•  1 Aug 2024
  •  ദീപം 57
  •  നാളം 21
ലേഖനം

ആയിരങ്ങള്‍ക്കഭയമരുളും സ്‌നേഹതീരം

മനസ്സിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാതെലേപനങ്ങള്‍കൊണ്ടു ബാഹ്യസൗന്ദര്യത്തെ ആവിഷ്‌കരിക്കുന്നവര്‍ക്ക് വലിയൊരു കനല്‍ച്ചൂളതന്നെയാണ് അല്‍ഫോന്‍സാമ്മ. അതൊരു തപസ്വിനിയുടെ ഏകാഗ്രധ്യാനമായിരുന്നു, അചഞ്ചലമായ ഭക്തിയായിരുന്നു. സ്‌നേഹമെന്നതായിരുന്നു ആ പ്രണവമന്ത്രം. തിരിച്ചുപ്രതീക്ഷിക്കാത്ത, നഷ്ടപ്പെടുത്താന്‍ ധൈര്യം കാണിക്കുന്നസ്‌നേഹം. 

 

രാള്‍ക്കെത്ര ഭൂമി വേണം? ലിയോ ടോള്‍സ്റ്റോയിയുടെ പ്രസിദ്ധമായൊരു കഥയാണിത്. ആസ്വദിപ്പിക്കുന്നതിനോടൊപ്പം വായനക്കാരനെ ഏറെ ചിന്തിപ്പിക്കുകയും മഥിക്കുകയും ചെയ്യുന്നൊരു കഥ. ഒരു പകല്‍ മുഴുവന്‍ ആര്‍ത്തിയോടെ തനിക്കുവേണ്ട ഭൂമി അളന്നെടുക്കാന്‍ വ്യഗ്രതപ്പെടുകയും ആ അലച്ചിലിനൊടുവില്‍ തളര്‍ന്നുവീഴുന്ന ശരീരത്തിന് അഭയമാകാന്‍ ആറടി മണ്ണു മതി എന്ന കേവലയാഥാര്‍ഥ്യം തിരിച്ചറിയുകയും ചെയ്യുമ്പോള്‍ ജീവിതം അവസാനിച്ചിരിക്കുന്നു. ഇതൊരു ജീവിതസമസ്യയാണ്. ഞാന്‍ ഞാന്‍തന്നെ എന്ന ഭാവമാണ്. അതിരുകളില്ലാത്തൊരു അത്യാഗ്രഹമാണ്. ഞാന്‍ എന്നതു  ശരീരംമാത്രമാണെന്നും അതിന്റെ തൃഷ്ണകള്‍ക്കപ്പുറം സംപ്രീതമാകുന്ന മറ്റൊന്നുമില്ലെന്നുമുള്ള കപടധാരണകളാണ് ഇന്ന് യന്ത്രയുഗമനുഷ്യനെ നിയന്ത്രിക്കുന്നത്.

