പാലാ രൂപതയുടെയും പാലാ സെന്റ് തോമസ് കോളജിന്റെയും പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് രൂപത പ്രഥമമെത്രാനും കോളജ് സ്ഥാപകനുമായ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍പ്പിതാവിനെക്കുറിച്ച് ഒരനുസ്മരണം
''സഭയെ ഭരിക്കുന്നതു മനുഷ്യരല്ല, പരിശുദ്ധാത്മാവാണ്. അതുകൊണ്ട് മാനുഷികമായ ബലഹീനതയും അജ്ഞതയുംകൊണ്ടു ഭഗ്‌നാശനാകരുത്. പ്രാര്‍ഥനയുടെ ശക്തിയില്‍ ഉറച്ചു വിശ്വസിക്കുക. ദിവ്യകാരുണ്യനാഥനോടു സദാ ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുക. ഈശോയുടെ അമ്മയെ സ്വന്തം അമ്മയായി സ്വീകരിക്കുക.''
ഒരു യുഗസ്രഷ്ടാവിന് അദ്ദേഹത്തിന്റെ ജീവിതയാത്രയിലെ നിര്‍ണായകമായൊരു വഴിത്തിരിവില്‍ സമ്മാനിക്കപ്പെട്ട വാക്കുകളാണിത്.
പാലായുടെ പ്രഥമമെത്രാനായി മാര്‍ സെബാസ്റ്റ്യന്‍ വയലില്‍പ്പിതാവ് ചുമതലയേറ്റപ്പോള്‍ മാര്‍പാപ്പയുടെ പ്രതിനിധിയായി എത്തിയ പ്രോ നുണ്‍ഷിയോ പീറ്റര്‍ കീര്‍ക്കെല്‍സ് തിരുമേനിയാണ് സുന്ദരമായ ഈ ആശംസ നല്കിയത്. ഈ വാക്കുകള്‍ക്ക് ഉടലും ജീവനും നല്കി സാക്ഷാത്കാരമേകിയ ഇതിഹാസസമാനമായ ഒരു ജീവിതസാക്ഷ്യത്തിന്റെ പേരാണ് 'നിന്റെ വഴികള്‍ എത്ര സുന്ദരം!' എന്ന ആത്മകഥ.
പാലായുടെ ആകാശത്തിനും അതിനപ്പുറവും പറന്നിട്ടുള്ളവരും പറക്കാനുള്ളവരും വിസ്മരിക്കരുതാത്ത ഒരു സത്യമുണ്ട്; ഇവിടെയൊരാകാശമുണ്ടെന്നു ചൂണ്ടിക്കാണിച്ചതും തൂവലുറയ്ക്കുംവരെ കാവലിരുന്നതും ചിറകുവിടര്‍ത്തുംവരെ താങ്ങായതും മറ്റാരുമായിരുന്നില്ല, പാലായുടെ പൂര്‍വപുണ്യം എന്നു വിശേഷിപ്പിക്കാവുന്ന ഈ മനുഷ്യസ്‌നേഹിയായിരുന്നു.
പാലാ സെന്റ് തോമസ് കോളജും, അല്‍ഫോന്‍സാ കോളജും, ട്രെയിനിങ് കോളജും, മൈനര്‍ സെമിനാരിയും, സെന്റ് തോമസ് പ്രസും, ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് സെന്ററും, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പിറവിയെപ്പറ്റി തന്റെ ആത്മകഥയില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. പ്രതിസന്ധികളും ഇല്ലായ്മകളും നിറഞ്ഞ ഒരു കാലഘട്ടത്തിന്റെ ചോദ്യങ്ങള്‍ക്കു ദൈവത്തിന്റെയും സന്മനസ്സുള്ള മനുഷ്യരുടെയും കരം പിടിച്ച് വയലില്‍പ്പിതാവ് നല്കിയ ഉത്തരങ്ങളായിരുന്നു ഇവയുള്‍പ്പെടെ നാമിന്നനുഭിക്കുന്ന സൗഭാഗ്യങ്ങള്‍ മിക്കതും.
