കേന്ദ്രസര്‍ക്കാരിന്റെ വഖഫ് നിയമഭേദഗതിബില്‍ പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിക്കു (ജെപിസി) മുമ്പിലെത്തിയതു നൂറോ ആയിരമോ പതിനായിരമോ ലക്ഷമോ പരാതികളും പ്രതികരണങ്ങളുമല്ല. ഇമെയിലില്‍ മാത്രം 1.2 കോടി പ്രതികരണങ്ങളാണ് ഇെതഴുതുന്നതുവരെ ലഭിച്ചത്. ബിജെപി നേതാവ് ജഗദംബിക പാല്‍ അധ്യക്ഷനായ വഖഫ് ഭേദഗതി ബില്ലിന്മേലുള്ള പാര്‍ലമെന്ററി സമിതിക്കുമുമ്പില്‍ അതതു വീക്ഷണങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള രേഖകളുമായി 75,000 പ്രതികരണങ്ങളും ലഭിച്ചതായി പാര്‍ലമെന്ററി വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രതികരണങ്ങള്‍ തരംതിരിക്കാനും പരിശോധിച്ചു രേഖപ്പെടുത്താനുമായി ലോക്‌സഭാ സെക്രട്ടേറിയറ്റില്‍നിന്ന് പതിനഞ്ച് അധികജീവനക്കാരെ നിയമിച്ചിട്ടുണ്ട്.
വഖഫ് ഭേദഗതിബില്ലിനെ എതിര്‍ക്കണമെന്ന് കേരളത്തില്‍നിന്നടക്കം മുസ്‌ലിം നേതാക്കളും സംഘടനകളും ഗ്രൂപ്പുകളും മുസ്‌ലിങ്ങളോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണു കരടുനിയമം പരിശോധിക്കുന്ന ജെപിസിക്ക് 120 ലക്ഷം പ്രതികരണങ്ങള്‍ ഇമെയിലില്‍ എത്തിയത്. തീവ്ര ഇസ്ലാമികപ്രഭാഷകന്‍ സാക്കിര്‍ നായിക് വഖഫ് ഭേദഗതി ബില്ലിനെതിരേ പ്രതികരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്‌ലാമികഗ്രൂപ്പുകളുടെ നീക്കത്തിനെതിരേ നിരവധി ഹിന്ദുഗ്രൂപ്പുകളും ബില്ലിനെ പിന്തുണച്ചു കമ്മിറ്റിക്ക് ഇമെയിലുകള്‍ അയയ്ക്കാന്‍ പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചിരുന്നു.
ജെപിസിക്കു പിടിപ്പതു പണി
വഖഫ് നിയമഭേദേഗതിയെക്കുറിച്ച് അഭിപ്രായം തേടുന്നതിനായി ജഗദംബിക പാല്‍ എംപിയുടെ നേതൃത്വത്തിലുള്ള സംയുക്ത പാര്‍ലമെന്ററിസമിതി സെപ്റ്റം
ബര്‍ 26 ന് രാജ്യത്താകെ പര്യടനം ആരംഭിക്കുകയാണ്. മുംബൈ, അഹമ്മദാബാദ്,ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നീ നഗരങ്ങളിലാണ് പാര്‍ലമെന്ററിസമിതി നേരിട്ടു ഹിയറിങ് നടത്തുന്നത്. നിയമവിദഗ്ധര്‍, വഖഫ് ബോര്‍ഡ് അംഗങ്ങള്‍, സമുദായപ്രതിനിധികള്‍ തുടങ്ങിയവരില്‍നിന്നു സമിതി അഭിപ്രായം തേടും.
മഹാരാഷ്ട്ര, ഗുജറാത്ത്, തെലുങ്കാന, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥ
രുമായും പാര്‍ലമെന്ററിസമിതി ചര്‍ച്ചകള്‍ നടത്തും. ഭേഗതിബില്ലിനെക്കുറിച്ചുരേഖാമൂലം നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഇമെയിലില്‍ അറിയിക്കാന്‍
പൊതുജനങ്ങള്‍, എന്‍ജിഒകള്‍, വിദഗ്ധര്‍, പങ്കാളികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവരോട് കഴിഞ്ഞ ഓഗസ്റ്റില്‍ സമിതി അഭ്യര്‍ഥിച്ചപ്പോഴാണ് 120 ലക്ഷം പേര്‍ ഇമെയിലുകള്‍ അയച്ചത്.
