•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കഥ

പ്രഹരവഴികള്‍

  • ജോര്‍ജ് നെയ്യശ്ശേരി
  • 26 September , 2024

റോയിയുടെ ഭാര്യാസഹോദരന്‍ ജോര്‍ജാണ് ആ വീടെടുത്തു റോയിക്കു നല്‍കിയത്. വാടകവീടു നോക്കാനായി അളിയന്‍ വിളിച്ചെങ്കിലും റോയി കാണാനൊന്നും പോയില്ല.
     റിട്ടയര്‍ ചെയ്യാന്‍ ഇനി രണ്ടു വര്‍ഷത്തില്‍താഴെയേ ഉള്ളൂ. അതുവരേക്കും എങ്ങനെയുള്ള വീടായാലെന്താ! ''അളിയനിഷ്ടപ്പെട്ടെങ്കീ കരാറാക്കിക്കോ'' ഇറിഗേഷന്‍ വകുപ്പുദ്യോഗസ്ഥനായ റോയി പറഞ്ഞു.
      വാടകവീടാണെങ്കിലും വസിക്കുന്ന വീടിനു കുറ്റങ്ങളും കുറവുകളും കണ്ടെത്തുന്നതില്‍ മിടുക്കിയാണ് റോയിയുടെ ഭാര്യ ലിസി. പെരുമാറാന്‍ എളുപ്പമുള്ള വീടുകളും ബുദ്ധിമുട്ടുള്ള വീടുകളും  ഉണ്ടെന്ന കാര്യം ആണുങ്ങള്‍ക്കറിയില്ലെന്നാണ് ലിസി പറയാറ്. അതുകൊണ്ട് മുമ്പ് എടുത്ത വാടകവീടുകളെല്ലാം ലിസികൂടി പോയി കണ്ടു തൃപ്തിപ്പെട്ടിട്ടാണ് എടുത്തത്. ഇതു ലിസിയുടെ സഹോദരന്‍ ജോര്‍ജ് അറിയുന്ന വീടും പരിസരവും ആയതുകൊണ്ടാണ് ലിസി കാണാതെതന്നെ സമ്മതമറിയിച്ചത്.
   കിമ്പളം വാങ്ങിക്കാത്തവനും കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്നവനുമായ തന്നെ സഹപ്രവര്‍ത്തകര്‍ പാരവച്ചാണ് ട്രാന്‍സ്ഫര്‍ ചെയ്യിക്കുന്നതെന്നു റോയി ഭാര്യയോടു പറയും.
സത്യത്തില്‍ ഈ പത്താമത്തെ ട്രാന്‍സ്ഫറും പണിഷ്‌മെന്റ്ട്രാന്‍സ്ഫറാണ്. ഉടായിപ്പിന്റെ ഉസ്താദാണ് അങ്ങേരെന്നു സഹപ്രവര്‍ത്തകര്‍ രഹസ്യമായി പറയും.
മക്കള്‍ രണ്ടും വിദേശത്തായതുകൊണ്ട് റോയിയും ലിസിയും റോയിയുടെ അമ്മ കാതറൈനും മാത്രമാണു വാടകവീട്ടിലേക്കു വന്നത്.
നാലു ചുറ്റും വലിയ വീടുകള്‍ക്കു നടുവിലൊരു കൊച്ചുവീടാണ് തങ്ങളുടേത് എന്നതു റോയിയെ അതൃപ്തനാക്കിയെങ്കിലും അളിയനോടു മറുത്തൊന്നും പറഞ്ഞില്ല. ഇനി അതിന്റെ പേരിലൊരു കശപിശ വേണ്ട.
