•  17 Oct 2024
  •  ദീപം 57
  •  നാളം 32
പ്രാദേശികം

മോണ്‍. ജോര്‍ജ് കൂവക്കാട്ട് കര്‍ദിനാള്‍

വൈദികപദവിയില്‍നിന്നു നേരിട്ടു കര്‍ദിനാളാകുന്ന ആദ്യ ഇന്ത്യക്കാരന്‍

      ഇന്ത്യയില്‍നിന്ന് ഇതാദ്യമായി ഒരു വൈദികന്‍ നേരിട്ടു കര്‍ദിനാള്‍പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നു - മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ട്. ഇന്ത്യയില്‍നിന്നുള്ള ഏറ്റവും പ്രായംകുറഞ്ഞ കര്‍ദിനാള്‍ എന്ന സവിശേഷതയും മോണ്‍. കൂവക്കാട്ടിനു സ്വന്തം.
    ഇദ്ദേഹമുള്‍പ്പെടെ 21 കര്‍ദിനാള്‍മാരെയാണ് ഫ്രാന്‍സിസ് പാപ്പാ കത്തോലിക്കാസഭയിലേക്കു പുതുതായി നിയമിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കു പുറമേ ഇറാന്‍, ഇറാക്ക്, ഇന്തോനേഷ്യ, ജപ്പാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ ഏഷ്യന്‍രാജ്യങ്ങളില്‍നിന്നുള്ളവരും കര്‍ദിനാള്‍മാരുടെ പട്ടികയിലുണ്ട്. ഡിസംബര്‍ എട്ടിന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കര്‍ദിനാള്‍മാരുടെ സ്ഥാനാരോഹണച്ചടങ്ങുകള്‍ നടക്കും. മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം അതിനു മുമ്പായി നടത്തപ്പെടും.
     2006 മുതല്‍ വത്തിക്കാന്‍ വിദേശകാര്യസര്‍വീസില്‍ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിച്ചുവരുന്ന മോണ്‍. ജോര്‍ജ് കൂവക്കാട്ട് 2020 മുതല്‍ ഫ്രാന്‍സിസ് പാപ്പായുടെ വിദേശ അപ്പസ്‌തോലികയാത്രകളുടെ മുഖ്യസംഘാടകനായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
     1973 ഓഗസ്റ്റ് 11 ന് ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ഇടവക കൂവക്കാട്ട് ജേക്കബ് വറുഗീസ് - ലീലാമ്മ ദമ്പതികളുടെ മൂത്തമകനാണു ലിജിമോന്‍ എന്നു വിളിക്കുന്ന മോണ്‍. ജോര്‍ജ് കൂവക്കാട്ട്. ലിറ്റി, ടിജി എന്നിവരാണു സഹോദരങ്ങള്‍. ചെത്തിപ്പുഴ ആശ്രമം പ്രിയോര്‍ ഫാ. തോമസ് കല്ലുകളം സി.എം. ഐ. മോണ്‍. കൂവക്കാടിന്റെ മാതൃസഹോദരനാണ്. 2004 ല്‍ ചങ്ങനാശേരി അതിരൂപതയ്ക്കുവേണ്ടി മാര്‍ ജോസഫ് പവ്വത്തിലില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന്, റോമിലെ സാന്താക്രോച്ചേ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദവും കാനന്‍നിയമത്തില്‍ ഡോക്ടറേറ്റും സ്വന്തമാക്കി. ഉന്നതവിദ്യാഭ്യാസത്തിനുശേഷം വത്തിക്കാന്റെ നയതന്ത്രസേവനവിഭാഗത്തില്‍ പ്രവേശിച്ചു. അള്‍ജീറിയ, ദക്ഷിണകൊറിയ, ഇറാന്‍, കൊസ്റ്റാറിക്ക, വെനസ്വേല എന്നിവിടങ്ങളിലെ വത്തിക്കാന്‍ കാര്യാലയങ്ങളില്‍ വിവിധ തസ്തികകളില്‍ സേവനം ചെയ്തുവരവേ 2020 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ വിദേശയാത്രകളുടെ സംഘാടനച്ചുമതല അദ്ദേഹത്തിനു നല്കി.
    പാവപ്പെട്ടവര്‍ക്കു ശുശ്രൂഷ ചെയ്യാനാണു താന്‍ സെമിനാരിയില്‍ ചേര്‍ന്നതെന്നു നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട്ട് പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ദുര്‍ബലനോടും പാവപ്പെട്ടവരോടും വയോധികരോടുമുള്ള സ്‌നേഹം അടുത്തു കാണാനും ആ ശൈലിയില്‍ കൂടുതല്‍ ആഴപ്പെടാനും കഴിഞ്ഞവര്‍ഷങ്ങളില്‍ സാധിച്ചു. എളിയ രീതിയില്‍ വിവിധ രാജ്യങ്ങളില്‍ ചെയ്ത എളിയ ശുശ്രൂഷകള്‍ക്കു ദൈവം തന്ന കൃപയായാണ് ഈ ദാനത്തെ കാണുന്നത്. പവ്വത്തില്‍പിതാവിന്റെ കബറിടത്തില്‍ പോയി പ്രാര്‍ഥിച്ചുവേണം ഈ ദാനം സ്വീകരിക്കാനെന്നു താന്‍ ആഗ്രഹിക്കുന്നതായും മോണ്‍ കൂവക്കാട്ട് പറഞ്ഞു.
    കേരളത്തില്‍നിന്നുള്ള ആറാമത്തെയും സീറോ മലബാര്‍ സഭയില്‍നിന്നുള്ള അഞ്ചാമത്തെയും കര്‍ദിനാളാണു മോണ്‍. കൂവക്കാട്ട്. മാര്‍ ജോസഫ് പാറേക്കാട്ടിലാണ് ആദ്യമായി  കേരളത്തില്‍നിന്ന കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടത്. തുടര്‍ന്ന്, മാര്‍ ആന്റണി പടിയറ,  മാര്‍ വര്‍ക്കി വിതയത്തില്‍, മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ എന്നിവരും കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു.
    മാര്‍ ജോര്‍ജ് ആലഞ്ചേരിയും മാര്‍ ക്ലീമിസ് കാതോലിക്കാബാവയും കൂടാതെ മുംബൈ ആര്‍ച്ചുബിഷപ് ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഗോവ ആര്‍ച്ചു ബിഷപ് ഡോ. ഫിലിപ്പ് നേരി ഫെറാവേ, ഹൈദ്രാബാദ് ആര്‍ച്ചുബിഷപ് ഡോ. ആന്റണി പുല എന്നിവരാണ് ഇന്ത്യയില്‍നിന്നുള്ള നിലവിലെ കര്‍ദിനാള്‍മാര്‍. ഇപ്പോള്‍ കത്തോലിക്കാസഭയില്‍ വിരമിച്ചവരുള്‍പ്പെടെ 235 കര്‍ദിനാള്‍മാരാണുള്ളത്. ഇതില്‍ 122 പേര്‍ക്കാണ് മാര്‍പാപ്പായെ തിരഞ്ഞെടുക്കാനുള്ള വോട്ടവകാശമുള്ളത്. 80 വയസ്സു കഴിഞ്ഞ കര്‍ദിനാള്‍മാര്‍ക്ക് വോട്ടവകാശമില്ല.
നിയുക്തകര്‍ദിനാള്‍ മോണ്‍. കൂവക്കാട്  ഒക്‌ടോബര്‍ 24 ന് നാട്ടിലെത്തും. 31 ന് ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്തആര്‍ച്ചു ബിഷപ് മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കും.
സീറോ മലബാര്‍ സഭയെയും ചങ്ങനാശേരി അതിരൂപതയെയും സംബന്ധിച്ച് അഭിമാനം പകരുന്നതാണു പുതിയ നിയമനം.

