•  17 Oct 2024
  •  ദീപം 57
  •  നാളം 32
പ്രാദേശികം

ദളിത് ക്രൈസ്തവ മഹാസമ്മേളനവും ദേശീയസിമ്പോസിയവും : നവംബര്‍ 17 ഞായറാഴ്ച രാമപുരത്ത്


    പാലാ രൂപത പ്ലാറ്റിനം ജൂബിലിയും ഡി.സി.എം.എസ്. സപ്തതിവര്‍ഷവും പ്രമാണിച്ച് നവംബര്‍ 17 ഞായറാഴ്ച രാമപുരത്ത് ദേശീയ സിമ്പോസിയവും ദളിത് ക്രൈസ്തവമഹാസമ്മേളനവും സംഘടിപ്പിക്കുന്നു.
    രാവിലെ ഒമ്പതിന് സെന്റ് അഗസ്റ്റിന്‍സ് പാരീഷ്ഹാളില്‍ നടക്കുന്ന ദേശീയ സിമ്പോസിയം കെ.സി.ബി.സി. എസ്.സി, എസ്.ടി, ബി.സി. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷതവഹിക്കും. 
'ദളിത് ക്രൈസ്തവരുടെ നിജസ്ഥിതിയും ശക്തീകരണവഴികളും', 'ദളിത് ക്രൈസ്തവവിമോചനത്തിന്റെ സമഗ്രത സഭയില്‍', 'വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ -  ദളിത്‌ക്രൈസ്തവരുടെ മാര്‍ഗദര്‍ശി എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ. സിജോ ജേക്കബ്, റവ. ഡോ. ജോര്‍ജ് വറുഗീസ് ഞാറക്കുന്നേല്‍, ബിനോയി ജോണ്‍ എന്നിവര്‍ പ്രബദ്ധങ്ങളവതരിപ്പിക്കും. വൈസ് പോസ്റ്റുലേറ്റര്‍ ഫാ. തോമസ് വെട്ടുകാട്ടില്‍ മോഡറേറ്ററായിരിക്കും.
    ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ നഗറില്‍ നടക്കുന്ന ദളിത് ക്രൈസ്തവമഹാസമ്മേളനം ചങ്ങനാശ്ശേരി അതിരൂപത നിയുക്ത മെത്രാപ്പോലീത്താ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. കേന്ദ്രന്യൂനപക്ഷക്ഷേമ, ഫിഷറീസ് വകുപ്പുമന്ത്രി ജോര്‍ജ് കുര്യന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം അനുഗ്രഹപ്രഭാഷണം നിര്‍വഹിക്കുന്നതും കേരള ജലവിഭവവകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍ ജൂബിലി സന്ദേശം നല്കുന്നതുമാണ്.  ഡി.സി.എം.എസ്.  പാലാ രൂപത പ്രസിഡന്റ് ബിനോയി ജോണ്‍ മുഖ്യപ്രഭാഷണം നടത്തും.
രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫൊറോന വികാരി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. തോമസ് വെട്ടുകാട്ടില്‍, ഡി.സി.എം.എസ്. പാലാ രൂപത ഡയറക്ടര്‍ ഫാ. ജോസഫ് വടക്കേക്കുറ്റ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും. 
   ദളിത് കത്തോലിക്കാ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനോടൊപ്പം അവരെ വിദ്യാഭ്യാസപരമായും ആത്മീയമായും ഉയര്‍ത്തുകയും സാമൂഹികസാമ്പത്തികരാഷ്ട്രീയമേഖലകളില്‍ കരുത്തുറ്റവരാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണു വിവിധ പരിപാടികള്‍ വിഭാവനം ചെയ്തിരിക്കുന്നത്.  

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)