എറണാകുളം ജില്ലയുടെ കടലോരപ്രദേശമായ ചെറായി, മുനമ്പം തീരങ്ങളിലെ മണല്‍പ്പരപ്പില്‍ കാറ്റുകൊണ്ടിരിക്കാനും സായാഹ്നങ്ങളെ ആഹ്ലാദകരമാക്കാനും കേരളത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ആളുകളെത്താറുണ്ട്. നിറഞ്ഞ സന്തോഷത്തോടെയാകും അവരുടെ മടക്കവും. പക്ഷേ, മാസങ്ങളായി പാവപ്പെട്ട മത്സ്യത്തൊഴിലാളികളുള്‍പ്പെടെ ഇവിടെ താമസിക്കുന്ന സാധാരണക്കാരെ തേടിയെത്തുന്നത് ആശങ്കയുടെ തിരകളാണ്, ആകുലതകളുടെ ചുടുകാറ്റാണ്, സങ്കടങ്ങളുടെ കാര്‍മേഘങ്ങളാണ്.
തങ്ങളുടെ കാരണവന്മാരും തങ്ങള്‍തന്നെയും കടലില്‍ കഠിനാധ്വാനം ചെയ്തു കിട്ടിയ തുച്ഛമായ തുക സ്വരുക്കൂട്ടി വച്ച്, വിലകൊടുത്തു വാങ്ങിയ
ഭൂമിക്ക്, വഖഫ്‌നിയമങ്ങളുടെ മറവില്‍ പുതിയ അവകാശവാദങ്ങള്‍ ഉയരുന്നതാണ് ചെറായി, മുനമ്പം പ്രദേശങ്ങളെ സങ്കടക്കടലോരങ്ങളാക്കുന്നത്...!
എന്താണു മുനമ്പത്തെപ്രശ്‌നം?
മുനമ്പം തീരദേശത്തെ അറുന്നൂറോളം കുടുംബങ്ങളാണ് വഖഫ് അവകാശവാദത്തിന്റെ പേരിലുള്ള നിയമപരമായും സാമൂഹികവുമായുമുള്ള പ്രതിസന്ധികളുടെ കുരുക്കിലകപ്പെട്ടിരിക്കുന്നത്. ഈ ഭൂമി വഖഫാണെന്ന് ഒരു വിഭാഗം അവകാശപ്പെടുകയും അതു സംബന്ധിച്ചു വഖഫ് ആക്ടുപ്രകാരമുള്ള നടപടി
ക്രമങ്ങളിലേക്കു കടക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ, വഖഫ് അവകാശത്തര്‍ക്കത്തില്‍ തീരുമാനമാകാതെ ഈ ഭൂമി അതിന്റെ അവകാശികള്‍ക്കു പൂര്‍ണാധികാരങ്ങളോടെ ഉപയോഗിക്കാനാവില്ലെന്നര്‍ഥം.
വില കൊടുത്തു വാങ്ങിയ സ്വന്തം ഭൂമിയാണെങ്കിലും, ആധാരങ്ങളിലും മറ്റും തങ്ങളുടെ പേരുകളുണ്ടെങ്കിലും, ഇവര്‍ക്ക് ഈ ഭൂമി വില്‍ക്കാനോ മക്കള്‍ക്കു കൈമാറാനോ ഈടുവച്ചു ബാങ്കുകളില്‍നിന്നു വായ്പയെടുക്കാനോ സാധിക്കാത്ത ഗുരുതരമായ സ്ഥിതി. രേഖകളില്‍ ഭൂവുടമകളെങ്കിലും ഫലത്തില്‍ അങ്ങനെയല്ലെന്നു പറയാതെ പറയേണ്ടിവരുന്നൊരു വല്ലാത്ത പ്രതിസന്ധി.
ഭൂമിയുടെ അവകാശികള്‍
പള്ളിപ്പുറം പഞ്ചായത്തിലെ മുനമ്പം, ചെറായി, പള്ളിപ്പുറം പ്രദേശങ്ങളില്‍ താമസിക്കുന്ന അറുന്നൂറോളം കുടുംബങ്ങളാണ് വഖഫ് ബോര്‍ഡിന്റെ ഭൂമി അവകാശത്തര്‍ക്കത്തില്‍ പ്രതിസന്ധിയിലായത്. തങ്ങള്‍ നേരിട്ടും പൂര്‍വികരായും വില നല്‍കി വാങ്ങിയ ഭൂമിയുടെ പേരിലാണ് വഖഫ് ബോര്‍ഡ് 2022 മുതല്‍ അവകാശവാദം ഉന്നയിക്കുന്നത്. പതിറ്റാണ്ടുകളായി ഇവിടുത്തുകാര്‍ താമസിക്കുന്ന ഭൂമിയുടെ പേരില്‍ വഖഫ് അവകാശവാദം ഉയര്‍ന്നുതുടങ്ങി
യിട്ട് അഞ്ചു വര്‍ഷത്തിലധികമായിട്ടില്ല. വഖഫ്‌നിയമങ്ങളും പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ഭേദഗതിബില്ലും സജീവചര്‍ച്ചയായതോടെയാണു മുന
മ്പത്തെ ഭൂമിവിഷയവും ഇവിടുത്തെ ജനതയുടെമേല്‍ വീണ്ടും ഇരുള്‍പരത്തുന്നത്.
