•  7 Nov 2024
  •  ദീപം 57
  •  നാളം 35
ലേഖനം

ദൈവകൃപയുടെ തണലില്‍

ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി മാര്‍ തോമസ് തറയില്‍ ഒക്‌ടോബര്‍ 31 ന് സ്ഥാനാരോഹണം ചെയ്തു.

   ''അവിടുന്ന് തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; അവനെ ആടുകളുടെ ഇടയില്‍നിന്നു വിളിച്ചു. തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ ഇസ്രായേലിനെയും മേയിക്കുവാന്‍വേണ്ടി അവിടുന്നു തള്ളയാടുകളെ മേയിച്ചിരുന്ന അവനെ വിളിച്ചുവരുത്തി.''(സങ്കീ. 78:70-71).
    മാര്‍ തോമസ് തറയില്‍പിതാവിന്റെ സ്ഥാനാരോഹണത്തെക്കുറിച്ചു ചിന്തിച്ചപ്പോള്‍ മനസ്സു മന്ത്രിച്ച വാക്യങ്ങളാണിവ. തുടര്‍ന്നുവരുന്ന 72-ാം വാക്യം വിശ്വാസികളുടെ പ്രതീക്ഷ വെളിപ്പെടുത്തുന്നു: ''അവന്‍ പരമാര്‍ഥഹൃദയത്തോടെ അവരെ മേയിച്ചു; കരവിരുതോടെ അവന്‍ അവരെ നയിച്ചു.'' നാം ജീവിക്കുന്ന പോസ്റ്റ് കൊവിഡ് കാലഘട്ടത്തില്‍ ചങ്ങനാശ്ശേരി അതിരൂപതയെ നയിക്കാനും പൊതുസമൂഹത്തിന് ആത്മീയതയുടെ വെളിച്ചം കാണിക്കാനും ദൈവത്താല്‍ നിയോഗിക്കപ്പെട്ട വ്യക്തിയാണ് അഭിവന്ദ്യ തറയില്‍ പിതാവ്. ചങ്ങനാശ്ശേരി അതിരൂപതയുടെ  ഒമ്പതാമതു മെത്രാപ്പോലീത്തയായി അദ്ദേഹം സ്ഥാനമേല്‍ക്കുമ്പോള്‍, മഹാരഥന്മാരായ തന്റെ മുന്‍ഗാമികളുടെ മഹത്തായ പരമ്പരയിലെ പുതിയ കണ്ണിയായി തറയില്‍പിതാവ് മാറുകയാണ്. 
     സഭയില്‍ മെത്രാന്മാരുടെ അജപാലനദൗത്യത്തെപ്പറ്റിയുള്ള രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന്റെ  'ക്രിസ്തൂസ് ദോമിനൂസ്' എന്ന ഡിക്രിയില്‍  നാം ഇപ്രകാരം വായിക്കുന്നു: പരിശുദ്ധാത്മാവിനാല്‍ നിയമിക്കപ്പെട്ടവരെന്ന  നിലയില്‍, മെത്രാന്മാര്‍ ആത്മാക്കളുടെ  ഇടയന്മാരായി ശ്ലീഹന്മാരുടെ പിന്‍ഗാമികളാകുന്നു. മാര്‍പാപ്പായോടു യോജിച്ചുകൊണ്ടും അദ്ദേഹത്തിന്റെ അധികാരത്തിലും നിത്യപുരോഹിതനായ മിശിഹായുടെ ജോലി അനവരതം തുടരാന്‍ അവര്‍ അയയ്ക്കപ്പെട്ടിരിക്കുന്നു. കാരണം, മിശിഹാ ശ്ലീഹന്മാര്‍ക്കും, അവരുടെ പിന്‍ഗാമികള്‍ക്കും സകല ജനതകളെയും പഠിപ്പിക്കുന്നതിനും മനുഷ്യരെ സത്യത്തില്‍ വിശുദ്ധീകരിക്കുന്നതിനും മേയിക്കുന്നതിനുമുള്ള കല്പനയും അധികാരവും നല്‍കി. ചുരുക്കത്തില്‍, മിശിഹാ തുടങ്ങിവച്ച, ശ്ലീഹന്മാര്‍ ഏറ്റെടുത്ത ജോലിയുടെ തുടര്‍പ്രവര്‍ത്തകരാണ് മെത്രാന്മാര്‍.
