•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

നമ്മുടെ നിയമസഭ ഒരെത്തിനോട്ടം!

    അക്കരെയൊരിടത്തറുപതു പനയുണ്ട്/ അറുപതു പനയിലറുപതുകൈയുണ്ട്/ അറുപതു കൈയില്‍ അറുപതു കൂടുണ്ട്/ അറുപതു കൂട്ടില്‍ അറുപതു കിളിയുണ്ട്/ അതിലൊരമ്മൂമ്മക്കിളി ചത്തെന്നും ചത്തില്ലെന്നും/ ചെറുപ്രാണികള്‍ ചെറുതോണികളില്‍/ അക്കരെച്ചെന്നറിഞ്ഞുവന്നു. 
തണ്ടുരുളും തടിയുരുളും 
തടിമേലൊരു ചെറുമണി കുരുമുളകുരുളും!
    പണ്ടാരോ ചമച്ചതാണീച്ചൊല്ല്. ഈ ചൊല്ല് പലരും ഏറ്റുചൊല്ലി. അങ്ങനെ ചൊല്ലിച്ചൊല്ലിപ്പതിഞ്ഞു. ആരോ ചൊല്ലുന്നതുകേട്ട് ഞാനും ചൊല്ലിപ്പഠിച്ചു. എന്തിനെന്നു ചോദിച്ചാല്‍ ചുമ്മാ ഒരു രസത്തിന്!
   ഇതിലെന്തെങ്കിലും കാമ്പോ കഴമ്പോ ഉണ്ടോ എന്നു ചോദിച്ചാല്‍ 'ഇല്ല' എന്നുത്തരം. ചെറുപ്രാണികള്‍ ചെറുതോണികളില്‍, സംഭവം നടന്ന അക്കരെച്ചെന്നറിഞ്ഞുവന്നത്, അമ്മൂമ്മക്കിളി ചത്തെന്നും ചത്തില്ലെന്നുമാണ്. ഇതെന്തൊരു പുകില്? പക്ഷേ, ഈ ചൊല്ലിനു ചമല്‍ക്കാരഭംഗിയുണ്ടെന്നു സമ്മതിക്കാതെ വയ്യ! ആദ്യാക്ഷരപ്രാസം, ദ്വിതീയാക്ഷരപ്രാസം, തൃതീയാക്ഷരപ്രാസം, പ്രാസാനുപ്രാസം, രണനാനുരണനം, വര്‍ണനഭംഗി എന്നിങ്ങനെ പല ഗുണങ്ങളുണ്ട്.
   നമ്മുടെ നിയമസഭയിലെ ഒരു ദിവസത്തെ പരിപാടി കണ്ടപ്പോഴാണ് ഈ ചൊല്ല് ഓര്‍മയില്‍വന്നത്. കട്ടെന്നും കട്ടില്ലെന്നും പൊട്ടിച്ചെന്നും പൊട്ടിച്ചില്ലെന്നും കലക്കിയെന്നും കലക്കിയില്ലെന്നും .... ഹേമാകമ്മിറ്റി റിപ്പോര്‍ട്ടു ശരിയെന്നും ശരിയല്ലെന്നും വയനാടുദുരന്തം കപ്പയിട്ടതുകൊണ്ടാണെന്നും അല്ലെന്നും പാറ പൊട്ടിച്ചതുകൊണ്ടാണെന്നും അല്ലെന്നും മുഖ്യമന്ത്രിയും മകളും കുറ്റക്കാരാണെന്നും അല്ലെന്നും... ഇങ്ങനെ, ഒരുപാട് 'അതെ'കളും 'അല്ലാ' കളും കൊണ്ടു ശബ്ദമുഖരിതമായ നിയമസഭാസമ്മേളനം! അതിനിടെ, ഓര്‍ഡര്‍... ഡിസോര്‍ഡര്‍... പോയിന്റോഫോര്‍ഡര്‍... അവിശ്വാസപ്രമേയം... അടിയന്തരപ്രമേയം, ചര്‍ച്ച, സംവാദം, വാദപ്രതിവാദം, ആരോപണം, പ്രത്യാരോപണം, ആക്രോശം, അട്ടഹാസം,ആക്ഷേപം, ഉപക്ഷേപം, അസഭ്യം, പുലഭ്യം, വെല്ലുവിളി, കൊലവിളി, കയ്യാങ്കളി, ഇറങ്ങിപ്പോക്ക്, കയറിവരവ്, തീര്‍ന്നു! പാവപ്പെട്ടവന്റെ കൈയില്‍നിന്നു പിരിച്ചെടുത്ത കരം ഖജനാവില്‍ കിടക്കുന്നതെടുത്തു ജനപ്രതിനിധികള്‍ക്ക് ഈ പേക്കൂത്തു നടത്താന്‍ ചെലവിടുന്നത് ലക്ഷങ്ങളോ, കോടികളോ?
