•  1 Aug 2024
  •  ദീപം 57
  •  നാളം 21
ലേഖനം

മലിനകേരളം സൃഷ്ടിക്കുന്നതാര്?

കേരളസംസ്ഥാനം ഭരിക്കുന്നവരുടെ മൂക്കിനുതാഴെ ഒരു അഴുക്കുചാലില്‍ 47 വയസ്സുകാരനായ പാവപ്പെട്ട ഒരു ശുചീകരണത്തൊഴിലാളി ജോലിക്കിടെ കുടുങ്ങിപ്പോകുന്നു. അത്രയുംകാലം ആമയുടെ ഇഴച്ചിലിനെപ്പോലും നാണിപ്പിക്കുന്ന ആലസ്യത്തോടെ നീങ്ങിയിരുന്ന ഈ വന്‍നഗരത്തിലെ അഴുക്കുനീക്കല്‍പ്രവൃത്തികള്‍ക്കു പെട്ടെന്ന് ജീവന്‍വയ്ക്കുന്നു.  ആമയിഴഞ്ചാന്‍തോട് എന്ന ഈ കനാലിലേക്ക് നിരവധി രക്ഷാ ഏജന്‍സികള്‍ പാഞ്ഞെത്തുന്നു. പക്ഷേ, 46 മണിക്കൂറുകള്‍ക്കുശേഷം കിട്ടിയത് ജോയി എന്ന കരാര്‍ത്തൊഴിലാളിയുടെ ചേതനയറ്റ ശരീരം. നെയ്യാറ്റിന്‍കരയിലെ ഹതഭാഗ്യയായ ഒരമ്മയുടെ ഏക ആനന്ദമായിരുന്നു അയാള്‍.

ദക്ഷിണ റയില്‍വേയുടെ പ്രധാനഭരണകേന്ദ്രങ്ങളിലൊന്നായ തിരുവനന്തപുരം ഡിവിഷന്റെ ഏറ്റവുമടുത്ത പരിധിയില്‍, സെന്‍ട്രല്‍ റയില്‍വേസ്റ്റേഷനോടു ചേര്‍ന്ന് പാളങ്ങളുടെ അടിയിലൂടെ ഒഴുകുന്ന തോടിന് ഈയൊരു പേരുവന്നത് ചരിത്രത്തിന്റെ കറുത്ത നിയമത്തിനാലാകാം. തീവണ്ടിപ്പാതകളോടു ചേര്‍ന്നുവരുന്ന ഭൂമിയുടെ അധികാരി ഇന്ത്യന്‍ റയില്‍വേയാണ്. സ്വാഭാവികമായും അഴുക്കുചാലിന്റെ പ്രസ്തുത ഖണ്ഡവും അതിന്റെ സുസ്ഥിതിപാലനവും അവരുടെ ചുമതലതന്നെ. പക്ഷേ, തോട് റെയില്‍വേപരിധിയില്‍ ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. നഗരത്തിന്റെ മറ്റു മേഖലകളിലൂടെയും ഒഴുകുന്ന തോടിന്റെ കാര്യത്തില്‍ മൊത്തത്തിലുള്ള ഉത്തരവാദിത്വം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമുണ്ട്. അതിനാല്‍ത്തന്നെ പരസ്പരം പഴിചാരല്‍ എളുപ്പമാകും.
തങ്ങളുടെ ഭരണ - പരിപാലനപരിധിയിലെ തോടു വൃത്തിയാക്കാന്‍ റയില്‍വേ ഏര്‍പ്പാടാക്കിയ സ്വകാര്യ ശുചീകരണ ഏജന്‍സി നിയോഗിച്ച തൊഴിലാളിയായിരുന്നു ജോയി. തീര്‍ത്തും വൃത്തിഹീനമായ ആ പരിസരത്തില്‍, അപകടകരമായ സാഹചര്യത്തില്‍ ജോലിയെടുക്കുന്നതിനു വാഗ്ദാനം ചെയ്യപ്പെട്ട നിസ്സാരമായ അധികകൂലിയാകാം ആ പാവപ്പെട്ട മനുഷ്യനെ അതിനു പ്രേരിപ്പിച്ചത്. ഏറെക്കാലമായി കേരളത്തില്‍ നാം കേരളീയര്‍ ചെയ്യാത്ത, പണ്ടു തമിഴനെയും ഇന്ന് ഹിന്ദിക്കാരനെയും ബംഗാളിയെയും ഏല്പിക്കുന്ന പണി. അത് ജോയി ഏറ്റെടുത്തതു തന്റെ ജീവിതസാഹചര്യങ്ങളുടെ നിസ്സഹായാവസ്ഥകൊണ്ടുതന്നെയാകണം. അങ്ങനെയുള്ള ഒരു നിസ്സഹായപൗരന്റെ ജീവന്, മെച്ചപ്പെട്ട ജീവിതം നയിക്കുന്ന ഭരണാധികാരികളും ഉദ്യോഗസ്ഥരും കരാറുകാരും കാര്യമായ വില കല്പിക്കുന്നില്ല എന്ന കാര്യം വ്യക്തമാണ്.
