•  1 Aug 2024
  •  ദീപം 57
  •  നാളം 21
ലേഖനം

തല്ലുകൊള്ളാതെ രക്ഷപ്പെടുന്നവര്‍

സാര്‍, എനിക്കറിയില്ല ഇയാളുടെകൂടെ എങ്ങനെ ജീവിക്കുമെന്ന്. എന്നെ ഇയാള്‍ നിവൃത്തിയില്ലാത്തതുകൊണ്ടു കല്യാണം കഴിച്ചതാ! ഇതായിരുന്നു ഭര്‍ത്താവിനൊപ്പംവന്ന ഭാര്യയുടെ വാക്കുകള്‍. അവള്‍ വിതുമ്പുന്നുണ്ടായിരുന്നു. ഭര്‍ത്താവിന് പ്രായം 52. നന്നായി സംസാരിക്കും. നരച്ച ഭംഗിയുള്ള താടിയും മുടിയും. മനോഹരമായ വസ്ത്രധാരണരീതി. കൈയില്‍ നാലു മൊബൈല്‍ ഫോണുകള്‍! മൊത്തം എട്ടു സിമ്മുകള്‍! പതിനൊന്നു സ്ത്രീകളുമായി ഫോണില്‍ ബന്ധം! ചിലത് അടുത്തകാലത്തു തുടങ്ങിയത്. മറ്റുചിലത് വര്‍ഷങ്ങളോളമായത്. ഈ സ്ത്രീകള്‍ക്കുപുറമേ ഇയാള്‍ ബന്ധം സ്ഥാപിക്കുകയും ഫോണില്‍ ബ്ലോക്കു ചെയ്യുകയും ചെയ്തവര്‍ അനവധി! ഇയാള്‍ ഒരിക്കല്‍പ്പോലും ഈ സ്ത്രീകളെ നേരില്‍ കാണാന്‍ ശ്രമിക്കാറില്ല!
       ഏതെങ്കിലും സോഷ്യല്‍മീഡിയായിലൂടെ സ്ത്രീകളുമായി സൗഹൃദത്തിലാകുന്ന ഇയാള്‍ അവിവാഹിതനാണ് എന്നാണ് അവര്‍ക്കു നല്കുന്ന വിവരം. ഇവരുമായി ലൈംഗികച്ചുവയുള്ള സംസാരം വളരെ വിരളം. സല്‍സ്വഭാവിയായ ഇയാളെ സ്വന്തം കെട്ടിയോനെപ്പോലും ഉപേക്ഷിച്ചു വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നവര്‍ അനവധി. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്കു സ്ത്രീകള്‍ കടക്കുന്നതോടെ ഇയാള്‍ മുങ്ങും. പിന്നെ മഷിയിട്ടുനോക്കിയാലും കാണില്ല. ഫോണില്‍ ബ്ലോക്കു ചെയ്യുകയും ചെയ്യും. ഇയാള്‍ ഒരു പ്രാവശ്യം മാത്രമേ വിവാഹിതനായിട്ടുള്ളൂ. ആ സ്ത്രീതന്നെയാണ് ഞാന്‍ മുകളില്‍ സൂചിപ്പിച്ച ഭാര്യ! ഭാര്യ ഇയാളുടെ സ്വഭാവരീതി കണ്ടെത്തിയത് അടുത്തകാലത്താണ്. അവരതു ചോദ്യം ചെയ്തപ്പോള്‍ അയാള്‍ പറഞ്ഞത്, 'എനിക്ക് നിന്റെ കാര്യത്തില്‍മാത്രമേ അബദ്ധം പറ്റീട്ടുള്ളൂ. നീയെന്റെ നാട്ടുകാരിയാണെന്ന് എനിക്കറിയില്ലായിരുന്നു. അതാണ് എനിക്കു നിന്നെ വിവാഹം കഴിക്കേണ്ടി വന്നത്' എന്നാണ്. ഈ വാക്കുകള്‍ ഭാര്യയെ തകര്‍ത്തു. തന്നെയും വഞ്ചിക്കാന്‍വേണ്ടി ഫോണിലൂടെ ബന്ധം സ്ഥാപിച്ചതായിരുന്നു എന്ന തിരിച്ചറിവ് അവരെ വല്ലാതെ തകര്‍ത്തു. അതില്‍നിന്നു കരകയറാനാണ് അവര്‍ എന്റെ അടുത്തെത്തിയത്. 
