•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

ഭിന്നശേഷിക്കാരോട് വിവേചനമരുതേ!

  • ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. കുര്യന്‍ തടത്തില്‍
  • 26 September , 2024

സാംസ്‌കാരികപ്പെരുമയുടെ നിറവില്‍ പതിവുപോലെ ഓണാഘോഷം പൊടിപൊടിച്ചെന്നു വീമ്പു പറയുമ്പോഴും, എന്തോ, ഇത്തവണത്തെ പൊന്നോണത്തിനു നിറം കെട്ടുപോയതുപോലെ തോന്നുന്നു. മറ്റൊന്നുമല്ല, ഓണത്തലേന്ന് സെക്രട്ടേറിയറ്റിനുമുന്നില്‍ നിഷ്‌കളങ്കരും  നിര്‍ദോഷികളുമായ കുറെ മനുഷ്യജന്മങ്ങള്‍ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി സമരം ചെയ്യേണ്ടിവന്നതാണ് സാംസ്‌കാരികകേരളത്തിനു കളങ്കം ചാര്‍ത്തിയത്. അതേ, ബൗദ്ധികവെല്ലുവിളി നേരിടുന്ന, ഭിന്നശേഷിക്കാരെന്നു നാം വിളിക്കുന്ന ഈ കുഞ്ഞുമക്കള്‍ക്ക്  ഇത്തവണ ഓണം ഉത്സവലഹരികളോ നിറക്കൂട്ടുകളോ ഒന്നുമില്ലാതെ വെറുതെയങ്ങു കടന്നുപോയി. അവരെ പോറ്റിവളര്‍ത്തുന്നവര്‍, അവര്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ചവര്‍ തങ്ങളോടൊപ്പമുണ്ട് എന്നതുമാത്രമായിരുന്നു തലസ്ഥാനനഗരിയിലെ പൊള്ളുന്ന വെയിലിലും ആ കുഞ്ഞുങ്ങള്‍ക്ക് സമരാവേശവും ആശ്വാസവും പകര്‍ന്നത്.
    ഭിന്നശേഷിക്കാരായ കുട്ടികളോടും അവരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളോടുമുള്ള സര്‍ക്കാരിന്റെ നിഷേധാത്മകനിലപാടില്‍ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റുപടിക്കല്‍ സംയുക്തസമരസമിതി സമരത്തിനിറങ്ങിയത്. 'ഞങ്ങളും മനുഷ്യരല്ലേ, ഞങ്ങള്‍ക്കും ജീവിക്കേണ്ടേ' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി സമരത്തിലണിനിരന്ന നൂറുകണക്കിനു ഭിന്നശേഷിക്കുഞ്ഞുങ്ങളുടെ ആര്‍ത്തനാദം അധികാരമന്ദിരങ്ങളുടെ അകത്തളങ്ങളെ പ്രകമ്പനംകൊള്ളിക്കുകയോ പ്രകോപിക്കുകയോ ചെയ്തിട്ടുണ്ടാവണം. അധികാരത്തിന്റെ ഉത്തുംഗശൃംഗങ്ങളില്‍ വിരാജിക്കുന്നവര്‍ക്ക് ഇത്തിരികൂടി മനുഷ്യപ്പറ്റുണ്ടാവണമെന്നും പാവപ്പെട്ട കുഞ്ഞുങ്ങളോടു കരുണ കാണിക്കണമെന്നുംമാത്രമാണ് സമരസമിതിയുടെ ആവശ്യം.
     ബൗദ്ധികവെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് ഉചിതമായ സൗജന്യവിദ്യാഭ്യാസം നല്കാന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുന്നുവെന്നതാണ് അവരുടെ പ്രതിഷേധത്തിനു കാരണം. 44 ലക്ഷത്തോളം കുട്ടികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ സൗജന്യവിദ്യാഭ്യാസം നല്കുമ്പോള്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അതു നിഷേധിക്കുന്നതിനെയാണ് സമരസമിതി ചോദ്യം ചെയ്യുന്നത്. 'ഭിന്നശേഷിക്കാരായി ജനിച്ചുപോയതാണോ ഞങ്ങള്‍ ചെയ്ത തെറ്റ്. ഞങ്ങള്‍ മനുഷ്യരാണ്, മറ്റു കുട്ടികളെപ്പോലെ ഞങ്ങള്‍ക്കും പഠിക്കണം. വിദ്യാഭ്യാസം ഞങ്ങളുടെ മൗലികാവകാശമാണ്' എന്നിങ്ങനെയുള്ള ദൃഢനിശ്ചയങ്ങളുമായി ഈ കുഞ്ഞുങ്ങള്‍ കേരളമനഃസാക്ഷിയുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍, അക്ഷരാര്‍ഥത്തില്‍ സര്‍ക്കാരിനും പൊതുസമൂഹത്തിനും ലജ്ജയുണ്ടാവുകതന്നെ വേണം.