1949 ല്‍ കോളജ് നിര്‍മാണക്കമ്മിറ്റിയുടെ പ്രസിഡന്റായി നിയോഗിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ആദ്യത്തെ അഭ്യര്‍ഥന പണത്തിനോ ഭൂമിക്കോവേണ്ടിയായിരുന്നില്ല; പാലായില്‍ ഒരു കോളജ് എന്ന സ്വപ്നം സഫലമാകാന്‍ പ്രാര്‍ഥിക്കണം എന്നാവശ്യപ്പെട്ട് ചങ്ങനാശ്ശേരി, തൃശൂര്‍, എറണാകുളം രൂപതകളിലെ സന്ന്യാസിനീസഭകള്‍ക്കു കത്തയയ്ക്കുകയായിരുന്നു.
കോളജിന് അനുമതി ലഭിക്കാനുള്ള അപേക്ഷയ്‌ക്കൊപ്പം കെട്ടിവയ്ക്കാനുള്ള 300 രൂപ ഇല്ലാതെ വിഷമിച്ചതും ബഹുമാനപ്പെട്ട സി.കെ. മറ്റത്തിലച്ചന്‍ അതു നല്കിയതും ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളിയും വൈപ്പന മാത്തുച്ചേട്ടനും ജോസഫ് അഗസ്റ്റിന്‍ കയ്യാലക്കകവും സ്ഥലം സൗജന്യമായി നല്കിയതും ധനസമാഹരണത്തിനായി അലഞ്ഞതും എതിര്‍പ്പുകള്‍ നേരിട്ടതും ഒടുവില്‍ 1950 ഓഗസ്റ്റ് 7 ന് പാലാ സെന്റ് തോമസ് കോളജ് ഉദ്ഘാടനം ചെയ്യപ്പെട്ടതും തൊട്ടുപിന്നാലെ പാലാരൂപത പിറന്നതും വയലില്‍കളപ്പുര മാണി സെബാസ്റ്റ്യനച്ചന്‍ പ്രഥമമെത്രാനായി പ്രഖ്യാപിക്കപ്പെടുന്നതും അദ്ഭുതാദരങ്ങളോടെ മാത്രമേ നമുക്കു വായിക്കാനാവൂ. ദീര്‍ഘവീക്ഷണം, ഇച്ഛാശക്തി, നേതൃപാടവം, കഠിനാധ്വാനം, ദൈവാശ്രയബോധം തുടങ്ങിയ വാക്കുകള്‍ക്കു സഭയുടെയും സമൂഹത്തിന്റെയും ദിശ തെറ്റാത്ത സഞ്ചാരങ്ങളില്‍ എത്രയോ സ്വാധീനം ചെലുത്താനാവും എന്നതിന്റെ വ്യക്തമായ ഉദാഹരണംകൂടിയാണ് അഭിവന്ദ്യ വയലില്‍പ്പിതാവിന്റെ ജീവിതം.
