വത്തിക്കാന്‍: മാര്‍പാപ്പായുടെ പുതിയ ചാക്രികലേഖനം ദിലെക്‌സിത്ത് നോസ് (അവന്‍ നമ്മെ സ്‌നേഹിച്ചു) ~ഒക്‌ടോബര്‍ 24 ന് പ്രസിദ്ധീകരിക്കുന്നു. തിരുഹൃദയഭക്തിയെ അടിസ്ഥാനമാക്കിയ ചിന്തകളാണ് ചാക്രികലേഖനത്തിന്റെ കാതല്‍.
ഹൃദയം നഷ്ടപ്പെട്ട ഒരു ലോകത്തിന് അര്‍ഥവത്തായ സന്ദേശം നല്‍കാന്‍ യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി ഏറെ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് ഈ ചാക്രികലേഖനത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ജൂണ്‍ അഞ്ചിനു നടന്ന പൊതുകൂടിക്കാഴ്ചാവേളയില്‍ മാര്‍പാപ്പാ പറഞ്ഞിരുന്നു.
1673 ല്‍ വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന് യേശുവിന്റെ തിരുഹൃദയം ആദ്യമായി പ്രത്യക്ഷമായതിന്റെ 350-ാം വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് ചാക്രികലേഖനം പ്രസിദ്ധീകരിക്കുന്നത്.
1856 ല്‍ പീയൂസ് ഒമ്പതാമന്‍ മാര്‍പാപ്പാ യേശുവിന്റെ തിരുഹൃദയത്തിരുനാള്‍ മുഴുവന്‍സഭയിലേക്കും വ്യാപിപ്പിക്കണമെന്നു തീരുമാനിക്കുന്നതുവരെ, സഭയ്ക്കുള്ളില്‍ത്തന്നെ ഈ ഭക്തിയെ ചുറ്റിപ്പറ്റിയുള്ള ചൂടേറിയ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു. പിന്നീട് 1956 ല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയും തിരുഹൃദയഭക്തിയെ എടുത്തുപറഞ്ഞുകൊണ്ട് 'ഹൗരിയെതിസ് അക്വാസ്' അഥവാ 'നീ ജലം വലിച്ചെടുക്കും' എന്ന പേരില്‍ ഒരു ചാക്രികലേഖനം രചിച്ചിരുന്നു.
തിരുഹൃദയഭക്തി ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച വ്യക്തിയെന്ന നിലയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ഈ ചാക്രികലേഖനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.