    'നിനക്ക് എന്റെ കൃപ മതി' (2 കോറി 12/9) എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകളാണ് തറയില്‍പിതാവ് തന്റെ ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്നത്. തന്റെ കുറവുകളെല്ലാം ദൈവകൃപയെന്ന തികവുകൊണ്ട് അതിജീവിക്കാനാവണം എന്ന വിശ്വാസമാണ് ഇവിടെ ദൃശ്യമാകുന്നത്. ദൈവത്തിന്റെ മുമ്പില്‍ വിനയാന്വിതനായി നില്‍ക്കുന്ന പിതാവിന്റെ ചിത്രമാണ് ഇവിടെ തെളിയുന്നത്. ഞാന്‍ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ് എന്ന സാക്ഷ്യവും വരികള്‍ക്കിടയില്‍ നമുക്കു വായിച്ചെടുക്കാനാവും. 
'ആശവെീു ലായീറശല െവേല ഘശൗേൃഴ്യ' - മെത്രാന്‍ ലിറ്റര്‍ജിയെ മൂര്‍ത്തീകരിക്കുന്നു. സീറോ മലബാര്‍ സഭയുടെ  ജീവസ്സുറ്റ ആരാധനാപാരമ്പര്യം അതിന്റെ തനിമയില്‍ സൂക്ഷിക്കുന്നവരും ആഘോഷിക്കുന്നവരുമാണ് ചങ്ങനാശ്ശേരി അതിരൂപതയും അതിന്റെ സാമന്തരൂപതകളും. അതിന്റെ മുഖ്യകാര്‍മികനാണ് മേല്‍പ്പട്ടക്കാരനായ തറയില്‍ പിതാവ്. ദൈവികരഹസ്യങ്ങളുടെ കാവലാളായ അദ്ദേഹം സൂക്ഷ്മതയോടെ തലമുറകള്‍ക്കു കൈമാറേണ്ടതും ഈ പൈതൃകമാണ്. പ്രഥമ മാര്‍പാപ്പയായ വി. പത്രോസിന്റെ കബറിടത്തില്‍ കത്തിച്ചുവച്ച മെഴുകുതിരികളാണ് ഓരോ മേല്‍പ്പട്ടക്കാരനുമെന്ന് സഭാപിതാക്കന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ വിശ്വാസദീപത്തിന്റെ സംരക്ഷകരും കൈമാറ്റക്കാരുമാണ് ഓരോ മേല്‍പ്പട്ടക്കാരനും. ന്യൂനതകളില്ലാതെ തറയില്‍ പിതാവും ആ ഉത്തരവാദിത്വം നിര്‍വഹിക്കുമെന്ന് നമുക്കു പ്രതീക്ഷിക്കാം.
    തറയില്‍പിതാവ് തന്റെ പ്രസംഗങ്ങളിലും പ്രഭാഷണങ്ങളിലും ആവര്‍ത്തിക്കുന്ന രണ്ടു കാര്യങ്ങളാണ് സീറോ മലബാര്‍ വിശ്വാസികളുടെ സ്വത്വബോധവും സമുദായബോധവും.  'എന്റെ സഭ',  'എന്റെ സമുദായം' എന്ന വികാരമാണ് നമ്മെ ഭരിക്കേണ്ടതെന്ന് അദ്ദേഹം ആവര്‍ത്തിച്ച് ഉദ്‌ബോധിപ്പിക്കും. അപ്പോഴും, മറ്റു സഭകളിലേക്കും മതങ്ങളിലേക്കുമുള്ള പാലങ്ങളെക്കുറിച്ചും പിതാവ് പറയാതിരിക്കില്ല. ഒരു യഥാര്‍ഥ കത്തോലിക്കന് ആരെയും ഉള്‍ക്കൊള്ളാനാവശ്യമായ വിശാലതയും മാംസളതയും കരഗതമാവും എന്നാണ് പിതാവിന്റെ മതം.
മാധ്യമങ്ങളുടെ പ്രാധാന്യവും സാധ്യതയും തിരിച്ചറിഞ്ഞ ഒരു പിതാവാണ് മാര്‍ തോമസ് തറയില്‍. നവ സാമൂഹികസമ്പര്‍ക്ക മാധ്യമങ്ങളിലെ ഒരു താരസാന്നിധ്യമാണ് പിതാവ്. ദേശഭേദമില്ലാതെ അനേകായിരങ്ങളിലേക്ക് ഒരേസമയം എത്തിപ്പെടാനുള്ള ഒരു സംവിധാനം എന്ന നിലയില്‍ നാം അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നത് അദ്ദേഹത്തിന്റെ സുചിന്തിതമായ ദര്‍ശനമാണ്. മാധ്യമങ്ങള്‍ ആരുടെയും പരിഗണനാവിഷയമല്ലാതിരുന്ന കാലത്ത് മാധ്യമസാധ്യതയെക്കുറിച്ചും മാധ്യമജാഗ്രതയെക്കുറിച്ചും കാലത്തിനുമുമ്പേ സംസാരിച്ച പവ്വത്തില്‍പിതാവിന്റെ സ്വാധീനം ഇക്കാര്യത്തില്‍ തറയില്‍ പിതാവില്‍ നമുക്കു ദര്‍ശിക്കാനാവും. സിനഡല്‍ മീഡിയ കമ്മീഷന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ മാധ്യമമേഖലയില്‍ അദ്ദേഹത്തിന്റെ തുടര്‍ശ്രദ്ധയും നിതാന്തജാഗ്രതയും നിരന്തരം ഉണ്ടാകുമെന്നു നമുക്കു പ്രത്യാശിക്കാം. 