   ''ഈ ഭൂമി അവിടുത്തെ സ്വന്തമാണ്. അനന്തവിസ്തൃതമായ ആകാശവും അവിടുത്തെ സ്വന്തമാണ്. സാഗരങ്ങള്‍ അവനില്‍ കുടികൊള്ളുന്നു. എന്നിട്ടും അവിടുന്നു ശയനംകൊള്ളുന്നത് ആ ചെറിയ കുളത്തിലാണ്.'' അഥര്‍വവേദത്തിലേതാണ് ഈ വാക്യങ്ങള്‍. ജീവിതാദര്‍ശത്തെ ലക്ഷ്യപ്പെടുത്തേണ്ടത് എങ്ങനെയെന്ന് ഈ വാക്യങ്ങള്‍ വ്യക്തമാക്കുന്നു. ഒരുപക്ഷേ, നമുക്കു മുന്നേ നടന്നിരുന്നവരില്‍ ചിലര്‍ ഇന്നും ജനമനസ്സില്‍ ഉദാത്തമായൊരു സ്മരണയായി നിലനില്‍ക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അവരും ഇത്തരമൊരു മാതൃക സ്വീകരിച്ചവര്‍തന്നെ. അല്‍ഫോന്‍സാമ്മയും അങ്ങനെയാണ് നമുക്കു പ്രിയപ്പെട്ടവളാകുന്നത്. 1946 ജൂലൈ 28 -അന്ന് അല്‍ഫോന്‍സാമ്മയുടെ ആത്മാവിനെ വരവേല്‍ക്കാന്‍ ആകാശത്തുനിന്നു മഴമേഘങ്ങള്‍ അതിപ്രഹര്‍ഷത്തോടെ കടന്നുവന്നു.
      മഴയായി പൊഴിയുന്ന ഭക്തി. അതു പല കൈവഴികളിലൂടെ ലയിച്ചുചേര്‍ന്ന് ഭരണങ്ങാനത്തെത്തുമ്പോള്‍ ഒരു വലിയ കടലായി മാറുന്നു. ജീവിതസമസ്യകളുടെ ഉപ്പുരസമുണ്ടതിന്. സ്‌നേഹത്തിന്റെ കൃപാരസമുണ്ട്. അതു മണ്ണിനെ കുളിര്‍പ്പിക്കുകയും തളിര്‍പ്പിക്കുകയും ചെയ്യുന്നു; അതൊരു ചെറിയ മന്ദസ്മിതമാണെങ്കില്‍ക്കൂടി. തീരങ്ങളെ വിഴുങ്ങാതെ നുര ചിതറി തഴുകിത്തലോടി അതങ്ങനെ പ്രസരിക്കുന്നു. അതുതന്നെയാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ. ജീവിതസ്വപ്‌നങ്ങളെ  ജാഗരൂകമാക്കുന്ന ഒരു വലിയ സന്ദേശത്തിന്റെ കുരിശുമെടുത്താണ് അവള്‍ ഈ ലോകത്തേക്കു രംഗപ്രവേശം ചെയ്തത്. അവള്‍ എന്ന് സംബോധന ചെയ്യുമ്പോള്‍ അതു ഞങ്ങളുടെ മനസ്സിന്റെ ആഴങ്ങളില്‍ വന്നു മുട്ടി അഹം ബ്രഹ്‌മം എന്ന് ഓര്‍മപ്പെടുത്തുന്നതുകൊണ്ടാണെന്ന് പ്രിയപ്പെട്ട അമ്മ മനസ്സിലാക്കുമെന്ന കരുത്തുണ്ട്. ഈ ഭൂമിയില്‍ ജനിച്ചുമരിക്കുന്ന സാധാരണക്കാരുടെ ജീവിതധാരകള്‍ എത്ര ഹ്രസ്വവും അസുന്ദരവുമാണ്. എന്നിട്ടും, ഈ ഭൂമിയും ആകാശവും എന്റെ സ്വന്തമാകണമെന്ന വ്യാമോഹത്തില്‍ സ്വപ്‌നം നെയ്യുകയും യുദ്ധം നടത്തുകയും ചെയ്യുന്ന മനുഷ്യമനസ്സിന്റെ പ്രഹേളികയ്ക്കുനേരേ അമ്മ ചിരിക്കുന്നതു നാം കണ്ടില്ലെന്നു നടിക്കുന്നു.
      ഭരണങ്ങാനത്തിന്റെ പുണ്യകുസുമമെന്നു വാഴ്ത്തുന്ന അല്‍ഫോന്‍സാമ്മ വര്‍ത്തമാനകാലത്തു പ്രസക്തമാകുന്ന
െതങ്ങനെയാണ്? അമ്മ പ്രസംഗിക്കുകയോ പുസ്തകമെഴുതുകയോ ചെയ്തില്ല. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും അംഗമായിരുന്നില്ല. അധികാരത്തിന്റെ കസേരയില്‍ ഒരിക്കലുമിരുന്നിട്ടില്ല. തിരശ്ശീലയ്ക്കുപിന്നില്‍ നില്ക്കാനായിരുന്നു എപ്പോഴുമിഷ്ടം; ഞാന്‍ വെറുമൊരു മെഴുകുതിരിയാണെന്ന ഭാവത്തോടെമാത്രം. എന്നിട്ടും, ജനലക്ഷങ്ങളുടെ പ്രാര്‍ഥനാമന്ത്രമാണ് ഉരുക്കഴിക്കപ്പെടുന്നതെങ്കില്‍ അതില്‍ അന്തര്‍ലീനമായ വലിയൊരു നാദധാരയുണ്ട്. അത് ഉന്മുഖമായിരുന്നൊരു രാഗരസമുണ്ട്. ഈ പ്രപഞ്ചത്തെയാകെ നയിച്ചുകൊണ്ടിരിക്കുന്ന ആ ശക്തിവിശേഷത്തിലേക്കുതന്നെയാണ് അല്‍ഫോന്‍സാമ്മ ഉറ്റുനോക്കിക്കൊണ്ടിരുന്നതും. അതൊരു തപസ്വിനിയുടെ ഏകാഗ്രധ്യാനമായിരുന്നു, അചഞ്ചലമായ ഭക്തിയായിരുന്നു. സ്‌നേഹമെന്നതായിരുന്നു ആ പ്രണവമന്ത്രം. തിരിച്ചുപ്രതീക്ഷിക്കാത്ത, നഷ്ടപ്പെടുത്താന്‍ ധൈര്യം കാണിക്കുന്ന സ്‌നേഹം. 
