•  1 Aug 2024
  •  ദീപം 57
  •  നാളം 21
ലേഖനം

ഹൃദയപക്ഷത്തെ വലിയ മനസ്സ്

കഴിഞ്ഞ ദിവസം അന്തരിച്ച, കേരളത്തിലെ ഹൃദയശസ്ത്രക്രിയാരംഗത്തെ അതുല്യപ്രതിഭ ഡോ. എം.എസ്. വല്യത്താനെ ഓര്‍ക്കുമ്പോള്‍

അസാധാരണനായ ഒരു ഭിഷഗ്വരശ്രേഷ്ഠന്റെ അസാധാരണമായ ജീവിതയജ്ഞത്തെ ഒറ്റവാക്യത്തില്‍ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്: ആത്മസമര്‍പ്പണവും പ്രതിഭയും സമ്മേളിക്കുന്ന ഒരു  വിശ്വവിജ്ഞാനകോശം. വൈദ്യശാസ്ത്രത്തിന്റെ ഒടുങ്ങാത്ത തിരകള്‍മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ഭിഷഗ്വരജീവിതത്തിന്റെ രസതന്ത്രം; സഹജീവികളുടെ രോഗങ്ങളും അവയുണ്ടാക്കുന്ന തേങ്ങലുകളും സങ്കടങ്ങളും ആ വലിയ മനുഷ്യനെ നിരന്തരം വേദനിപ്പിച്ചുകൊണ്ടിരുന്നു. അതിന്റെ ഫലമായി അനുകമ്പയും അനുതാപവും നിറഞ്ഞ വൈദ്യവൃത്തിയിലൂടെ രോഗികളുടെ നൊമ്പരങ്ങളെ അദ്ദേഹം ഒപ്പിയെടുത്തു. ഞാന്‍ പറഞ്ഞുവരുന്നത് തൊണ്ണൂറാമത്തെ വയസ്സില്‍ ഈ ലോകത്തോടു വിടപറഞ്ഞ മാര്‍ത്താണ്ഡവര്‍മ ശങ്കരന്‍ വല്യത്താന്‍ എന്ന ഡോ. എം.എസ്. വല്യത്താനെപ്പറ്റിയാണ്; തിരുവനന്തപുരത്തെ ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകഡയറക്ടറും ഉപജ്ഞാതാവുമായ മഹാവ്യക്തിയെപ്പറ്റി. ഹൃദയശസ്ത്രക്രിയാരംഗത്ത് ഇതിഹാസമായിരുന്ന അദ്ദേഹം ലോകോത്തരനിലവാരമുള്ള ചികിത്സാപദ്ധതികള്‍ക്കു ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടക്കമിട്ടു. ഹൃദയവാല്‍വ് സംബന്ധമായ രോഗങ്ങള്‍കൊണ്ട് മരണാസന്നരായിരുന്ന രോഗികളെ സാധാരണജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനായി അദ്ദേഹം ചെലവുകുറഞ്ഞ 'ചിത്തിര കൃത്രിമവാല്‍വ്' സംവിധാനം ചെയ്തു. ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഇന്ത്യയിലെ മികച്ച ഹൃദ്രോഗചികിത്സാകേന്ദ്രമായി ഉയര്‍ത്താന്‍ നെടുംതൂണായി പ്രവര്‍ത്തിച്ചു.
     മാവേലിക്കരയില്‍ 1934 മേയ് 24 നാണ് ഡോ. വല്യത്താന്റെ ജനനം. മാതാപിതാക്കള്‍ മാര്‍ത്താണ്ഡവര്‍മയും ജാനകിയും. മാവേലിക്കര ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പ്രാഥമികവിദ്യാഭ്യാസം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പഠനത്തിനുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ്. പഠനം. പിന്നീട് പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിക്കായി യൂണിവേഴ്‌സിറ്റി ഓഫ് ലിവര്‍പൂളിലേക്ക്. അവിടെനിന്ന് എഫ്.ആര്‍.സി.എസ്. എടുത്തശേഷം തിരികെ നാട്ടിലേക്ക്. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ജോലി. അക്കാലത്താണ് ഹൃദയശസ്ത്രക്രിയയില്‍ തത്പരനാകുന്നത്. അതു സ്വായത്തമാക്കാന്‍ അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയില്‍  പരിശീലനത്തിനു ചേരുന്നു. അവിടെ അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളായിരുന്നു ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാവിദഗ്ധരായിരുന്ന വിന്‍സെന്റ് ഗോട്ടും ചാള്‍സ് ഹൂഫ്‌നാഗലും. ഹൃദയത്തില്‍ സ്ഥാപിക്കുന്ന കൃത്രിമവാല്‍വായ 'ബാള്‍ വാല്‍വ്' സംവിധാനം ചെയ്യാന്‍ ഹൂഫ് നാഗല്‍ നേതൃത്വം നല്‍കിയിരുന്നു. ഹൃദയശസ്ത്രക്രിയയുടെ ആഴമേറിയ തലങ്ങളില്‍ വൈദഗ്ധ്യം നേടിയശേഷം വല്യത്താന്‍ ഇന്ത്യയിലേക്കു തിരിച്ചുവന്നു. പിന്നീട് പറ്റുന്നൊരു ജോലി കണ്ടുപിടിക്കാന്‍ അദ്ദേഹം ഏറെ പണിപ്പെട്ടു. അങ്ങനെ മദ്രാസിലെ ഐ.ഐ.റ്റിയില്‍ അധ്യാപകനായി ചേര്‍ന്നു. അങ്ങനെയിരിക്കെയാണ് അന്നത്തെ കേരളമുഖ്യമന്ത്രി സി. അച്യുതമേനോന്‍ അദ്ദേഹത്തെ വിളിക്കുന്നത്, കേരളത്തില്‍ ലോകോത്തരമാതൃകയിലുള്ള ഒരു ആശുപത്രി സ്ഥാപിക്കാന്‍.
