•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

സ്വര്‍ഗം സമ്മാനിച്ച സ്വാതന്ത്ര്യം

ഓഗസ്റ്റ് 15 : പരിശുദ്ധ കന്യകാമറിയത്തിന്റെ   സ്വര്‍ഗാരോപണത്തിരുനാള്‍

സ്വര്‍ഗത്തിലേക്കുള്ള കന്യകാമാതാവിന്റെ കരേറ്റം പരമമായ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രവേശനമായിരുന്നു. വേദഗ്രന്ഥത്തിന്റെ വെളിച്ചത്തിലാണ് ക്രൈസ്തവവിശ്വാസികള്‍ സുസ്ഥിരമായ സ്വാതന്ത്ര്യത്തിന്റെ നിര്‍വചനം വായിച്ചെടുക്കേണ്ടത്. അത് ആത്യന്തികമായും ദൈവമക്കളുടെ സ്വാതന്ത്ര്യമാണ് (റോമാ. 18:21). ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരാണ് ദൈവമക്കള്‍ (റോമാ 8:14). ആത്മാവു തെളിക്കുന്ന വഴിയേ ചരിക്കുന്നവരും, അവിടുത്തെ പ്രചോദനങ്ങളുടെയും നിമന്ത്രണങ്ങളുടെയും നിയന്ത്രണങ്ങള്‍ക്കു തങ്ങളെത്തന്നെ വിട്ടുകൊടുക്കുകയും ചെയ്യുന്നവര്‍. അങ്ങനെയുള്ളവര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം മറ്റുള്ളവയെ എല്ലാം അതിലംഘിക്കുന്ന ഒന്നാണ്. മാനുഷികവും ഭൗമികവുമായ സകലവിധ അടിമത്തങ്ങളില്‍നിന്നുമുള്ള വിടുതലിനേക്കാള്‍ ഉപരിയായി പൈശാചികവിലങ്ങുകളില്‍നിന്നുള്ള വിമോചനമാണത്. മണ്ണിനോടു നമ്മെ വരിഞ്ഞുകെട്ടിയിരിക്കുന്ന എല്ലാ ആസക്തികളില്‍നിന്നുമുള്ള മോചനം. ഇത്തരത്തിലുള്ള സ്വാതന്ത്ര്യമാണ് മറിയത്തിനുണ്ടായിരുന്നത്. ചേറ്റിലാണ് ചുവടെങ്കിലും ജലപ്പരപ്പിനുനുമീതെ വാരിജങ്ങളെ വിരിയിക്കുന്ന താമരച്ചെടിയുടെ സ്വാതന്ത്ര്യവൈശിഷ്ട്യത്തോടെയാണ് അവള്‍ ജീവിച്ചത്.  പുത്രനായ ദൈവത്തിന്റെ ആദ്യത്തെ അനുയായിയായ അവള്‍ ലോകത്തിലായിരുന്നെങ്കിലും ലോകത്തിന്റേതായിരുന്നില്ല.  സ്വര്‍ഗം സമ്മാനിക്കുന്ന സ്വാതന്ത്ര്യമാണ് സത്യവും സ്ഥായിയുമായിട്ടുള്ളതെന്നു മറിയം നമ്മെ അനുസ്മരിപ്പിക്കുന്നു. 

