•  17 Oct 2024
  •  ദീപം 57
  •  നാളം 32
ലേഖനം

അവാര്‍ഡിലെ മറിമായങ്ങള്‍

കേരളത്തില്‍ സിനിമയ്ക്കും സാഹിത്യത്തിനുമൊക്കെ കൊടുക്കുന്ന അവാര്‍ഡുകളുടെ ഉള്ളറക്കഥകള്‍ അറിഞ്ഞാല്‍ നാണിച്ചുതലകുനിക്കേണ്ടിവരുമെന്ന് പല അവാര്‍ഡ് നിര്‍ണയസമിതികളിലും അംഗങ്ങളായിരുന്നവര്‍ പലവട്ടം വെളിപ്പെടുത്തിയിട്ടുണ്ട്. കലാസാഹിത്യമൂല്യങ്ങളെക്കാള്‍ പരിഗണിക്കുന്നത്  അവരുടെ രാഷ്ട്രീയചായ്‌വിനെയാണ്. 
   ''ഓന്‍ ഞമ്മന്റെ ആളാണോ?'' അതാണ് അവാര്‍ഡിന്റെ സൂത്രവാക്യം.
     ആടുജീവിതം സിനിമയാക്കുന്നുവെന്നു തീരുമാനിച്ചപ്പോള്‍ത്തന്നെ അതിന് അവാര്‍ഡ്  ഉറപ്പായിരുന്നു. എന്നിട്ടോ? ഒന്നല്ല, ഒമ്പതെണ്ണം കൊടുത്തു. എന്നാല്‍, കേരളസര്‍ക്കാരിന്റെ ഒമ്പതു സുപ്രധാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ആടുജീവിതം ദേശീയപുരസ്‌കാരത്തില്‍ ഒന്നിനുപോലും പരിഗണിക്കപ്പെട്ടില്ല.  
കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരനിര്‍ണയത്തില്‍ പരിഗണിക്കപ്പെടുകപോലും ചെയ്യാത്ത 'ആട്ടം' ഗോവയിലെ ദേശീയചലച്ചിത്രമേളയിലെ ആദ്യചിത്രമായി എടുക്കപ്പെട്ടു  എന്നുമാത്രമല്ല, അതിന് മൂന്നു ദേശീയപുരസ്‌കാരങ്ങള്‍കൂടി ലഭിച്ചു. പോയ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രം, ഏറ്റവും മികച്ച തിരക്കഥ, ഏറ്റവും മികച്ച എഡിറ്റിങ്. 
    കേരളത്തിലെ ജൂറി കാണാന്‍പോലും എടുക്കാത്ത സിനിമ രാജ്യത്തെ ഏറ്റവും നല്ല സിനിമയായി തിരഞ്ഞെടുക്കപ്പെടുന്നത് സംവിധായകന്‍ ആനന്ദ് ഏകര്‍ഷി കേന്ദ്രത്തില്‍ പോയി സ്വാധീനിച്ചിട്ടാണോ?
    കേരളസര്‍ക്കാര്‍ ഒമ്പത് അവാര്‍ഡുകള്‍ കൊടുത്ത ആടുജീവിതം കേന്ദ്രം തിരിഞ്ഞുനോക്കാതിരുന്നതും ആനന്ദ് ഏകര്‍ഷി പാരവച്ചിട്ടാണോ? 
വായനക്കാരേ, നിങ്ങള്‍ പറയൂ, സത്യത്തില്‍ ആടുജീവിതം ആയിരുന്നോ പോയവര്‍ഷത്തെ ഏറ്റവും നല്ല പടം? 
പൃഥ്വിരാജ് പട്ടിണികിടന്നു തൂക്കം കുറച്ചെന്നോ പടമെടുക്കാന്‍ അവരെല്ലാം കുറേ കഷ്ടപ്പെട്ടെന്നോ കൊവിഡുമൂലം മസ്‌കറ്റില്‍ പെട്ടുപോയെന്നോ ഒത്തിരി പണം മുടക്കിയെന്നോ ഒക്കെയുള്ള ഒത്തിരികളാണോ അവാര്‍ഡിനു പരിഗണിക്കുന്നത്? 
   ലോകോത്തരസിനിമകളായി വാഴ്ത്തപ്പെടുന്ന അനേകം സിനിമകള്‍ ഏതാണ്ടെല്ലാവരും ഒരേപോലെ അംഗീകരിച്ചവയാണ്. സൗണ്ട് ഓഫ് മ്യൂസിക്, ടൈറ്റാനിക് തുടങ്ങി എത്രയോ സിനിമകള്‍.
   മികച്ച സൃഷ്ടികള്‍ക്ക് അങ്ങനെയൊരു മേന്മയുണ്ട്. എന്നാല്‍, ഇവിടെ ഓരോ വര്‍ഷവും അവാര്‍ഡ് പ്രഖ്യാപിച്ചുകഴിയുമ്പോള്‍ ഇത്തരം വിവാദങ്ങളേ കേള്‍ക്കാനുള്ളൂ.
കേരളസര്‍ക്കാര്‍ നല്‍കുന്ന സിനിമാ-സാഹിത്യ അവാര്‍ഡുകളിലെല്ലാം ആദ്യം പരിഗണിക്കപ്പെടുന്നത് സൃഷ്ടിയുടെ മേന്മയോ മൂല്യമോ അല്ല, നേരത്തേ പറഞ്ഞ ആ സംഗതിതന്നെ: 'ഓന്‍ നമ്മുടെ ആളാണോ?'
   അതുകഴിഞ്ഞു മതി കലാമൂല്യം. പോയി പണി നോക്കിന്‍.
ഇപ്പോഴിതാ, ഏറ്റവുമൊടുവില്‍ അശോകന്‍ ചെരുവിലിന്റെ 'കാട്ടൂര്‍ കടവി'ന് വയലാര്‍ പുരസ്‌കാരം. അതൊരു ഉഗ്രന്‍ കൃതിയാണോ എന്നറിയില്ല. പക്ഷേ, എങ്ങുമൊരു പരാമര്‍ശം കേട്ടിട്ടില്ല, ഇപ്പോഴല്ലാതെ.  പുറംചട്ടയിലുണ്ട് നമ്മുടെ സാധനം, അരിവാള്‍ക്കൊടി.
രണ്ടു വര്‍ഷംമുമ്പ് ബെന്യാമിന്റെ മാന്തളിരിനും കിട്ടി വയലാര്‍ അവാര്‍ഡ്. അതിന്റെ പുറംചട്ടയിലുമുണ്ട് ആ സാധനം. ചെഗുവും കമ്മ്യൂണിസ്റ്റും.
ഇനി പറയൂ, നിങ്ങള്‍ ഈ അവാര്‍ഡുകളില്‍ വിശ്വസിക്കുന്നുണ്ടോ?

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)