•  1 Aug 2024
  •  ദീപം 57
  •  നാളം 21
ലേഖനം

സ്വയംഭരണവും സമുദായൈക്യവും : കുടക്കച്ചിറ അന്തോനിക്കത്തനാരുടെ ശ്രമങ്ങള്‍

ജൂലൈ 22 - കുടക്കച്ചിറ അന്തോനിക്കത്തനാരുടെ 167-ാം ചരമവാര്‍ഷികം
 
മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ സഭാസ്വാതന്ത്ര്യത്തിനുവേണ്ടി അക്ഷീണം യത്‌നിച്ച ശക്തനും പ്രതിഭാസമ്പന്നനുമായ ഒരു ശ്രേഷ്ഠവൈദികനാണ് കുടുക്കച്ചിറ അന്തോനിക്കത്തനാര്‍. സുറിയാനിസഭയുടെ സ്വയംഭരണത്തിനായുള്ള അദ്ദേഹത്തിന്റെ പോരാട്ടം അവിസ്മരണീയമെന്നേ പറയേണ്ടൂ. കേരളനസ്രാണി സഭയ്ക്ക് സുറിയാനിമെത്രാനെ കിട്ടാനുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. സ്വയംഭരണവും സമുദായ ഐക്യവുമായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യങ്ങള്‍. അതിനുവേണ്ടി അദ്ദേഹം നടത്തിയ ബാഗ്ദാദ് യാത്രകള്‍ പ്രഖ്യാതമാണ്. മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ സഭാസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഒരു മുന്നണിപ്പോരാളിയായിരുന്ന അദ്ദേഹം കരിയാറ്റില്‍ മെത്രാപ്പോലീത്തായോടും പാറേമാക്കല്‍ തോമ്മാകത്തനാരോടുമൊപ്പം എണ്ണപ്പെടേണ്ട ചരിത്രപുരുഷന്‍തന്നെയാണ്. 
    പത്തൊമ്പതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ ജീവിച്ച അദ്ദേഹം പാലാ ഇടവകയിലെ കുടക്കച്ചിറ കുടുംബത്തില്‍ 1815 ലാണ് ജനിച്ചത്. 1838 ല്‍ ശെമ്മാശനായി മാന്നാനം സെമിനാരിയില്‍ ചേര്‍ന്നു; 1843 ലായിരുന്നു വൈദികപട്ട സ്വീകരണം. 1845 ല്‍ അരുവിത്തുറ പ്പള്ളിയില്‍ വികാരിയായി സേവനമനുഷ്ഠിച്ചു; 1848 ല്‍ പ്ലാശനാല്‍ പള്ളിയും ദയറായും സ്ഥാപിച്ചു. 42-ാം വയസ്സില്‍ 1857 ജൂലൈ 22 ന് ബാഗ്ദാദില്‍വച്ച് മരിച്ച് അവിടെത്തന്നെ സംസ്‌കരിക്കപ്പെട്ടു.  
നഷ്ടപ്പെട്ട സുറിയാനി പാരമ്പര്യം
    കേരളസഭയെ ഭരിച്ച അവസാനത്തെ കല്‍ദായ സുറിയാനി മെത്രാനായിരുന്നു 1597 ല്‍ മരിച്ച മാര്‍ അബ്രാഹം. തുടര്‍ന്ന്, പേര്‍ഷ്യയില്‍നിന്ന് പൗരസ്ത്യസുറിയാനി മെത്രാന്മാര്‍ വരുന്നതിനെ ഗോവയിലെ പോര്‍ച്ചുഗീസ് പദ്രുവാദോഭരണം എതിര്‍ത്തു. പദ്രുവാദോഭരണത്തിന്റെ തുടക്കത്തില്‍ നിയമിതനായ ഫ്രാന്‍സിസ് റോസ് എസ്.ജെ. മെത്രാന്‍ മാത്രമായിരുന്നു ഇതിനൊരു അപവാദം. അദ്ദേഹം ഒരു സുറിയാനി പണ്ഡിതനായിരുന്നു. ലത്തിനീകരിക്കപ്പെട്ടതെങ്കിലും സുറിയാനിക്രമംതന്നെയാണ് റോസ്‌മെത്രാന്‍ അനുഷ്ഠിച്ചിരുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ പിന്‍ഗാമി സ്റ്റീഫന്‍ ബ്രിട്ടോയ്ക്കു സുറിയാനിഭാഷ അറിയില്ലായിരുന്നു. ഇതേപ്പറ്റി പരാതിപ്പെട്ടുകൊണ്ട് അര്‍ക്കദിയാക്കോനും വൈദികരും 1632 ഡിസംബര്‍ 19 ന് ഇടപ്പള്ളിയില്‍നിന്നു പോര്‍ച്ചുഗീസ് രാജാവിന് എഴുതിയതായി ചരിത്രത്തില്‍ കാണുന്നു. സുറിയാനിയില്‍ കുര്‍ബാന അര്‍പ്പിക്കാനും മലയാളത്തില്‍ പ്രസംഗിക്കാനുമറിയാവുന്ന ഡൊമിനിക്കന്‍ സഭാംഗം ഫ്രാന്‍സിസ് ദൊനേത്തിയെ ബ്രിട്ടോയുടെ സഹായമെത്രാനായി നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 1628 ല്‍ അര്‍ക്കദിയാക്കോന്‍ റോമിലേക്കും പോര്‍ച്ചുഗലിലേക്കും എഴുതുകയുണ്ടായി.
