•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
പ്രാദേശികം

രക്തദാനരംഗത്ത് മൂന്നുപതിറ്റാണ്ടുകള്‍ പിന്നിട്ട് ഷിബു തെക്കേമറ്റം

  • *
  • 10 October , 2024

പാലാ: രക്തദാനരംഗത്തു മൂന്നു പതിറ്റാണ്ടുകള്‍ പിന്നിടുകയാണ് ജീവകാരുണ്യപ്രവര്‍ത്തകനായ പാലായുടെ ഷിബു തെക്കേമറ്റം. മനുഷ്യജീവന് അത്യന്താപേക്ഷിതമായ രക്തം സഹജീവികള്‍ക്ക് സസന്തോഷം ദാനം ചെയ്തും ആവശ്യക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എത്തിച്ചുനല്‍കിയുമാണ് ഷിബു ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്. അപകടങ്ങളില്‍പ്പെട്ടും മാരകമായ അസുഖങ്ങള്‍ ബാധിച്ചും മറ്റും ചികിത്സയില്‍ കഴിയുന്ന ബന്ധുജനങ്ങള്‍ക്കോ സുഹൃത്തുകള്‍ക്കോ അയല്‍വാസികള്‍ക്കോ ജീവന്‍ നിലനിര്‍ത്തുന്നതിനു രക്തത്തിനായി നെട്ടോട്ടമോടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, കോട്ടയം ജില്ലയിലെ പല ആശുപത്രികളിലും ഇന്ന് ആ അവസ്ഥയില്ല. കോളജുതലംമുതല്‍ സാമുദായികതലത്തില്‍വരെ ഇന്ന് രക്തം നല്‍കുന്നവരുടെ പട്ടിക തയ്യാറാണ്. രക്തദാനം മഹാദാനം എന്ന സന്ദേശം ഉള്‍ക്കൊണ്ട് നിരവധി രക്തദാതാക്കള്‍ ജില്ലയിലുടനീളം രംഗത്തെത്തിക്കഴിഞ്ഞു. ഈ വിപ്ലവകരമായ മാറ്റത്തിനു തുടക്കംകുറിച്ചത് ഷിബു തെക്കേമറ്റം എന്ന ചെറുപ്പക്കാരന്റെ പ്രവര്‍ത്തനങ്ങളായിരുന്നു.
   1988 ല്‍ തന്റെ അധ്യാപികയ്ക്കു രക്തം കൊടുത്തുകൊണ്ട് ജീവകാര്യണ്യരംഗത്തേക്കു കടന്നുവന്ന ഷിബു 36 വര്‍ഷത്തിനകം 125 തവണ രക്തം ദാനം ചെയ്തുകഴിഞ്ഞു. രക്തദാനത്തെക്കാള്‍ മഹത്തരവും പവിത്രവുമായ മറ്റൊരു ദാനവും സേവനവുമില്ലെന്നു വിശ്വസിച്ചുകൊണ്ട്, രോഗിയുടെ സഹോദരങ്ങളോ മക്കളോപോലും അവരുടെ രക്തഗ്രൂപ്പ് അറിയാനോ രക്തദാനത്തിനോ തയ്യാറാവാത്ത സാഹചര്യത്തിലാണ് സേവനസന്നദ്ധനായ ഈ ജീവകാരുണ്യപ്രവര്‍ത്തകന്‍ സ്വന്തം രക്തം നല്‍കി അന്യരുടെ ജീവന്‍ നിലനിര്‍ത്താന്‍ തയ്യാറാവുന്നത്. 
   പരേതനായ റ്റി.റ്റി. തോമസിന്റെയും തെയ്യാമ്മയുടെയും മകനായി പാലായ്ക്കടുത്തുള്ള കൊഴുവനാല്‍ തെക്കേമറ്റം കുടുംബത്തിലാണ് ഷിബുവിന്റെ ജനനം. വിളക്കുമാടം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലാബ് അസിസ്റ്റന്റായി സേവനം അനുഷ്ഠിക്കുന്നു. സമര്‍ഥനായ സംഘാടകനും സാമൂഹികപ്രവര്‍ത്തകനുമാണ് ഷിബു. ഭാര്യ റെനി, മകന്‍ എമില്‍ ടോം ഷിബു, മകള്‍ എലേന സൂസന്‍ ഷിബു.
    ഐഎംഎയുടെ അപ്രീസിയേഷന്‍ അവാര്‍ഡ്, ലയണ്‍സ് ക്ലബിന്റെ ഔട്ട് സ്റ്റാന്റിങ് പെര്‍ഫോര്‍മന്‍സ് അവാര്‍ഡ്, ജേസീസിന്റെ ഗ്രേറ്റ് പാര്‍ട്ട് അവാര്‍ഡ് തുടങ്ങി നിരവധി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പുരസ്‌കാരങ്ങള്‍ ഷിബുവിനു ലഭിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സ്റ്റഡീസിന്റെ മികച്ച സാമൂഹികപ്രവകര്‍ത്തകനുള്ള രാജീവ് ഗാന്ധി പുരസ്‌കാരവും ലയണ്‍സ് ക്ലബ് ഇന്റര്‍ നാഷണലിന്റെ സര്‍വീസ് എക്‌സലന്റ്‌സ് അവാര്‍ഡും ലഭിച്ച ഷിബുവിന് സംസ്ഥാന ആരോഗ്യവകുപ്പും സംസ്ഥാന ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലും സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയും സംയുക്തമായി നല്‍കുന്ന കേരളത്തിലെ മികച്ച രക്തദാതാവിനുള്ള 2016 ലെയും 2018ലെയും അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
