുള്ള നീക്കങ്ങള്‍ക്കു മുന്‍പന്തിയിലാണ്. ഒട്ടേറെ രാജ്യങ്ങളുടെ ഔദ്യോഗിക റിസര്‍വ് കറന്‍സി ഡോളറായിരിക്കുന്നത് ആ രാജ്യങ്ങളെ എങ്ങനെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന് 2008 ലെ രാജ്യാന്തര സാമ്പത്തികമാന്ദ്യത്തിലും മുന്‍വര്‍ഷങ്ങളിലെ കൊവിഡ് മഹാമാരിയിലും ബോധ്യപ്പെട്ടതാണ്. അതേസമയം, ആഗോളതലത്തില്‍ ഡോളറിനെ മറികടക്കുക എന്നത് രൂപയ്ക്ക് അത്ര എളുപ്പമല്ല.
ഡോളര്‍ കഴിഞ്ഞാല്‍ യൂറോയാണ് ഏറ്റവും കൂടുതലായുള്ള റിസര്‍വ് കറന്‍സി. ജാപ്പനീസ് യെന്നും, പൗണ്ടുമാണ് തൊട്ടുപിന്നാലെ. ചൈനീസ് യുവാനെക്കാളും പിന്നിലാണ് ഇന്ത്യന്‍ രൂപ. അതിനാല്‍ത്തന്നെ രൂപയുടെ അന്താരാഷ്ട്രവത്കരണത്തിനു കടമ്പകളേറെയുണ്ടെങ്കിലും ഉഭയകക്ഷി സാമ്പത്തിക ഇടപാടുകളില്‍ രൂപയ്ക്കു സാധ്യതയുണ്ട്.
കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപ്പെന്‍ഡന്റ് സ്റ്റേറ്റ്‌സ് (ഇകട) സഖ്യത്തിലെ രാജ്യങ്ങള്‍ യുഎസ് ഡോളറില്‍ നിന്നു പിന്മാറി പ്രാദേശികകറന്‍സികളില്‍ 85 ശതമാനം വ്യാപാരം നടത്തുക എന്ന തീരുമാനത്തിലാണ്. ഈ രാജ്യങ്ങളില്‍ റഷ്യയും യുക്രെയ്‌നും ഉള്‍പ്പെടുന്നു. ഡീ ഡോളറൈസേഷന്‍ ബ്രിക്സ്‌രാജ്യങ്ങളും തീരുമാനമാക്കിയാല്‍ ഡോളറിനു വെല്ലുവിളി ഉയരുകയും പ്രാദേശികകറന്‍സിയിലൂടെ പ്രാദേശിക സമ്പദ്വ്യവസ്ഥ ഉയരുകയും ചെയ്യും. യുഎഇയും റഷ്യയുമായി ഇന്ത്യയും പ്രാദേശികകറന്‍സിയിലെ വ്യാപാരം ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ആഗോളവ്യാപാരത്തിനും ഇടപാടുകള്‍ക്കും യുഎസ് ഡോളര്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും തള്ളിക്കളയില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
ഉത്കണ്ഠയും പ്രതീക്ഷയും
പലസ്തീനിലെ വഷളായിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷത്തില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് ഉച്ചകോടി പ്രഖ്യാപനം നടത്തി. മിഡില്‍ ഈസ്റ്റില്‍ വര്‍ധിച്ചുവരുന്ന മാനുഷികപ്രതിസന്ധികളെക്കുറിച്ചു കടുത്ത ആശങ്കയും പ്രകടിപ്പിച്ചു. ആഗോളതീരുമാനങ്ങള്‍ എടുക്കുന്നതില്‍ ജി 20 യുടെ പ്രാധാന്യം ഉച്ചകോടി അടിവരയിട്ടു. 