•  17 Oct 2024
  •  ദീപം 57
  •  നാളം 32
ലേഖനം

അരങ്ങും തരങ്ങും

   റെയില്‍പ്പാളത്തില്‍ ചതഞ്ഞരഞ്ഞ ഒരു ജഡം! പലരും ആ ജഡം കണ്ടു കടന്നുപോയി. എന്നാല്‍, അതിലേവന്ന ഒരാള്‍ കുറെയേറെ നേരം നിര്‍ന്നിമേഷനായി ആ ജഡം നോക്കിനിന്നു. അതു തന്റെ സുഹൃത്തിന്റെ കാമുകിയുടേതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ആ കാഴ്ച അദ്ദേഹത്തിന്റെ അന്തരാളങ്ങളില്‍ ഒരു തീപ്പൊരിയിട്ടു. അതു കത്തിപ്പടര്‍ന്ന് ഒരു അഗ്നികുണ്ഡമായി മാറി. അതാണ് ടോള്‍സ്റ്റോയിയുടെ ''അന്നാ കരെനീന'' എന്ന ലോകപ്രസിദ്ധ നോവല്‍! ടോള്‍സ്റ്റോയിക്കുമാത്രമേ ആ കാഴ്ചയെ നോവലാക്കി മാറ്റാന്‍ കഴിഞ്ഞുള്ളൂ. ആ ദൃശ്യം കണ്ട മറ്റാര്‍ക്കും സാധിക്കാത്തതു ടോള്‍സ്റ്റോയിക്കുമാത്രം സാധ്യമായി. നോവില്ലാതെ നോവലോ ശോകമില്ലാതെ ശ്ലോകമോ ഉണ്ടാവില്ല എന്ന ചൊല്ലിന്റെ പൊരുള്‍ അതാണ്.

   ഒരു കഥാകൃത്തിന്റെ ഹൃദയത്തില്‍ വീഴുന്ന കഥാബീജത്തെ മനസ്സുകൊണ്ടു മനനം ചെയ്തും ഭാവനയില്‍ ചാലിച്ചുമൊക്കെയാണ് കഥയുണ്ടാകുന്നത്. ഗര്‍ഭസ്ഥശിശു അമ്മയുടെ ഉദരത്തില്‍ വളര്‍ന്നു പൂര്‍ണരൂപം പ്രാപിക്കുന്നതുപോലുള്ള ഒരു പ്രക്രിയയാണിത്. കഥ പ്രകാശിതമാകുന്നതു കഥാപാത്രങ്ങളിലൂടെയാണ്. കഥാപാത്രങ്ങളുടെ വികാരവിചാരങ്ങളെ ആവാഹിച്ചെടുത്തു പ്രേക്ഷകരെ ആകര്‍ഷിക്കത്തക്കവിധം നടീനടന്മാര്‍ വേദിയിലവതരിപ്പിക്കുമ്പോഴാണ് ഒരു നാടകമോ സിനിമയോ ഒക്കെ വിജയിക്കുന്നത്.
   ടോള്‍സ്റ്റോയി അന്നാ കരെനീന എഴുതിയതു സിനിമ നിര്‍മിക്കാന്‍വേണ്ടിയായിരുന്നില്ല. അന്നാ കരെനീന എഴുതാതിരിക്കാന്‍ പറ്റാത്ത ഒരു മാനസികാവസ്ഥയില്‍ അദ്ദേഹമെത്തിയെന്നതാണു യാഥാര്‍ഥ്യം. ഷേക്‌സ്പിയറോ ബര്‍ണാര്‍ഡ്ഷായോ കാളിദാസനോ നാടകമെഴുതിയതും സിനിമയ്ക്കുവേണ്ടിയായിരുന്നില്ല. എന്തിന്, കാലടി ഗോപി ഏഴു രാത്രികളെഴുതിയതും തോപ്പില്‍ ഭാസി അശ്വമേധം എഴുതിയതും സിനിമയ്ക്കുവേണ്ടിയായിരുന്നില്ല. പക്ഷേ, അവ സിനിമയായി. അത് ആ  രചനകളുടെ സവിശേഷതകൊണ്ട്! അതുപോലെ, പല നോവലും സിനിമയായിട്ടുണ്ട്. ഉദാഹരണത്തിന്, ബഷീറിന്റെ മതിലുകള്‍, തകഴിയുടെ ചെമ്മീന്‍, മുട്ടത്തുവര്‍ക്കിയുടെ പാടാത്ത പൈങ്കിളി. 
