•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

വിശ്വാസമഹിമയുടെ വിഖ്യാതഭൂമി : പാലാ രൂപത പ്ലാറ്റിനം ജൂബിലിനിറവില്‍

ഗോളകത്തോലിക്കാസഭയുടെയും സീറോ മലബാര്‍ സഭയുടെയും ചരിത്രത്തില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയ പാലാ രൂപത പ്ലാറ്റിനം ജൂബിലിവര്‍ഷത്തിലേക്കു കടന്നിരിക്കുകയാണ്. ദൈവവിശ്വാസവും പൗരാണികതയും കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലായുള്ള കര്‍ഷകമക്കളാണ് പാലായുടെ സമ്പത്ത്. കേരളത്തിന്റെ കാര്‍ഷിക, വിദ്യാഭ്യാസ, രാഷ്ട്രീയ, സാംസ്‌കാരികമേഖലകളിലും വിശ്വാസസാക്ഷ്യത്തിലും മിഷന്‍ചൈതന്യത്തിലും ആതുരശുശ്രൂഷാരംഗത്തും മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള ഈ പ്രദേശത്തിന്റെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയ്ക്ക് പാലാ രൂപത നല്കിയ നേതൃത്വം നിസ്തുലമാണ്.
   ഭാഗ്യസ്മരണാര്‍ഹനായ 12-ാം പീയൂസ് മാര്‍പാപ്പായുടെ 'ക്വോ എക്ലേസിയാരും' എന്ന തിരുവെഴുത്തുപ്രകാരം 1950 ജൂലൈ 25 ന് ചങ്ങനാശേരി രൂപതയെ വിഭജിച്ച് പാലാ, മുട്ടുചിറ, കുറവിലങ്ങാട്, ആനക്കല്ല് (ഭരണങ്ങാനം), രാമപുരം എന്നീ അഞ്ചു ഫൊറോനകള്‍ ചേര്‍ത്താണ് പാലാ രൂപതയുടെ ആരംഭം. രൂപതയുടെ പ്രഥമബിഷപ്പായി ഫാ. സെബാസ്റ്റ്യന്‍ വയലില്‍ നിയമിതനായുള്ള അറിയിപ്പ് പാലായില്‍ എത്തിയത് 1950 ഓഗസ്റ്റ് ഏഴിനാണ്. 
    1950 നവംബര്‍ ഒമ്പതിന് മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ റോമിലെ സെന്റ് തെരേസാസ് ബസിലിക്കയില്‍വച്ച് കര്‍ദിനാള്‍ ടിസറാന്റ് തിരുമേനിയില്‍നിന്നു  മെത്രാന്‍പട്ടം സ്വീകരിച്ചു. 1951 ജനുവരി നാലിന് പാലാ സെന്റ് തോമസ് കത്തീദ്രലില്‍വച്ച് ഇന്ത്യയിലെ പേപ്പല്‍ പ്രതിനിധിയായിരുന്ന ആര്‍ച്ചുബിഷപ് ലിയോ കീര്‍ക്കെന്‍സിന്റെ സാന്നിധ്യത്തില്‍ സ്ഥാനാരോഹണം നടത്തി മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ രൂപതയുടെ പ്രഥമബിഷപ്പായി ചുമതലയേറ്റു. കത്തീദ്രല്‍ പള്ളിമുറിയിലാണു പിതാവു താമസിച്ചതും കൂരിയാ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചതും. കത്തീദ്രല്‍ വികാരി റവ. ഫാ. എമ്മാനുവേല്‍ മേച്ചേരിക്കുന്നേല്‍ ആദ്യവികാരി ജനറാളായി നിയമിക്കപ്പെട്ടു. മറ്റു സൗകര്യങ്ങളൊന്നും നോക്കാതെ സെന്റ് തോമസ് കോളജിന്റെ കെട്ടിടംപണി പൂര്‍ത്തിയാക്കാനാണ് പിതാവ് പ്രഥമപരിഗണന നല്‍കിയത്.