രണ്ടു സൈഡ്‌റൂമും കിച്ചണും ഡൈനിങ് റൂമും ഡ്രോയിങ് റൂമുമുള്ള വീടു ലിസിക്കു നന്നേ പിടിച്ചു. അവള്‍ തൃപ്തിയറിയിച്ച് സഹോദരനെ നോക്കി പുഞ്ചിരിച്ചു. ''വലിയ വീടായാല്‍ എനിക്കു പണികൂടും. തൂത്തും തുടച്ചും എന്റെ സമയം തീരും.''
''ഇനി ഇവിടെനിന്നു മോളിലോട്ടു പോയാല്‍ മതി. സ്വന്തായിട്ട് വല്യ ബംഗ്ലാവുണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം. കിടക്കാന്‍ യോഗം വേണം. ഇതെത്ര വാടകവീടായി. ഞാന്‍ മടുത്തു.''
കാതറൈന്‍ ആരോടെന്നില്ലാതെ പിറുപിറുത്തു.
മുമ്പൊക്കെ താമസത്തിനു ചെല്ലുന്ന വീടുകളിലെ അയല്‍ക്കാര്‍ ക്ഷേമാന്വേഷണവുമായി വരാറുണ്ടായിരുന്നു. ഇവിടെ ആരെയും കണ്ടില്ല. എല്ലാ വീടുകളുടെയും വാതിലുകളും ജനാലകളും അടഞ്ഞുകിടക്കുകയാണ്.
വെയിലാറിയപ്പോള്‍ ലിസി മുറ്റത്തേക്കിറങ്ങി. ''അത്യാവശ്യം അയല്‍ക്കാരെ പരിചയപ്പെടാം.'' കൂടെ ചെല്ലാനായി ഭര്‍ത്താവിനെ ക്ഷണിച്ചെങ്കിലും അയാള്‍ നിഷേധാര്‍ഥത്തില്‍ ചുമല്‍ കുലുക്കി.
റോയി മൊബൈലില്‍ കുത്തിക്കൊണ്ട് സിറ്റൗട്ടില്‍ ഇരുന്നു. അസ്തമയമായപ്പോള്‍ തൊട്ടടുത്ത ഇരുനിലമാളികയില്‍ നിന്നു ഭാര്യയോടൊപ്പം നിറചിരിയുമായി വരുന്ന മഹിളയെ കണ്ട് റോയിയുടെ കണ്ണുതള്ളി. പിളര്‍ന്ന വായോടെ അയാള്‍ ഒന്നൂടെ നോക്കി.
ഇതു മേഴ്‌സിതന്നെ.
'മേഴ്‌സി നമ്മുടെ അടുത്ത നാട്ടുകാരിയാ. നിങ്ങടെ കോളജിലാ മേഴ്‌സിയും പഠിച്ചത്. കണ്ടിട്ടുണ്ടോ?' എന്ന ഭാര്യയുടെ ചോദ്യത്തിന് അയാള്‍ നിഷേധാര്‍ഥത്തില്‍ തല ചലിപ്പിച്ചു.
ഊറിയ ചിരിയുമായി അകത്തേക്കു പോകുന്ന മേഴ്‌സിയെ നോക്കി അയാള്‍ അമ്പരപ്പോടെ നിന്നു. മനസ്സിന്റെ കണക്കുപുസ്തകം തുറന്ന് പരിശോധിച്ചു. താന്‍ പ്രേമിച്ച നാലാമത്തെ പെണ്ണാണ് മേഴ്‌സി.
കോളജില്‍ പഠിക്കുമ്പോള്‍ അവള്‍ ഇത്രയും സുന്ദരിയായിരുന്നില്ല. അവളുടെ വീടും സാഹചര്യങ്ങളും അറിയാനിടയായപ്പോള്‍ സ്ത്രീധനമായി കാല്‍കാശിനു വകയില്ലെന്നു കണ്ടാണ് അവളെ വേണ്ടെന്നുവച്ചത്.