      മേല്‍സൂചിപ്പിച്ച കഥാപാത്രം സ്ത്രീകളെ നല്ലപിള്ള ചമഞ്ഞ് ഫോണിലൂടെമാത്രം വശത്താക്കി വിവാഹമെന്ന സ്വപ്നത്തില്‍ എത്തിച്ചു വഞ്ചിക്കുന്നു. ശാരീരികമായോ സാമ്പത്തികമായോ സ്ത്രീകളെ ഇയാള്‍ ചൂഷണം ചെയ്യുന്നില്ല. അതിനാല്‍ത്തന്നെ, ഇയാള്‍ക്കെതിരേ ഒരു തരത്തിലുമുള്ള നിയമനടപടികള്‍ ഉണ്ടായിട്ടുമില്ല. ഇയാളുടെ ഭാര്യയെ ഇത്തരത്തില്‍ത്തന്നെയാണ് ഇയാള്‍ പ്രലോഭിപ്പിച്ചതും, അവരുടെ ബന്ധുക്കള്‍ ഇയാളെ കണ്ടെത്തി വിവാഹം നടത്തിയതും.
എന്തുകൊണ്ട് ഇങ്ങനെയൊരു നാടകം?
     ഈ വ്യക്തിയുടെ പെരുമാറ്റം വളരെ വ്യത്യസ്തമായി തോന്നിയതിനാല്‍ കൗണ്‍സലിങ് ഒന്നുകൂടി ദൃഢമാക്കി ഇയാളെ പഠിക്കാന്‍ തീരുമാനിച്ചു. ഇയാളുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞതിനാല്‍ എന്തുകൊണ്ട് ഇയാള്‍ ഇതു ചെയ്യുന്നു എന്ന സത്യം വെളിപ്പെട്ടുകിട്ടി: ഇയാള്‍ കോളജില്‍ പഠിക്കുന്ന സമയത്ത്,  ട്യൂഷന്‍ പഠിക്കാന്‍ പോയ വീട്ടിലെ തന്നെക്കാള്‍ പ്രായമുള്ള പെണ്‍കുട്ടി ഇയാളെ സ്‌നേഹിച്ചു. അവള്‍ ഇയാള്‍ക്ക് 21 വയസ്സു പൂര്‍ത്തിയാകുമ്പോള്‍ വിവാഹം കഴിക്കുമെന്ന് ഉറപ്പുകൊടുത്തു. മധ്യവേനലവധി കഴിഞ്ഞ് വീണ്ടും ട്യൂഷന് ആ വീട്ടില്‍ ചെന്നപ്പോള്‍ അവള്‍ വിവാഹം കഴിച്ച് മദ്രാസിനു പോയതായി അറിഞ്ഞു! അന്നുമുതല്‍ ഉള്ളില്‍ പകയായി. ആ പക അനേകം സ്ത്രീകളോട് അയാള്‍ വീട്ടുന്നു. ഇയാളുടെയുള്ളില്‍ ക്രൂരതയുള്ള കുറ്റവാളി ശക്തമല്ലാത്തതിനാല്‍ ദുഷ്ടപ്രവൃത്തികളില്‍ കാര്യമായി ഏര്‍പ്പെടുന്നില്ല എന്നുമാത്രം. എന്നാല്‍, ഇയാള്‍ അതിവിചിത്രമായ ചിന്തകളും പെരുമാറ്റരീതികളും വച്ചുപുലര്‍ത്തുന്ന ഒരു ചിത്തരോഗിയാണോ എന്നും സംശയിക്കാം. സൈക്കോപാത്തുകള്‍ ഉടലെടുക്കാനുള്ള പ്രധാനകാരണം ശക്തമായ തിരസ്‌കരണമാണെന്നു മനഃശാസ്ത്രപഠനങ്ങള്‍ തെളിയിക്കുന്നു. ഇത്തരക്കാര്‍ പിന്നീട് സോഷ്യോപാത്ത് എന്ന അവസ്ഥയിലേക്കും മാറാം! നമ്മുടെ കഥാനായകന്റെ ബാല്യകാലം തിക്താനുഭവങ്ങള്‍ നിറഞ്ഞതായിരുന്നുവെന്നതും ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്. വിവാഹമോചനം നേടിയ മാതാപിതാക്കള്‍ ഇയാളെ സംരക്ഷിച്ചില്ല. അകന്ന ബന്ധു ഒരു 'കുട്ടിയടിമയായി' ഇയാളെ വളര്‍ത്തി! 
എല്ലാ സൈക്കോപാത്തുകളും അതിക്രൂരരോ?