      വയലില്‍പ്പിതാവ് പ്രഥമപരിഗണന നല്‍കിയത് വിദ്യാഭ്യാസത്തിനായിരുന്നു. 1953 ഡിസംബര്‍ ഒന്നിന് സെന്റ് തോമസ് കോളജ് ഉദ്ഘാടനം ചെയ്തു. മാണിക്കുട്ടിയച്ചന്‍ (പിന്നീടു വയലില്‍പ്പിതാവ്) നേതൃത്വം കൊടുത്ത് ഓരോ വീടും കയറിയിറങ്ങി പിരിവെടുത്താണ് സെന്റ് തോമസ് കോളജ് പണിതുയര്‍ത്തിയത്. ജാതിമതഭേദമെന്യേ എല്ലാവരും അതിനായി സഹകരിച്ചു. പിടിയരി മാറ്റിവച്ചാണ് അമ്മമാര്‍ അതിനു സഹായം നല്‍കിയത്. ഇതിനിടെ 1951 ല്‍ത്തന്നെ  വൈദികപരിശീലനത്തിനായി ളാലം പുത്തന്‍ പള്ളിമേടയില്‍ ഗുഡ്‌ഷെപ്പേര്‍ഡ് സെമിനാരി ആരംഭിച്ചു. 1952 സെപ്റ്റംബര്‍ എട്ടിന് പാലാ ജൂബിലിക്കപ്പേളയുടെ പണി ആരംഭിച്ചു. 1953 ജനുവരി 20ന് സെന്റ് തോമസ് പ്രസ് ആരംഭിച്ചു. 1957 നവംബര്‍ 14 ന് അധ്യാപകപരിശീലനത്തിനായി സെന്റ് തോമസ് ട്രെയിനിംഗ് കോളജും ആരംഭിച്ചു. 1959 ഓഗസ്റ്റ് 15 നാണ്  ബിഷപ്‌സ് ഹൗസ് പൂര്‍ത്തിയാക്കിയത്. 1953 ഡിസംബര്‍ രണ്ടിന് ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ നാമകരണക്കോടതിയുടെ ഉദ്ഘാടനം നടത്തി.
      ദൈവവിശ്വാസത്തിലും ദൈവാരാധനയിലും പാലാക്കാര്‍ മറ്റുള്ളവര്‍ക്ക് ഇന്നും  മാതൃകയാണ്. അതിരാവിലെ ദൈവാലയത്തില്‍പോയി വി. കുര്‍ബാനയില്‍ പങ്കെടുക്കുന്നതും വൈകിട്ട് കുടുംബപ്രാര്‍ഥന നടത്തുന്നതും പൂര്‍വികപാരമ്പര്യമാണ്. പാലാ രൂപത ദൈവവിളിയില്‍ മുന്നിട്ടു നില്ക്കുന്നതിനുള്ള പ്രധാന കാരണവും ഇതാണെന്നു പറയാം. രൂപതയില്‍ ഇപ്പോള്‍ 17 ഫൊറോനകളും 171 ഇടവകകളും 489 വൈദികരും 2500 ലധികം സിസ്റ്റേഴ്‌സും 3.16 ലക്ഷം വിശ്വാസികളുമുണ്ട്. അതുപോലെ, രൂപതയില്‍നിന്ന് 30 ബിഷപ്പുമാരും 2700 വൈദികരും 12000 ലധികം സമര്‍പ്പിതരും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സുവിശേഷപ്രഘോഷണം നടത്തി ക്രൈസ്തവസാക്ഷ്യം നല്‍കുന്നു.