    മലയാളസിനിമയ്ക്ക് ഒരു നല്ല കാലമുണ്ടായിരുന്നു. ഒട്ടേറെ മഹത്തരങ്ങളായ ചിത്രങ്ങള്‍ സംഭാവന ചെയ്യാന്‍ കൈരളിക്കു കഴിഞ്ഞിട്ടുണ്ട്. ആ സിനിമകളൊന്നും തട്ടിക്കൂട്ടുസിനിമകളോ കച്ചവട സിനിമകളോ ആയിരുന്നില്ല. ജനത്തെ സംസ്‌കാരസമ്പന്നരാക്കുന്ന ദൗത്യമാണ് ആ സിനിമകള്‍ നിര്‍വഹിച്ചത്. കഥയുടെ കെട്ടുറപ്പും സ്വാഭാവികതയും ആസ്വാദ്യതയുമെല്ലാം ആവോളം ആ സിനിമകളിലുണ്ടായിരുന്നു. മനുഷ്യഹൃദയങ്ങളെ സ്വാധീനിക്കുന്ന ചേരുവകള്‍ അവയിലുണ്ടായിരുന്നു. 
ഏതാണ്ട് എഴുപതുവര്‍ഷംമുമ്പ് ഞാന്‍ ബാലനായിരിക്കുമ്പോള്‍ കണ്ട സിനിമയിലെ ഒരു രംഗം ഇപ്പോഴും മനസ്സില്‍ തളിരിട്ടുനില്ക്കുന്നു. ഒരു ചായക്കട! ഒരു പഴക്കുല കെട്ടിത്തൂക്കിയിരിക്കുന്നതു വ്യക്തമായിക്കാണാം. ചായക്കടക്കാരന്‍ ചായക്കപ്പ് പൊക്കിയൊഴിച്ച് ആറ്റിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ മെലിഞ്ഞുശോഷിച്ച ഒരു പയ്യന്‍ പാത്തുപാത്തുവന്ന് പഴക്കുലയില്‍നിന്ന് ഒരു പഴം ഇരിഞ്ഞുകൊണ്ടോടുന്നു. ചായക്കടക്കാരന്‍ ചായയടി നിര്‍ത്തി അവന്റെ പിറേക ഓടി, അവനെ പിടിച്ചുനിര്‍ത്തി പൊതിരെ തല്ലുന്നു. അതിലേ വന്ന ഒരു കാളവണ്ടിക്കാരന്‍ ഈ കാഴ്ചകണ്ടു വണ്ടിനിര്‍ത്തി ഓടിച്ചെന്ന് ബാലനെ രക്ഷിക്കുന്നു. എന്നിട്ട്, അയാള്‍ ചായക്കടക്കാരന്റെ കൂടെ ചെന്ന് ആ പഴക്കുലയുടെ വില ചോദിക്കുന്നു. പറഞ്ഞ വില കൊടുത്ത് അതു വാങ്ങി ആ പയ്യന് ഇരിഞ്ഞുകൊടുക്കുന്നു. അതുകണ്ട കുട്ടികള്‍ ഓടിക്കൂടുന്നു.
ഒരു ഈരടി പാടിക്കൊണ്ട് അയാള്‍ കുട്ടികള്‍ക്കെല്ലാവര്‍ക്കും പഴം ഇരിഞ്ഞുകൊടുക്കുന്നു. ഈരടിയിങ്ങനെ:
മര്‍ത്ത്യനു വലുതാണു വയറാണു ദൈവം
പാവങ്ങള്‍ക്കു ചോറാണു കറിയാണു ദൈവം.
