•  17 Oct 2024
  •  ദീപം 57
  •  നാളം 32
ലേഖനം

ചിത്രലേഖയുടെ മരണം ഓര്‍മിപ്പിക്കുന്നത് കരുണ വറ്റിയ കണ്ണുകള്‍ കേരളത്തിലുമുണ്ട്

    പയ്യന്നൂര്‍ എടാട്ട് സ്വദേശിനി നാല്പത്തിയെട്ടു വയസ്സുള്ള ദളിത്‌വനിതയായ ഇ. ചിത്രലേഖ അന്തരിച്ചു എന്ന വാര്‍ത്തയ്ക്കു മറ്റു പലരുടെയും മരണവാര്‍ത്തകളെക്കാള്‍ പ്രാധാന്യം എന്തുകൊണ്ടുണ്ടായി? ഇഷ്ടമുള്ള ജോലി ചെയ്യാനും ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം ചെയ്യാനും വടക്കേയിന്ത്യയിലെ ജാതിവ്യവസ്ഥ അനുവദിക്കാറില്ലെന്നു നാം വായിക്കാറുണ്ട്. എന്നാല്‍, കേരളത്തിലും ഇത്തരം സാഹചര്യമുണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ട്.

    മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റുപാര്‍ട്ടി നേതാവിന്റെ മകന്‍ ശ്രിഷ്‌കാന്തിനെ മിശ്രവിവാഹം ചെയ്തു എന്ന കുറ്റം ചുമത്തി കമ്യൂണിസ്റ്റുപാര്‍ട്ടി ഇവര്‍ക്കു സമൂഹത്തില്‍ ഭ്രഷ്ടു കല്പിച്ചതോടെയാണ് നീണ്ട നിയമയുദ്ധത്തിനും സമരപോരാട്ടത്തിനും ചിത്രലേഖ ഇറങ്ങിപ്പുറപ്പെട്ടത്. 2005 ല്‍ ഓട്ടോ ഓടിച്ച്  കുടുംബം പോറ്റാന്‍ ചിത്രലേഖ എടുത്ത തീരുമാനം പാര്‍ട്ടിക്കാര്‍ക്കും യൂണിയന്‍ നേതാക്കള്‍ക്കും ദഹിച്ചില്ല. 'പുലച്ചിയും ഓട്ടോ ഓടിക്കുകയോ' എന്ന് ആക്രോശിച്ചുകൊണ്ട് സി.ഐ.ടി.യു. അംഗങ്ങളായ ഓട്ടോഡ്രൈവര്‍മാര്‍ ഇവള്‍ക്കെതിരേ തിരിഞ്ഞു. എതിര്‍പ്പു വകവയ്ക്കാതെ അവര്‍ തന്റെ ജോലി തുടര്‍ന്നു. ചിത്രലേഖയ്ക്ക് ഓട്ടോസ്റ്റാന്‍ഡില്‍ പാര്‍ക്കിങ് നിഷേധിച്ചു. ഇവര്‍ ഓടിക്കുന്ന വണ്ടി യൂണിയന്‍കാര്‍ വഴിയില്‍ തടഞ്ഞു. തെറിയഭിഷേകമായി. തുടര്‍ന്ന്, അവരുടെ ഓട്ടോ യൂണിയന്‍പ്രവര്‍ത്തകര്‍ കത്തിച്ചു. ഇതു വലിയ മനുഷ്യാവകാശലംഘനമാണെന്ന വിമര്‍ശനം പൊതുസമൂഹത്തിലും മാധ്യമങ്ങളിലുമുണ്ടായി. ദളിത്പ്രവര്‍ത്തകര്‍ പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിച്ചു. ഗ്രോവാസുവിന്റെയും സി.കെ. ജാനുവിന്റെയും നേതൃത്വത്തില്‍ പൊതുജനങ്ങളില്‍നിന്നു പണം ശേഖരിച്ച് അവര്‍ക്ക് മറ്റൊരു ഓട്ടോ വാങ്ങി നല്‍കി. ഓട്ടോ കത്തിച്ചതോടനുബന്ധിച്ച് ചാര്‍ജു ചെയ്ത കേസില്‍ തലശ്ശേരി സെഷന്‍സ് കോടതി ഒരാളെ ശിക്ഷിക്കുകയും ചെയ്തു.
