മുട്ടിലിഴഞ്ഞു നടന്ന കാലം
മണ്ണപ്പം ചുട്ടു കളിച്ച കാലം
മുട്ടോളമെത്തുന്ന കൊച്ചുമുണ്ടാല്
നാണം മറച്ചു നടന്നകാലം.
ശൈശവകാലം മധുരമല്ലോ
ബാല്യം മധുരതരവുമല്ലോ
കൗമാരകാലത്തടക്കിവച്ച
മോഹം മുളപൊട്ടും യൗവനത്തില്‍.
കാലങ്ങള്‍ മായ്ക്കുന്ന കോലങ്ങളില്‍
അര്ധവാര്ധക്യം കടന്നുകൂടി
ത്വക്കിന് ചുളിവും നരച്ച മുടീം
കൃത്രിമമായി മറച്ചുവച്ചു.
മക്കളായി, പിന്നെ പേരമക്കള്‍
ഒക്കെയും ചാരത്തു വന്നണഞ്ഞു
പൊയ്പ്പോയ കാലത്തിന്നോര്‍മകളും
വന്നോരോ അണുവിലും കൂടെയെത്തി.
ഊന്നുവടിയുടെ കാലമായി
ദേഹം തരിച്ചു വിറച്ചുനിന്നു
തന്നെയും പിന്നെയും ഒന്നുതന്നെ,
ചൊല്ലിപ്പറച്ചിലും ശീലമായി.
ശൈശവം പിന്നിട്ട നാള്‍വഴികള്‍
വീണ്ടും സ്മരണയിലൂളിയിട്ടു
കാലചക്രത്തിന് കറക്കത്തിലാ
ശൈശവകാലം തിരികെയെത്തി.