    സ്വര്‍ഗത്തിലെ ദൈവത്തിന്റെ ഭൂമിയിലെ വാസസ്ഥലമായ കുടുംബം, തറയില്‍ പിതാവിന്റെ ഇഷ്ട ഇടങ്ങളിലൊന്നാണ്. നമുക്കു വലിയ വീടുകളുണ്ട്. പക്ഷേ, ചെറിയ  ഭവനങ്ങള്‍ മാത്രമേ ഉള്ളൂ എന്നതാണ് അദ്ദേഹത്തിന്റെ ദുഃഖം. നമ്മുടെ വീടുകളെ ഭവനങ്ങളാക്കി മാറ്റുന്നതിനെക്കുറിച്ച് ഏറെ സംസാരിച്ചിട്ടുള്ള മേല്‍പ്പട്ടക്കാരനാണ് അദ്ദേഹം. ഇന്നും അതു തുടരുകയും ചെയ്യുന്നു. ഭാര്യയും ഭര്‍ത്താവൂം കര്‍ത്താവും ചേരുമ്പോഴാണ് സ്ഥായിയായ ഭവനനിര്‍മിതി നടക്കുന്നതെന്ന് കിട്ടുന്ന അവസരങ്ങളിലെല്ലാം നമ്മെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
    ചങ്ങനാശ്ശേരിയുടെ പിതാക്കന്മാരെല്ലാവരും വിദ്യാഭ്യാസാവകാശങ്ങള്‍ക്കുവേണ്ടിയും സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായും എക്കാലവും ശബ്ദമുയര്‍ത്തിയവരാണ്. അധികാരികളെ ഭയന്ന് തങ്ങളുടെ പ്രബോധനാധികാരത്തെ ആരും ബലികഴിച്ചില്ല. രാജാവു നഗ്നനാണെന്നു വിളിച്ചുപറയാനുള്ള ആര്‍ജവം അവര്‍ക്കുണ്ടായിരുന്നു. പവ്വത്തില്‍പിതാവിന്റെ കാലത്ത് എപ്പിസ്‌കോപ്പല്‍സഭകളെ ഒരു ചരടില്‍ കോര്‍ത്ത് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷന്‍ രൂപീകരിച്ച് ഒരുമിച്ചുപോരാടിയ പാരമ്പര്യമാണ് ചങ്ങനാശ്ശേരി അതിരൂപതയുടേത്. ആ പാരമ്പര്യം തുടരാനുള്ള വിളികൂടി തറയില്‍പിതാവിനു ലഭിച്ചിട്ടുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.
    തറയില്‍പിതാവിന് വിദ്യാഭ്യാസം അറിവിന്റെ കൈമാറ്റം മാത്രമല്ല, അറിവിനൊപ്പം തിരിച്ചറിവും  മാര്‍ക്കിനൊപ്പം മാനവികതയും അദ്ദേഹത്തിന്റെ വിദ്യാഭ്യാസദര്‍ശനത്തിന്റെ ആധാരശിലകളാണ്. വിദ്യാഭ്യാസത്തെ ഒരു സാംസ്‌കാരികപ്രവര്‍ത്തനം എന്നതിലുപരി ആത്മീയപ്രവര്‍ത്തനമായി അദ്ദേഹം കണക്കാക്കുന്നു. 
    സീറോമലബാര്‍സഭയുടെ സംഭാവനകളെയും പൊതുസമൂഹത്തിനു നല്‍കിയ നന്മകളെയുംകുറിച്ച് പിതാവ് നിരവധി വേദികളില്‍ വാചാലനായിട്ടുണ്ട്. പലരും വസ്തുതകളെ തമസ്‌കരിക്കുകയും വക്രീകരിക്കുകയും ചെയ്യുമ്പോള്‍ സത്യം വിളിച്ചുപറയണമെന്നാണ് പിതാവിന്റെ അഭിപ്രായം. നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും ബാലഭവനുകളും ഭിന്നശേഷി വിദ്യാലയങ്ങളും അനാഥാലയങ്ങളും കെയര്‍ഹോമുകളും ഇല്ലായിരുന്നുവെങ്കില്‍, സമൂഹത്തില്‍ പടരുമായിരുന്ന അന്ധകാരം അദ്ദേഹം തന്റെ പ്രസംഗങ്ങളില്‍ വിവരിക്കാറുണ്ട്. 