സഭാഭരണം കര്‍മ്മലീത്തക്കാരായ വികാരി അപ്പസ്‌തോലിക്കാമാരിലേക്കെത്തിയപ്പോള്‍ സ്ഥിതി രൂക്ഷമായി. അവരില്‍ പലര്‍ക്കും സുറിയാനിയും ഇവിടുത്തെ സംസാരഭാഷതന്നെയും അറിയില്ലായിരുന്നു. നൂറ്റാണ്ടുകളായി പഴയകൂര്‍ സുറിയാനിക്കാരെ ഭരിച്ചിരുന്ന വിദേശലത്തീന്‍ മെത്രാന്മാര്‍ പട്ടം കൊടുക്കല്‍, ദൈവാലയകൂദാശ തുടങ്ങിയ കര്‍മങ്ങള്‍ അനുഷ്ഠിച്ചിരുന്നത് റോമന്‍ക്രമത്തിലും ലത്തീന്‍ഭാഷയിലും ആയിരുന്നു. തങ്ങളുടെ സഭാധ്യക്ഷനു സുറിയാനിയില്‍ കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ അറിയില്ലായെന്നത് വലിയ കുറവായി സുറിയാനിക്കാര്‍ കരുതി. സമുദായൈക്യവും സ്വയംഭരണവും വീണ്ടെടുക്കുന്നതില്‍ റോമിലെ പ്രൊപ്പഗാന്തയും പോര്‍ച്ചുഗലിലെ പദ്രുവാദോയും പ്രതിബന്ധങ്ങളാണെന്ന് അവര്‍ക്കു ബോധ്യപ്പെട്ടു. പദ്രുവാദോഭരണം മലങ്കരയില്‍ എത്തുംമുമ്പേ ഉണ്ടായിരുന്നതുപോലെ കല്‍ദായ സുറിയാനി പാത്രീയാര്‍ക്കീസിനു വഴങ്ങുകതന്നെ പോംവഴി എന്ന് അവര്‍ ചിന്തിച്ചു. അങ്കമാലി പടിയോലയില്‍ കാണുംപോലെ കല്‍ദായ പാത്രിയാര്‍ക്കീസിന്റെ പക്കല്‍നിന്ന് ഒരു മെത്രാനെ കൊണ്ടുവന്ന് യോഗ്യനായ ഒരു തദ്ദേശീയനെ മലങ്കരസഭയ്ക്കുവേണ്ടി മെത്രാനായി വാഴിക്കുക എന്നതായിരുന്നു സ്വയംഭരണസാക്ഷാത്കാരത്തിനായി നമ്മുടെ പൂര്‍വികര്‍ കണ്ടെത്തിയ പുതിയ മാര്‍ഗം.