മേഴ്‌സി തനിയെയാണ് ആ വീട്ടില്‍ താമസമെന്നും ആറുമാസം കഴിഞ്ഞ് അവള്‍ ഭര്‍ത്താവിന്റെയും മക്കളുടെയും അടുത്തേക്കു പോകുമെന്നും കിടക്കാന്‍നേരത്ത് ലിസി അയാളോടു പറഞ്ഞു. അവര്‍ കാനഡയിലാണത്രേ.
റോയിയുടെ മനസ്സില്‍ ആഹ്ലാദം നുരഞ്ഞുപൊന്തി.
അളിയനേതായാലും നല്ല വീടുതന്നെയാണ് കണ്ടെത്തിത്തന്നത്. താങ്ക് യൂ അളിയാ...
ലിസി പെട്ടെന്നു മേഴ്‌സിയുമായി സൗഹൃദത്തിലായി. ലിസിയുടെ പ്രകൃതം അങ്ങനെയാണ്. വിശേഷങ്ങളോടൊപ്പം വിശേഷവിഭവങ്ങളും അവര്‍ കൈമാറിക്കൊണ്ടിരുന്നു.
ചാച്ചന് അസുഖം കൂടുതലാണെന്നറിയിച്ചുകൊണ്ട് വീട്ടില്‍നിന്നു ലിസിക്കു ഫോണ്‍ വരുന്നത് ഒരു മധ്യാഹ്നത്തിലാണ്. അവള്‍ പെട്ടെന്നു യാത്രയ്‌ക്കൊരുങ്ങി.
ലിസി മേഴ്‌സിയോടു വിവരങ്ങള്‍ പറഞ്ഞു.
''രണ്ടു ദിവസത്തേക്കു വേണ്ടുന്ന സാധനങ്ങളൊക്കെ ഫ്രിഡ്ജില്‍ ഇരിപ്പുണ്ട്. അമ്മയ്ക്കും മകനും അതുമതി. പിന്നെ അമ്മയ്ക്കിത്രയും പ്രായമായതല്ലേ, എന്തെങ്കിലും വിഷമം ഉണ്ടാകുന്നുണ്ടോ എന്നു ശ്രദ്ധിച്ചേക്കണേ.''
എല്ലാറ്റിനും മേഴ്‌സി സമ്മതമറിയിച്ചു. ''ഇവിടുത്തെ കാര്യങ്ങളൊന്നും ഒരു കുറവും വരാതെ ഞാന്‍ നോക്കിക്കോളാം.''
ചാച്ചന്റെ അസുഖവിവരം ലിസി റോയിയെ അറിയിച്ചു.
''മേശപ്പുറത്ത് മേഴ്‌സിയുടെ ഫോണ്‍ നമ്പര്‍ എഴുതിവച്ചിട്ടുണ്ട്. അമ്മയ്‌ക്കെന്തെങ്കിലും മേലായ്ക വന്നാല്‍ സഹായത്തിന് മേഴ്‌സി വരും.''
''അയ്യോ, ചാച്ചനു കൂടുതലാണെങ്കീ നീ ഓടിപ്പിടിച്ച് ഇങ്ങോട്ടു വരികയൊന്നും വേണ്ട. അവിടെത്തന്നെ നിന്നോ. അമ്മ മരിച്ചപ്പോ നിന്നെ സമയത്തിനു വിട്ടില്ല എന്നും പറഞ്ഞ് നീ എന്നോട് എത്രപ്രാവശ്യം പരാതി പറഞ്ഞിരിക്കുന്നു. ഇവിടുത്തെ കാര്യങ്ങള്‍ ഞാന്‍ മാനേജു ചെയ്‌തോളാം.'' 
ലിസി ആശ്വാസമുതിര്‍ത്തു.
''മനുഷ്യനു മാറ്റംവരാന്‍ ഒത്തിരി സമയമൊന്നും വേണ്ടാ.''
റോയിയുടെ മുഖത്തൊരു ചിരി വിരിഞ്ഞു. ''ഉച്ചകഴിഞ്ഞു ലീവാക്കി വീട്ടില്‍പ്പോയാലോ?''
