•  1 Aug 2024
  •  ദീപം 57
  •  നാളം 21
ലേഖനം

പരിമളം പരത്തുന്ന നൊമ്പരത്തിപ്പൂവ്

ചെമ്പരത്തിയില്‍ വിരിയുന്നതു ചെമ്പരത്തിപ്പൂവ്; നൊമ്പരത്തില്‍ വിരിയുന്നതു നൊമ്പരത്തിപ്പൂവ്! അങ്ങനെ വിരിഞ്ഞ ഒരു നൊമ്പരത്തിപ്പൂവാണ് വി. അല്‍ഫോന്‍സാമ്മ. വീണപൂവിനെ നോക്കിക്കൊണ്ട് ആശാന്‍ പാടി:
കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോള്‍ എന്നാല്‍, ഈ നൊമ്പരത്തിപ്പൂവ്, മറ്റേതൊരു പൂവും
പോലെ കരിഞ്ഞലിഞ്ഞു മണ്ണാ യെങ്കിലും അതു വീണ്ടും വിരിഞ്ഞു; മണ്ണിലല്ല, വിണ്ണില്‍.
ഈ നൊമ്പരത്തിപ്പൂവ് വിരിഞ്ഞതെങ്ങനെയെന്ന് അല്‍ഫോന്‍സാമ്മയുടെ ആത്മീയഗുരുവായിരുന്ന ബഹു. റോമുളൂസച്ചന്‍ രേഖപ്പെടുത്തുന്നതിങ്ങനെ: ''മറിയം ഏലീശ്വയെ സന്ദര്‍ശിക്കാന്‍ പോയതുപോലെ, അന്ന് എട്ടുമാസം ഗര്‍ഭിണിയായിരുന്ന മറിയത്തെ സന്ദര്‍ശിക്കാന്‍ കുടമാളൂര്‍ അന്നമ്മ (ജ്യേഷ്ഠത്തി) എത്തിയിരുന്നു. 1910 ഓഗസ്റ്റുമാസത്തിലെ ഒരു കറുത്ത ദിവസം. അന്ന് ഒരു ചേരപ്പാമ്പ് എങ്ങനെയോ മറിയത്തിന്റെ ദേഹത്തു കയറി. അവള്‍ ഭയാക്രാന്തയായി നിലവിളിക്കുകയും അസാമാന്യമായ ധൈര്യത്തോടെ ആ ഇഴജന്തുവിനെ വലിച്ചെറിയുകയും ചെയ്തു. വിപദിധൈര്യം പ്രദര്‍ശിപ്പിച്ചെങ്കിലും മറിയം താമസിയാതെ ബോധമറ്റു വീണു. മൂന്നാം ദിവസം ഓഗസ്റ്റ്
19 ന് അവള്‍ മാസം തികയാതെ പ്രസവിക്കുകയും മൂന്നുമാസത്തിനുശേഷം മരണമടയുകയും ചെയ്തു. തങ്കക്കുടംപോലുള്ള കുഞ്ഞ്! യൗസേപ്പിന്റെയും മറിയത്തിന്റെയും മകള്‍. ദാരുണമായ സാഹചര്യത്തിലാണവള്‍ ഭൂജാതയായത്. ഈ ദാരുണാവസ്ഥ പിന്നീടുള്ള മുപ്പത്തിയാറു കൊല്ലവും ഒരു കറുത്ത നിഴല്‍പോലെ അവളെ പിന്തുടരുകയായിരുന്നു.'' (സ്‌നേഹബലി അഥവാ അല്‍ഫോന്‍സാമ്മ, പേജ് 13).
ഈ അനാഥക്കുഞ്ഞിനെ പേരമ്മയായ മുട്ടുചിറ മുരിക്കന്‍ തറവാട്ടിലെ അന്നമ്മ കൊണ്ടുപോയി താലോലിച്ചുവളര്‍ത്തി.  ബാല്യം പിന്നീട്ടു കൗമാരത്തിലെത്തിയ സുന്ദരിയായ അവള്‍ക്കു വിവാഹാലോചനകള്‍ വന്നുകൊണ്ടിരുന്നു. വീട്ടുകാരുടെ, പ്രത്യേകിച്ച് പേരമ്മയുടെ ശാഠ്യം അവളെ വിവാഹം കഴിപ്പിക്കണമെന്നായിരുന്നു. പക്ഷേ, അല്‍ഫോന്‍സാമ്മ സന്ന്യാസിനിയാകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, പേരമ്മ അമ്പിനും വില്ലിനും അടുക്കുന്നില്ല. സംഘര്‍ഷപൂരിതമായ അവസ്ഥ. തന്റെ ആകാരസൗകുമാര്യമാണല്ലോ ഈ ചിന്തയ്ക്കു പിന്നിലെന്നു കരുതിയ അവള്‍ ഒരു അവിവേകം കാണിച്ചു. ദേഹത്ത് എന്തെങ്കിലും വൈരൂപ്യം സംഭവിച്ചാല്‍ തത്പരകക്ഷികള്‍