   ചിത്രലേഖയ്‌ക്കെതിരേയുള്ള അപ്രഖ്യാപിത ഊരുവിലക്കുമൂലം അവരുടെ ഓട്ടോയില്‍ കയറാന്‍ ജനങ്ങള്‍ക്കു ഭയമായി. ഓട്ടം ലഭിക്കാതെ വരുമാനം ഇല്ലാതായപ്പോള്‍ ജന്മനാ അഭ്യസിച്ച പായമെടയല്‍ നടത്തി ഉപജീവനം നടത്താന്‍ ശ്രമിച്ചു. അതിനും പാര്‍ട്ടിപ്രവര്‍ത്തകര്‍ സമ്മതിച്ചില്ല. അവരുടെ വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചു. അവരെയും ഭര്‍ത്താവിനെയും അനുജത്തിയുടെ ഭര്‍ത്താവിനെയും ആക്രമിച്ചു. വീടു തല്ലിത്തകര്‍ത്തു. പൊലീസ് കേസ് എടുത്തത് വീടു നഷ്ടപ്പെട്ട ചിത്രലേഖയ്ക്കും ഭര്‍ത്താവിനുമെതിരേയായിരുന്നു. ഹൈക്കോടതിയില്‍നിന്നു ലഭിച്ച ജാമ്യത്തോടെ ഒരു മാസം കഴിഞ്ഞപ്പോള്‍ അവര്‍ ജയില്‍മോചിതയായി. ദളിതര്‍ക്ക് അവകാശപ്പെട്ടതും സര്‍ക്കാര്‍ അനുവദിച്ചതുമായ ശുചിമുറിനിര്‍മാണത്തിനനുവദിച്ച തുകപോലും പ്രാദേശികപാര്‍ട്ടി നേതാക്കള്‍ ഇടപെട്ടു തടഞ്ഞു. ഇതു ചോദ്യം ചെയ്തതിന്റെ പേരിലും അറസ്റ്റുണ്ടായി. ഭര്‍ത്താവിനെ ഗുണ്ടാലിസ്റ്റിലുംപെടുത്തി. ദളിത് സ്ത്രീയെ നിലയ്ക്കു നിര്‍ത്തണമെന്നാവശ്യപ്പെട്ട് നാട്ടില്‍ സിപിഎം പ്രകടനം സംഘടിപ്പിച്ചു.
    ചിത്രലേഖയ്‌ക്കെതിരേ പൊലീസ് എടുത്ത വധശ്രമക്കേസ് റദ്ദാക്കണമെന്നും കുടുംബത്തെ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു ചിത്രലേഖ കളക്‌ട്രേറ്റ് പടിക്കല്‍ അനിശ്ചിതകാലസമരം നടത്തി. വധശ്രമക്കേസ് റദ്ദാക്കാനുള്ള ശിപാര്‍ശ നല്‍കാന്‍ ജില്ലാകളക്ടര്‍ തയ്യാറായെങ്കിലും പൊലീസ് എതിര്‍ത്തു. സര്‍ക്കാര്‍ പുനരധിവാസം ഉറപ്പുനല്‍കിയതോടെ നാലുമാസം നീണ്ട സമരം ഒത്തുതീര്‍പ്പിലായി. പ്രാദേശിക എതിര്‍പ്പിനെത്തുടര്‍ന്ന് സര്‍ക്കാര്‍ വാക്കുപാലിക്കാതായപ്പോള്‍ ചിത്രലേഖ സമരമുഖം സെക്രട്ടേറിയറ്റിനു മുന്നിലേക്കു മാറ്റി. 47 ദിവസത്തെ സമരത്തെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ചിത്രലേഖയ്ക്കു വീടുവയ്ക്കാന്‍ അഞ്ചുസെന്റു സ്ഥലവും നിര്‍മാണത്തിന് അഞ്ചുലക്ഷം രൂപയും അനുവദിച്ചു. എന്നാല്‍, ഈ ദളിത്‌സ്ത്രീയോടുള്ള ശത്രുത മനസ്സില്‍ സൂക്ഷിച്ച പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ ആവശ്യപ്രകാരം, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ ധനസഹായ ഉത്തരവും പിന്നാലെ അഞ്ചുസെന്റ്  ഭൂമി നല്‍കിയ ഉത്തരവും അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ റദ്ദാക്കി.