      ബാല്യകൗമാരങ്ങളും യൗവനത്തില്‍ കുറച്ചുഭാഗവും ഒരു കുടുംബത്തിന്റെ സ്‌നേഹമൂറുന്ന പരിരക്ഷയിലും അച്ചടക്കത്തിലും കഴിഞ്ഞുകൂടിയ ഒരു സാധാരണ പെണ്‍കുട്ടിക്ക് എങ്ങനെയാണ് മനുഷ്യമനസ്സുകളെ ഭക്തിയുടെ കുളിര്‍ധാരയില്‍ സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞത്? ഉത്തരം വളരെ ലളിതം... ആത്മജ്ഞാനം. ടോള്‍സ്റ്റോയിയുടെ ചെറുകഥപോലെ അതൊരു ചോദ്യ
മാണ്. ഒരാള്‍ക്കെത്ര ഭൂമിവേണം? കുട്ടിക്കാലംമുതലേ ഈശ്വരോന്മുഖമായിരുന്ന ഒരു മനസ്സിന് ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താന്‍ പ്രയാസമില്ല.
       ഭൗതികമായതെന്തും നശ്വരമാകുമെന്ന് ആ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു. പാഠങ്ങളും പാഠഭേദങ്ങളും വിശകലനം ചെയ്യാന്‍ പാകത്തില്‍ പരുവപ്പെട്ടൊരു ജ്ഞാനസമൂഹമാണ് വര്‍ത്തമാനകാലത്തെ മനുഷ്യര്‍. പെണ്‍കുട്ടികള്‍ക്ക് ആവശ്യത്തിനു പ്രതികരണേശഷിയുമുണ്ട്. എന്നിട്ടും, ജീവിതായോധനകലയില്‍ അവര്‍ പലപ്പോഴും പരാജയപ്പെടുന്നു. സഹനം! സഹിഷ്ണുത! ഇതൊരു വിജയമന്ത്രമാക്കാന്‍ യുവതലമുറയ്ക്കു സാധിക്കുന്നില്ല. കാഴ്ചപ്പാടുകളിലെ അവ്യക്തതയും ലക്ഷ്യബോധമില്ലായ്മയുമാണ് ഇതിനു കാരണം. 
       അല്‍ഫോന്‍സാമ്മയിലേക്കു നോക്കൂ... ലക്ഷ്യത്തിലെത്താനുള്ള നിരന്തരധ്യാനം. ബകധ്യാനംപോലെയാണത്. ചുറ്റുപാടുകളിലെ പ്രലോഭനശബ്ദങ്ങളൊന്നുംതന്നെ അമ്മയെ ധ്യാനത്തില്‍നിന്നുണര്‍ത്തിയില്ല. അതിനുവേണ്ടി ജീവിതത്തില്‍ കടന്നുപോയ കഠിനവഴികള്‍ ഏറെയാണ്. സഹനമാണ് വിജ
യത്തിന്റെ സത്തയെന്ന് ആ അനുഭവങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. ചെറിയ ചെറിയ കാര്യങ്ങളില്‍ വിജയിച്ചുകൊണ്ടാണ് അല്‍ഫോന്‍സാമ്മ ലക്ഷ്യത്തിലെത്തിയത്. ആഡംബരപൂര്‍ണജീവിതത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് ബന്ധങ്ങളെയും അവയുടെ മൂല്യങ്ങളെയും തിരസ്‌കരിച്ച്, നൈമിഷികാനന്ദങ്ങളില്‍ ആറാടി
രസിക്കുമ്പോള്‍ ജീവിതം ക്ഷണപ്രഭാചഞ്ചലമാണെന്ന വസ്തുത പലപ്പോഴും മനുഷ്യന്‍ മറക്കുന്നു.
മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കാന്‍ മറന്നുപോകുന്നു. പ്രപഞ്ചത്തില്‍ താന്‍മാത്രമാണെന്ന  അഹംബോധം. വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്ത മനസ്സ്. അതിന്റെ പ്രലോഭനങ്ങള്‍! ആത്മഹത്യകള്‍! കൊലപാതകങ്ങള്‍! ഇതിഹാസകാവ്യമായ രാമായണത്തില്‍ രാമന്‍ അയോധ്യയില്‍നിന്ന് കാനനവാസത്തിനു പോകുന്ന സന്ദര്‍ഭത്തില്‍ അനുജന്‍ ലക്ഷ്മണന്‍ പറയുന്നുണ്ട്, അച്ഛനെ എതിര്‍ത്തിട്ടാണെങ്കിലും ജ്യേഷ്ഠന് ഞാന്‍ അധികാരം നേടിത്തരും. അതിനു രാമന്റെ മറുപടി ഇപ്രകാരമായിരുന്നു: ആ അധികാരക്കസേര എന്നന്നേക്കുമുള്ളതാണെങ്കില്‍ ആവാം...