2024 നവംബറില്‍ ബ്രസീലിന്റെ ആതിഥേയത്വത്തിലാണ് ഈ വര്‍ഷത്തെ ജി 20 ഉച്ചകോടി. 2023-2025 കാലത്തും അതിനുശേഷവും ബ്രിക്‌സ്‌രാജ്യങ്ങളായ ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവയുടെ തുടര്‍ച്ചയായ ജി 20 പ്രസിഡന്റ് പദവി 2023 ലെ ഡല്‍ഹി ജി 20 യാണ് ആഫ്രിക്കന്‍ യൂണിയനെ അംഗമാക്കിയത്. കൂടുതല്‍ ചടുലതയും പ്രതികരണശേഷിയും പ്രാതിനിധ്യവുമുള്ള ബഹുമുഖ സംവിധാനത്തിലൂടെ ആഗോളഭരണം മെച്ചപ്പെടുത്തുമെന്ന ഉച്ചകോടിപ്രഖ്യാപനം വളരെ സ്വാഗതാര്‍ഹമാണ്. നൂതനസാമ്പത്തികസമ്പ്രദായങ്ങള്‍ സുഗമമാക്കുന്നതിലും വിപുലീകരിക്കുന്നതിലും ബ്രിക്‌സ് ഇന്റര്‍ ബാങ്ക് കോര്‍പ്പറേഷന്‍ മെക്കാനിസം (ഐസിഎം) ശ്രദ്ധ കേന്ദ്രീകരിക്കും. ശക്തമായ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് നിലനിര്‍ത്താനും പ്രഖ്യാപിച്ചു.
ലോകവ്യാപാരസംഘടന കൂടുതല്‍ പരിഷ്‌കരിക്കണം. പ്രവര്‍ത്തനത്തിലെ വികസനമാനം ശക്തിപ്പെടുത്തണം. ലോകവ്യാപാരസംഘടനാവിഷയങ്ങളില്‍ ബ്രിക്‌സ് രാജ്യങ്ങള്‍ അനൗപചാരിക കണ്‍സള്‍ട്ടേറ്റീവ് ചട്ടക്കൂട് സ്ഥാപിക്കും. കാലാവസ്ഥവ്യതിയാന അജണ്ടയുമായി സുരക്ഷയെ ബന്ധിപ്പിക്കുന്നതില്‍ ഉച്ചകോടി ഉത്കണ്ഠ രേഖപ്പെടുത്തി. 2023 ല്‍ യുഎഇയില്‍ നടന്ന കോപ്പ് 28 ലെ കാലാവസ്ഥാസമവായങ്ങളെ സ്വാഗതം ചെയ്തു. 2028 ല്‍ കോപ്പ് 33 ആതിഥേയത്വം ഇന്ത്യ വഹിക്കുന്നു. ഭൂമിയുടെ നശീകരണം, മരുഭൂവത്കരണം, വരള്‍ച്ച എന്നിവ ജനങ്ങളുടെയും പരിസ്ഥിതിയുടെയും ക്ഷേമത്തിനും ഉപജീവനത്തിനും ഗുരുതരമായ ഭീഷണിയുയര്‍ത്തുന്നതു തിരിച്ചറിഞ്ഞു സുസ്ഥിരമായ ഭൂപരിപാലനരീതികള്‍ പ്രോത്സാഹിപ്പിക്കണമെന്ന് ഉച്ചകോടി അഭ്യര്‍ഥിച്ചു.
ധാന്യ ചരക്കുവ്യാപാര പ്ലാറ്റ്‌ഫോമിനായി ബ്രിക്‌സ് ഗ്രെയിന്‍ എക്‌സ്‌ചേഞ്ച് സ്ഥാപിക്കുന്നതിനും, ബ്രിക്‌സ് ക്രോസ്-ബോര്‍ഡര്‍ പെയ്‌മെന്റ് സിസ്റ്റത്തിന്റെയും ബ്രിക്‌സ് ഇന്‍ഷുറന്‍സ് കമ്പനിയുടെയും സാധ്യതകളെക്കുറിച്ചു പഠിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ സമന്വയിപ്പിക്കാന്‍ കഴിയുന്ന സംരംഭങ്ങള്‍ പര്യവേക്ഷണം ചെയ്യാനും ഉച്ചകോടിയില്‍ അംഗരാഷ്ട്രത്തലവന്മാര്‍ സമ്മതിച്ചു.