പാലാ സെന്റ് തോമസ് ഹൈസ്‌കൂളില്‍നിന്നു കടം വാങ്ങിയ 284 പുസ്തകങ്ങളോടെയായിരുന്നു സെന്റ് തോമസ് കോളജ് ലൈബ്രറിയുടെ ആരംഭം. 1956 ല്‍ ഇത് തിരിച്ചുനല്കിയിട്ടുമുണ്ട്. തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്ന എച്ച്.സി.പാപ്പുവര്‍ത്ത് എന്ന ബ്രിട്ടീഷുകാരന്‍ ഇന്ത്യ വിട്ടുപോയപ്പോള്‍ അദ്ദേഹത്തിന്റെ വിപുലമായ ഗ്രന്ഥശേഖരം വിലയ്ക്കു വാങ്ങി സെന്റ് തോമസ് കോളജിനു സമ്മാനിച്ചത് ശ്രീ. കെ.വി. തോമസ് പൊട്ടംകുളമായിരുന്നു. 2387 പുസ്തകങ്ങളാണ് ഇങ്ങനെ ലഭിച്ചത്. സെന്റ് തോമസ് ഹൈസ്‌കൂളില്‍നിന്നുതന്നെ കടംകൊണ്ട ഉപകരണങ്ങള്‍കൊണ്ടായിരുന്നു കെമിസ്ട്രിലാബ് ആരംഭകാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്ന് ഓട്ടോണമസ് പദവിയും നാക്‌സമിതിയുടെ അ++ ഗ്രേഡും സ്വന്തമാക്കി മികവിന്റെ കേന്ദ്രമായി മാറിയ ഈ കലാലയം അതിന്റെ യാത്ര എവിടെനിന്ന് ആരംഭിച്ചുവെന്നും പരിമിതികളെ മറികടന്നതെങ്ങനെയെന്നും ഈ കൃതിയില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ജവഹര്‍ലാല്‍ നെഹൃവിന്റെ സാമ്പത്തിക കാര്യോപദേഷ്ടാവായിരുന്ന ഡോ. പി.ജെ. തോമസായിരുന്നു പ്രഥമപ്രിന്‍സിപ്പല്‍ എന്ന കാര്യം കൂടി ഇതിനോടു ചേര്‍ത്തുവയ്ക്കണം.
പ്രക്ഷുബ്ധവും സംഘര്‍ഷാത്മകവുമായ ഒരു കാലഘട്ടമുയര്‍ത്തിയ വെല്ലുവിളികളില്‍ പതറാതെ പ്രവാചകധീരതയോടെ അവയെ നേരിട്ട് കാലോചിതമായ മറുപടി നല്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ആരുടെയെങ്കിലും വിമര്‍ശനത്തെയോ അധിക്ഷേപത്തെയോ ഭയന്ന് സമൂഹത്തിന്റെ ഉത്തമതാത്പര്യങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തില്‍നിന്നു മാറിനില്ക്കാന്‍ ഒരു സഭാധ്യക്ഷനുമാവില്ല എന്ന് കാലങ്ങള്‍ക്കു മുമ്പേ അദ്ദേഹം കുറിച്ചുവച്ചു.
ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ എല്ലാ പ്രൈമറിസ്‌കൂളുകളും ദേശസാത്കരിക്കാനും ഏറ്റെടുക്കാനുമുള്ള നീക്കം നടത്തിയപ്പോള്‍ അതിനെതിരേ പാലായില്‍നിന്നു തിരുവനന്തപുരംവരെ കാല്‍നാടജാഥ സംഘടിപ്പിക്കാനും 'ധര്‍മസമരം' പ്രഖ്യാപിക്കാനും പാലായുടെ പ്രഥമപിതാവിനു ചങ്കൂറ്റമുണ്ടായിരുന്നു.
സി. അച്യുതമേനോന്റെ ഭരണകാലത്ത് പുതിയ സര്‍വകലാശാലാനിയമത്തിന്റെയും ഫീസ് എകീകരണത്തിന്റെയും ശമ്പളം സര്‍ക്കാര്‍ നേരിട്ടു നല്കിത്തുടങ്ങിയതിന്റെയും തുടര്‍ച്ചയെന്നവണ്ണം അധ്യാപകനിയമനത്തിലും കോളജ് ഭരണത്തിലും അമിതസ്വാധീനം ചെലുത്താനുള്ള സര്‍ക്കാര്‍ശ്രമങ്ങളെ കോളജുകള്‍ അടച്ചിട്ടും മഹാജാഥകള്‍ സംഘടിപ്പിച്ചും പ്രതിഷേധയോഗങ്ങള്‍ നടത്തിയും ശക്തമായി പ്രതിരോധിക്കാന്‍ അഭിവന്ദ്യ വയലില്‍പ്പിതാവ് മുന്‍നിരയില്‍ത്തന്നെയുണ്ടായിരുന്നു. അടച്ചിട്ട കോളജുകള്‍ തുറപ്പിക്കുമെന്നും തുറക്കാത്തവയെ പിടിച്ചെടുക്കുമെന്നും ഗവണ്‍മെന്റു പ്രഖ്യാപിച്ചിട്ടും നിലപാടില്‍ മാറ്റമില്ലായിരുന്നു. ഒടുവില്‍, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഇടപെടലുകളിലൂടെയും ചര്‍ച്ചയിലൂടെയുമാണ് പ്രശ്‌നം പരിഹരിച്ചത്.
