സാമ്പത്തികവും സാമൂഹികവുമായ സുപ്രധാനതീരുമാനങ്ങള്‍ക്കൊപ്പം ബജറ്റില്‍ ചരിത്രപരമായ ചില നടപടികളുമുണ്ടാകു മെന്ന് ജൂണ്‍ 27 ന് പതിനെട്ടാം ലോകസഭയുടെ ആദ്യസമ്മേളനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞിരുന്നെങ്കിലും, ചരിത്രപരം എന്നു വിശേഷിപ്പിക്കാന്‍ യാതൊന്നുമില്ലാതെ മൂന്നാം മോദിസര്‍ക്കാരിന്റെ ആദ്യബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ലോകസഭാ തിരഞ്ഞെടുപ്പിനുമുമ്പ് ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് ആത്മബലം നല്‍കിയെങ്കില്‍, അധികാരക്കസേര ഉറപ്പിക്കാനുള്ള പ്രീണനതന്ത്രങ്ങളിലാണ് ഇക്കുറി ബജറ്റ് ശ്രദ്ധയൂന്നിയതെന്നു വ്യക്തം. ബീഹാറിനും ആന്ധ്രപ്രദേശിനും കൈനിറയെ പദ്ധതികള്‍ പ്രഖ്യാപിച്ച ബജറ്റിനെ ബീഹാര്‍-ആന്ധ്ര ബജറ്റെന്നോ നിതീഷ് - നായിഡു ബജറ്റെന്നോ വിശേഷിപ്പിച്ചാല്‍ തെറ്റുപറയാനാവില്ല.
ബീഹാറിന് 26,000 കോടിയുടെ റോഡുപദ്ധതികളാണ് ബജറ്റില്‍ വിഭാവനം ചെയ്തിരിക്കുന്നത്. പ്രളയപരിഹാരത്തിന് 11,500 കോടിയാണ് വകകൊള്ളിച്ചിട്ടുള്ളത്. ഊര്‍ജനിലയംപദ്ധതിക്ക് 21,400 കോടിയും. വിമാനത്താവളങ്ങള്‍, മെഡിക്കല്‍ കോളജുകള്‍, ടൂറിസം തുടങ്ങിയവയും ബീഹാറിന്റെ സ്വപ്നപദ്ധതികളായി ബജറ്റിലുണ്ട്. ആന്ധ്രപ്രദേശിന്റെ തലസ്ഥാനത്തിനുവേണ്ടിമാത്രം 15,000 കോടി, പിന്നാക്കമേഖലയുടെ പേരില്‍ വേറൊരു 15,000 കോടി എന്നിങ്ങനെ പോകുന്നു രാഷ്ട്രീയപാരിതോഷികങ്ങള്‍. ദക്ഷിണേന്ത്യയില്‍ ആന്ധ്രപ്രദേശിനുമാത്രമാണ് കാര്യമായ എന്തെങ്കിലും സഹായമുള്ളത്. ഒഡീഷയുടെ ഭരണം ബിജെപിക്ക് ആദ്യമായി നല്‍കിയതിനു പ്രത്യുപകാരം എന്ന നിലയിലാവും വിനോദസഞ്ചാരവികസനത്തിനും മറ്റുമായി ആ സംസ്ഥാനത്തിനും തരക്കേടില്ലാത്ത പദ്ധതിസഹായങ്ങളുണ്ട്.