എന്നാല്‍, ആ ഒരുകൂട്ടം ആളുകള്‍മാത്രമാണോ കുറ്റവാളികള്‍? കുറച്ചുകാലംമുമ്പ് എറണാകുളം ജില്ലയില്‍ ബ്രഹ്‌മപുരം മാലിന്യസംസ്‌കരണപ്ലാന്റില്‍ തീപ്പിടിത്തമുണ്ടായപ്പോഴും ഉന്നയിച്ച ചോദ്യം. 
1989 മുതല്‍ എനിക്കു സുപരിചിതമാണ് തിരുവനന്തപുരം നഗരവും ചുറ്റുപാടുകളും. മിക്കവാറും സന്ദര്‍ശനങ്ങളില്‍ തമ്പാനൂരില്‍ ട്രെയിനോ ബസോ ഇറങ്ങി കിഴക്കേക്കോട്ടയിലെ സിറ്റി ബസ്സ്റ്റാന്‍ഡിലേക്കു നടക്കുമ്പോള്‍ ആമയിഴഞ്ചാന്‍തോട് കണ്ണില്‍പ്പെടാറുണ്ട് - കാരണം, അതിലെ ഭീഷണമായ മാലിന്യക്കൂമ്പാരംതന്നെ. എറണാകുളത്ത് ഇങ്ങനെ ശ്രദ്ധിക്കപ്പെട്ടിരുന്ന സ്ഥലം കോര്‍പ്പറേഷന്‍ ആസ്ഥാനത്തിനു തൊട്ടുവടക്കുള്ള മാലിന്യശേഖരണമൈതാനമായി
രുന്നു. അതിലൂടെയാണ് ആലുവാപ്പുഴയില്‍നിന്നെടുത്തു ശുദ്ധീകരിച്ച കുടിവെള്ളം വലിയ കുഴലുകളിലൂടെ കടന്നുപോകുന്നത്. വെള്ളം പ്രവഹിക്കാത്ത വേളകളില്‍ 'മാലിന്യസത്ത്' കുഴലുകളിലേക്ക് ഊര്‍ന്നിറങ്ങുന്നതു പേടിപ്പെടുത്തുന്ന കാഴ്ചയായിരുന്നു. ഈ മാലിന്യശാല പിന്നീട് ബ്രഹ്‌മപുരത്തേക്കു മാറി.
തിരുവനന്തപുരം ദുരന്തത്തില്‍ നാം റയില്‍വേയെയും കോര്‍പ്പറേഷനെയും സര്‍ക്കാരിനെയും വേണ്ടതിലധികം കുറ്റപ്പെടുത്തിക്കഴിഞ്ഞു; അത് ആവശ്യവുമാണ്. നിലവിലുള്ള ശുചീകരണസംവിധാനങ്ങളെ യഥാസമയം കാര്യക്ഷമമായി പ്രവര്‍ത്തിപ്പിച്ച് നാടും പരിസരങ്ങളും വൃത്തിയായി, ആരോഗ്യകരമായി, സുരക്ഷിതമായി സൂക്ഷിക്കുന്നതില്‍ ഇവര്‍ എല്ലാവരും പരാജയപ്പെട്ടു എന്നതില്‍ തര്‍ക്കമില്ല. പക്ഷേ, അതില്‍ തീരുമോ പ്രശ്‌നങ്ങള്‍?
ഒരിക്കലുമില്ല. ഒരു നാടിന്റെ ശുചിത്വവും സുരക്ഷിതത്വവും കാര്യക്ഷമതയും ഒരു സാംസ്‌കാരികവിഷയമാണ്. ഏതാണ്ട് 25 വര്‍ഷംമുമ്പ് രണ്ട് ഐറിഷ് പൗരന്മാരുമായി  അങ്കമാലിയില്‍നിന്ന് ഇടപ്പള്ളിയിലെ വിന്‍സെന്‍ഷ്യന്‍സഭയുടെ ആസ്ഥാനത്തേക്കു യാത്ര ചെയ്യേണ്ടിവന്നപ്പോളുണ്ടായ ചെറിയൊരു സംഭവം ഞാന്‍ എപ്പോഴും ഓര്‍ക്കും. പീറ്റര്‍ മഗ്ഗിനാസ് എന്ന പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും സുഹൃത്ത് ജോവാന്‍ ഗല്ലഗറുമായിരുന്നു അവര്‍. ജൊവാന്‍ എനിക്കൊരു ചോക്കലേറ്റ് തന്നിരുന്നു. അതു തിന്നശേഷം കവര്‍ ഞാന്‍ വിന്‍സെന്‍ഷ്യന്‍ ജനറലേറ്റിനു മുന്നിലെ പൂന്തോട്ടത്തിലെ ഒരു ചട്ടിയിലിട്ടു. പെട്ടെന്നു ഞെട്ടിയ മധ്യവയസ്‌കയായ ആ സ്ത്രീ അതു കൈയിലെടുത്ത്, അത്തരം വസ്തുക്കള്‍ ശേഖരിക്കാനുള്ള കുട്ട തേടി നടപ്പായി! 