     തന്റെ ജീവരക്തം സ്വീകരിച്ചവര്‍ ചുറുചുറുക്കോടെ ഓടിനടക്കുന്നതു കാണുന്നതാണ് തന്നെ രക്തദാനത്തിനു പ്രേരിപ്പിക്കുന്ന കാരണമെന്ന് ഷിബു പല വേദിയിലും പറഞ്ഞിട്ടുണ്ട്. അതോടെ രക്തദാനം എന്ന മഹാ ആശയം മനസ്സില്‍ ശക്തമായി. കൊഴുവനാലുള്ള സുഹൃത്തുക്കളും പരിചയക്കരുമായി ആശയം പങ്കുവച്ചു. എല്ലാവരും പിന്തുണച്ചതോടെ കൊഴുവനാല്‍ രക്തദാനസേന രൂപംകൊണ്ടു.
കെ.എം. ജോര്‍ജ് സ്മാരക ആര്‍ട്സ് ക്ലബാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. സേനയുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടരായി വിദ്യാര്‍ഥികളും അധ്യാപകരും കര്‍ഷകരും വ്യാപാരികളും ഡ്രൈവര്‍മാരുമെല്ലാം അംഗങ്ങളായി. സേനയുടെ നേതൃത്വത്തിലുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുതുടങ്ങിയതോടെ വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രക്തദാനരംഗത്തേക്ക് എത്തിത്തുടങ്ങി. 
    രക്തദാനസേന ഇന്ന് പാലാ ബ്ലഡ് ഫോറം എന്ന പേരില്‍ വിപുലീകരിച്ചിരിക്കുന്നു. കോട്ടയം ജില്ലയിലെ മുപ്പത്തിരണ്ടോളം സന്നദ്ധസംഘടനകളുടെ പിന്തുണ പാലാ ബ്ലഡ് ഫോറത്തിനുണ്ട്. ഷിബു തെക്കേമറ്റം ജനറല്‍ കണ്‍വീനറും പാലാ ഡി വൈ എസ് പി ചെയര്‍മാനുമായി ഫോറം പ്രവര്‍ത്തിക്കുന്നു. നിലവിലുള്ള രക്തസ്രോതസ്സുകളെ ഏകോപിപ്പിച്ച് പൊലീസ് വകുപ്പിന്റെ നേതൃത്വത്തില്‍ രക്തദാതാക്കളുടെ കരുത്തുറ്റ ശൃംഖല സാധ്യമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റും നമ്പരായ 100 ന്റെ സാധ്യതകളും ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നു.
    24 മണിക്കൂറും ഈ നമ്പരില്‍ സേവനം ലഭ്യമാക്കുന്ന തരത്തിലാണ് സംവിധാനം. പൊലീസ് വകുപ്പ്, ജില്ലാ സന്നദ്ധരക്തദാനസമിതി, ജില്ലാ ആരോഗ്യവകുപ്പ്, കേരളാ സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക, മതസംഘടനകള്‍, വിദ്യാഭ്യാസസംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യാപാരികള്‍ എന്നിവരുമായെല്ലാം ബന്ധപ്പെട്ടും ഏകോപിപ്പിച്ചുമാണ്, ജില്ലയിലെന്നല്ല, കേരളത്തിലെതന്നെ മികച്ച രക്തദാനസംഘടനകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട പാലാ ബ്ലഡ് ഫോറത്തിന്റെ പ്രവര്‍ത്തനം. കേരളത്തിലാദ്യമായി രക്തദാനരംഗത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ പാലാ ബ്ലഡ് ഫോറം എന്ന പേരില്‍ ആരംഭിക്കാന്‍ നേതൃത്വം കൊടുത്തത് ഷിബു തെക്കേമറ്റമാണ്.
    ജില്ലാ സന്നദ്ധരക്തദാനസമിതിയുടെയും പാലാ ബ്ലഡ്‌ഫോറത്തിന്റെയും ജനറല്‍ കണ്‍വീനര്‍, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലിന്റെ ബ്ലഡ് ബാങ്ക് ആന്റ് ബ്ലഡ് ഡൊണേഷന്‍ കോ ഓര്‍ഡിനേറ്റര്‍, അഡ്വ. റ്റി.വി. എബ്രാഹം ഫൗണ്ടേഷന്റെ സെക്രട്ടറി, നെഹ്‌റു പീസ് ഫൗണ്ടേഷന്റെ ജില്ലാ ചെയര്‍മാന്‍, മീനച്ചില്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി വൈസ് പ്രസിഡന്റ് തുടങ്ങിയ നിരവധി സംഘടനകളില്‍ ഷിബു പ്രവര്‍ത്തിച്ചുവരുന്നു. ജനമൈത്രി പൊലീസിന്റെ ജനസമിതി അംഗവുമാണ് ഷിബു തെക്കേമറ്റം. രക്തദാനം ജീവദാനമെന്നു വിശ്വസിക്കുകയും ആ മഹാദാനത്തിന്റെ മഹത്ത്വം സ്വന്തം ജീവിതത്തിലൂടെ അന്യര്‍ക്ക് അനുഭവവേദ്യമാക്കുകയും ചെയ്യുന്ന ഷിബു രക്തദാനരംഗത്തെന്നപോലെതന്നെ മറ്റു സാമൂഹികപ്രവര്‍ത്തനമേഖലകളിലും സജീവസാന്നിധ്യമാണ്.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)