സ്വയംഭരണത്തിനായുള്ള ആദ്യശ്രമങ്ങള്‍
    പാറേമ്മാക്കല്‍ തോമാക്കത്തനാര്‍ കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ ഭരണം നിര്‍വഹിച്ചിരുന്ന കാലത്തുതന്നെ കല്‍ദായ സുറിയാനി മെത്രാനെ കൊണ്ടുവരുന്നതിനായി ഒരു സ്വകാര്യശ്രമം നടന്നു. പുത്തന്‍ചിറ ഇടവകക്കാരന്‍ പണ്ടാരി പൗലോസ് എന്ന വൈദികന്റെ നേതൃത്വത്തില്‍ ഒരു നിവേദകസംഘം കല്‍ദായ പാത്രിയാര്‍ക്കീസിനെ സന്ദര്‍ശിക്കാന്‍ ബാഗ്ദാദിലേക്കുപോയി. നിവേദകസംഘത്തിന്റെ നേതാവ് പോള്‍ പണ്ടാരിയെ മാര്‍ അബ്രാഹം എന്ന പേരില്‍ മെത്രാനായി വാഴിച്ച് രണ്ടു സുറിയാനി മല്പാന്മാരോടൊപ്പം പാത്രിയാര്‍ക്കീസിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ഹൊര്‍മിസ് മലബാറിലേക്ക് അയച്ചു. മാര്‍പാപ്പായുടെ അനുവാദം കൂടാതെ മലബാറിലെത്തിയ മാര്‍ പണ്ടാരിയെ സഭാഭരണത്തില്‍ ഇടപെടാന്‍ പാറേമാക്കല്‍ തോമ്മാക്കത്തനാര്‍ അനുവദിച്ചില്ല. അതുകൊണ്ട്, ഈ ശ്രമങ്ങള്‍ക്കു സമുദായത്തിന്റെ പിന്തുണയും അംഗീകാരവും ലഭിക്കാതെ പോവുകയും ദൗത്യം പരാജയപ്പടുകയും ചെയ്തു.
1838 ല്‍ ങൗഹമേ ജൃമലരഹമൃല എന്ന തിരുവെഴുത്തുപ്രകാരം കൊടുങ്ങല്ലൂര്‍ പദ്രുവാദോ ഭരണം നിര്‍ത്തലാക്കിയതോടെ സുറിയാനിക്രിസ്ത്യാനികള്‍ മുഴുവനും ഇടവകകളും പ്രൊപ്പഗാന്താ കര്‍മലീത്താഭരണത്തിന്‍ കീഴിലായി. പദ്രുവാദോയില്‍നിന്ന് പ്രൊപ്പഗാന്തയുടെ അധികാരത്തിലേക്കു മാറാന്‍ വിസമ്മതിച്ച പട്ടക്കാരില്‍ പ്രമുഖനായിരുന്നു കുറവിലങ്ങാട് ഇടവകാംഗവും മുമ്പ് ഇടപ്പള്ളിവികാരിയുമായിരുന്ന പനങ്കുഴ കുര്യേപ്പുകത്തനാര്‍. കൊടുങ്ങല്ലൂര്‍ നിര്‍ത്തലായശേഷം ഇദ്ദേഹം സ്വന്തം ഇടവകയായ കുറവിലങ്ങാടാണ് താമസിച്ചിരുന്നത്. കുര്യേപ്പുകത്തനാരും നിധീരിക്കല്‍ വര്‍ക്കിക്കത്തനാരും (നിധീരി മാണിക്കത്തനാരുടെ ചിറ്റപ്പന്‍) കൊടുങ്ങല്ലൂരിന്റെ മുന്‍ ഗോവര്‍ണദോരുടെ പിന്തുണയോടെ ഏതാനും വൈദികരെയും കൂട്ടി കല്‍ദായ പാത്രിയാര്‍ക്കീസ് മാര്‍ നിക്കോളാസ് സിയായെ അഭിസംബോധന ചെയ്തുകൊണ്ട് ബാഗ്ദാദിലേയ്ക്ക് ഒരു നിവേദനമയച്ചു. 1841 ലോ 1842 ലോ അയയ്ക്കപ്പെട്ട പ്രസ്തുത നിവേദനത്തില്‍ ഒരു സുറിയാനിമെത്രാനെയും മല്പാന്മാരെയും അയയ്ക്കണമെന്ന് അപേക്ഷിച്ചിരുന്നു. മലബാറില്‍നിന്നുള്ള അടുത്ത നിവേദനം 1849 ജൂലൈ 28 ന് കുറവിലങ്ങാട്ടുനിന്ന് അയച്ചതാണ്. കല്‍ദായ മെത്രാപ്പോലീത്താമാര്‍, വൈദികര്‍, ഡീക്കന്മാര്‍, വിശ്വാസികള്‍ എന്നിവരെ അഭിസംബോധന ചെയ്യുന്ന രണ്ടാമത്തെ നിവേദനത്തില്‍, വേദപുസ്തകത്തിലും കല്‍ദായക്രമത്തിലും അവഗാഹമുള്ള നല്ലവനായ ഒരു മെത്രാപ്പോലീത്തയെ മലബാറിലേക്ക് അയയ്ക്കണമെന്ന് നിവേദകര്‍ അപേക്ഷിക്കുന്നു. തുടര്‍ന്ന് കല്‍ദായമെത്രാന് മലബാറില്‍ എത്തിച്ചേരുന്നതിനുള്ള യാത്രാമാര്‍ഗവും അതിനാവശ്യമായ സമയവും വിവരിക്കുന്നു. ആവിക്കപ്പലില്‍ ബാഗ്ദാദില്‍നിന്നു ബോംബെയ്ക്ക് 11 ദിവസത്തെ യാത്രയും ബോംബെയില്‍നിന്നു കൊച്ചിക്ക് മൂന്നു ദിവസത്തെ യാത്രയുമുണ്ട് എന്നാണ് നിവേദനത്തിലെ സൂചന.