പിന്മാറുമല്ലോ എന്നു കരുതി. കൊയ്ത്തുകഴിഞ്ഞപ്പോള്‍ വന്ന പതിരെല്ലാം കൂട്ടി തീയിട്ട കുഴിയില്‍ കാല്‍വച്ചു പൊള്ളിക്കാന്‍ തീരുമാനിച്ചു. പക്ഷേ, ആഴമുള്ള തീക്കുഴിയിലേക്ക് അവള്‍ വീണു. ദേഹമാസകലം പൊള്ളി. ഒരുവിധത്തില്‍ കുഴിയില്‍നിന്നു കയറി. ഇന്നത്തെ ഒരു സൗകര്യവുമില്ലാത്ത  ആ കാലത്ത് നാട്ടുവൈദ്യന്റെ ചികിത്സയില്‍ മാസങ്ങളോളം കഴിച്ചുകൂട്ടി. എല്ലാം പഴുത്തൊലിച്ച് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. നൊമ്പരത്തിപ്പൂവ് സുഗന്ധവാഹിയല്ല, ദുര്‍ഗന്ധവാഹിനിയായി മാറി! പൊള്ളല്‍ ഒരുവിധം സുഖ
പ്പെട്ട്, പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്ത് ഭരണങ്ങാനം മഠത്തില്‍ ചേര്‍ന്നു.
മഠത്തിലെ ജീവിതം തുടക്കം മുതല്‍ ഒടുക്കംവരെ ക്ലേശപൂര്‍ണമായിരുന്നു. അത് അചിന്ത്യം അവര്‍ണനീയം എന്നേ പറയാനാവൂ. നിത്യരോഗിണിയായി മാറിയ അവളുടെ സഹനം അവള്‍ക്കും ദൈവത്തിനുംമാത്രമേ അറിയൂ. ആത്മീയഗുരുവായ
റോമുളൂസച്ചനോട് അവള്‍ എല്ലാം തുറന്നുപറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് അല്‍ഫോന്‍സാമ്മയുടെ ജീവിതകഥയില്‍ സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം കഴിക്കാത്ത ദിവസങ്ങള്‍, ഉറങ്ങാനാവാത്ത ദിവസങ്ങള്‍, അസഹനീയമായ വേദനകള്‍കൊണ്ടു പുളയുന്ന ദിവസങ്ങള്‍... കൂടെയുള്ള സഹോദരിമാര്‍ക്കു നോക്കിനില്‍ക്കാന്‍പോലും കഴിയാത്തത്ര പരവേശവും ഛര്‍ദിയും മറ്റസുഖങ്ങളും. വേദനയില്ലാത്ത ദിവസങ്ങള്‍ ആ ജീവിതത്തിലുണ്ടായിരുന്നില്ല എന്നു ചുരുക്കം. പക്ഷേ, ഈ വേദനയെല്ലാം സന്തോഷപൂര്‍വം സഹിച്ചുകൊണ്ട് അവയെല്ലാം പുണ്യ
പുഷ്പങ്ങളാക്കി ദിവ്യമാതാവിനു സമര്‍പ്പിച്ചു. മറ്റുള്ളവരുടെ വേദനകള്‍കൂടി ചോദിച്ചുവാങ്ങി സഹിക്കാന്‍പോലും അവള്‍ തയ്യാറായി. ആ നൊമ്പരത്തിപ്പൂവിന്റെ നൊമ്പരങ്ങള്‍ വിവരിക്കാന്‍ വാക്കുകള്‍ പോരാ. ആ നൊമ്പരത്തിപ്പൂവിന്റെ സുഗന്ധം തിരിച്ചറിഞ്ഞ തിരുസ്സഭ അവളെ പുണ്യവതിയായി പ്രഖ്യാപിച്ചു.
മരിച്ചടക്കിന് എട്ടോ പത്തോപേരുണ്ടായിരുന്നിടത്ത് ഇന്ന് ആ കബറിടത്തിലേക്ക് ജനലക്ഷങ്ങളാണു വന്നുകൊണ്ടിരിക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആളുകള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു. നൊമ്പരത്തിപ്പൂവിന്റെയടുത്തുവന്നു പ്രാര്‍ഥിക്കുന്നവരാരും നൊമ്പരം തരണേ എന്നു പ്രാര്‍ഥിക്കാറില്ല; നൊമ്പരം മാറ്റണമേ എന്നാണവളോടു പ്രാര്‍ഥിക്കുന്നത്. അവരുടെ നൊമ്പരങ്ങള്‍ ഏറ്റുവാങ്ങി അവരെ അനുഗ്രഹിക്കുന്ന നൊമ്പരത്തിപ്പൂവ്!

 

Login log record inserted successfully!