       അല്ല എന്നുള്ളതാണ് ഉത്തരം. എങ്കിലും, സൈക്കോപാത്തുകള്‍ വളരെ കുറച്ചുമാത്രം പ്രകടിപ്പിക്കുന്ന മൂല്യങ്ങള്‍ അനുകമ്പ, സഹാനുഭൂതി, പശ്ചാത്താപം, ആത്മബന്ധം, ബഹുമാനം എന്നിവയൊക്കെയാണ്. ഭയം, സ്‌നേഹം എന്നീ വികാരങ്ങള്‍ വളരെ കുറവായിരിക്കും. ഇതൊക്കെയാണെങ്കില്‍ക്കൂടിയും ഇത്തരക്കാര്‍ പ്രണയബന്ധങ്ങളില്‍ ഏര്‍പ്പെടുകയും കുടുംബജീവിതത്തില്‍ പ്രവേശിക്കുകയും ചെയ്യാം. ചില അവസരങ്ങളില്‍ തന്റെ പങ്കാളിയെമാത്രം മാതൃകാപരമായി ചേര്‍ത്തുപിടിക്കുന്നതും കണ്ടിട്ടുണ്ട്. എന്നാല്‍, സൈക്കോപാത്തുകളില്‍ ഒന്നായ നാര്‍സിസ്റ്റ് വ്യക്തിത്വമുള്ളവര്‍ പങ്കാളിയെ ക്രൂരമായി പീഡിപ്പിക്കാം.
സൈക്കോപാത്തായി ഒരാളെ മുദ്രകുത്തുന്നതിനുമുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
       മേല്‍സൂചിപ്പിച്ച വ്യക്തിയെ സൈക്കോപാത്തായി മുദ്രകുത്തി വിവാഹമോചനം പരിഹാരമായി നിര്‍ദേശിക്കുന്നതിനുമുമ്പ് ചില തെറാപ്പികള്‍ ചെയ്യാന്‍ ഞാന്‍ ഉറച്ചു. ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണം ഇയാള്‍ കൗണ്‍സലിങ്ങിനു വന്നു എന്നതുതന്നെയാണ്. ഇയാള്‍ ഒരു നാര്‍സിസ്റ്റ്‌വ്യക്തിത്വമുള്ളവനായിരുന്നുവെങ്കില്‍ ഭാര്യയുടെകൂടെ എന്റെയടുത്ത് എത്തില്ലായിരുന്നു. പക്ഷേ, അയാള്‍ വന്നതിനു രണ്ടു ലക്ഷ്യമുണ്ട്: ഒന്ന്, തന്റെ ഭാര്യയാണു പ്രശ്‌നക്കാരി എന്നു തെളിയിക്കുക. രണ്ട്, മാറ്റം വേണമെന്ന ആഗ്രഹം. ഇയാള്‍ മാറ്റം വേണമെന്നാഗ്രഹിച്ചാണു വന്നിരുന്നത്! തന്നെ വഞ്ചിച്ച പെണ്‍കുട്ടിയുടെ ഓര്‍മകള്‍ അയാളില്‍നിന്ന് എടുത്തുകളഞ്ഞപ്പോള്‍ത്തന്നെ ആ മുഖം തെളിഞ്ഞു. പിന്നെയുള്ള കാര്യങ്ങള്‍ താരതമ്യേന എളുപ്പമായിരുന്നു. ഇന്ന് ഇയാള്‍ക്ക് ഒരു ഫോണ്‍ മാത്രമേയുള്ളൂ. ഭാര്യയുമായി സ്‌നേഹത്തിലാണ്. ബോര്‍ഡിങ് സ്‌കൂളില്‍ ആക്കിയിരുന്ന ഏകമകനെ വീടിനടുത്തുള്ള സ്‌കൂളില്‍ കൊണ്ടുവന്നു ചേര്‍ത്തിരിക്കുന്നു!
സൈക്കോപാത്തുകളെയും സോഷ്യോപാത്തുകളെയും സൃഷ്ടിക്കാതിരിക്കാന്‍ എന്തു ചെയ്യണം?
      ശരിയായ പേരന്റിങ്ങിന്റെ അഭാവം ഇത്തരക്കാരെ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കുട്ടികള്‍ക്കു ശരിയായ പരിചരണം വീട്ടില്‍നിന്നു ലഭിക്കുന്നിെല്ലങ്കില്‍ സ്‌കൂളില്‍ ഈ ഉത്തരവാദിത്വം അധ്യാപകര്‍ ഏറ്റെടുക്കണം. കൂടാതെ, പ്രതികൂലസാഹചര്യങ്ങളെ ക്രിയാത്മകമായി, ധൈര്യപൂര്‍വം മറികടക്കാന്‍ കുട്ടികളെ പ്രാപ്തരാക്കണം. ശരിയായ തീരുമാനങ്ങള്‍ എടുക്കേണ്ട സമയത്ത് എടുക്കാന്‍ അവരെ മുതിര്‍ന്നവര്‍ കഴിവുള്ളവരാക്കണം. ഇതു സങ്കീര്‍ണമായ പല മാനസികരോഗങ്ങളും ഉടലെടുക്കാതിരിക്കാന്‍ സഹായിക്കും.

 

Login log record inserted successfully!