പഠനം മുടക്കിയ ഭൂമിതര്‍ക്കം
തീരജീവിതത്തിന്റെ ആകുലതകളില്‍നിന്നു മാതാപിതാക്കള്‍ക്കും തനിക്കും സന്തോഷകരമായ പുതുജീവിതം ഉണ്ടാകണമെന്ന ആഗ്രഹത്തിലാണ് യേശുദാസ് എന്ന മിടുക്കന്‍ വിദേശപഠനത്തിനായി ഒരുങ്ങിയത്. എന്‍ജിനീയറിങ് കോഴ്സ് പൂര്‍ത്തിയാക്കിയയുടന്‍, ഉപരിപഠനത്തിനു വായ്പ തേടി ബാങ്കിനെ സമീപിച്ചു. വീടും സ്ഥലവും ഈടുനല്‍കിയാണു വിദ്യാഭ്യാസവായ്പയ്ക്കപേക്ഷിച്ചത്. വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചിട്ടുള്ള ഭൂമി ഈടുവച്ചു വായ്പ നല്‍കാനാവില്ലെന്ന നിലപാടിലാണ് യേശുദാസിന്റെ വിദേശപഠനസ്വപ്നം നിലച്ചത്.
യേശുദാസിനെപ്പോലെ പഠനവും ജീവിതവുമൊക്കെ വഴിമുട്ടിയവര്‍ ഒന്നല്ല, അനേകരുï് മുനമ്പം, ചെറായി തീരങ്ങളില്‍. വിവാഹം, പഠനം, വീടുനിര്‍മാണംപോലുള്ള ആവശ്യങ്ങള്‍ക്ക് ഇവര്‍ക്കു ബാങ്കുവായ്പകളെ ആശ്രയിക്കാതെ മാര്‍ഗമില്ല. വഖഫ്‌വിഷയം നിലനില്‍ക്കുന്നതിനാല്‍ അതിനാവുന്നില്ല.
ലൈഫ്പദ്ധതിയില്‍ വീട് അനുവദിച്ചുകിട്ടിയവര്‍ക്കുപോലും വഖഫ് അവകാശത്തര്‍ക്കത്തിന്റെപേരില്‍ സര്‍ക്കാര്‍ പണം നല്‍കിയിട്ടില്ല.
ചരിത്രവും വര്‍ത്തമാനവും
1902 ല്‍ ഗുജറാത്തില്‍നിന്നെത്തിയ അബ്ദുള്‍ സത്താര്‍ മൂസ ഹാജി സേഠിന്റെയും പിന്നീട് അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചാവകാശിയായ മുഹമ്മദ് സിദ്ദിഖ് സേഠിന്റെയും പേരിലായിരുന്ന മുനമ്പത്തെ 404 ഏക്കര്‍ ഭൂമി, പില്‍ക്കാലത്തു കോഴിക്കോടുള്ള ഫാറൂഖ് കോളജ് അധികൃതരിലേക്കെത്തി.
കോളജ് മാനേജ്‌മെന്റില്‍നിന്ന് അവര്‍ ആവശ്യപ്പെട്ട വില കൊടുത്താണ് പ്രദേശവാസികള്‍ ഭൂമി വാങ്ങിയത്. ഇങ്ങനെ വാങ്ങിയ ഭൂമിക്കാണ് വഖഫ് അവകാശവാദം ഉന്നയിക്കുന്നത്.
1987 ല്‍ അന്നു പ്രദേശത്തെ കുടികിടപ്പുകാരായിരുന്ന ആളുകള്‍ പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന ഭൂമി, കോളജ് മാനേജ്മെന്റിനു കൂടിയ വില നല്‍കി വാങ്ങി. സെന്റിന് 250 രൂപ പ്രകാരമായിരുന്നു ഭൂമി കൈമാറിയത്. അന്നു സമീപപ്രദേശങ്ങളില്‍ സെന്റിനു നൂറു രൂപയോ അതില്‍ താഴെയോ വിലയുണ്ടായിരുന്ന ഘട്ടത്തിലാണ് അധികവില നല്‍കി തങ്ങള്‍ ഭൂമി വാങ്ങിയതെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
തങ്ങളുടെ ഉപജീവനമാര്‍ഗമായ മത്സ്യബന്ധനത്തില്‍ നിലനില്‍ക്കാനും ജീവിച്ച മണ്ണ് നിലനിര്‍ത്താനുമായാണ് അധികവില നല്‍കി അവര്‍ ഭൂമി സ്വന്തമാക്കിയത്. ഇത്തരത്തില്‍ വാങ്ങിയ ഇരുന്നൂറ്റെണ്‍പതോളം ആധാരങ്ങളില്‍ ഫാറൂഖ് കോളജിന്റെ മാനേജിങ് കൗണ്‍സില്‍ സെക്രട്ടറി ഹസന്‍കുട്ടി ഒപ്പിട്ടതാണ്. 1989-1993 കാലഘട്ടത്തിലാണ് ഈ ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്. ഇങ്ങനെ വില നല്‍കി വാങ്ങിയ ഭൂമിയിലാണ് ഇപ്പോള്‍ വഖഫ് ബോര്‍ഡ് അവകാശം ഉന്നയിക്കുന്നത്.
