•  1 Aug 2024
  •  ദീപം 57
  •  നാളം 21
ലേഖനം

സ്‌നേഹത്തിന്റെ സുവിശേഷകാവ്യം

''ക്രിസ്തുവിന്റെ സ്‌നേഹത്തില്‍നിന്ന് ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?'' (റോമാ. 8:35). ഈ വചനത്തിന്റെ ഉള്‍പ്പൊരുള്‍ തിരിച്ചറിഞ്ഞ് ജീവിതത്തെ ഒരു  സ്‌നേഹബലി യാക്കി സമര്‍പ്പിച്ച സുകൃതിനി. ക്രിസ്തുവിന്റെ സഹനവഴികളെക്കുറിച്ചു ധ്യാനിച്ച് കുരിശിന്റെ വഴിയേ നടന്ന് വിശുദ്ധിയുടെ പൊന്‍കിരീടമണിഞ്ഞ  ഭാരതത്തിന്റെ പുണ്യപുഷ്പം-വി. അല്‍ഫോന്‍സാമ്മ.
സഹനങ്ങളുടെ നെരിപ്പോടില്‍ വെന്തുരുകിയപ്പോഴും സ്‌നേഹത്തിന്റെ സുവിശേഷം അക്ഷരാര്‍ഥത്തില്‍ ജീവിച്ചവളാണ് അല്‍ഫോന്‍സാമ്മ. വേദനകളുടെ ആധിക്യത്താല്‍ ഉറങ്ങാന്‍പോലും സാധിക്കാത്ത രാത്രികളെ ഉണര്‍ന്നിരുന്ന് സ്‌നേഹപ്രകരണം ചെയ്യുന്ന രാത്രികളാക്കി അല്‍ഫോന്‍സാമ്മ മാറ്റി. ഒരിക്കല്‍ ചങ്ങനാശേരി മെത്രാന്‍ മാര്‍ ജെയിംസ് കാളാശേരി അല്‍ഫോന്‍സാമ്മയോടു ചോദിച്ചു: ''നീ രാത്രിയില്‍ ഉറക്കമില്ലാതെ എന്തു ചെയ്യുകയാണ്?'' അല്‍ഫോന്‍സാമ്മ പറഞ്ഞു: ''ഞാന്‍ സ്‌നേഹിക്കുകയാണ്.'' അവളുടെ ഹൃദയത്തില്‍ കത്തിജ്ജ്വലിച്ചിരുന്ന ദൈവസ്‌നേഹാഗ്നിയുടെ വെളിപ്പെടുത്തലായിരുന്നു അത്. ആത്മമണവാളനോടുള്ള സ്‌നേഹാതിരേകംമൂലം തന്റെ സഹനവഴികളെയെല്ലാം അല്‍ഫോന്‍സാമ്മ മാധുര്യപൂര്‍ണമാക്കി മാറ്റി. 
സഹനങ്ങളെ സന്തോഷപൂര്‍വം സ്വാഗതം ചെയ്ത് പുണ്യവതി പറയുകയുണ്ടായി: ''ഞാനിപ്പോള്‍ കുരിശിലാണു കിടക്കുന്നത്. കുരിശില്‍ കിടന്നപ്പോള്‍ കര്‍ത്താവിനു കാലും കൈയും അനക്കാനോ  തിരിഞ്ഞുകിടക്കാനോ കഴിഞ്ഞില്ലല്ലോ. കര്‍ത്താവു തരുന്ന കാസയില്‍നിന്നു മട്ടോടെ വലിച്ചുകുടിക്കണം. ഇനിയും എത്രവേണമെങ്കിലും സഹിക്കാന്‍ ഞാനൊരുക്കമാണ്. കര്‍ത്താവല്ലേ എന്റെ കൂടെയുള്ളത്. കര്‍ത്താവിന്റെ കരുണയ്ക്കു ഞാനെന്തു ചെയ്താല്‍ മതിയാകും? ഒന്നുമാത്രമേ ആവശ്യമുള്ളൂ-സ്‌നേഹം. സ്‌നേഹമാണ് സര്‍വോത്കൃഷ്ടം.''
''സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടി ഇരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും'' (വി. യോഹ. 12:24). ഈ തിരുവചനത്തെ സ്വന്തം ജീവിതംകൊണ്ടു വ്യാഖ്യാനിച്ചു അല്‍ഫോന്‍സാമ്മ. ''ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സര്‍വവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു'' (റോമ 8:28) എന്ന സത്യം ഹൃദയത്തില്‍ സൂക്ഷിച്ച് ജീവിതക്ലേശങ്ങളെയെല്ലാം അല്‍ഫോന്‍സാമ്മ സ്‌നേഹപൂര്‍വം ആശ്ലേഷിച്ചു.
ദൈവത്തെയും മനുഷ്യരെയും നിഷ്‌കളങ്കതയോടെ സ്‌നേഹിച്ച അല്‍ഫോന്‍സാമ്മയുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു: ''എനിക്കുള്ളതു സ്‌നേഹപ്രകൃതമാണ്. എന്റെ ഹൃദയം മുഴുവനും സ്‌നേഹമാണെന്നു തോന്നുന്നു. ആരെയും വെറുക്കാന്‍ എനിക്കു സാധിക്കുകയില്ല.'' സഹനത്തെ ദൈവത്തിന്റെ സ്‌നേഹസമ്മാനമായി സ്വീകരിച്ച അല്‍ഫോന്‍സാമ്മ സഹനം ലഭിക്കാത്ത ദിനങ്ങളില്‍ 'കര്‍ത്താവ് എന്നെ മറന്നുപോയോ, അവിടുന്ന് എന്നെ സ്‌നേഹിക്കുന്നില്ലേ' എന്ന ശിശുസഹജമായ പരിഭവം പ്രകടിപ്പിച്ചിരുന്നു. സ്‌നേഹമുള്ളിടത്ത് സഹനം ഭാരമല്ല; മറിച്ച്, അതു ദൈവകൃപയുടെ ചാനലാണ് എന്ന് അല്‍ഫോന്‍സാമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
ദൈവസ്‌നേഹത്തിന്റെ കനക രശ്മികള്‍ ജീവിതത്തില്‍ പ്രതിഫലി പ്പിച്ചുകൊണ്ട് എല്ലാ സുകൃതങ്ങളുടെയും വിളനിലമായി അല്‍ഫോന്‍സാമ്മയുടെ ജീവിതം പ്രശോഭിച്ചു. ആ വിശുദ്ധസാക്ഷ്യം മലമേല്‍ പണിതീര്‍ത്ത പട്ടണംപോലെ, പീഠത്തിന്മേല്‍ ഉയര്‍ത്തിയ ദീപംപോലെ നമുക്കെന്നും പ്രചോദനവും ദിശാബോധവും നല്‍കട്ടെ.

 

Login log record inserted successfully!