വഖഫ് ഭേദഗതിബില്ലിനെ എതിര്‍ത്തും അനുകൂലിച്ചും രാജ്യമെങ്ങും വിവാദം കത്തിപ്പടരുന്നതിന്റെ സൂചനയായി 1.2കോടി ഇ മെയിലുകള്‍. ജോയിന്റ് സെക്ര
ട്ടറി, ലോക്‌സഭാ സെക്രട്ടേറിയറ്റ്, റൂം നമ്പര്‍ 440, പാര്‍ലമെന്റ് ഹൗസ് അനക്‌സ് ന്യൂഡല്‍ഹി - 110 001 എന്ന വിലാസത്തിലോ ഷുരംമൂളഹ@ൈമെിമെറ.ിശര.ശി എന്ന ഇ-മെയില്‍ വിലാസത്തിലോ തങ്ങളുടെ അഭിപ്രായങ്ങള്‍ അയയ്ക്കണമെന്ന പാര്‍ലമെന്ററിസമിതിയുടെ പ്രസ്താവനയെത്തുടര്‍ന്നാണ് സന്ദേശങ്ങളുടെ കുത്തൊ
ഴുക്കു തുടരുന്നത്.
അനുകൂലിച്ചും പ്രതികൂലിച്ചും
വഖഫ്‌നിയമത്തിന്റെ പേരില്‍ രാജ്യത്തൊട്ടാകെ ഉണ്ടായിട്ടുള്ള കൈയേറ്റങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മെച്ചപ്പെട്ട നിയമനടപടികള്‍, വഖഫ് മാനേജുമെന്റിന്റെ വികേന്ദ്രീകരണം,
രേഖകളുടെ ഡിജിറ്റലൈസേഷന്‍, കൂടുതല്‍ കര്‍ശനമായ ഓഡിറ്റിങ് പ്രക്രിയകള്‍ തുടങ്ങിയവ ഉള്‍പ്പെടെ വഖഫ് ഭേദഗതിബില്ലിന്റെ പ്രധാനവശങ്ങള്‍ പരിശോധിക്കുകയാണു പാര്‍ലമെന്ററിസമിതിയുടെ ചുമതല.
വഖഫ്‌നിയമം പരിഷ്‌കരിക്കണമെന്ന കാര്യത്തില്‍ ബിജെപിയിതര പാര്‍ട്ടികളില്‍പോലും കാര്യമായ അഭിപ്രായവ്യത്യാസമില്ല. പക്ഷേ, വോട്ടുബാങ്കു
രാഷ്ട്രീയവും മുസ്‌ലിം സമുദായനേതാക്കളുടെ സമ്മര്‍ദവുംമൂലം നിയമഭേദഗതിയെ പരസ്യമായി അനുകൂലിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പല മുഖ്യധാരാപാര്‍ട്ടികളും തയ്യാറല്ല. നിയമഭേദഗതിക്കെതിരേ പ്രതിപക്ഷ ഇന്ത്യാസഖ്യത്തിലെ മിക്ക പാര്‍ട്ടികളും നിലപാടു സ്വീകരിച്ചതിനു പിന്നിലെരാഷ്ട്രീയവും വ്യക്തം.
സെപ്റ്റംബര്‍ 19 വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ജെപിസി യോഗത്തില്‍ ചൂടേറിയ വാഗ്വാദങ്ങളാണു നടന്നത്. ഭരണകക്ഷിയംഗങ്ങള്‍ നിയമഭേദഗതിയെ അനുകൂലിച്ചും പ്രതിപക്ഷ എംപിമാരില്‍ കൂടുതല്‍പേരും ശക്തമായി എതിര്‍ത്തുമായിരുന്നു തര്‍ക്കം. മുസ്‌ലിം വ്യക്തിനിയമബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വഖഫ് ഭേദഗതിക്കെതിരേ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പസമാനന്ദ സമാജ് പോലുള്ള ഹിന്ദുസംഘടനകളാകട്ടെ, പുതിയ ബില്ലിനെ അനുകൂ
ലിച്ചു പ്രചാരണം നടത്തുന്നു.