അതേസമയം, കൃഷി, തൊഴില്‍-നൈപുണ്യവികസനം, മാനവവിഭവശേഷിയും സാമൂഹികനീതിയും, ഊര്‍ജസുരക്ഷ, നിര്‍മാണവും സേവനവും, ഗവേഷണവും വികസനവും എന്നിങ്ങനെ ഒമ്പതു മുന്‍ഗണനാമേഖലകള്‍ക്കു ബജറ്റ് ഊന്നല്‍ നല്‍കിയിട്ടുണ്ട്. അതില്‍ പ്രധാനം കൃഷിയും തൊഴിലുമാണ്. കൃഷിക്കും അനുബന്ധമേഖലകള്‍ക്കുമായി 1.52 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നാലു കോടി യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്നു പറഞ്ഞ ധനമന്ത്രി രാജ്യത്തെ ഗ്രസിച്ചിരുന്ന തൊഴിലില്ലായ്മയെ അഭിസംബോധന ചെയ്യാന്‍ തയ്യാറായി എന്നത് സ്വാഗതാര്‍ഹം. നൈപുണ്യനയവികസനത്തിന് അഞ്ചുവര്‍ഷത്തേക്ക് രണ്ടു ലക്ഷം കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ഏറ്റവും മികച്ച 500 കമ്പനികളിലായി അഞ്ചുവര്‍ഷംകൊണ്ട് ഒരു കോടി ചെറുപ്പക്കാര്‍ക്ക് ഇന്റേണ്‍ഷിപ്പ് ഒരുക്കുന്ന പദ്ധതിയും മറ്റുമൊക്കെ സ്വപ്നപദ്ധതികള്‍ എന്നതിനപ്പുറം, സ്വകാര്യമേഖലകള്‍ ഇത്രയധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സന്നദ്ധമാകുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.
ആയിരം വ്യവസായപരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും പത്തുലക്ഷം രൂപ വരെ വിദ്യാഭ്യാസവായ്പാസഹായം ലഭ്യമാക്കുമെന്നും ബജറ്റിലുണ്ട്. വനിതാശക്തീകരണപദ്ധതികള്‍ക്ക് മൂന്നു ലക്ഷം കോടിയാണു പ്രഖ്യാപിച്ചിരിക്കുന്നത്. ആധ്യാത്മികടൂറിസത്തെ പ്രോത്സാഹിപ്പിക്കാനായി ഗയയിലെ വിഷ്ണുപദ് ക്ഷേത്ര ഇടനാഴി, ബോധ്ഗയയിലെ മഹാബോധിക്ഷേത്രം, യു.പി. വാരാണസിയിലെ കാശി വിശ്വനാഥക്ഷേത്ര ഇടനാഴി തുടങ്ങിയവയുടെ വികസനത്തിന് ബജറ്റില്‍ ഇടംകണ്ടെത്തിയിട്ടുണ്ടെങ്കിലും ഹിന്ദുപ്രീണനമെന്ന ആരോപണത്തിനു വഴിവയ്ക്കുന്നതാണത്.
ഭവനവായ്പ അടക്കമുള്ള ബാധ്യതകളില്ലാത്ത ഇടത്തരം വരുമാനക്കാര്‍ക്ക് പുതിയ ആദായനികുതിയിലെ ഇളവുകള്‍ ഗുണം ചെയ്‌തേക്കാം. സ്വര്‍ണത്തിനും മൊബൈല്‍ ഫോണുകള്‍ക്കും നികുതി കുറയ്ക്കുന്നതും ചില കാന്‍സര്‍ മരുന്നുകള്‍ക്കു വില കുറയുന്നതും ആശ്വാസകരം. പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമീണപാര്‍പ്പിടപദ്ധതി, പുരപ്പുറ സൗരോര്‍ജപദ്ധതി തുടങ്ങിയവയെല്ലാം ഈ ബജറ്റിലും തുടരുന്നുണ്ട്.
തിരഞ്ഞെടുപ്പിലും സര്‍ക്കാര്‍ രൂപീകരണത്തിലും എന്‍ഡിഎ മുന്നണിയെ പിന്തുണച്ചവരെയും അല്ലാത്തവരെയും എന്ന നിലയില്‍ സംസ്ഥാനങ്ങളെ വേര്‍തിരിച്ചു കണ്ടതാണ് ബജറ്റിന്റെ പ്രധാന ന്യൂനത. കേരളത്തില്‍ ബിജെപി ലോകസഭയിലേക്ക് അക്കൗണ്ട് തുറന്നിട്ടും ബജറ്റില്‍ കേരളത്തിന്റെ അക്കൗണ്ട് തുറന്നില്ലായെന്നത് പ്രതിഷേധാര്‍ഹമാണ്. ചരിത്രത്തിലാദ്യമായി കേരളത്തില്‍നിന്ന് ലോകസഭയിലേക്ക് ഒരു എം.പി. എത്തിയിട്ടും, രണ്ടു കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടുപോലും അതിന്റെയൊന്നും സ്വാധീനം ബജറ്റില്‍ പ്രതിഫലിച്ചില്ല. പല സംസ്ഥാനങ്ങളിലും തീര്‍ഥാടകടൂറിസത്തിനു ബജറ്റില്‍ വന്‍പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോഴും വിവിധമതസ്ഥരുടെ വലിയ തീര്‍ഥാടനകേന്ദ്രങ്ങള്‍ അധികമുള്ള കേരളത്തെ പാടേ തഴഞ്ഞിരിക്കുകയാണ്.
