•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

സാമൂഹികാരോഗ്യരംഗത്തെ കരുതല്‍ മെഡിസിറ്റിയുടെ വിജയം കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ

   പാലാ: സമൂഹത്തിനൊന്നാകെ ആരോഗ്യരംഗത്തു കരുതലാകാന്‍ സാധിച്ചതാണ് മാര്‍ സ്ലീവാ മെഡിസിറ്റിയുടെ വിജയത്തിനാധാരമെന്നു മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ. മാര്‍ സ്ലീവാ മെഡിസിറ്റിയുടെ  അഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന്റെകൂടി സാക്ഷ്യമായ മാര്‍ സ്ലീവാ മെഡിസിറ്റി അനേകര്‍ക്കു പ്രയോജനം ലഭിക്കുന്ന സമ്പൂര്‍ണ ആരോഗ്യസംരക്ഷണകേന്ദ്രമായി മാറിക്കഴിഞ്ഞതായും കര്‍ദിനാള്‍ പറഞ്ഞു.

   ആതുരസേവനരംഗത്ത് ഉന്നതമൂല്യവും ഉന്നതഗുണനിലവാരവും കാത്തുസൂക്ഷിക്കാന്‍ സാധിച്ചതാണ് മാര്‍ സ്ലീവാ മെഡിസിറ്റിയുടെ ജനസ്വീകാര്യതയ്ക്കു കാരണമെന്ന് മാര്‍ സ്ലീവാ മെഡിസിറ്റി സ്ഥാപകനും പാലാ രൂപത ബിഷപ്പുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. രോഗചികിത്സയ്‌ക്കൊപ്പം ആത്മീയമായ കരുതല്‍കൂടി രോഗികള്‍ക്കു നല്‍കാന്‍ സാധിക്കുന്നതായും ബിഷപ് പറഞ്ഞു. മാര്‍സ്ലീവാ മെഡിസിറ്റിയെ പേപ്പര്‍ലെസ്  ഹോസ്പിറ്റലായി പ്രഖ്യാപിക്കലും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു 
    പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയും മാര്‍ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാര്‍ഷികവും പ്രമാണിച്ചു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന 7 കമ്മ്യൂണിറ്റി സ്‌കീമുകളുടെ പ്രഖ്യാപനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. നാടിന്റെ സ്വത്തായി ജനഹൃദയങ്ങളില്‍ സ്ഥാനം നേടാന്‍ മാര്‍ സ്ലീവാ മെഡിസിറ്റിക്കു സാധിച്ചതായി മന്ത്രി പറഞ്ഞു. അഞ്ചു സാമൂഹികപദ്ധതികളുടെ പ്രഖ്യാപനം മോന്‍സ് ജോസഫ്  എംഎല്‍എ നിര്‍വഹിച്ചു. ആശുപത്രി മാനേജിങ് ഡയറക്ടര്‍ മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍, ഐ.ടി. ഡയറക്ടര്‍ റവ. ഡോ. ജോസഫ് കരികുളം, നഴ്‌സിംഗ് ഡയറക്ടര്‍ റവ. ഫാ. സെബാസ്റ്റ്യന്‍ കണിയാംപടിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
അഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്കായി ഏഴു കമ്മ്യൂണിറ്റി സ്‌കീമുകളും ഏഴു സാമൂഹികപദ്ധതികളുമാണ് പാലാ രൂപതയിലെ ഇടവകകളുമായി ചേര്‍ന്ന് മാര്‍ സ്ലീവാ മെഡിസിറ്റി നടപ്പാക്കുന്നത്. ഹോം കെയര്‍ സേവനത്തിന്റെ ഭാഗമായി സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്ന 75 കിടപ്പുരോഗികള്‍ക്ക് ഭവനത്തിലെത്തി സൗജന്യചികിത്സ നല്‍കുക, കുറഞ്ഞ വരുമാനമാര്‍ഗമുള്ള 75 പേര്‍ക്ക് മിതമായ നിരക്കില്‍ 'ചുവട്' പദ്ധതിയിലൂടെ കാല്‍മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുക, കാഴ്ചപരിമിതരായ 75 നിര്‍ധനരോഗികള്‍ക്ക് സൗജന്യ തിമിരശസ്ത്രക്രിയ ചെയ്തു നല്‍കുക, ചികിത്സയിലുള്ളവരും സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ 75 രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചികിത്സ നല്‍കുക, മാര്‍ സ്ലീവാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് ആന്‍ഡ് റിസര്‍ച്ചില്‍ അലൈഡ് ഹെല്‍ത്ത് സയന്‍സ് കോഴ്‌സുകളില്‍ പഠനത്തിനു ചേര്‍ന്ന വിദ്യാര്‍ഥികളില്‍ ഓരോ കോഴ്‌സില്‍നിന്നും അര്‍ഹരായ രണ്ടു പേരെ വീതം കണ്ടെത്തി ഫീസിന്റെ 40% സ്‌കോളര്‍ഷിപ്പ് തുകയായി നല്‍കുക, മേലുകാവുമറ്റത്തെ റൂറല്‍ മെഡിക്കല്‍ മിഷന്‍ മാര്‍ സ്ലീവാ മെഡിസിറ്റിയുടെയും പാലാ അസംപ്ഷന്‍ മെഡിക്കല്‍ സെന്ററിന്റെയും നേതൃത്വത്തില്‍ കമ്യൂണിറ്റി സ്‌ക്രീനിങ് ക്യാമ്പുകള്‍, ബോധവത്കരണ ചര്‍ച്ചകള്‍, കൗണ്‍സലിങ്, ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം എന്നിവ നടപ്പാക്കുക, മാര്‍ സ്ലീവാമെഡിസിറ്റിയുടെ നേതൃത്വത്തില്‍ മുട്ടുചിറ ഹോളിഗോസ്റ്റ് ആശുപത്രിയിലെ അത്യാഹിതവിഭാഗം വിപുലീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുക എന്നിവയാണ് കമ്മ്യൂണിറ്റിസ്‌കീമുകള്‍.
     75 ഇടവകകളില്‍ വിദഗ്ധഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, സ്തനാര്‍ബുദം, കരള്‍രോഗങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനായി എസ്.എം.വൈ.എം, മാതൃവേദി, പിതൃവേദി തുടങ്ങിയ സംഘടനകളുമായി ചേര്‍ന്ന് സൗജന്യമെഡിക്കല്‍ ക്യാമ്പും രക്തദാനക്യാമ്പുകളും നടത്തുക, പാലാ രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് സ്‌കൂളുകളില്‍ കോര്‍പ്പറേറ്റ് എജ്യൂക്കേഷന്‍ ഏജന്‍സിയുടെ പിന്തുണയോടെ വിദ്യാര്‍ഥികള്‍ക്കായി ക്ഷേമപരിപാടികള്‍ നടപ്പിലാക്കുക, പ്രവാസി അപ്പോസ്തലേറ്റിനു കീഴില്‍ അവരുടെ ആരോഗ്യം,  വിദ്യാഭ്യാസം, കമ്മ്യൂണിറ്റി ഇടപെടല്‍, എന്നിവ ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ ആഗോളതലത്തില്‍ നടപ്പിലാക്കുക, ജീവന്‍രക്ഷാപ്രവര്‍ത്തനത്തിന് യുവജനങ്ങളെ സജ്ജരാക്കുന്ന സമഗ്ര ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനപരിപാടി കോളജ് വിദ്യാര്‍ഥികള്‍ക്കായി ആരംഭിക്കുക, പിതൃവേദി, മാതൃവേദി എന്നിവയുമായി ചേര്‍ന്ന് സൗജന്യ സ്‌ട്രോക്ക്മാനേജ്‌മെന്റ് ബോധവത്കരണപരിപാടി തുടങ്ങുക എന്നിവയാണ് സാമൂഹികപദ്ധതികള്‍.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)