    മനുഷ്യന്‍ ഭൗമികമായ എല്ലാ ബന്ധനങ്ങളില്‍നിന്നും മുക്തി നേടി ജീവിതയാനത്തിന്റെ ചുക്കാന്‍ ദൈവാത്മാവിന്റെ കരങ്ങളില്‍ കൊടുക്കുമ്പോഴും, അവനില്‍ ദൈവം നിക്ഷേപിച്ചിട്ടുള്ള നാനാവിധ നൈപുണ്യങ്ങളെ പരിപോഷിപ്പിച്ച് പൂര്‍ണ്ണത പ്രാപിക്കുമ്പോഴുമാണ് പരമാര്‍ഥത്തില്‍ സ്വതന്ത്രനാകുന്നത്. ഒരു സാധാരണസ്ത്രീയായിരുന്ന കന്യകാമറിയം 'ഇതാ, കര്‍ത്താവിന്റെ ദാസി, നിന്റെ ഹിതം പോലെ എന്നില്‍ സംഭവിക്കട്ടെ''(ലൂക്കാ 1:38) എന്ന എളിയമനോഭാവത്തോടെ കര്‍ത്തൃകരങ്ങളിലേക്കു സ്വയം സമര്‍പ്പിച്ചപ്പോഴും, പ്രാപഞ്ചികമായ സകലശക്തികളുടെയും സ്വാധീനത്തില്‍ നിന്നു വിമുക്തയായി തന്റെ ജീവിതാവസാനത്തില്‍ ആകാശങ്ങളിലേക്ക് ആനയിക്കപ്പെട്ടപ്പോഴും അക്ഷരാര്‍ഥത്തില്‍ സ്വതന്ത്രയാവുകയാണു ചെയ്തത്.
     കളങ്കരഹിതയായി ജീവിച്ച കന്യാജനനിക്ക് സുരലോകം നല്കിയ സമ്മാനമാണ് സ്വര്‍ഗാരോപണം! പാപത്തിന്റെ പൊട്ടുപോലുമില്ലാതെ അവികലമായ ആത്മാവോടും, ശുദ്ധമായ ശരീരത്തോടുംകൂടി സര്‍വശക്തന് ഏറ്റവും സംപ്രീതയായി ജീവിച്ച അവള്‍ക്ക് വിണ്ടലം വച്ചുനീട്ടിയ പരമോന്നതപാരിതോഷികം! മാലാഖമാരുടെ കരരഥത്തിലേറി മാനത്തിനപ്പുറത്തേക്കുകടന്നുപോകാനുള്ള സുവര്‍ണഭാഗ്യം അവള്‍ക്കു കൈവന്നു! സാധുവായ ഒരുരുസ്ത്രീജന്മത്തിന് ഇതിലുപരിയായി എന്താണ് സ്വന്തമാകാനുള്ളത്! ഇഹത്തിലെ വാസകാലം മുഴുവന്‍ ദൈവികദാനങ്ങള്‍ക്കുവേണ്ടി ദാഹിക്കുകയും വിശക്കുകയും ചെയ്ത അവളെ വാനിടത്തില്‍ വിശിഷ്ടവിഭവങ്ങള്‍കൊണ്ട് സര്‍വേശന്‍ സംതൃപ്തയാക്കി! മന്നില്‍ മനുഷ്യത്വത്തിന്റെ മികവു തെളിയിച്ച മറിയത്തിന് ദൈവം വിണ്ണില്‍ വരദാനങ്ങളുടെ തികവു നല്കി. മണ്ണില്‍നിന്നെടുക്കപ്പെട്ടവരാണു നാമെങ്കിലും മണ്ണിന്റെ മാലിന്യങ്ങളില്‍ മുഴുകിക്കഴിയേണ്ടവരല്ലെന്നും; മറിച്ച്, കറകളഞ്ഞ ജീവിതശൈലിവഴി സ്വര്‍ഗസമ്മാനം നേടേണ്ടവരാണെന്നും മറിയം ഓര്‍മിപ്പിക്കുന്നു.
     തിന്മയുടെമേല്‍ നന്മ നേടിയ ആത്യന്തികമായ വിജയത്തിന്റെ പെരുമ്പറയാണ് സ്വര്‍ഗാരോപണത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത്! തിന്മയെ നന്മകൊണ്ടു കീഴടക്കണമെന്നുള്ള (മത്താ. 5:38-42) കര്‍ത്തൃവചസ്സുകളെ ഹൃദയഫലകത്തില്‍ കുകുറിച്ചിട്ടു സദാ ധ്യാനിച്ച മറിയം നന്മയുടെ മാത്രം മണവും നിറവുമുള്ള നറുമലരായി വിടര്‍ന്നുല്ലസിച്ചു! പാപത്തിന്റെ പ്രതീകമായ പാമ്പിനെ തന്റെ ചരണപത്മങ്ങള്‍കൊണ്ട് ചവിട്ടിപ്പിടിച്ച് അവള്‍ മുഴുവന്‍ പൈശാചികശക്തികളുടെയുംമേല്‍ പരിപൂര്‍ണവിജയം വരിച്ചു! അവളുടെ പവിത്രമായ പാദങ്ങള്‍ക്കടിയില്‍ പിശാചും അവന്റെ ചെയ്തികളും ചതഞ്ഞരഞ്ഞു! വിണ്ണിന്റെയും മണ്ണിന്റെയും റാണിയായി അവള്‍ അവരോധിക്കപ്പെട്ടു! ശാലീനയായ അവളുടെ ശിരസ്സിന് അലങ്കാരമായി ദൈവികപുണ്യങ്ങളാല്‍ വിളങ്ങുന്ന ഒരു രത്‌നഖചിതകിരീടവും അണിയിക്കപ്പെട്ടു! 
     മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിയില്‍ അഭിമാനിക്കുന്ന നാം നമ്മുടെ സഹജീവികള്‍ക്കു കൊടുക്കേണ്ട ഏറ്റവും ഉദാത്തവും അമൂല്യവുമായ ഉപഹാരം സ്വാതന്ത്ര്യംതന്നെയാണ്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ വിലമതിക്കുക. നമ്മുടേതുപോലെതന്നെ മറ്റുള്ളവരുടെയും മൗലികാവകാശമാണത.് അന്യരുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും നിഹനിക്കുന്നവിധത്തിലുള്ള നിലപാടുകളും, കര്‍മ്മങ്ങളും, വാക്കുകളും ഒരിക്കലും നമുക്കു ഭൂഷണമല്ല. മതം, വിശ്വാസം, രാഷ്ട്രീയം, ഭക്ഷണം, വസ്ത്രം തുടങ്ങി വ്യക്തിജിവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാനും, അവയില്‍ ഉറച്ചുനില്ക്കാനും മനുഷ്യര്‍ക്കെല്ലാവര്‍ക്കും തുല്യാവകാശമാണുള്ളത്. സഹജരുടെ സ്വാതന്ത്ര്യത്തെ ആദരിക്കുക; സ്വാതന്ത്ര്യം സമ്മാനിക്കുക, സ്വാതന്ത്ര്യം സ്വീകരിക്കുക. 
     കത്തോലിക്കാവിശ്വാസികള്‍ക്ക് മാതാക്കള്‍ മൂവരാണ്. പെറ്റമ്മ,പോറ്റമ്മ,പരിശുദ്ധയമ്മ! നൊന്തുപെറ്റ അമ്മയെ ആദരിക്കാം, പരിചരിക്കാം. പോറ്റിവളര്‍ത്തുന്ന ഭാരതാംബയെ പ്രണമിക്കാം, പ്രണയിക്കാം. സ്വര്‍ഗീയജനനിയായ കന്യാമേരിയെ നമിക്കാം, നെഞ്ചിലേറ്റാം. നമ്മുടെ മാതൃരാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഒറ്റവാചകത്തില്‍ ഇങ്ങനെ കുറിക്കട്ടെ: സ്വാതന്ത്ര്യം കിട്ടിയതോടെ ഭാരതത്തിന്റെ ഭരണവും ഭദ്രതയും ഭാവിയും വെള്ളക്കാരില്‍നിന്നു കൊള്ളക്കാരിലേക്കു കൈമാറപ്പെട്ടു.'പരസ്പരം പഴി പുലമ്പിയിട്ടു പ്രയോജനമൊന്നുമില്ല. സ്വയം നന്നാവുക; നന്മയുടെ നുറുങ്ങുവെട്ടമെങ്കിലും മണ്ണില്‍ അവശേഷിക്കട്ടെ; വരുംതലമുറകളെ തെല്ലെങ്കിലും പ്രകാശിപ്പിക്കട്ടെ!  നടന്നുനീങ്ങിയ ഇടങ്ങളെയെല്ലാം നന്മശോഭിതമാക്കിയ നസ്രത്തിലെ ഒരു നാടന്‍കന്യകയെ സ്വസ്തി തേ, കൃപാപൂരിതേ'എന്ന് അന്നൊരിക്കല്‍ സ്വര്‍ഗീയദൂതന്‍ അഭിവാദ്യം ചെയ്തത് ഓര്‍മിക്കുന്നില്ലേ? ഇന്ന്, വിജയകിരീടവിരാജിതയായി വിണ്ണില്‍വാഴുന്ന ആ കന്യാമണിയെ നമുക്ക് ഇപ്രകാരം അഭിവാദനം ചെയ്യാം: 'സ്വസ്തി തേ, സ്വര്‍ഗാരോപിതേ!'

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)