2022 ജനുവരിയില്‍ ഭൂമിയുടെ നികുതിയടയ്ക്കാന്‍ പ്രദേശവാസിയായ ഒരാള്‍ വില്ലേജ് ഓഫീസിലെത്തിയതോടെയാണ് വഖഫ് അവകാശത്തെക്കുറിച്ച് ജനങ്ങള്‍ ആദ്യമറിയുന്നത്. നികുതി വാങ്ങാന്‍ വില്ലേജ് അധികൃതര്‍ അന്നു തയ്യാറായില്ല. ഇയാളുടെ പേരിലുള്ള ഭൂമി വഖഫ്ഭൂമിയാണെന്നു തഹസീല്‍ദാരില്‍നിന്നുള്ള ഉത്തരവുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നികുതിയടയ്ക്കുന്നത് അനുവദിക്കാതിരുന്നത്. പിന്നീട് സര്‍ക്കാര്‍തലത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഭൂനികുതി ഈടാക്കാന്‍ അനുവദിച്ചെങ്കിലും സ്ഥലത്തിന്റെ കൈമാറ്റത്തിനോ ഈടുവച്ചു വായ്പയെടുക്കുന്നതിനോ വഴിയൊരുങ്ങിയിട്ടില്ല.
പ്രതിരോധിച്ച് തീരം
തങ്ങളുടെ സ്വന്തം ഭൂമിയിലുള്ള റവന്യൂ അവകാശം തങ്ങള്‍ക്കുതന്നെ കിട്ടണമെന്ന തികച്ചും ന്യായമായ ആവശ്യമാണ് ചെറായി-മുനമ്പം തീരജനത മുന്നോട്ടുവയ്ക്കുന്നത്. തങ്ങളുടെ കിടപ്പാടത്തില്‍ കണ്ണുവച്ചുള്ള ഏത് അവകാശവാദങ്ങളെയും കടന്നുകയറ്റങ്ങളെയും ശക്തമായി പ്രതിരോധിക്കാനുറച്ചാണ് അവര്‍ മുന്നോട്ടുപോകുന്നതും. കോട്ടപ്പുറം രൂപതയും മുനമ്പം ഭൂസംരക്ഷണസമിതിയും വിഷയത്തില്‍ പ്രദേശവാസികളുടെ ആവശ്യങ്ങള്‍ക്കായി ശക്തമായി പോരാട്ടത്തിലുണ്ട്. കൊച്ചിയില്‍ ലത്തീന്‍ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ബഹുജനശ്രദ്ധക്ഷണിക്കല്‍ സംഗമത്തില്‍ ആയിരങ്ങളാണ് അണിചേര്‍ന്നത്.
ഇതു മനുഷ്യാവകാശപ്രശ്‌നം
മുനമ്പത്തെ വഖഫ് അവകാശവാദത്തിന്റെ പേരിലുയര്‍ന്ന വിഷയം പ്രധാനമായും ഇവിടുത്തെ സാധാരണക്കാരായ ഒരു ജനതയുടെ മനുഷ്യാവകാശത്തിന്മേലുയര്‍ന്നിട്ടുള്ള പ്രതിസന്ധിയാണ്. നിയമപരമായും രാഷ്ട്രീയമായും ഭരണഘടനാപരമായുമെല്ലാം പരിഹാരം കാണേണ്ട ഗൗരവമുള്ള വിഷയമാണിത്. അതിനെ ആ നിലയില്‍ കാണുകയാണ് പക്വമായ നിലപാട്.
അതേസമയം, മുനമ്പം ഭൂമിയവകാശചര്‍ച്ചകള്‍ക്കു ചില കേന്ദ്രങ്ങള്‍ സമുദായസ്പര്‍ധയുടെ വിഷവിതരണത്തിനുള്ള അവസരമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. സ്പര്‍ധയല്ല, പരിഹാരമാണു വേണ്ടത്.
പിറന്ന മണ്ണില്‍, വളര്‍ന്ന മണ്ണില്‍ മനുഷ്യാവകാശങ്ങളും റവന്യൂ അവകാശങ്ങളും നിലനിര്‍ത്തി അഭിമാനത്തോടെ മുനമ്പം ജനതയ്ക്ക് ഇനിയും ജീവിക്കാനാവണം... മുനമ്പത്തിന്റെ പേരിലുയരുന്ന കണ്ണീരിന്റെയും പോരാട്ടങ്ങളുടെയും മുന്നേറ്റങ്ങളുടെയും ലളിതവും ന്യായവുമായ ഭാഷ അതാകട്ടെ.