         വിശുദ്ധരുടെ വിളനിലമാണ് പാലാ രൂപത. ഭാരതത്തിലെ ആദ്യവിശുദ്ധയായ അല്‍ഫോന്‍സാമ്മയും ദളിത് കത്തോലിക്കര്‍ക്കായി ജീവിതം സമര്‍പ്പിച്ച വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചനും തിരുഹൃദയസന്ന്യാസസഭാസ്ഥാപകന്‍ ധന്യന്‍ കദളിക്കാട്ടില്‍ മത്തായി യച്ചനും ദൈവദാസന്‍ കണിയാരകത്ത് ബ്രൂണോഅച്ചനും ദൈവദാസി കൊളോത്താമ്മയും പാലായ്ക്കു സ്വന്തമാണ്. ഈ രൂപതയില്‍ ജനിച്ചുവളര്‍ന്നവരാണ് ദൈവദാസന്മാരായ മാത്യു കാവുകാട്ടു പിതാവും കാട്ടറാത്ത് വര്‍ക്കിയച്ചനും മാധവത്ത് ആര്‍മണ്ടച്ചനും. പറമ്പില്‍ ചാണ്ടിമെത്രാനും പാറേമ്മാക്കല്‍ തോമാകത്തനാരും നിധീരിക്കല്‍ മാണിക്കത്തനാരും കുടക്കച്ചിറ അന്തോനിക്കത്തനാരും പനങ്കുഴയ്ക്കല്‍ വല്യച്ചനും കുട്ടന്‍തറപ്പേല്‍ ഔസേപ്പച്ചനും ജേക്കബ് താഴത്തേലച്ചനും തുടങ്ങി നിരവധി പ്രഗല്ഭര്‍ ഈ നാടിന്റെ സന്തതികളായിരുന്നു. സാമൂഹികപ്രവര്‍ത്തനരംഗത്ത് നിസ്തുലസംഭാവനകള്‍ നല്‍കിയ ഫാ. എബ്രാഹം കൈപ്പന്‍പ്ലാക്കലും സാധു ഇട്ടിയവിരായും പ്രേഷിതപ്രവര്‍ത്തനം ജീവിതവ്രതമാക്കിയ പല്ലാട്ടുകുന്നേല്‍ കുഞ്ഞേട്ടനും, സാഹിത്യരംഗത്ത് അനശ്വരരായ മഹാകവി കട്ടക്കയം ചെറിയാന്‍ മാപ്പിള, പ്രവിത്താനം പി.എം. ദേവസ്യാ, സിസ്റ്റര്‍ മേരി ബനീഞ്ഞാ എന്നിവരും പാലായുടെ അഭിമാനഭാജനങ്ങളാണ്. സഭാതാരങ്ങളായ ഡോ. എ.ടി. ദേവസ്യാ, ഡോ. സിറിയക് തോമസ്, ശ്രീ. ജോണ്‍ കച്ചിറമറ്റം, വൈദികരത്‌നം  ഫാ. സെബാസ്റ്റ്യന്‍ തുരുത്തേല്‍ എന്നിവര്‍ സീറോ മലബാര്‍ സഭയുടെ അരുമസന്താനങ്ങളാണ്.
       പാലാ രൂപതയില്‍ 309 സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നു. രൂപതയിലെ 41 ഹൈസ്‌കൂളുകളും കഴിഞ്ഞ അഞ്ചു വര്‍ഷമായി എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100 ശതമാനം വിജയം നേടി മികവാര്‍ന്ന പ്രവര്‍ത്തനം നടത്തുന്നു. രൂപതയിലെ 18 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും 90 ശതമാനത്തിലധികം വിജയം കരസ്ഥമാക്കി. രൂപതയിലെ 12 കോളജുകളില്‍ 5 എണ്ണം എയ്ഡഡ് മേഖലയിലും 7 എണ്ണം സെല്‍ഫ് ഫിനാന്‍സിങ് മേഖലയിലുമാണ്. സെന്റ് തോമസ് കോളജും ദേവമാതാ കോളജും അരുവിത്തുറ സെന്റ് ജോര്‍ജ് കോളജും നാക് അക്രഡിറ്റേഷനില്‍ ഏറ്റവും ഉയര്‍ന്ന എ പ്ലസ് പ്ലസ് ഗ്രേഡ് നേടി മുന്‍പന്തിയില്‍ നില്‍ക്കുന്നു. സ്ത്രീകള്‍ക്ക് ഉന്നതവിദ്യാഭ്യാസം നല്‍കുന്ന അല്‍ഫോന്‍സാ കോളജും അധ്യാപകപരിശീലനത്തിനായി സ്ഥാപിതമായ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനും മികച്ച നിലവാരം പുലര്‍ത്തുന്നു. സ്വാശ്രയമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാമപുരം മാര്‍ ആഗസ്തീനോസ് കോളജും ചൂണ്ടച്ചേരി എന്‍ജിനീയറിംഗ് കോളജും നാക് അക്രഡിറ്റേഷനില്‍ എ ഗ്രേഡ് നേടിയ സ്ഥാപനങ്ങളാണ്. പാലാ സെന്റ് തോമസ് കോളജും ചൂണ്ടച്ചേരി എന്‍ജിനീയറിംഗ് കോളജും ഓട്ടോണമസ് പദവി കരസ്ഥമാക്കി. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ നഴ്‌സിങ് കോളജും ചൂണ്ടച്ചേരി ഹോട്ടല്‍ മാനേജുമെന്റ് ആന്‍ഡ് കേറ്ററിംഗ് ടെക്‌നോളജി കോളജും തൊഴില്‍ദാനമേഖലയില്‍ മുന്‍പന്തിയിലാണ്.
       നമ്മുടെ ചെറുപ്പക്കാരെ സിവില്‍ സര്‍വീസ് മേഖലയിലേക്കു നയിക്കുന്നതിനായി ആരംഭിച്ച സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് അരുണാപുരത്ത് മികച്ച സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്നു. ഇതിനകം 365 ലധികം പേര്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ ഐ.എ.എസ്., ഐ.പി.എസ്. തുടങ്ങിയ ഉന്നതതസ്തികകളില്‍ എത്തുന്നതിന് സ്ഥാപനം സഹായകമായി. മെഡിക്കല്‍-എന്‍ജിനീയറിംഗ് പരിശീലനത്തിനായി  രൂപതാംഗങ്ങളായ അധ്യാപകശ്രേഷ്ഠര്‍ നടത്തുന്ന ബ്രില്യന്റ് സ്റ്റഡി സെന്ററും പാലായുടെ അഭിമാനമേറ്റുന്നു. അങ്ങനെ, പാലാ ഒരു വിദ്യാഭ്യാസഹബ്ബായി മാറിയിരിക്കുകയാണ്.
       ആധുനികലോകത്തിന്റെ സങ്കീര്‍ണതകളില്‍ കുടുംബങ്ങള്‍ക്കു താങ്ങായി ഫാമിലി അപ്പോസ്തലേറ്റ് രൂപതയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നു. 
      ഷലോം പാസ്റ്ററല്‍ സെന്ററും അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും പരിശീലനപരിപാടികള്‍ക്കും ക്യാമ്പുകള്‍ക്കും ഉത്തമമായ കേന്ദ്രങ്ങളാണ്. കത്തോലിക്കാകോണ്‍ഗ്രസ്, എസ്.എം. വൈ.എം., പിതൃവേദി, മാതൃവേദി, വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി,  ലീജിയന്‍ ഓഫ് മേരി, ഫ്രാന്‍സിസ്‌കന്‍ അല്മായസഭ, ഡി.സി.എം.എസ്., മിഷന്‍ലീഗ്, ജീസസ് യൂത്ത്, കെ.സി.എസ്.എല്‍. തുടങ്ങിയ എല്ലാ കത്തോലിക്കാസംഘടനകളും കുടുംബക്കൂട്ടായ്മകളും രൂപതാംഗങ്ങളുടെ വിശ്വാസജീവിതത്തെ സജീവമാക്കുന്നു. കര്‍ഷകമുന്നേറ്റത്തിനായി ഇന്‍ഫാമും ജീവന്റെ സംരക്ഷണത്തിനായി പ്രോലൈഫ് മൂവ്‌മെന്റും നിരന്തരം പ്രവര്‍ത്തിക്കുന്നു. ലഹരിക്കും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ സാധാരണജീവിതത്തിലേക്കു കൊണ്ടുവരാന്‍ സഹായിക്കുന്ന അഡാര്‍ട്ട് മികച്ച സേവനമാണു സമൂഹത്തിനു നല്കുന്നത്. സാന്ത്വന കൗണ്‍സലിങ് സെന്റര്‍ മാനസികസമ്മര്‍ദങ്ങളില്‍പ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്നു.