സ്ത്രീകളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന ബ്രിക്‌സ് വനിതാ ബിസിനസ് അലയന്‍സിനെ ഉച്ചകോടി അഭിനന്ദിച്ചു. ബ്രിക്‌സ് അക്കാദമിക് ഫോറത്തിന്റെയും ബ്രിക്‌സ് സിവില്‍ ഫോറത്തിന്റെയും വിജയകരമായ നടത്തിപ്പ്, ബ്രിക്‌സ് രാജ്യങ്ങളിലെ അക്കാദമിക് ഗവേഷണത്തിലും ശേഷി വര്‍ധിപ്പിക്കുന്നതിലുമുള്ള സഹകരണം, ബ്രിക്‌സ് തിങ്ക്ടാങ്ക് നെറ്റ്‌വര്‍ക്ക് ആരംഭിക്കല്‍, ബ്രിക്‌സ് ഫിനാന്‍ഷ്യല്‍ ട്രാക്ക്, സിവില്‍ ബ്രിക്‌സ് കൗണ്‍സില്‍ എന്നിവയെല്ലാം ഉച്ചകോടി അംഗീകരിച്ചു പ്രഖ്യാപിച്ചു. 2025 ലെ ബ്രിക്‌സ് ഉച്ചകോടി ബ്രസീലില്‍ നടക്കും.
കരുത്തുനേടി ഇന്ത്യ
ഭീകരവാദത്തിനും ഭീകരവാദത്തിനുള്ള സാമ്പത്തികസഹായത്തിനുമെതിരേയുള്ള ഉച്ചകോടി പ്രഖ്യാപനം വളരെ പ്രതീക്ഷയേറ്റുന്നു. പുതുതലമുറയെ മതമൗലികവാദത്തിലേക്കു നയിക്കുന്നതു തടയപ്പെടണമെന്നും ലോകസുരക്ഷയ്ക്കു യുദ്ധമല്ല, ചര്‍ച്ചകളും നയതന്ത്രവുമാണു വേണ്ടതെന്നുമുള്ള ഇന്ത്യന്‍ നിലപാടിന് ഉച്ചകോടിയില്‍ ലഭിച്ച സ്വീകാര്യത ചെറുതൊന്നുമല്ല.
അമേരിക്കയോടു ചേര്‍ന്നുനില്‍ക്കുക, റഷ്യയെ ആശ്ലേഷിക്കുക, ചൈനയുമായി കൈകൊടുക്കുക, ഈ രാഷ്ട്രങ്ങളെല്ലാം വിവിധ വിഷയങ്ങളിന്മേലുള്ള ഇന്ത്യന്‍നിലപാടുകള്‍ കേള്‍ക്കാന്‍ കാതോര്‍ക്കുക. രാജ്യാന്തരനയതന്ത്രജ്ഞതയില്‍ ഇന്ത്യയിന്ന് വെന്നിക്കൊടി പാറിക്കുന്നുവെന്നതാണ് പരമാര്‍ഥം. ഇസ്രായേലിനോടൊപ്പം ഉറച്ച പിന്തുണയുമായി നിലയുറപ്പിക്കുമ്പോഴും ഭീകരവാദത്തിനെതിരേ ഇന്ത്യ ഉറച്ച നിലപാടുകള്‍ ആവര്‍ത്തിച്ചുപ്രഖ്യാപിക്കുന്നു. ബ്രിക്‌സിലെ അംഗരാജ്യമായ ഇറാനെ കൂടെ നിര്‍ത്തുന്നു. സമാധാനത്തിന്റെയും സമവായത്തിന്റെയും സന്ദേശം പങ്കുവയ്ക്കുന്നു. വികസനത്തിന്റെ മേഖലകളും ആഗോളവ്യാപാരസാധ്യതകളും കണ്ടെത്താന്‍ ശ്രമിക്കുന്നു. ആഭ്യന്തരപ്രശ്‌നങ്ങള്‍ എന്തൊക്കെയാണെങ്കിലും അന്തര്‍ദേശീയതലത്തില്‍ ഇന്ത്യ കൂടുതല്‍ കരുത്തുനേടുന്നുവെന്നതു സമ്മതിക്കാതെ തരമില്ല.