വിഴിഞ്ഞം രാജ്യാന്തരതുറമുഖത്തിന്റെ വരവോടെ പ്രകൃതിവാതകകയറ്റുമതി ലക്ഷ്യമിട്ട് കേരളത്തില്‍ മുതല്‍മുടക്കാന്‍ ഒട്ടേറെ കമ്പനികള്‍ രംഗത്തെത്തിക്കൊണ്ടിരിക്കേ, ആ മേഖലയിലും കേരളത്തിനു ഗുണകരമായ പ്രഖ്യാപനങ്ങളില്ല. വിഴിഞ്ഞം തുറമുഖപദ്ധതിക്ക് 5000 കോടിയുടെ പ്രത്യേക പാക്കേജ് വേണമെന്ന കേരളത്തിന്റെ ആവശ്യം കൂട്ടാക്കിയില്ല.
ആരോഗ്യസംവിധാനം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കേരളം ഏറെക്കാലമായി ആവശ്യപ്പെടുന്ന എയിംസ് അനുവദിച്ചില്ലെന്നതും സംസ്ഥാനത്തിനു മൊത്തമായുള്ള സങ്കടമാണ്. എയിംസ് സ്ഥാപിക്കാന്‍ ഭൂമിയും മറ്റും കണ്ടെത്തി നല്കുകയും ഇതു സംബന്ധമായ ഫയലും ഇതരനടപടികളും സംസ്ഥാനം കേന്ദ്ര ആരോഗ്യ, ധനമന്ത്രാലയങ്ങള്‍ക്കു കൈമാറുകയും ചെയ്തിട്ടും ഫലം ശൂന്യം.
ബീഹാറിനും ആന്ധ്രയ്ക്കും വാരിക്കോരിക്കൊടുത്ത ബജറ്റില്‍ കേരളം എന്ന വാക്ക് ഉച്ചരിക്കാന്‍പോലും ധനമന്ത്രി തയ്യാറാകാതിരുന്നതില്‍ ഓരോ കേരളീയനും പ്രതിഷേധിച്ചേ മതിയാവൂ. ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ അവസരം നല്കിയാല്‍ കേരളത്തിന് അതിശയകരമായ മാറ്റങ്ങളുണ്ടാകുമെന്നു പ്രചരിപ്പിച്ച നേതാക്കളൊക്കെ മാളത്തിനുള്ളിലാണ്.
വികസനം എല്ലാവര്‍ക്കുമെന്ന 'സബ്കാ സാത്, സബ്കാ വികാസ്' മുദ്രാവാക്യത്തിനു പകരം 'ഞങ്ങളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും' എന്ന തരത്തിലുള്ള പൊള്ളയായ രാഷ്ട്രീയകുതന്ത്രങ്ങളാല്‍ മെനയപ്പെട്ട ബജറ്റായി മാറി മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യബജറ്റ്. രാജ്യത്തിന്റെ നികുതിപ്പണം രാഷ്ട്രീയലക്ഷ്യങ്ങളോടെ ഇഷ്ടക്കാര്‍ക്കുമാത്രം വിതരണം ചെയ്യുന്ന ബജറ്റില്‍ ഫെഡറലിസവും ജനാധിപത്യമര്യാദയുമാണു കശാപ്പു ചെയ്യപ്പെട്ടത്. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതവിഭജനത്തില്‍ കടുത്ത പക്ഷപാതം കാണിച്ച ബജറ്റിന്, രാജ്യത്തെയാകെ അഭിസംബോധന ചെയ്യുന്ന സമഗ്രനയരേഖയാകാന്‍ കഴിഞ്ഞോ എന്ന ചോദ്യം ബാക്കി നില്ക്കുന്നു.