       മിഷന്‍പ്രവര്‍ത്തനങ്ങളില്‍ പാലാ രൂപത എന്നും മുന്‍പന്തിയിലാണ്. 1947 ല്‍ ഭരണങ്ങാനത്താരംഭിച്ച ചെറുപുഷ്പ മിഷന്‍ലീഗ് ഏഷ്യയിലെ ഏറ്റവും വലിയ അല്മായസംഘടനയാണ്. മാര്‍ സെബാസ്റ്റ്യന്‍  വയലില്‍ 1968 ല്‍ സ്ഥാപിച്ച മിഷനറി സൊസൈറ്റി ഓഫ് സെന്റ് തോമസ് (എം.എസ്.റ്റി.) വടക്കേ ഇന്ത്യയിലെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമാണ്. വിവിധ സന്ന്യാസസമൂഹങ്ങളിലും മിഷന്‍പ്രദേശങ്ങളിലുമായി രൂപതക്കാരായ 2080 വൈദികരും നാലായിരത്തിലധികം സന്ന്യസ്തരും മിഷന്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. അടുത്തകാലത്ത് അദിലാബാദ്, ഗുജറാത്തിലെ സബര്‍മതി, തക്കല-രാമേശ്വരം എന്നീ മിഷന്‍കേന്ദ്രങ്ങളില്‍ രൂപത നേരിട്ട് മിഷന്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. 1982 മുതല്‍ രൂപത മുഴുവന്റെയും ആത്മീയ ഉണര്‍വിനും നവീകരണത്തിനുമായി ഡിസംബര്‍ മാസത്തില്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ വിജയകരമായി നടത്തിവരുന്നു. വിദേശരാജ്യങ്ങളില്‍ ജോലിക്കും വിദ്യാഭ്യാസത്തിനുമായി പോയ രൂപതാംഗങ്ങളുടെ ആത്മീയോന്നതിക്കും കൂട്ടായ്മയ്ക്കും നേതൃത്വം കൊടുത്തുകൊണ്ടു പ്രവാസി അപ്പോസ്തലേറ്റ് സജീവമായി പ്രവര്‍ത്തിക്കുന്നു.
       പാലാ രൂപത എന്നും ആതുരശുശ്രൂഷാരംഗത്ത് സജീവമാണ്. രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ സ്ലീവാ മെഡിസിറ്റി കുറഞ്ഞ ചെലവില്‍ മികച്ച മെഡിക്കല്‍ സേവനം നല്‍കുന്നു. അലോപ്പതിയോടൊപ്പം ആയുര്‍വേദ, ഹോമിയോ ചികിത്സാസൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. കൂടാതെ, പ്രായമായവര്‍ക്കുള്ള പാലിയേറ്റീവ് കെയറും നല്‍കുന്നു. മികവിന്റെ കേന്ദ്രമായി ഇതു മാറിക്കഴിഞ്ഞു. മുട്ടുചിറ ഹോളി ഗോസ്റ്റ് ആശുപത്രിയും കൊഴുവനാല്‍ ഫാത്തിമ മിഷന്‍ ആശുപത്രിയും വിവിധ സന്ന്യാസസഭകള്‍ നടത്തുന്ന പതിനഞ്ചിലധികം മറ്റ് ആശുപത്രികളും ആതുരശുശ്രൂഷാരംഗത്ത് സഭയുടെ അഭിമാനമാണ്. പാലാ രൂപതയില്‍ പത്ത് അനാഥാലയങ്ങളിലും 54 കെയര്‍ ഹോമുകളിലുമായി രണ്ടായിരത്തിലധികംപേര്‍ക്ക് അഭയം നല്‍കുന്നു.  ഭവനരഹിതര്‍ക്കു വാസസ്ഥലം ഒരുക്കാനായി രൂപത ആരംഭിച്ച ഹോം പാലാ പ്രോജക്ടുവഴി 1200 ലധികം ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കിക്കഴിഞ്ഞു.