വിമോചനസമരകാലത്ത് അങ്കമാലിയില്‍ രക്തസാക്ഷികളായവരുടെ മൃതസംസ്‌കാരശുശ്രൂഷയില്‍ പങ്കെടുത്തു നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള ജ്വലിക്കുന്ന ഓര്‍മകള്‍ ജീവിതസായാഹ്നത്തിലും അദ്ദേഹം മറ്റുള്ളവരോടു പങ്കുവയ്ക്കുമായിരുന്നു.
ഈ നാട് ഇന്ന് എങ്ങനെയാണെന്നും നാളെ ഇത് എങ്ങനെയാവണമെന്നും ഉറക്കം നഷ്ടപ്പെട്ടു ചിന്തിക്കുകയും പദ്ധതികള്‍ തയ്യാറാക്കുകയും നടപ്പിലാക്കുകയും പ്രബുദ്ധരായ ഒരു ജനതയെ തനിക്കുപിന്നില്‍ സൃഷ്ടിക്കുകയും ചെയ്ത നവോത്ഥാനനായകന്‍ എന്ന നിലയില്‍ പാലായുടെ പ്രഥമപിതാവിനെ അംഗീകരിച്ചേ മതിയാകൂ.'വയലില്‍' വിതച്ചത് കൊയ്തവരാണ് നാം. മണ്ണറിഞ്ഞും മനസ്സറിഞ്ഞും ആ മനുഷ്യന്‍ പുരോഗതിയുടെ വിത്തെറിഞ്ഞില്ലായിരുന്നെങ്കില്‍ പാലായുടെ സാംസ്‌കാരികഭൂമിയില്‍ ഇന്നും തരിശുനിലങ്ങള്‍ ഏറെ കാണുമായിരുന്നു.
എഴുപതോ എഴുപത്തിയഞ്ചോ വര്‍ഷം മുമ്പ് ഈ നാടിനെക്കുറിച്ചും ഇവിടുത്തെ യുവതയെക്കുറിച്ചും ഇത്രയും വലിയ സ്വപ്നങ്ങള്‍ കണ്ടിരുന്ന മറ്റാരാണ് ഇവിടെ ഉണ്ടായിരുന്നത്?
യുവാക്കള്‍ക്ക് വ്യവസായസംരംഭത്തിലേര്‍പ്പെടാനും തൊഴില്‍ദാതാക്കളാകാനുമുള്ള പരിശീലനം നല്കുന്നതിന് ആരംഭിച്ച ഇന്‍ഡസ്ട്രിയല്‍ സ്‌കൂളും വിദേശനിര്‍മിതയന്ത്രങ്ങള്‍ ഇറക്കുമതി ചെയ്ത് ആരംഭിച്ച ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റും ട്രെയിനിങ് സെന്ററും തൊഴില്‍പരിശീലനകേന്ദ്രങ്ങളും കരിയര്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമെല്ലാം മേല്പറഞ്ഞതിന്റെ ഉദാഹരണങ്ങളാണ്. ഇതോടൊപ്പംതന്നെ, കലാസാംസ്‌കാരികസാഹിത്യരംഗങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന ഒരു പ്രസിദ്ധീകരണം പാലായില്‍നിന്നുണ്ടാകണമെന്ന വയലില്‍പ്പിതാവിന്റെ സ്വപ്നസാക്ഷാത്കാരമാണ് 1968 ഫെബ്രുവരി 22 ന് ഉദ്ഘാടനം ചെയ്യപ്പെട്ട ദീപനാളം വാരിക.