    പതിനെട്ടുവയസ്സു പൂര്‍ത്തിയായവര്‍ക്കുള്ള തൊഴില്‍പരിശീലനകേന്ദ്രങ്ങള്‍ക്ക് എല്ലാവര്‍ഷവും ബജറ്റില്‍ തുക നീക്കിവയ്ക്കാറുണ്ടെങ്കിലും ഒന്നും ഒരിക്കലും ലഭിക്കാറില്ല. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഒന്നിലധികം വൈകല്യങ്ങള്‍ തുടങ്ങിയവയുള്ളവര്‍ക്ക് ഒരു ലക്ഷം രൂപവരെ വാര്‍ഷികചികിത്സച്ചെലവു നല്‍കുന്ന പദ്ധതിയാണ് 'നിരാമയ'. കഴിഞ്ഞ വര്‍ഷംമുതല്‍ സര്‍ക്കാര്‍ അതിന്റെ പ്രീമിയം അടയ്ക്കുന്നതു മുടക്കിയതിനെത്തുടര്‍ന്ന് ചികിത്സാസഹായം കിട്ടാതെ വിഷമിക്കുകയാണ് ഭിന്നശേഷിക്കുഞ്ഞുങ്ങള്‍.
    വിദ്യാഭ്യാസ, ആരോഗ്യകാര്യങ്ങളില്‍ പൗരക്ഷേമം ഉറപ്പാക്കാനാകുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒരു സര്‍ക്കാര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത് എന്നതാണ്  പ്രധാനമായി ഉയരുന്ന ചോദ്യം. ഭരണപക്ഷംമാത്രമല്ല, പ്രതിപക്ഷത്തെയോ മറ്റു രാഷ്ട്രീയകക്ഷികളെയോ ആരെയും ഇവിടെ കാണുന്നില്ല എന്നതാണു സങ്കടകരം. മുഖ്യധാരാമാധ്യമങ്ങള്‍ ഈ വിഷയമൊന്നും അഡ്രസ്സു ചെയ്യാനോ ചര്‍ച്ചയ്ക്കു കൊണ്ടുവരാനോ താത്പര്യമെടുക്കാത്തതും ആക്ഷേപകരമാണ്. 
    ഉത്പാദനക്ഷമതയില്ലാത്തവരും വരുമാനമില്ലാത്തവരും എന്ന നിലയിലുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടാണ് ഇവിടെ തുടച്ചുമാറ്റേണ്ടത്. എല്ലാ മനുഷ്യര്‍ക്കും ദൈവത്തിന്റെ ദൃഷ്ടിയില്‍ തുല്യമഹത്ത്വമുണ്ടെന്ന ആത്മീയ-ദാര്‍ശനികബോധത്തിലേക്കുയരാന്‍ ഇനിയും ഏതു തരത്തിലുള്ള വിദ്യാഭ്യാസമാണു നമുക്കു ലഭിക്കേണ്ടത്! തുല്യനീതിയും തുല്യമഹത്ത്വവും എന്നത് ഈ മണ്ണില്‍ പിറന്നുവീഴുന്ന ഓരോ മനുഷ്യന്റെയും അവകാശമാണ്, ഔദാര്യമല്ല. ഭിന്നശേഷിക്കാര്‍ ജനാധിപത്യപ്രക്രിയയില്‍ അധികപ്പറ്റല്ല, ഹതഭാഗ്യരുമല്ല. ചോരയും നീരുമുള്ള നമ്മുടെ കൂടപ്പിറപ്പുകളാണ്, കുടുംബാംഗങ്ങളാണ്. അവരെ ചേര്‍ത്തുപിടിച്ചേ പറ്റൂ. 
ബൗദ്ധികവെല്ലുവിളി നേരിടുന്നവരെ അംഗപരിമിതരോ വികലാംഗരോ എന്നല്ല ഭിന്നശേഷിക്കാര്‍ എന്ന പദം മാത്രമുപയോഗിച്ച് അഭിസംബോധന ചെയ്യണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കിയതു കഴിഞ്ഞ മാസമാണ്. പദംമാറ്റം ശൈലീമാറ്റത്തിനു തുടക്കംകുറിക്കുന്നെങ്കില്‍ അതു നല്ലതാണ്. ഭിന്നശേഷിക്കാര്‍ക്ക് മാനസികമായ ബലം കൊടുക്കുന്നത് പദത്തിന്റെ പേരിലായാല്‍മാത്രം പോരാ, പദവിയുടെ പേരിലുമായിരിക്കണമെന്നു ചുരുക്കം. പദവി സ്ഥാനമാനങ്ങളോ ബഹുമതികളോ അല്ല; മറിച്ച്, മനുഷ്യന്‍ എന്ന പരമോന്നതമായ അംഗീകാരമാണ്. അതവര്‍ക്കു ബോധ്യമാകാത്തതുകൊണ്ടാണല്ലോ  'ഞങ്ങളും മനുഷ്യരല്ലേ' എന്നു സെക്രട്ടേറിയറ്റിനു മുമ്പിലെത്തി സര്‍ക്കാരിനോടും പൊതുസമൂഹത്തോടും അവര്‍ക്കു ചോദിക്കേണ്ടിവന്നത്. 
     കന്യാസ്ത്രീകളും വൈദികരുമുള്‍പ്പെടെ ഒട്ടേറെ മനുഷ്യരാണ് ഇത്തരം കുട്ടികള്‍ക്കുവേണ്ടി, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍വേണ്ടി രാപകലില്ലാതെ കൈമെയ് മറന്ന് അത്യധ്വാനം ചെയ്യുന്നത്. നന്മനിറഞ്ഞ അവരോടും സന്നദ്ധസംഘടനകളോടും പ്രസ്ഥാനങ്ങളോടുമൊക്കെ സര്‍ക്കാരിന് ഉറപ്പിച്ചുപറയാനാവണം, ഞങ്ങളും നിങ്ങളോടൊപ്പമുണ്ടെന്ന്. 

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)