   ആ കാളവണ്ടിക്കാരന്‍ അക്കാലത്തെ മഹാനടന്‍ സത്യനാണെന്നുമാത്രം എനിക്കറിയാം. കഥയുടെ പേരോ കഥയുടെ ഉള്ളടക്കമോ ഒന്നും എന്റെ മനസ്സിലില്ല. പക്ഷേ, ആ രംഗം എന്റെ മനസ്സില്‍ പതിഞ്ഞു. അതിപ്പോഴും തളിരിട്ടുനില്ക്കുന്നു. അതാണു സിനിമയുടെ തനിമ! പ്രേക്ഷകന്റെ അന്തരാളങ്ങളിലേക്ക് ആഴ്ന്നിറങ്ങി അവിടെ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സിനിമയ്ക്കു കഴിയണം. പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യണം.
    ഒരു നല്ല കഥ ഉണ്ടായതുകൊണ്ടു മാത്രം ഒരു നാടകമോ സിനിമയോ വിജയിക്കില്ല. അതിന് ഒട്ടേറെ ഘടകങ്ങള്‍ ചേരുംപടി ചേരണം. സംവിധായകനാണ് ഏറ്റവും പ്രധാനപ്പെട്ട റോളുള്ളത്. അതുപോലെതന്നെ, പ്രധാനപ്പെട്ട ഘടകമാണ് മികവുറ്റ നടീനടന്മാര്‍. വേഷവിധാനം, രംഗസജ്ജീകരണം, ശബ്ദവും വെളിച്ചവും മുതലായ മറ്റു ഘടകങ്ങളും പ്രധാനപ്പെട്ടവതന്നെ. ഒരു നല്ല കഥാകൃത്ത് നല്ല സംവിധായകനും അഭിനേതാവുമൊക്കെയായിരിക്കണം. മറിച്ചും, നല്ല അഭിനേതാവിനും സംവിധായകനുമെല്ലാം  മേല്പറഞ്ഞ ഘടകങ്ങളിലൊക്കെ  പ്രാവീണ്യമുണ്ടായിരിക്കണംതാനും. സംവിധാനസമ്രാട്ട് എന്നു വിശേഷിപ്പിക്കാവുന്ന അടൂര്‍ ഗോപാലകൃഷ്ണന് ഇപ്പറഞ്ഞ സിദ്ധികളെല്ലാം അവയുടെ പൂര്‍ണതയില്‍ ത്തന്നെയുണ്ടെന്നു പറയാമെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ മിക്കവാറും സിനിമകളുടെയും കഥയും സംവിധാനവും നിര്‍മാണവുമെല്ലാം അദ്ദേഹത്തിന്റേതു തന്നെയാണ്. എലിപ്പത്തായം, മുഖാമുഖം, കൊടിയേറ്റം, സ്വയംവരം മുതലായവയെല്ലാം എഴുതിയതും സംവിധാനം ചെയ്തതും നിര്‍മിച്ചതുമെല്ലാം അദ്ദേഹം തന്നെ. മഹാനടന്‍ തിലകനും ഈ സ്ഥിദ്ധിവിശേഷമുള്ളയാളാണ്. ഇവരൊന്നും ഒറ്റദിവസംകൊണ്ട്  ആര്‍ജിച്ചെടുത്ത കഴിവുകളല്ല. തിലകന്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍മുതല്‍ അഭിനയം തുടങ്ങിയതാണെന്നദ്ദേഹം പറഞ്ഞിട്ടുണ്ട്.  എസ്.എന്‍. കോളജില്‍ പഠിക്കുമ്പോള്‍ കോളജിനെ പ്രതിനിധീകരിച്ച് പ്രഫ. എസ്. ഗുപ്തന്‍നായര്‍സാറിന്റെകൂടെ ഡല്‍ഹിയില്‍ പോയി നാടകം അവതരിപ്പിച്ച്, ഇന്ത്യന്‍പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രശംസ പിടിച്ചുപറ്റിയതായും അദ്ദേഹം പറയുന്നുണ്ട്. പിന്നീടങ്ങോട്ടുള്ള പ്രയാണത്തില്‍ നാടകരംഗത്തും സിനിമാരംഗത്തും ഒരുപോലെ തിളങ്ങി അദ്ഭുതം സൃഷ്ടിച്ചയാളാണ്. അഭിനയത്തില്‍ അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ള  കാര്‍ക്കശ്യം പല വമ്പന്മാര്‍ക്കും അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ, അദ്ദേഹം അതൊന്നും വകവച്ചിട്ടില്ല. കാരണം, കലയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത അത്ര ശക്തമായിരുന്നു.