1995 ലെ വഖഫ്‌നിയമം ഭേദഗതി ചെയ്യുന്ന വഖഫ് ഭേദഗതിബില്‍ - 2024 കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. 'യുണൈറ്റഡ് വഖഫ് മാനേജ്‌മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി ആന്‍ഡ് ഡെവലപ്‌മെന്റ് ആക്റ്റ്, 1995' എന്നാണ് വഖഫ് ഭേദഗതി ബില്ലിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പേര്. മുസ്‌ലിം നിയമപ്രകാരം ഭക്തിപരമോ മതപരമോ ജീവകാരുണ്യമോ ആയ ആവശ്യങ്ങള്‍ക്കായി സ്ഥാവരജംഗമസ്വത്തുക്കളുടെ ദാനമായാണു വഖഫിനെ നിയമം നിര്‍വചിക്കുന്നത്. കേരളത്തിലടക്കം എല്ലാ സംസ്ഥാനങ്ങളിലും വഖഫ് ബോര്‍ഡുകളുണ്ട്. കേരള വഖഫ് ബോര്‍ഡില്‍ അഡ്വ. എം. കെ. സക്കീര്‍ ചെയര്‍മാനും വി. എസ്. സക്കീര്‍ ഹുസൈന്‍ സിഇഒയുമാണ്.
സര്‍ക്കാര്‍ഭൂമി സര്‍ക്കാരിനുള്ളത്
സര്‍ക്കാരിന്റെ ഏതെങ്കിലും സ്വത്ത് വഖഫിന്റേതായി വകയിരുത്തിയിട്ടുണ്ടെങ്കില്‍ അതു മേലില്‍ സര്‍ക്കാരിന്റേതുതന്നെയാകുമെന്നതാണു ഭേദഗതിബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. തര്‍ക്കമുണ്ടായാല്‍ ജില്ലാകളക്ടര്‍ ഉടമസ്ഥാവകാശം നിര്‍ണയിക്കുകയും സംസ്ഥാനസര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും. വഖഫ് കൈവശപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും വസ്തുക്കള്‍ സര്‍ക്കാര്‍വസ്തുവായി കണക്കാക്കിയാല്‍ റവന്യൂരേഖകള്‍ പുതുക്കും. ഏതെങ്കിലും പ്രദേശത്തെ സ്വത്ത് വഖഫ് ആണോ എന്നു നിര്‍ണയിക്കാനുള്ള അധികാരം നിലവില്‍ വഖഫ് ബോര്‍ഡിനാണ്. പുതിയ ബില്ലില്‍ ഈ വിവാദവ്യവസ്ഥ എടുത്തുകളയുന്നു.
വഖഫ് നിയമിക്കുന്ന കമ്മീഷണര്‍ സര്‍വേ നടത്തുന്നതിന് അധികാരം നല്‍കുന്നതിലും മാറ്റം വരും. പുതിയ ഭേദഗതി പാസായാല്‍ ജില്ലാകളക്ടര്‍മാര്‍ക്കാണ് സര്‍വേ നടത്താന്‍ അധികാരം. ബാക്കിയുള്ള സര്‍വേകള്‍ അതതു സംസ്ഥാനത്തെ റവന്യൂനിയമങ്ങള്‍ക്കനുസൃതമായി നടത്തണം. വഖഫ് ബോര്‍ഡില്‍ എല്ലാവരും മുസ്ലിങ്ങള്‍ ആയിരിക്കണമെന്ന വ്യവസ്ഥയ്ക്കുപകരം രണ്ടംഗങ്ങള്‍ അമുസ്‌ലിങ്ങള്‍ ആയിരിക്കണമെന്നു പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നു. വഖഫ് ട്രൈബ്യൂണലുകളുടെ ഘടനയിലും ഭേദഗതിബില്ലില്‍ മാറ്റമുണ്ട്.