പിന്നീട് ഒരുവിധത്തില്‍ ഓഫീസ് ടൈം കഴിയുവോളം പിടിച്ചുനിന്നു.
ചെല്ലുമ്പോഴേക്കും അമ്മയ്‌ക്കെന്തെങ്കിലും മേലായ്ക വരണേ എന്നു തീവ്രമായി അഭിലഷിച്ചുകൊണ്ടാണ് അയാള്‍ ഓഫീസ് വിട്ടത്.
വീട്ടിലെത്തി ഡ്രസ് ചേഞ്ചു ചെയ്യുന്നതിനു മുന്നേ അയാള്‍ അമ്മയുടെ അടുത്തെത്തി.
''അമ്മയ്‌ക്കെന്തെങ്കിലും മേലായ്ക ഉണ്ടോ?'' അയാള്‍ സങ്കോചത്തോടെ തിരക്കി.
''ഇന്നെന്താ ഇത്ര പ്രത്യേകത. അമ്മ ചത്തോന്ന് അറിയാന്‍പോലും മുറിക്കകത്തു കേറാത്തവനാ. അന്വേഷിക്കാന്‍ വന്നിരിക്ക്ണ്.''
അയാള്‍ മറുപടിയൊന്നും പറയാതെ മിടയിറക്കി.
''അടുത്ത വീട്ടിലെ ആ പെങ്കൊച്ച് എനിക്കു ഭക്ഷണോം മരുന്നും തന്നേച്ചാ പോയത്. നല്ല മരുമകളെ കിട്ടാനും യോഗം വേണം. നിനക്കുള്ളത് മേശപ്പുറത്തു വച്ചിട്ടുണ്ട്. പോയി കഴിച്ചോ.''
ഡൈനിങ്‌റൂമിലെ മേശപ്പുറത്തിരിക്കുന്ന മേഴ്‌സിയുടെ ഫോണ്‍ നമ്പര്‍ എഴുതിയ കടലാസ് അയാളെ മാടിവിളിച്ചു.
മേഴ്‌സിയുടെ ഫോണ്‍ നമ്പര്‍ ഒറ്റനോട്ടത്തില്‍ അയാള്‍ മനസ്സില്‍ കുറിച്ചു.
കുളി കഴിഞ്ഞുവന്ന് ചൂടാറാപ്പെട്ടിയിലിരിക്കുന്ന ചപ്പാത്തിയും ബീഫും കഴിക്കുമ്പോള്‍ അയാള്‍ മേഴ്‌സിയുടെ പാചകകലയെ ഓര്‍ത്ത് ആശ്ചര്യപ്പെട്ടു.
വീണ്ടും അയാള്‍ അമ്മയുടെ മുറിയിലെത്തി.
അമ്മ കണ്ണടച്ചുകിടക്കുകയാണ്.
അയാള്‍ മുരടനക്കിയപ്പോള്‍ അമ്മ കണ്ണുകള്‍ തുറന്നു.
''എന്താടാ?''
കാതറൈന്‍ ഈര്‍ഷ്യയോടെ ആരാഞ്ഞു.
''അമ്മയ്‌ക്കെന്തെങ്കിലും വയ്യായ്ക...''
'ഏയ്. ഇവന്‍ എന്നെ ഒറങ്ങാനും സമ്മതിക്കില്ലല്ലോ... പോയിക്കിടന്ന് ഒറങ്ങടാ...''
കാതറൈന്റെ ശാസനയില്‍ അയാള്‍ പെട്ടെന്നു മുറിയില്‍നിന്നു പുറത്തുചാടി.
റോയി സ്വീകരണമുറിയില്‍ വന്നിരുന്ന് മൊബൈലില്‍ കണ്ണുകള്‍ നട്ടു.
ക്ലോക്കില്‍ മണി ഒന്‍പതടിച്ചു.