    ഒരിക്കല്‍ പി.ജെ. ആന്റണി സംവിധാനം ചെയ്ത സിനിമയില്‍ അദ്ദേഹം ഉദ്ദേശിച്ച നടന്‍ അവസാനമുഹൂര്‍ത്തത്തില്‍ പിന്മാറിയപ്പോള്‍ തിലകനെ വിളിച്ചു. പതിവുശൈലിയില്‍ ആന്റണി പറഞ്ഞു, റിഹേഴ്‌സലില്‍ പ്രോമ്റ്റിങ്ങില്ല എന്ന്. തന്റെ റോളിനോടുള്ള കൂറുമൂലം  അദ്ദേഹം പറഞ്ഞു, അവസാനനിമിഷം വന്ന തനിക്ക് അതു സാധ്യമല്ലെന്ന്. ശാഠ്യം മൂര്‍ച്ഛിച്ചപ്പോള്‍ വഴങ്ങി. ഒരു തവണ ആവാമെന്ന് ആന്റണി പറഞ്ഞു. ഒറ്ററിഹേഴ്‌സല്‍ കഴിഞ്ഞു പിറ്റേന്നുള്ള റിഹേഴ്‌സലില്‍ വള്ളിപുള്ളി മാറ്റംവരാതെ, ഗംഭീരമായി അഭിനയിച്ച് തിലകന്‍ ആന്റണിയുടെ കൈയടി നേടി. നാടകമാണെങ്കിലും സിനിമയാണെങ്കിലും ചില ചിട്ടകളും നിഷ്ഠകളും കൂടിയേ തീരൂ. ഒരിക്കല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയുടെ ഫൈനല്‍ ഷൂട്ടിങ് നടക്കുകയാണ്. മമ്മൂട്ടി വേഷമിട്ടു റെഡിയായി നില്ക്കുമ്പോള്‍, അദ്ദേഹത്തെ ബുക്കുചെയ്യാനായി പല സംവിധായകരും വന്നുനില്ക്കുന്നു. അടൂര്‍ മമ്മൂട്ടിയെ വിളിച്ചുപറഞ്ഞു, ഇതു ഞാന്‍ സമ്മതിക്കില്ല എന്ന്. മമ്മൂട്ടി വഴങ്ങി; വന്നവര്‍ ഇളിഭ്യരായി മടങ്ങി. ഇതൊക്കെയാണ് നമ്മുടെ നല്ല നാടകങ്ങളുടെയും സിനിമകളുടെയുമൊക്കെ വിജയത്തിനു കാരണമായത്.