വല്യമ്മച്ചിയുടെ അരുമക്കുഞ്ഞ്

മോണ്‍. ജോര്‍ജ് കൂവക്കാട്ടിനെ ദൈവവിളിയിലേക്കു നയിച്ചതില്‍ വല്യമ്മച്ചി ശോശാമ്മയുടെ പ്രാര്‍ഥനയും വാത്സല്യവും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നു വീട്ടുകാര്‍ പറഞ്ഞു.
കൊച്ചുന്നാള്‍ മുതല്‍ ലിജിമോന്‍ എന്ന ജോര്‍ജ് കൂവക്കാട്ട് അമ്മ ലീലാമ്മയുടെ വടക്കേക്കരയിലുള്ള വീട്ടില്‍ വല്യമ്മച്ചി ശോശാമ്മയുടെ പരിചരണത്തിലാണു വളര്‍ന്നത്. എസ്.ബി. കോളജില്‍ ബിഎസ്‌സി പഠിക്കുമ്പോഴും വല്യമ്മച്ചിയുടെ തണല്‍ കൂട്ടിനുണ്ടായിരുന്നു. ഇതിനുശേഷമാണ് കുറിച്ചി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നത്. 96 കാരിയായ ശോശാമ്മ വടക്കേക്കര കല്ലുകളം വീട്ടിലാണു താമസം.
വല്യമ്മച്ചിയുമായി വലിയ ആത്മബന്ധം പുലര്‍ത്തിയിരുന്ന കൊച്ചുമകന്‍ വത്തിക്കാനിലെ ജോലിത്തിരക്കിനിടയിലും വല്യമ്മച്ചിയെ കൂടെക്കൂടെ വിളിക്കാന്‍ മറന്നിരുന്നില്ല.
അടുത്തിടെ ഫ്രാന്‍സിസ് മാര്‍പാപ്പാ ശോശാമ്മയെ വീഡിയോ കോളില്‍ വിളിച്ചു സംസാരിച്ചതും പ്രാര്‍ഥനാനുഗ്രങ്ങള്‍ നേര്‍ന്നതും മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)