അമ്മയുടെ കൂര്‍ക്കംവലി കേള്‍ക്കാം.
ഇനി എന്താണൊരു വഴി? മേഴ്‌സിയെ ഇങ്ങോട്ടു വരുത്താന്‍ എന്താണൊരു മാര്‍ഗം?
അവസരങ്ങള്‍ പ്രയോജനപ്പെടുത്താത്തവര്‍ വിഡ്ഢിയാണെന്ന് അയാളുടെ മനസ്സിലിരുന്ന് ഒരുവന്‍ മന്ത്രിച്ചു.
രണ്ടും കല്പിച്ച് അയാള്‍ മേഴ്‌സിക്കു ഫോണ്‍ ചെയ്തു. അയാളുടെ ശബ്ദം പതറി.
''അമ്മയ്‌ക്കെന്തോ മേലായ്കപോലെ. ഒന്നിങ്ങുവരുവോ.''
വിളിക്കായി കാത്തിരുന്നപോലെ മേഴ്‌സി പെട്ടെന്ന് എത്തി.
കൂര്‍ക്കംവലിച്ചുറങ്ങുന്ന കാതറൈനെ കണ്ട് മേഴ്‌സി റോയിയുടെ കണ്ണുകളിലേക്കു നോക്കി. 
''എന്തോ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇപ്പോ ഒറങ്ങിപ്പോയതാ...'' അയാള്‍ വിക്കി.
അവള്‍ അയാളെ നോക്കി പുഞ്ചിരി തൂകി.
റോയി ആശ്വാസമുതിര്‍ത്തു.
മേഴ്‌സി ഡ്രോയിങ്‌റൂമിലേക്കു നടന്നപ്പോള്‍ അയാള്‍ പിന്നാലെയെത്തി.
''സത്യംപറയാമല്ലോ. ഞാന്‍ മേഴ്‌സിയെ കാണാനാ അമ്മയ്ക്കു മേലായ്കയാണെന്നു പറഞ്ഞത്.''
''ഞാനും ഒറ്റയ്‌ക്കൊന്നു കാണാന്‍ കാത്തിരിക്കുകയായിരുന്നു'' മൃദുസ്‌മേരത്തോടെ മേഴ്‌സി റോയിയുടെ അടുത്തേക്കു നീങ്ങി.
അയാള്‍ അവിശ്വസനീയതയോടെയും ആഹ്ലാദത്തോടെയും അവളെ നോക്കി.
''വിധിയാ നമ്മളെ വീണ്ടും കൂട്ടിമുട്ടിച്ചത്''
അയാള്‍ അവളുടെ തോളില്‍ കൈവച്ചു.
മേഴ്‌സി കൈവീശി ആഞ്ഞൊന്നു കൊടുത്തു, അയാളുടെ ചെകിട്ടത്ത്. അപ്രതീക്ഷിതപ്രഹരത്തില്‍ അയാള്‍ വേച്ചുപോയി. റോയിയുടെ കണ്ണുകളില്‍നിന്നു പൊന്നീച്ച പറന്നു!
അവള്‍ മണിച്ചിത്രത്താഴിലെ നാഗവല്ലിയായി.
''വര്‍ഷങ്ങള്‍ക്കുമുമ്പ് നിനക്കു തരാന്‍ കാത്തുവച്ചിരുന്നതാ ഇപ്പോ തന്നത്. തത്കാലം ഇതുമതി. നീ കാരണമാ എനിക്കു നല്ലൊരു ഭര്‍ത്താവിനെ കിട്ടിയത്... നീയെങ്ങാനും  എന്നെ കെട്ടിയിരുന്നെങ്കീ... ഓ എനിക്കതു ചിന്തിക്കാന്‍കൂടി വയ്യ.''
അവള്‍ പടിയിറങ്ങിപ്പോയപ്പോള്‍ അയാള്‍ കവിള്‍ തടവി.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)