  ജനങ്ങളുടെ പ്രശ്‌നം വരുമ്പോള്‍ ചര്‍വിതചര്‍വണം നടത്തിപ്പിരിയുന്നു. പഞ്ഞംകിടക്കുന്ന മത്സ്യത്തൊഴിലാളികള്‍! കടല്‍ക്ഷോഭം വന്നാല്‍ എല്ലാം നഷ്ടപ്പെടും! കുട്ടനാടന്‍പാടശേഖരങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായാല്‍ എല്ലാം തീരും! മലയോരമേഖല എല്ലാം കുത്തിയൊലിപ്പിച്ചുകൊണ്ടുപോകുന്നു. നാളികേരകര്‍ഷകര്‍ വിളയിക്കുന്ന തേങ്ങായ്ക്കു വിലയില്ല. റബര്‍  കര്‍ഷകര്‍ കുത്തുപാളയെടുക്കുന്നു. തൊഴിലില്ലാതെ, തെക്കുവടക്കു നടക്കുന്ന യുവതലമുറ! മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടു നശിക്കുന്ന യുവത്വങ്ങള്‍! തൊഴില്‍തേടി ഇളംതലമുറ നാടുവിടുന്നു. അവശന്മാരാര്‍ത്തന്മാരാലംബഹീനന്മാര്‍ ഇവരുടെ രോദനമാരുകേള്‍ക്കാന്‍? അങ്ങനെ നീറുന്ന പ്രശ്‌നങ്ങള്‍!
  ഭരിക്കുന്ന പാര്‍ട്ടിക്കുവേണ്ടി കൊടി പിടിക്കാനും അടി മേടിക്കാനും അടി കൊടുക്കാനും തയ്യാറുണ്ടെങ്കില്‍ അവരുടെ കുടുംബം രക്ഷപ്പെടും. ഇടതിന്റെയും വലതിന്റെയുമെല്ലാം ശൈലി ഒന്നുതന്നെ. വെട്ടിപ്പും തട്ടിപ്പും കൈയിട്ടുവാരലും! വെള്ളപ്പൊക്കക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവരെ രക്ഷിക്കാന്‍ പിരിച്ചെടുത്ത പിച്ചച്ചട്ടിയില്‍പ്പോലും കൈയിട്ടുവാരുന്ന കെട്ട രാഷ്ട്രീയം. വയനാടുദുരന്തം കഴിഞ്ഞു. എല്ലാം കുത്തിയൊലിപ്പിച്ചുകൊണ്ടുപോയി. സുമനസ്സുള്ള മനുഷ്യരെല്ലാം ഓടിയെത്തുന്നു. ഇടംവലം രാഷ്ട്രീയക്കാരുമെത്തി. പ്രധാനമന്ത്രി വിമാനത്തില്‍ വന്നുകണ്ടു മുതലക്കണ്ണീര്‍ പൊഴിച്ച്, ഒരു ദുരിതാശ്വാസക്യാമ്പില്‍ചെന്നു കൊച്ചിനെയെടുത്ത് ഉമ്മകൊടുത്തു മടങ്ങി! ശരീരംകൊണ്ടും പണംകൊണ്ടും നല്കാനുള്ള എല്ലാ സഹായവും നാക്കുകൊണ്ടു നല്കുന്ന ഭരണാധിപന്മാര്‍! ഒരു ശവക്കുഴിക്ക് 75,000 രൂപവരെ മുടക്കാനുള്ള വിശാലമനസ്‌കര്‍! ഭരണത്തിലിരിക്കുന്നവര്‍, തലമുറകളോളം ആഡംബരജീവിതം നയിക്കുന്നതിനുള്ള സമ്പാദ്യവുമായി ഭരണം പ്രതിപക്ഷത്തിനു കൈമാറുന്നു. അവര്‍ ആവശ്യത്തിനു സമ്പാദിച്ചിട്ട് വീണ്ടും മറുപക്ഷത്തിനു കൊടുക്കുന്നു. ലത്തീനില്‍ ഒരു ചൊല്ലുണ്ട്.
  ''പൊത്തേന്തിസ് എസ്ത്ഭാച്ചരെ കോദ് വെളിത്ത്'' (Potentis est facere  quod velit).  അധികാരമുള്ളവന് തോന്നുംപടി എന്തും ചെയ്യാം. അതുകൊണ്ട്, അധികാരം പിടിക്കുന്നു; എല്ലാം കൈപ്പിടിയിലൊതുങ്ങുന്നു.