    ഇതേത്തുടര്‍ന്ന്, ചിത്രലേഖ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റാണ് ഈ ദളിത്‌വനിതയെ കേരളം മുഴുവന്‍ ശ്രദ്ധിക്കാന്‍ ഇടയാക്കിയത്. റവന്യൂവകുപ്പിന്റെ ഉത്തരവിന്റെ പകര്‍പ്പോടെ അവര്‍ ഇപ്രകാരം കുറിച്ചു: ''ഞാന്‍ ജീവിക്കാന്‍വേണ്ടി സമരം ചെയ്തു നേടിയ അഞ്ചു സെന്റ് ഭൂമി പിണറായി സര്‍ക്കാര്‍ റദ്ദാക്കി. എന്നെ ഇനിയും ജീവിക്കാന്‍ വിടുന്നില്ലായെങ്കില്‍ സഖാവ് പിണറായി എന്നെയും കുടുംബത്തെയും കൊന്നിട്ട് ആ ശവം പച്ചയ്ക്കു തിന്നുന്നതാ നല്ലത്.'' അയിത്തത്തിനും അനാചാരത്തിനുമെതിരേ ഘോരഘോരം പ്രസംഗിക്കുന്നവര്‍തന്നെ ഒരു ദളിത്‌യുവതിയെ പ്രയാസപ്പെടുത്തുന്നത് സമ്പൂര്‍ണസാക്ഷരത കൈവരിച്ച കേരളത്തിലാണെന്നു ചിന്തിക്കാന്‍ കഴിയുന്നില്ല.
    സര്‍ക്കാര്‍ഭൂമി ലഭിക്കില്ലെന്നായതോടെ മുസ്ലീംലീഗിന്റെ മുന്‍ എം.എല്‍.എ. കെ.എം. ഷാജിയുടെയും ദളിത് സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ കാട്ടാമ്പള്ളിയില്‍ വീടുവച്ചു നല്കുകയാണുണ്ടായത്.
    നാമിന്നനുഭവിക്കുന്ന സമത്വവും സാഹോദര്യവും ഭാരതത്തിലെ മറ്റൊരു സംസ്ഥാനത്തും അനുഭവിക്കാനാവുകയില്ലെന്ന മലയാളിയുടെ വീമ്പുപറച്ചിലിനേറ്റ കനത്ത പ്രഹരമാണ് ഈ ദളിത്‌യുവതിയുടെ ജീവിതാനുഭവങ്ങള്‍. തനിക്കിഷ്ടമുള്ള ജോലി ചെയ്യാനും താനാഗ്രഹിക്കുന്ന ഒരുവനെ വിവാഹം ചെയ്യാനും പൂര്‍ണസ്വാതന്ത്ര്യം നല്‍കുന്ന ഭരണകൂടവും അതിന്റെ അടിസ്ഥാനമായി നില്‍ക്കുന്ന ഭരണഘടനയുമുള്ള ഒരു നാട്ടില്‍ സംഭവിച്ച ഇത്തരം ദുരനുഭവങ്ങള്‍ ഇനിയും ആവര്‍ത്തിച്ചുകൂടാ. ജനക്ഷേമം ലക്ഷ്യംവച്ചു പ്രവര്‍ത്തിക്കുന്ന ഏതു സര്‍ക്കാരിനും ഇത് അപമാനകരമാണ്. നീതിയും ന്യായവും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന ഏതൊരു പൗരന്റെയും മനസ്സില്‍ വേദനയുളവാക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രക്കണ്ണുകളെ മാറ്റിവച്ച് മനുഷ്യന്റെ കരുണയുടെയും ദയയുടെയും കണ്ണുകള്‍കൊണ്ടു കാണുമ്പോള്‍ മാത്രമേ വേദനിക്കുന്നവന്റെ ഹൃദയങ്ങളില്‍ ആശ്വാസം പകരുവാനാകൂ എന്ന സത്യം മനസ്സിലാക്കാന്‍ നാം ഇനിയും എത്രദൂരം സഞ്ചരിക്കണം!

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)