       നസ്രാണിപാരമ്പര്യവും ക്രൈസ്തവതാപസചൈതന്യവും വീണ്ടെടുക്കുന്നതിനായി വാഗമണ്‍ മലമുകളില്‍ മൗണ്ട് നെബോ ധ്യാനകേന്ദ്രം പ്രവര്‍ത്തിക്കുന്നു. കാപ്പുംതലയിലെ ബേസ് അപ്രേം നസ്രാണി ദയറാ ആശ്രമജീവിതപശ്ചാത്തലത്തില്‍ സുറിയാനി പൈതൃകവും പഠനവും ഗവേഷണവും നടത്താന്‍ സഹായകമാണ്. പാലാ നഗരത്തില്‍ത്തന്നെ സ്ഥാപിതമായ മാര്‍ സ്ലീവാ മിണ്ടാമഠം താപസചൈതന്യം അതിന്റെ തീവ്രതയില്‍ ജീവിക്കുന്നതിന് ഉപകരിക്കുന്നു. വൈദികപരിശീലനത്തിനായി ഗുഡ് ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരിയും ളാലം പള്ളിക്കു സമീപം പ്രവര്‍ത്തിക്കുന്ന മാര്‍ അപ്രേം സെമിനാരിയും പ്രവര്‍ത്തിക്കുന്നു. അല്മായര്‍ക്ക് ബൈബിള്‍ പഠനത്തിനായി അല്‍ഫോന്‍സിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സയന്‍സസും സിയോണ്‍ ലേ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ബഥാനിയ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സഹായകമാണ്.
       രൂപതയുടെ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി കാര്‍ഷികരംഗത്തെ വെല്ലുവിളികളെ തരണം ചെയ്യുന്നതിനായി മുന്നൂറില്‍പ്പരം കര്‍ഷകക്കൂട്ടായ്മകളും നബാര്‍ഡ് അംഗീകാരമുള്ള 25 ഫാര്‍മേഴ്‌സ് ക്ലബുകളും 11 മൂല്യവര്‍ധിത ഉത്പന്നനിര്‍മാണ യൂണിറ്റുകളും 45 കര്‍ഷകച്ചന്തകളും 7 കര്‍ഷക ഉത്പാദകക്കമ്പനികളും മുണ്ടുപാലത്ത് അഗ്രോ-ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും നടത്തുന്നതിനു നേതൃത്വം നല്‍കുന്നു. കൂടാതെ, കാര്‍ഷികമേളകളും പരിശീലനപരിപാടികളും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണവും വിപണനവും നടത്തുന്നു.
       ദളിത് ക്രൈസ്തവര്‍ ഏറ്റവും അധികമുള്ള രൂപത എന്ന നിലയില്‍ അവരുടെ ഉന്നമനത്തിനായി സ്‌കൂള്‍തലംമുതല്‍ സ്‌പെഷ്യല്‍ കോച്ചിങ് ക്ലാസ്സുകളും അവധിക്കാല ക്യാമ്പുകളും നേതൃത്വപരിശീലനവും ഡിസിഎംഎസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നു. നിയമനങ്ങളിലും അഡ്മിഷനിലും 10 ശതമാനം സംവരണം നല്‍കി അവരെ ചേര്‍ത്തുനിര്‍ത്തുന്നു. അവരുടെ നീതിക്കായുള്ള പ്രക്ഷോഭസമരങ്ങളില്‍ സഭ സജീവനേതൃത്വം നല്‍കുന്നു. സഭാമക്കള്‍ക്കു തൊഴില്‍ ലഭിക്കുന്നതിനും ഋണട അനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിനും പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി പരിശ്രമിക്കുന്നു. ജാഗ്രതാസമിതികള്‍ വഴി മദ്യം, മയക്കുമരുന്ന്, ലഹരി, തീവ്രവാദം മുതലായ ഭീഷണികളില്‍നിന്നു സഭാമക്കളെ ബോധവത്കരണം നടത്തി സംരക്ഷിക്കുന്നു.
         2023 നവംബര്‍ 21 മുതല്‍ 23 വരെ നടത്തിയ എപ്പാര്‍ക്കിയല്‍ അസംബ്ലിയും സഭ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും വിശദമായി ചര്‍ച്ച ചെയ്യുകയും കര്‍മപദ്ധതികള്‍ തയ്യാറാക്കുകയും ചെയ്തു. 2024 ഓഗസ്റ്റ് 22 മുതല്‍ 25 വരെ നടക്കുന്ന സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയും കാലാനുസൃതമായ സഭാജീവിതവും ദൗത്യവും സംബന്ധിച്ചു പഠിച്ചുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കും.