രജിസ്ട്രേഷന്‍, വഖഫ് അക്കൗണ്ടുകളുടെയും നടപടികളുടെയും പ്രസിദ്ധീകരണം എന്നിവയ്ക്കു നിയമങ്ങള്‍ ഉണ്ടാക്കാന്‍ ബില്‍ കേന്ദ്രസര്‍ക്കാരിനെ അധികാരപ്പെടുത്തുന്നു. ഈ നിയമപ്രകാരം, വഖഫുകളുടെ കണക്കുകള്‍ ഏതു ഘട്ടത്തിലും സംസ്ഥാന സര്‍ക്കാരിന് ഓഡിറ്റ് ചെയ്യാം. സിഎജിയ്‌ക്കോ നിയുക്ത ഉദ്യോഗസ്ഥനോ ഇവ ഓഡിറ്റു ചെയ്യാനാകും. ഏതെങ്കിലും സംസ്ഥാനത്ത് വഖഫ് സ്വത്തുക്കളുടെയോ വരുമാനത്തിന്റെയോ പതിനഞ്ചു ശതമാനം ഷിയ വിഭാഗത്തിന്റേതാണെങ്കില്‍ സുന്നി, ഷിയ വിഭാഗങ്ങള്‍ക്കു പ്രത്യേക വഖഫ് ബോര്‍ഡുകള്‍ സ്ഥാപിക്കാം. അഘഖാനി, ബൊഹ്‌റ വിഭാഗങ്ങള്‍ക്കും പ്രത്യേക വഖഫ് ബോര്‍ഡുകളും ബില്‍ അനുവദിക്കുന്നു.
പ്രധാനം രാജ്യനന്മ, പൊതുനന്മ രാജ്യത്തെ നിയമസംവിധാനത്തിനു ബദലായി മുസ്ലിങ്ങള്‍ക്കായിമാത്രം വഖഫ് ബോര്‍ഡ് എന്ന വേറൊരു നിയമസംവിധാനം നിലനില്‍ക്കുന്നതു ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയുടെ അടിസ്ഥാനതത്ത്വങ്ങള്‍ക്കുപോലും ചേരാത്തതാണെന്ന് ബിജെപി പറയുന്നു. രാജ്യത്തെ കോടതികളില്‍ ചോദ്യം ചെയ്യപ്പെടാനാകാത്തതാണ് വഖഫ് ബോര്‍ഡ് സംവിധാനം. മുസ്ലിംപ്രീണനത്തിന്റെ പേരിലാണു വഖഫ് ബോര്‍ഡ് സംവിധാനം ഇത്രകാലവും നിലനിന്നതെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം തീര്‍ത്തും തെറ്റാകില്ല. ക്രൈസ്തവമാനേജുമെന്റിനു കീഴിലുള്ള മൂവാറ്റുപുഴ നിര്‍മലകോളജിലും പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് സ്‌കൂളിലും വഖഫ് സ്വത്തെന്നപോലെ ബലമായി നിസ്‌കാരം നടത്താന്‍ ശ്രമിച്ച സംഭവങ്ങള്‍ ന്യായമായ വഖഫ് നിയമഭേദഗതികളുടെ അനിവാര്യതയിലേക്കാണു വഴിതെളിക്കുന്നത്.
മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ പൊതുസ്വത്ത് ഏതെങ്കിലും വിഭാഗം കൈവശപ്പെടുത്തുന്നതിനെ ഭരണഘടനയിലും നിയമവ്യവസ്ഥയിലും വിശ്വാസമുള്ളവര്‍ക്ക് അനുകൂലിക്കാനാകില്ല. ഏതെങ്കിലും ഒരു സമുദായത്തിനുമാത്രമായി പ്രത്യേക നിയമങ്ങളും ആനുകൂല്യങ്ങളും നല്‍കുന്നതു വിഭാഗീയതയും വര്‍ഗീയതയും വളര്‍ത്താനേ ഉപകരിക്കൂ. രാജ്യനന്മയ്ക്കും പൊതുനന്മയ്ക്കും സഹായിക്കുമെങ്കില്‍ പഴയ വഖഫ് നിയമത്തിലെ ചില ഏകപക്ഷീയവ്യവസ്ഥകളിലെ മാറ്റത്തിന് മുസ്‌ലിങ്ങള്‍തന്നെ മുന്‍കൈയെടുക്കട്ടെ.