പക്ഷേ, ഇന്നോ? ഇന്ന് എല്ലാം കച്ചവടം, വെട്ടിക്കൂട്ടും തട്ടിക്കൂട്ടും തരികിടയും! കഥയില്ലാക്കഥകളാണു പലതും. കഥാകൃത്തിന്റെ ഉള്ളില്‍ത്തട്ടിയ സംഭവങ്ങളൊന്നുമായിരിക്കയില്ല പ്രമേയങ്ങള്‍. കഥാകൃത്തിന്റെ മനസ്സില്‍തട്ടിയില്ല മടിയില്‍ തട്ടിയാണു കഥ ജനിക്കുന്നത്. മടി നിറഞ്ഞാല്‍ കഥ ജനിക്കും. വാടകഗര്‍ഭത്തില്‍ ജനിക്കുന്ന കുഞ്ഞിനെപ്പോലുള്ള കഥ! സ്റ്റാര്‍വാല്യൂ ഉള്ള നടീനടന്മാരെ വിലയ്‌ക്കെടുക്കുന്നു. അവര്‍ക്കുവേണ്ടിയാവും  കഥ സഞ്ചരിക്കുന്നത്. കഥാകൃത്തും സംവിധായകനും നിര്‍മാതാവും കഥാപാത്രങ്ങളും എല്ലാവരുംതമ്മില്‍ അഡ്ജസ്റ്റുമെന്റാണ്. അതിനാവശ്യമായ മെയ്‌വഴക്കം എല്ലാവര്‍ക്കുമുണ്ടാകും. കാണികളെ രസിപ്പിക്കുക എന്ന ഏകലക്ഷ്യംമാത്രം. അതിനാവശ്യമായ മസാലപ്പൊടികളെല്ലാം ചേര്‍ക്കും. സെക്‌സും സ്റ്റണ്ടും തക്കിടതരികിട പാട്ടുകളും അതിനൊപ്പിച്ചുള്ള തുള്ളലും ചാട്ടവും മറിച്ചിലും...!  എല്ലാം ചേര്‍ന്നുള്ള ഒരു അവിയല്‍! കഥയുടെ പ്രമേയം തീരുമാനിക്കുമ്പോഴുള്ള ഒരു പ്രവണതയാണ് വിവാദങ്ങള്‍ സൃഷ്ടിക്കുക എന്നത്. പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള ഒരു തന്ത്രമാണത്. അതിനു പലപ്പോഴും ഇരയാകുന്നതു ക്രൈസ്തവസമൂഹമാണ്. അതിനു കാരണമുണ്ട്. അവര്‍ തിരിച്ചടിക്കുകയില്ല. അതുകൊണ്ട്, അവര്‍ വളരെ പൂജ്യമായി കാണുന്നവയെ വികലമായും വക്രീകരിച്ചും ചിത്രീകരിക്കും. അല്ലെങ്കില്‍ ളോവയിട്ട ഒരു പുരോഹിതനെയോ ഉടുപ്പിട്ട ഒരു കന്യാസ്ത്രീയെയോ ചുറ്റിപ്പറ്റി കഥ നിര്‍മിക്കുക. അവരെ അധമരും അപഹാസ്യരുമായി ചിത്രീകരിക്കും. വെള്ളനിറമുള്ള കാന്‍വാസില്‍ കരിപുരണ്ടാല്‍ അതു തെളിഞ്ഞുകാണുമല്ലോ. ചേറു പുരണ്ട കാന്‍വാസില്‍ അതുണ്ടാവില്ല. അതുകൊണ്ട്, സഭയുടെ ശുഭ്രവസ്ത്രത്തില്‍ കരിതേക്കുക പതിവായിരിക്കുന്നു. ഉദാഹരണങ്ങളാണ് ബൊഗൈന്‍വില്ല, റോമന്‍സ്, വിശുദ്ധര്‍ മുതലായവ. കക്കുകളിനാടകം എത്ര മ്ലേച്ഛമായിട്ടാണ് ഒരു സന്ന്യാസഭവനത്തെ ചിത്രീകരിച്ചത്.
ഇതരമതസ്ഥരെ തൊട്ടാല്‍ വിവരമറിയും. അതുകൊണ്ട് അതിനു മുതിരുകയില്ല. ചാനലുകള്‍ക്കുള്ള വിശിഷ്ടഭോജ്യമാണ് ഇത്തരത്തിലുള്ള സിനിമകള്‍. സിനിമയിലെ ധ്വനികള്‍ ചാനലുകളിലിട്ട് അലക്കുന്നു. റേറ്റിങ് വര്‍ധിപ്പിക്കുന്നു. വളരെ നല്ല സിനിമകള്‍ - കലാമൂല്യവും ധാര്‍മികമൂല്യവുമൊക്കെയുള്ള  സിനിമകള്‍ - ചാനലുകള്‍ കണ്ട ഭാവംപോലും കാണിക്കാറില്ല. 'ദി ഫെയ്‌സ് ഓഫ് ദി ഫെയ്‌സ്‌ലെസ്' എത്ര മഹത്തായ ഒരു കലാസൃഷ്ടിയാണ്! ചാനലുകള്‍ അറിഞ്ഞ ഭാവംപോലുമില്ല.