മുദ്രണാലയപ്രേഷിതത്വത്തിലും രൂപത മുന്‍പന്തിയിലാണ്. സെന്റ് തോമസ് പ്രസ് അത്യാധുനികസൗകര്യങ്ങളുള്ള മള്‍ട്ടിക്കളര്‍ ഓഫ്‌സെറ്റ് പ്രസാണ്. ദീപനാളം, സാന്ത്വനപ്രകാശം, കളരി, കുഞ്ഞുമിഷനറി, ശാസ്ത്രപഥം, പാലാദൂത് മുതലായ പ്രസിദ്ധീകരണങ്ങള്‍വഴി രൂപതാമക്കളെ പ്രബുദ്ധരാക്കുന്നതില്‍ രൂപത ശ്രദ്ധിക്കുന്നു. പാലാ കമ്യൂണിക്കേഷന്‍സ് കേരളത്തിന്റെ കലാസാംസ്‌കാരികരംഗത്തു നിറസാന്നിധ്യമാണ്. രൂപത മീഡിയാ കമ്മീഷന്‍ വാര്‍ത്തകള്‍ തത്സമയംതന്നെ അറിയിക്കുന്നതില്‍ ശ്രദ്ധിക്കുന്നു.
       പ്ലാറ്റിനം ജൂബിലിയിലേക്കു പ്രവേശിക്കുന്നതിനു തുടക്കമായി കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹാരങ്ങള്‍ കാണുന്നതിനുമായി സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ എല്ലാ ഭവനങ്ങളും സന്ദര്‍ശിക്കുന്ന ഹോം മിഷന്‍ പരിപാടി ഈയിടെ സംഘടിപ്പിക്കുകയുണ്ടായി. വിവിധ സംഘടനകള്‍ അവയുടെ ജൂബിലിസമ്മേളനങ്ങള്‍ നടത്തി കൂട്ടായ്മയെ ശക്തിപ്പെടുത്തുകയും ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുകയും വിശ്വാസത്തില്‍ ആഴപ്പെടാനും നവസുവിശേഷവത്കരണത്തിലൂടെ ഒരു സിനഡാത്മകസഭയായി വളരാനും പരിശ്രമിക്കുകയും ചെയ്യുന്നു.
       പാലാ രൂപതയ്ക്കു ലഭിച്ച നാലു മെത്രാന്മാരും (മാര്‍ സെബാസ്റ്റ്യന്‍ വയലില്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍) ദൈവത്തിന്റെ കൈയൊപ്പു പതിഞ്ഞവരാണ്. പ്രാര്‍ഥനയും കഠിനാധ്വാനവും ദൈവാശ്രയബോധവും ബുദ്ധിവൈഭവവും വിവേകവും തങ്ങളെ ഭരമേല്പിച്ചിരിക്കുന്ന ദൈവജനത്തോടുള്ള കറയില്ലാത്ത സ്‌നേഹവും ലളിതജീവിതവും ആസൂത്രണസിദ്ധിയും നേതൃപാടവവും വിശ്വാസവുമാണ് അവരെ നയിക്കുന്നത്. അവര്‍ ലാളിത്യത്തിന്റെയും സത്യത്തിന്റെയും കാവല്‍ഭടന്മാരാണ്. ദൈവവിശ്വാസവും പൗരാണികതയും ആത്മവിശ്വാസവുമുള്ള കര്‍ഷകമക്കളാണു രൂപതയുടെ സമ്പത്ത്. ആ വിശ്വാസികളെ ഒറ്റച്ചരടില്‍ കോര്‍ത്തിണക്കി മുന്നേറിയതുവഴി ആഗോളസഭയ്ക്കും കേരളസഭയ്ക്കും സീറോമലബാര്‍സഭയ്ക്കും രാഷ്ട്രത്തിനും മഹത്തായ സംഭാവനകള്‍ നല്‍കാന്‍ പാലാ രൂപതയ്ക്കു സാധിച്ചു.
 
പാലാ രൂപത ഒറ്റനോട്ടത്തില്‍
പാലാ രൂപതയില്‍
വൈദികര്‍ : 489
സിസ്റ്റേഴ്‌സ് : 2500
ഫൊറോനകള്‍ : 17
ഇടവകകള്‍ : 171
കുടുംബങ്ങള്‍ : 71004
വിശ്വാസികള്‍ : 3.16 ലക്ഷം
വിവിധ രൂപതകളില്‍
ബിഷപ്പുമാര്‍ : 30
വൈദികര്‍ : 2700
കന്യാസ്ത്രീകള്‍ : 12000
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)