     മനഃശാസ്ത്രം പഠനവിഷയമായിരുന്നതുകൊണ്ട്, മാനസികാരോഗ്യവും അതിന്റെ പാലനവും പിതാവിന്റെ ഇഷ്ടവിഷയങ്ങളാണ്. മാനസികാരോഗ്യം കൈവരിക്കാന്‍ കുട്ടിക്കാലത്തുതന്നെ പരിശീലനം നല്‍കണമെന്നും ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ കുഞ്ഞുങ്ങള്‍ക്കു പ്രായോഗികപരിശീലനം നല്‍കണമെന്നും പിതാവ് അഭിപ്രായപ്പെടുന്നു.
    പിതാവ് മുന്‍ഗണന നല്‍കുന്ന മറ്റൊരു മേഖലയാണ് അല്മായശക്തീകരണം. കത്തോലിക്കാ കോണ്‍ഗ്രസ്‌പോലെയുള്ള അല്മായസംഘടനകളില്‍ പ്രവര്‍ത്തിച്ച് നമ്മുടെ അല്മായര്‍ സഭയുടെ വക്താക്കളും കാവലാളുകളുമായി മാറണമെന്ന് പിതാവ് ആഗ്രഹിക്കുന്നു. അല്മായസംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കാനും അവരെ ചേര്‍ത്തുനിര്‍ത്താനും പിതാവ് ബദ്ധശ്രദ്ധനാണ്. അല്മായ നേതാക്കള്‍ക്കു തറയില്‍പിതാവ് നല്‍കുന്ന സ്‌നേഹവും ബഹുമാനവും അവര്‍ മനസ്സിലാക്കിയിട്ടുണ്ടെന്നു ഞാന്‍ തിരിച്ചറിയുന്നു. പുതിയ കാലഘട്ടം പുതിയ പ്രവര്‍ത്തനശൈലി ആവശ്യപ്പെടുന്നുവെന്ന് പ്രവര്‍ത്തകരെ ഓര്‍മിപ്പിക്കാന്‍ അദ്ദേഹം മടിക്കാറുമില്ല. 
    ഒറ്റപ്പെട്ടുനില്‍ക്കേണ്ട ഒരു സഭയല്ല സീറോമലബാര്‍സഭ. എപ്പിസ്‌കോപ്പല്‍ സഭകളുമായിട്ടുള്ള ബന്ധവും പാരസ്പര്യവും നമ്മുടെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. തന്റെ മെത്രാന്‍സ്ഥാനലബ്ധിക്കുശേഷം തറയില്‍പിതാവ് ഇതരസഭകളുമായിട്ടുള്ള ബന്ധം സൂക്ഷിക്കുന്നതിലും വളര്‍ത്തുന്നതിലും സവിശേഷമായ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ഇതിനോടകംതന്നെ വിവിധ എപ്പിസ്‌കോപ്പല്‍ സഭകളിലെ സ്ഥിരം ക്ഷണിതാവായി അദ്ദേഹം മാറിയിട്ടുണ്ട്. അദ്ദേഹത്തെ കേള്‍ക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ അവര്‍ താത്പര്യപൂര്‍വം സ്വീകരിക്കുകയും ചെയ്യുന്നു.
    മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണത്തെ ഏറെ പ്രതീക്ഷയോടെയാണ് ചങ്ങനാശ്ശേരി അതിരൂപതയും സീറോമലബാര്‍സഭയും കാണുന്നത്. മുമ്പിലുള്ള വെല്ലുവിളികളെ കര്‍മശേഷികൊണ്ടും ദൈവാശ്രയത്വംകൊണ്ടും നേരിടാന്‍ അദ്ദേഹത്തിനു സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
ഒരു പ്രാര്‍ഥനയോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം: 'അങ്ങയുടെ സഹായത്താല്‍ അവന്റെ മഹത്ത്വം വര്‍ധിച്ചു' (സങ്കീര്‍. 21:5) ദൈവത്തിന്റെ സഹായത്താല്‍ തറയില്‍പിതാവിന്റെയും മഹത്ത്വം വര്‍ദ്ധിക്കട്ടേ യെന്നു പ്രാര്‍ഥിക്കുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)