അരങ്ങിനപ്പുറത്ത് അണിയറയില്‍ സംഭവിക്കുന്നത് ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തുന്നുണ്ടല്ലോ. ഹേമ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ സിനിമാമേഖലയിലെ ഏതോ ഒരു കാര്യം എന്നതിനപ്പുറം അധികമാരും ചിന്തിച്ചില്ല. ഹേമകമ്മിറ്റി നിശ്ചിതസമയത്തുതന്നെ റിപ്പോര്‍ട്ടു സമര്‍പ്പിച്ചതാണ്. അതിന്മേല്‍ ഒരു നടപടിയുമുണ്ടായിട്ടില്ല എന്ന വിവരം അറിഞ്ഞിട്ട് അധികകാലമായില്ല. മാധ്യമങ്ങളാണ് ഇക്കാര്യം പൊതുജനശ്രദ്ധയില്‍പ്പെടുത്തിയത്. കോടതിയും ശക്തമായ നിലപാടു സ്വീകരിച്ചപ്പോഴാണ് അതു പുറത്തുവിടുന്നത്. തുടര്‍ന്ന്, അതിന്മേല്‍ ചാനലുകള്‍ ചര്‍ച്ചയാരംഭിച്ചു. അപ്പോഴാണ് അതിന്റെ ഗൗരവം ജനങ്ങള്‍ക്കു മനസ്സിലാകുന്നത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കുറ്റകരമായ അനാസ്ഥയുണ്ടായെന്നും തിരിമറികള്‍ പലതും നടന്നെന്നും അട്ടിമറിനീക്കങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും ജനങ്ങള്‍ക്കു മനസ്സിലായി. പല ക്രിമിനലുകളെയും രക്ഷിക്കാന്‍ ബോധപൂര്‍വം സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നുള്ള ആരോപണം ശക്തമായി ഉന്നയിക്കപ്പെടുന്നുണ്ട്. അതിജീവിതകളില്‍ ചിലര്‍ ധീരമായ നിലപാട് എടുത്തതുകൊണ്ട് ചിലരെല്ലാം  പിടിക്കപ്പെട്ടു. പിടികൊടുക്കാതെ ഒളിഞ്ഞിരിക്കുന്ന വമ്പന്‍സ്രാവുകള്‍ പിടിക്കപ്പെടാനുള്ള  സാധ്യത വളരെ കുറവാണ്. പണവും പിടിപാടും അത്ര ശക്തമാണ്. രംഗത്തുവന്ന പലരും പല കാരണങ്ങളാല്‍ ഉള്ളിലേക്കു വലിയുന്നതായിട്ടാണ് റിപ്പോര്‍ട്ട്. പലരും ഭീഷണിയുടെ മുള്‍മുനയിലാണ്. മറ്റുചിലര്‍ അഡ്ജസ്റ്റുമെന്റിനു തയ്യാറാകുന്നു. കേസുമായി മുന്നോട്ടുപോകാന്‍ ആളുകള്‍ തയ്യാറാകുന്നില്ലെന്നും അതുകൊണ്ട് കോടതിക്ക് ഇടപെടാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും കോടതിതന്നെ പറഞ്ഞിരിക്കുന്ന സ്ഥിതിക്ക് പ്രതീക്ഷയ്ക്കു വകയില്ല എന്നു പറയേണ്ടിയിരിക്കുന്നു. ഹാ... കഷ്ടം എന്നല്ലാതെ എന്തു പറയേണ്ടൂ!

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)