പിന്നീട് മടക്കയാത്രയില്‍ ഞാനൊരു ക്ഷമാപണത്തോടെ നടത്തിയ ദീര്‍ഘസംഭാഷണത്തില്‍നിന്നാണ് യൂറോപ്പിലെ പൗരന്മാര്‍ക്ക് ശൈശവം മുതലേ ലഭിക്കുന്ന ശുചിത്വബോധത്തെക്കുറിച്ചും നിയമസാക്ഷരതയെക്കുറിച്ചും നല്ല പെരുമാറ്റശീലങ്ങളെക്കുറിച്ചും ഞാന്‍ മനസ്സിലാക്കുന്നത്. കേരളത്തിലെ മികച്ച ഒരു ശാസ്ത്ര - സാങ്കേതിക സര്‍വകലാശാലയില്‍ പഠിച്ച, പ്ലാസ്റ്റിക് വ്യവസായത്തെക്കുറിച്ചു സര്‍ക്കാരിനുവേണ്ടി ആദ്യമായി ഒരു പാഠപുസ്തകം എഴുതിയ എന്നെ അവര്‍ അന്നത്തെ ആ പ്രവൃത്തിയെപ്രതി കുറ്റപ്പെടുത്തി. 
വാസ്തവത്തില്‍, എന്തും ഉപയോഗിച്ചശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന നമ്മുടെ സംസ്‌കാരമല്ലേ ആമയിഴഞ്ചാന്‍തോടിനെ ജോയിയുടെ മരണക്കെണിയാക്കി മാറ്റിയത്? ഈ സംസ്‌കാരത്തോടൊപ്പം അനിയന്ത്രിതമായ പ്ലാസ്റ്റിക് ഉപയോഗംകൂടിയായപ്പോള്‍ നമ്മുടെ അഴുക്കുചാലുകളും ജലാശയങ്ങളും കടലുകളും മലഞ്ചെരിവുകളും, എന്തിന് കൃഷിഭൂമിപോലും മരണക്കെണികളായി മാറുകയാണ്. ആമയിഴഞ്ചാന്‍തോട്ടില്‍ തീവണ്ടിപ്പാതയുടെ അടിയിലെ ഭാഗത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാലാകാലങ്ങളായി അടിഞ്ഞുകൂടി പാറപോലെ കട്ടിപിടിച്ചിരുന്നുവെന്നാണ് അവിടെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ സ്‌കൂബാ ഡ്രൈവര്‍മാരില്‍ ഒരാളുടെ പിതാവായ എന്റെ സുഹൃത്തു പറഞ്ഞത്!
മാലിന്യശേഖരണത്തിന് 
'ഹരിതകര്‍മസേന' എന്നൊരു പരിപാടി കുറച്ചുവര്‍ഷങ്ങളായി സര്‍ക്കാര്‍ നടത്തുന്നുണ്ടെങ്കിലും അതു വേണ്ടത്ര കാര്യക്ഷമമല്ല. അതിനായി ഒരു നിര്‍ബന്ധിതഫീസു നിശ്ചയിച്ചതും മാലിന്യങ്ങള്‍ യഥാസമയം സംസ്‌കരണകേന്ദ്രങ്ങളില്‍ എത്തിക്കാന്‍ കഴിയാത്തതും ഒക്കെ പ്രശ്‌നങ്ങളാണ്. സര്‍വോപരി, ഒരു കടയില്‍ ചെന്ന് ഒരു പായ്ക്കറ്റ് പാലോ ബിസ്‌കറ്റോ ഒരു കിലോഗ്രാം അരിയോ കുറച്ചു പച്ചക്കറികളോ വാങ്ങിയിട്ട് ക്യാരിബാഗ് ചോദിച്ചുവാങ്ങുന്ന നമ്മുടെ ശീലം മാറ്റിയെടുക്കണം. മുതിര്‍ന്ന തലമുറയില്‍ അതു കാര്യമായി നടക്കുമെന്നു തോന്നുന്നില്ല. പക്ഷേ, നമ്മുടെ കുട്ടികളെ സ്‌കൂളില്‍ നഴ്‌സറിക്ലാസുകള്‍മുതല്‍ വലിയ വലിയ കാര്യങ്ങള്‍ പഠിപ്പിച്ച് ഭാവിയിലെ പ്രൊഫഷണലുകളും ഉദ്യോഗസ്ഥരും ബിസ്സിനസുകാരും ഒക്കെയാക്കി മാറ്റാന്‍ വെമ്പുന്നതിനൊപ്പം പരിസരശുചിത്വം, നിയമപരിപാലനം, റോഡ് മര്യാദകള്‍, അച്ചടക്കം, സാമൂഹികമര്യാദകള്‍ എന്നിവകൂടി പഠിപ്പിച്ചില്ലെങ്കില്‍ നാട് ഇനിയും ഇങ്ങനെ ചീഞ്ഞുനാറുകയും റോഡുകള്‍ കുരുതിക്കളങ്ങളാകുകയും ഓടകള്‍ ജോയിമാരുടെ മരണക്കെണികളായി മാറുകയും ചെയ്യും.

Login log record inserted successfully!