    എല്ലാം കുത്തഴിഞ്ഞ് കുഴഞ്ഞുമറിഞ്ഞ അവസ്ഥ! എന്തോന്നു പ്രതിവിധി! ഒരെത്തുംപിടിയും കിട്ടുന്നില്ല! പണ്ട് ഒരു പ്രാവ് പ്രയോഗിച്ച ചെപ്പടിവിദ്യ പ്രയോഗിച്ചാലോ? കരഞ്ഞുകലങ്ങിയ കണ്ണുമായി ഇരിക്കുന്ന പ്രാവിനെക്കണ്ട് കുട്ടി ചോദിച്ചു: ''പ്രാവേ, പ്രാവേ, എന്താ ദുഃഖിച്ചിരിക്കുന്നെ?'' പ്രാവ് പറഞ്ഞു: ആശാരിച്ചീടെ അറയാനിപ്പൊത്തില്‍ പ്രാവു മുട്ടയിട്ടു. ആശാരിച്ചി എടുത്തൊളിച്ചുവച്ചു. പ്രാവിന്റെ സ്വാധീനവലയത്തിലുള്ള എല്ലാവരോടും സഹായമഭ്യര്‍ഥിച്ചു. പക്ഷേ, എല്ലാവരും കൈയൊഴിഞ്ഞു. പ്രാവ് അത് വര്‍ണിക്കുന്നു: ആശാരിച്ചീടെ നനയന്‍ ചേമ്പ് കുത്തിക്കളയാത്ത, പന്നിയെ വെടിവയ്ക്കാത്ത, തോക്കിന്റെ ശാപ്പ കരളാത്ത, എലിയെ പിടിക്കാത്ത, പൂച്ചയെ പിടിക്കാത്ത, പട്ടിയെ കല്ലെറിയാത്ത, പിള്ളേരെ തല്ലാത്ത, ആശാനെ കുത്തിവീഴ്ത്താത്ത ആനേടെ മൂക്കില്‍ക്കേറി കടിക്കാമോ ഉറുമ്പേ?
   അല്പനേരം ആലോചിച്ചശേഷം ഉറുമ്പു സമ്മതം മൂളി. അവന്‍ പനമ്പട്ടയില്‍ പമ്മിയിരുന്നു. ആന വന്നു. തുമ്പിക്കൈകൊണ്ടു പനമ്പട്ട വലിച്ചടുപ്പിച്ച തരംനോക്കി ഉറുമ്പ് തുമ്പിക്കൈയില്‍ കയറിപ്പറ്റി; ഒരു കടി! വിരണ്ട ആന ആശാന്റെ പിറകേ... പാഞ്ഞു... ആശാന്‍ പിള്ളേരുടെ പിറകേ... പിള്ളേര് കല്ലുംപെറുക്കിക്കൊണ്ട് പട്ടിയെ ഓടിക്കുന്നു... പട്ടി പൂച്ചയെ ഓടിക്കുന്നു... പൂച്ച എലിയുടെമേല്‍ ചാടിവീഴുന്നു... എലി ഓടിച്ചെന്നു തോക്കിന്റെ  ശാപ്പ കരളുന്നു... തോക്ക് പന്നിക്കിട്ടൊരു വെടി... പന്നി ഓടിച്ചെന്ന് ആശാരിച്ചീടെ നനയന്‍ചേമ്പു കുത്തിമറിക്കുന്നു. ആശാരിച്ചി ഒളിച്ചുവച്ച പ്രാവിന്‍മുട്ട പ്രാവിനു കൊടുക്കുന്നു. പ്രാവിന്റെ ദുഃഖം മാറി പ്രസന്നവദനയായി..!
   ഈ ഉറുമ്പിനെപ്പോലെ പ്രശ്‌നങ്ങളുടെയെല്ലാം കാരണഭൂതനായ കൊമ്പനാനയുടെ മൂക്കില്‍ക്കേറി കടിക്കാന്‍ ചുണയുള്ള ആരുമില്ലേ ഈ നാട്ടില്‍? ഉണ്ടെങ്കില്‍ ധൈര്യമായി ഇറങ്ങിവരൂ! നാടിനെ രക്ഷിക്കൂ..! കേരളത്തിലെ കൊമ്പന്റെയാണോ കേന്ദ്രത്തിലെ കൊമ്പന്റെയാണോ മൂക്കില്‍ക്കയറേണ്ടത് എന്നത് ഉറുമ്പിന്റെ 'ഡിസ്‌ക്രീഷനു' വിടുന്നു! പ്രിയപ്പെട്ട ഉറുമ്പേ, വിജയാശംസകള്‍!
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)