      1851 ജനുവരി 19 ന് മലബാറിലെ 157 പള്ളികളെ പ്രതിനിധീകരിച്ചുകൊണ്ട് 12 പട്ടക്കാരും 2 ശെമ്മാശന്മാരും ചേര്‍ന്ന് കുറവിലങ്ങാട്ടുപള്ളിയില്‍നിന്ന് പാത്രിയാര്‍ക്കീസ് മാര്‍ ഔദോയ്ക്ക് വീണ്ടും എഴുതി. ഈ നിവേദനവും തയ്യാറാക്കപ്പെട്ടത് പനങ്കുഴ കുര്യേപ്പുകത്തനാരുടെയും നിധീരിക്കല്‍ വര്‍ക്കിക്കത്തനാരുടെയും നേതൃത്വത്തിലായിരുന്നു. വീണ്ടും ഒരു വര്‍ഷത്തിനുശേഷം, 1852 ജനുവരി 28 ന്  പാലാപ്പള്ളിയില്‍നിന്ന് 39 വൈദികര്‍ ചേര്‍ന്ന് മറ്റൊരു നിവേദനം കൂടി പാത്രീയാര്‍ക്കീസിനയച്ചു. മലങ്കരയില്‍ തങ്ങളുടെ അധികാരം വ്യാപിക്കുന്നതില്‍ കല്‍ദായപാത്രിയാര്‍ക്കീസുമാര്‍ തത്പരരായിരുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. സ്വയംഭരണത്തിനും സമുദായൈക്യത്തിനുംവേണ്ടി ജീവിതം മാറ്റിവച്ച മഹാരഥന്മാരുടെ ഇടമുറിയാത്ത നേതൃത്വം നസ്രാണിസമുദായത്തിന് എന്നുമുണ്ടായിരുന്നു. ആ നിരയില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ മധ്യത്തില്‍ കടന്നുവന്ന ചരിത്രനായകനാണ് കുടക്കച്ചിറ അന്തോനിക്കത്തനാര്‍. സമാനതകളില്ലാത്ത വ്യക്തിത്വവും നേതൃത്വവുമായിരുന്നു അദ്ദേഹത്തിന്റേതെന്നു ചരിത്രം പഠിക്കുമ്പോള്‍ വ്യക്തമാകും.
