പാലാ: ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തില്‍ സ്ഥാപകനേതാവ് പി.സി. അബ്രാഹം പല്ലാട്ടു കുന്നേലിന്റെ പതിനഞ്ചാം ചരമവാര്‍ഷികസമ്മേളനം കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു.
കുഞ്ഞേട്ടന്‍, ചെറുപുഷ്പ മിഷന്‍ലീഗ് എന്ന സംഘടനയ്ക്കുവേണ്ടി ജീവിതം പൂര്‍ണമായി സമര്‍പ്പിച്ച വ്യക്തിയായിരുന്നെന്നും അദ്ദേഹത്തിന്റെ വാത്സല്യത്തോടെയുള്ള പെരുമാറ്റം എല്ലാവരെയും ആകര്‍ഷിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ പ്രേഷിതതീക്ഷ്ണത അനുകരണീയമായിരുന്നെന്നും ബിഷപ് അനുസ്മരിച്ചു.
കുഞ്ഞേട്ടന്റെ പാവനസ്മരണ നിലനിര്‍ത്തുന്നതിനായി സംസ്ഥാനസമിതി ഏര്‍പ്പെടുത്തിയിരിക്കുന്ന കുഞ്ഞേട്ടന്‍ പുരസ്‌കാരം ചങ്ങനാശേരി അതിരൂപത പാറേല്‍പ്പള്ളി ഇടവകാംഗമായ ജോണ്‍സണ്‍ കാഞ്ഞിരക്കാട്ടിന് അഭിവന്ദ്യ പിതാവ് നല്‍കി. 14 രൂപതകളില്‍നിന്നു പ്രവര്‍ത്തകര്‍ പങ്കെടുത്ത സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ഷിജു ഐക്കരക്കാനായില്‍ ആമുഖപ്രഭാഷണം നടത്തി, പാലാ രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ സ്വാഗതം ആശംസിച്ച സംഗമത്തില്‍ അന്തര്‍ദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാന്‍, ദേശീയ പ്രസിഡന്റ് സുജി പുല്ലുകാട്ട്, സംസ്ഥാന ജനറല്‍ ഓര്‍ഗനൈസര്‍ തോമസ് അടുപ്പുകല്ലുങ്കല്‍, ചെമ്മലമറ്റം ശാഖാ രക്ഷാധികാരി ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രാദേശികം
കുഞ്ഞേട്ടന്‍ അനുസ്മരണവും പുരസ്‌കാരവിതരണവും
