(കഴിഞ്ഞ ലക്കം തുടര്‍ച്ച.....)
പള്ളിക്കകത്തും പുറത്തുമിരുന്നേറെ
കൊള്ളയടിക്കും വ്യാപാരികളെ
ചാട്ടവാര്‍കൊണ്ടടിച്ചേറ്റം പരുഷമാ-
യാട്ടിയോടിച്ചവനെന്റെ ദൈവം
ആഴിയില്‍ പാദങ്ങളൂന്നി നടന്നവ-
നാഴിയെ ശാസിച്ചടക്കിനിന്നോന്‍
അയ്യായിരത്തിനായഞ്ചപ്പം രണ്ടുമീ-
നേകി നിറച്ചവനെന്റെ ദൈവം
സിക്കമൂര്‍മാമരക്കൊമ്പത്തിരുന്നിടും
സക്കേവൂസെന്നൊരു ഭക്തനോട്
വന്നാലു;മിന്നുനിന്‍ വീട്ടിലേക്കാണെന്ന
സന്തോഷം പങ്കിട്ടോനെന്റെ ദൈവം
ഹേ! ഫരിസീയരേ! നിയമജ്ഞരേ! നിങ്ങള്‍
കാപട്യത്തിന്റെ നിറകുടങ്ങള്‍
'നിങ്ങള്‍ക്കു ഹാ! കഷ്ടം! ഘോരദുരന്തങ്ങള്‍'
മുന്നറിവേകിയോനെന്റെ ദൈവം.
പുണ്യം നടിക്കും പുരോഹിതവര്‍ഗത്തിന്‍
തണ്യപ്രവൃത്തികള്‍ കണ്ടുകണ്ട്
വെള്ളക്കുഴിമാടമാനസമെന്നോതാ-
നുള്ളം തുറന്നവനെന്റെ ദൈവം
ബന്ധിതര്‍, മര്‍ദിതര്‍, പട്ടിണിപ്പാവങ്ങ-
ളേവര്‍ക്കും പ്രത്യാശ നല്കിടുന്നോന്‍
കര്‍ത്താവിന്‍ വത്സരം പ്രഖ്യാപിക്കുന്നവ-
നാമര്‍ത്ത്യബന്ധുവാണെന്റെ ദൈവം
ഇപ്പാരിലെമ്പാടും കാണും ചലനങ്ങ-
ളീശന്റെ കൈവിരുതെന്നു കാട്ടാന്‍
പട്ടടക്കുണ്ടിലും ജീവാംശുജാലങ്ങള്‍
നീട്ടിക്കൊടുത്തവനെന്റെ ദൈവം
തന്നതു പോരെങ്കില്‍ താന്‍പിന്നെ തന്നിടാ-
മെന്നുറപ്പേകിയ സമറായനെ
മാതൃകയാക്കുവാന്‍ നമുക്കവാച്യമായ്
കല്പന തന്നവനെന്റെ ദൈവം
പാപിഷ്ടരോടു തന്‍ കാരുണ്യം കാണിപ്പാന്‍
പാപിയാം നാരിയെയാദ്യമായി
പാപമില്ലാത്തവന്‍ കല്ലെറിഞ്ഞീടട്ടെ-
ന്നോതിയയച്ചവനെന്റെ ദൈവം
മാനവജന്മം സഫലമായ്ത്തീരുവാന്‍
മാമലമേലേനിന്നുള്ള ഗീതം
ഏതു ജനതയ്ക്കുമേതുകാലത്തിനും
ബോധ്യപ്പെടുത്തുന്നോനെന്റെ ദൈവം
ധൂര്‍ത്തനാം പുത്രനെ കാത്തുകാത്തങ്ങനെ
മുറ്റത്തു ദൂരത്തു നോക്കിനില്ക്കും
ആര്‍ത്തനാമപ്പന്റെ ചിത്രം വരച്ചു തന്‍
താതനെ കാട്ടുന്നോനെന്റെ ദൈവം
(തുടരും)