172 ഇടയലേഖനങ്ങളാണ് അദ്ദേഹം എഴുതിയത്. 'കര്‍ത്താവ് എന്റെ പ്രകാശമാകുന്നു' ധഉീാശിൗ െകഹഹൗാശിമശേീ ങലമപ എന്ന സങ്കീര്‍ത്തനവാക്യത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ആദ്യ ഇടയലേഖനം. 'സാന്ത്വനപ്രകാശമേ എന്നെ നയിച്ചാലും' എന്ന വിനീതമായ പ്രാര്‍ഥനയുടെ ധ്വനിയാണ് വയലില്‍പ്പിതാവ് സഞ്ചരിച്ച വഴികളിലൂടെ അദ്ഭുതാദരങ്ങളോടെ സഞ്ചരിക്കുമ്പോള്‍ ഇന്നു നമുക്ക് കേള്‍ക്കാനാകുന്നത്. ഒരായുസ്സും ജീവിതവും മുഴുവനായി പങ്കിട്ടുനല്കിയിട്ടും അജഗണങ്ങളെ സ്‌നേഹിച്ചു കൊതിതീര്‍ന്നിട്ടില്ലാത്ത ഒരു ഇടയന്റെ ഹൃദയത്തുടിപ്പുകളാണ് അവസാനഇടയലേഖനത്തിലെ പല വരികളും. നേര്‍ത്ത നൊമ്പരത്തോടെ മാത്രമേ ആ വാക്കുകളെ നമുക്ക് ഉള്‍ക്കൊള്ളാനാവൂ. തന്റെ വേര്‍പാടിന്റെ സമയം അടുത്തെന്നും ബലിയായി അര്‍പ്പിക്കപ്പെടേണ്ട മുഹൂര്‍ത്തം ആസന്നമായെന്നും സൂചിപ്പിച്ചശേഷം നല്കാന്‍ ഇനിയും ചിലതു ബാക്കിയുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. 'ശേഷിച്ചിരിക്കുന്ന ജീവിതകാലം, അതു ദീര്‍ഘമോ ഹ്രസ്വമോ ആയിക്കൊള്ളട്ടെ, നിങ്ങള്‍ക്കും എനിക്കും സഭയ്ക്കും സമുദായത്തിനും രാജ്യത്തിനും എന്നുവേണ്ട എല്ലാ മനുഷ്യര്‍ക്കുംവേണ്ടി പ്രാര്‍ഥിക്കുന്നതിനും പ്രായശ്ചിത്തം അനുഷ്ഠിക്കുന്നതിനും ഞാന്‍ വിനിയോഗിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നു.'
കണ്ടിട്ടും കേട്ടിട്ടും അറിഞ്ഞിട്ടുമില്ലാത്ത അനേകായിരങ്ങളുടെ മനസ്സില്‍, പ്രത്യേകിച്ച് സഭയിലെയും സമൂഹത്തിലെയും യുവതലമുറയുടെ മനസ്സില്‍ അഭിവന്ദ്യ വയലില്‍പ്പിതാവിന്റെ ഈടുറ്റ ജീവിതചിത്രം പതിയണം. 'നിന്റെ വഴികള്‍ എത്ര സുന്ദരം!' എന്ന ആത്മകഥയിലൂടെ സഞ്ചരിക്കാനുള്ള അവസരം അവര്‍ക്കു മുന്നില്‍ ബോധപൂര്‍വം സൃഷ്ടിക്കപ്പെടണം. സമകാലികസമൂഹവും സംസ്‌കാരവും വളരെ ശക്തമായിത്തന്നെ നമ്മോട് അത് ആവശ്യപ്പെടുന്നുമുണ്ട്.