     'ശ്രീഭൂവിലസ്ഥിര'മെന്ന്
'വീണപൂവി'ല്‍ ആശാന്‍ പാടുന്നു.
സൗന്ദര്യം ക്ഷണികമാണെന്നും ഒന്നും ആവശ്യത്തിലധികം ഉണ്ടാകാന്‍ പാടില്ലെന്നും അല്‍ഫോന്‍സാമ്മ തിരിച്ചറിഞ്ഞിരുന്നു. സ്വന്തം സൗന്ദര്യത്തിന്റെ പേരില്‍ ഊറ്റംകൊണ്ടവളായിരുന്നു ആശാന്റെ വാസവദത്തയും. ആത്മജ്ഞാനമില്ലാത്തതുകൊണ്ട് അവളത് നിര്‍വൃതിയാക്കി. ഒടുവിലെന്തു സംഭവിച്ചു? മനസ്സിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാതെ ലേപനങ്ങള്‍കൊണ്ടു ബാഹ്യസൗന്ദര്യത്തെ ആവിഷ്‌കരിക്കുന്നവര്‍ക്ക് വലിയൊരു കനല്‍ച്ചൂളതന്നെയാണ് അല്‍ഫോന്‍സാമ്മ. സ്ത്രീപുരോഗമനവഴികളില്‍ യാത്ര നടത്തുന്ന ഇക്കാലത്തും അല്‍ഫോന്‍സാമ്മയില്‍നിന്നു വായിക്കാനേറെയുണ്ട്. സഹിഷ്ണുത! അതൊരു വലിയ ശക്തിയാണ്.
എതിര്‍പ്പുകളും പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉണ്ടായിരിക്കുമ്പോള്‍ത്തന്നെ സ്വയംസഹനത്തിന്റെ ചില തിരിച്ചറിവുകളും സമകാലികജീവിതത്തില്‍ സ്ത്രീകള്‍ക്ക് ഏറെ ആവശ്യമാണ്.
        മൂല്യങ്ങളൊക്കെ മാറിമറിഞ്ഞുവരികയാണ്. കുടുംബം, അമ്മ എന്നീ പദങ്ങളുടെ അര്‍ഥവും ആഴവും നഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു. ആ പദങ്ങളുടെ അര്‍ഥം ഇരുളടഞ്ഞുപോകുന്ന കാലത്ത്... നാടിന്റെ ഭാഷയും സംസ്‌കാരവും ഒലിച്ചുപോകുന്ന കാലത്ത്... ഒരു വീണ്ടെടുപ്പിനുവേണ്ടി നമുക്ക് അല്‍ഫോന്‍സാമ്മയിലേക്കു നോക്കാം. നിശ്ശബ്ദമായിരുന്നു ആ സേവനം. കുട്ടികളായിരുന്നു ഹൃദയമന്ത്രത്തില്‍... കാരണം, നാളെ എന്നത് അവരാണ്. അതുകൊണ്ട് അവര്‍ നന്നാകണം. അധ്യാപകമനസ്സായിരുന്നു അല്‍ഫോന്‍സാമ്മയുടേത്. ഒന്നും തന്റേതാക്കി വച്ചില്ല. കരുണയായിരുന്നു മനസ്സുനിറയെ. കള്ളനോടുപോലും കപടതയില്ലാതെ... ഈശോനാഥനോടു ചേരാന്‍ അനുനിമിഷം കാത്തിരിക്കുന്ന ഒരാള്‍ക്ക് അങ്ങനെയാകാനേ കഴിയൂ... സഹനത്തിന്റെ മാന്ത്രികവിദ്യയിലൂടെ ലോകം കീഴടക്കാന്‍ കഴിഞ്ഞ എളിമയും ലാളിത്യവും നിറഞ്ഞ ഒരു വിശുദ്ധജീവിതം. 
      കേവലമനുഷ്യനു കഴിയില്ലെന്നു കരുതിയവ മനസ്സിന്റെ ഇച്ഛാശക്തിയിലൂടെ അല്‍ഫോന്‍സാമ്മ കരസ്ഥമാക്കി. ഒരു സാധാരണ കന്യാസ്ത്രീയായി, വെല്ലുവിളികള്‍ നിറഞ്ഞ ജീവിതത്തിലൂടെ ഭൂമിയിലെ അനന്തരതലമുറകളുടെ വൈവിധ്യം നിറഞ്ഞ ജീവിതത്തിലേക്ക് വലിയൊരു മാതൃകയായി കടന്നുചെല്ലാന്‍ കഴിഞ്ഞുവെന്നതാണ് അല്‍ഫോന്‍സാമ്മയുടെ പേരില്‍ ഭരണങ്ങാനത്തേക്കൊഴുകുന്ന ഭക്തജനങ്ങള്‍ നല്കുന്ന വിശുദ്ധസാക്ഷ്യം.

 

Login log record inserted successfully!