ബാഗ്ദാദ് നിവേദനങ്ങള്‍
     അന്തോനിക്കത്തനാരുടെ രംഗപ്രവേശം സ്വയംഭരണപ്രയത്‌നങ്ങള്‍ക്ക് അസാധാരണമായ ഊര്‍ജ്ജവും കരുത്തും പ്രദാനം ചെയ്തു. ഏതാനും വര്‍ഷങ്ങള്‍ മാത്രമേ അന്തോനിയച്ചന്‍ നേതൃത്വത്തില്‍ ഉണ്ടായിരുന്നുള്ളൂ വെങ്കിലും അദ്ദേഹത്തിന്റെ ജീവിതവും പോരാട്ടവും സാഹസികമായ ബാഗ്ദാദ് ദൗത്യവും മലങ്കരയിലെ പഴയകൂര്‍ സുറിയനിക്കാരുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു കാലഘട്ടം തന്നെയാണ്. സ്വയംഭരണത്തിനുസുറിയാനി മെത്രാന്മാരെ ലഭിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്ന സമയത്താണ് ദനഹാബര്‍യോനാ എന്ന കല്‍ദായവൈദികന്‍ കേരളത്തിലെത്തുന്നത്. അദ്ദേഹത്തിന്റെ വരവറിഞ്ഞ പനങ്കുഴ കുര്യേപ്പുകത്തനാര്‍ കൊച്ചിയില്‍ചെന്ന് അദ്ദേഹത്തെ കുറവിലങ്ങാട്ടേക്കു കൂട്ടിക്കൊണ്ടുവന്നു. ദനഹായ്ക്ക് അവിടെ വലിയ സ്വീകരണം ലഭിച്ചു. എന്നാല്‍, ദനഹാ അധികനാള്‍ മലബാറില്‍ നിന്നില്ല.
      സുറിയാനിമെത്രാനെ ആവശ്യപ്പെട്ടുകൊണ്ട് കല്‍ദായപാത്രിയാര്‍ക്കീസിനു നിവേദനങ്ങള്‍ പൊയ്‌ക്കൊണ്ടിരുന്നത് പ്രധാനമായും കുറവിലങ്ങാട്, പാലാ തുടങ്ങിയ തെക്കന്‍ പ്രദേശങ്ങളില്‍നിന്നാണ്. ഇപ്രകാരം നിവേദനങ്ങള്‍ അയച്ചുകൊണ്ടിരുന്ന മിക്ക വൈദികരും കട്ടക്കയത്തു മല്പാന്റെ ശിഷ്യന്മാരായിരുന്നു. അന്നും ഇന്നും സമുദായസ്‌നേഹത്തിന്റെ വളക്കൂറുള്ള മണ്ണാണ് കുറവിലങ്ങാട് - പാലാ പ്രദേശങ്ങള്‍. ബാഗ്ദാദിലേക്കു നിവേദനങ്ങള്‍ അയച്ചുകൊണ്ടിരുന്ന ആ കാലത്ത് കുടക്കച്ചിറ അന്തോനിക്കത്തനാരുടെ നേതൃത്വത്തില്‍ പ്ലാശനാല്‍ ദയറായില്‍നിന്ന് ചില നിവേദനങ്ങള്‍ പ്രൊപ്പഗാന്തയ്ക്ക് അയച്ചതായി കാണുന്നു.
      അവയില്‍ ആദ്യത്തേത്, 1853 മേയ് 23 ന് പ്രൊപ്പഗാന്തയുടെ തലവന്‍ കര്‍ദിനാള്‍ ഫ്രന്‍സോണിക്ക് അന്തോനിക്കത്തനാര്‍ അയച്ച നിവേദനമാണ്. അന്തോനിക്കത്തനാര്‍ പ്ലാശനാല്‍ സ്ഥാപിച്ച ദയറയാണ് ഈ നിവേദനത്തിലെ പ്രതിപാദ്യവിഷയം. രണ്ടാമത്തെ രേഖ, പ്ലാശനാല്‍ ദയറയില്‍നിന്ന് 1853 ജൂണ്‍ ഒന്നിനു തയ്യാറാക്കപ്പെട്ട ഒരു നിവേദനമാണ്. പ്രൊപ്പഗാന്തയുടെ തലവനെ അഭിസംബോധന ചെയ്യുന്ന ഈ നിവേദനത്തില്‍ ഒപ്പുവച്ചിരിക്കുന്നത് പ്ലാശനാല്‍, പാലാ, ആരക്കുഴ, കുറവിലങ്ങാട്, ചങ്ങനാശ്ശേരി തുടങ്ങിയ പള്ളികളില്‍നിന്നുമുള്ള 30 വൈദികരാണ്. വൈദികരും വിശ്വാസികളുമൊന്നടങ്കം വിശ്വാസം, ആരാധനാക്രമം, സുറിയാനിഭാഷ തുടങ്ങിയ കാര്യങ്ങളില്‍ അജ്ഞരാണ് എന്നു പ്രസ്താവിക്കുന്നതാണ് പ്രസ്തുത നിവേദനം.
 
(രണ്ടാംഭാഗം അടുത്തലക്കത്തില്‍)
Login log record inserted successfully!