      തിരുവനന്തപുരത്ത് ആശുപത്രി സ്ഥാപിക്കാന്‍ തിരുവിതാംകൂര്‍ രാജകുടുംബമാണു സ്ഥലം നല്‍കുന്നത്. അങ്ങനെ ശ്രീചിത്തിരതിരുനാള്‍ മെഡിക്കല്‍ സെന്റര്‍ എന്ന പേരില്‍ 1976 ല്‍ പുതിയ ആശുപത്രി ഉദ്ഘാടനം ചെയ്യപ്പെട്ടു. പിന്നീട് ഡോ. വല്യത്താന്റെ നേതൃത്വത്തില്‍ ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരില്‍ ഈ സ്ഥാപനം ഇന്ത്യയിലെ ഹൃദ്രോഗചികിത്സയുടെ കേന്ദ്രമായി മാറി.
ആരംഭത്തില്‍ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹൃദ്രോഗശസ്ത്രക്രിയ വളരെ പ്രയാസമേറിയതായിരുന്നു. പ്രത്യേകിച്ച്, വാതപ്പനി ബാധിച്ച് ഹൃദയവാല്‍വുകള്‍ക്ക് അപചയം സംഭവിച്ചവര്‍ കേരളത്തിലന്ന് ഏറെയുണ്ടായിരുന്നു. റുമാറ്റിക് ഫീവര്‍ ബാധിച്ചാല്‍ മാരകമായ പ്രത്യാഘാതം ഹൃദയവാല്‍വുകളുടെ അപചയമാണ്. അവ ചുരുങ്ങുകയും ആവശ്യത്തിനു വികസിക്കാതിരിക്കുകയും ചെയ്യുന്നു.  പിന്നെ നീളം കുറഞ്ഞ് പൂര്‍ണമായി അടയാതിരിക്കുന്നു. വാല്‍വുകളുടെ അപചയം  ഒരുപരിധി കടന്നാല്‍ ചികിത്സ ഏറെ ദുഷ്‌കരമാണ്. അവ ഛേദിച്ചുമാറ്റി തല്‍സ്ഥാനത്ത് കൃത്രിമമായ ഒന്ന് തുന്നിപ്പിടിപ്പിക്കുന്നു. എന്നാല്‍, അക്കാലത്ത് കൃത്രിമവാല്‍വുകള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തവയാണ്. വില ഒരു ലക്ഷത്തില്‍ കവിയും. ഈ സാഹചര്യത്തില്‍ വിദേശനിര്‍മിതകൃത്രിമവാല്‍വുകള്‍ കേരളത്തിലെ പാവപ്പെട്ട രോഗികളില്‍ സ്ഥാപിക്കുക തികച്ചും അസാധ്യമാണ്. അങ്ങനെയാണ് ഇവിടത്തെ സാധാരണക്കാരായ രോഗികള്‍ക്കു താങ്ങാവുന്നവിധം ഒരു കൃത്രിമവാല്‍വ് കണ്ടുപിടിക്കണമെന്ന ആശയം ഡോ. വല്യത്താനുണ്ടായത്. ഏതാണ്ടു മൂന്നു പ്രാവശ്യം വാല്‍വിന്റെ നിര്‍മിതിയില്‍ അദ്ദേഹം പരാജയപ്പെട്ടു. അവസാനം 12 വര്‍ഷക്കാലത്തെ അശ്രാന്തമായ ഗവേഷണനിരീക്ഷണങ്ങള്‍ക്കുശേഷം അദ്ദേഹം ചിത്തിരവാല്‍വിനു ജന്മം നല്‍കി. വില ഏതാണ്ട് 25,000 രൂപമാത്രം. അങ്ങനെ ഈ വാല്‍വ് സ്വീകരിച്ച് പരശ്ശതം രോഗികള്‍ സാധാരണജീവിതത്തിലേക്കു തിരിച്ചുവന്നു. ചിത്തിരവാല്‍വിന്റെ നിര്‍മാണം ചെന്നൈയിലെ റ്റി.റ്റി.കെ. എന്ന സ്ഥാപനം ഏറ്റെടുക്കുകയും ഇപ്പോള്‍ മാസം ഏതാണ്ട് 1200 വാല്‍വുകള്‍ നിര്‍മിക്കുകയും ചെയ്യുന്നു. ഈ കൃത്രിമ മെറ്റാലിക് വാല്‍വ് വിദേശത്തേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.
      ഏതാണ്ട് ഇരുപതുവര്‍ഷക്കാലം (1974-1994) അദ്ദേഹം ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സേവനമനുഷ്ഠിച്ചു. പിന്നീട് അദ്ദേഹം മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ്ചാന്‍സലറായി. രാജ്യം അദ്ദേഹത്തിന് പത്മശ്രീയും പത്മവിഭൂഷനും നല്‍കി ആദരിച്ചു.
അറുപത്തിയഞ്ചാമത്തെ വയസ്സില്‍ വൈദ്യഭൂഷണം രാഘവന്‍ തിരുമുല്‍പ്പാടിന്റെ ശിഷ്യത്വം സ്വീകരിച്ച് ആയുര്‍വേദത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. അങ്ങനെയാണ് ബൃഹത്തായ മൂന്ന് ആയുര്‍വേദഗ്രന്ഥങ്ങള്‍ രചിക്കുന്നത്. ആയുര്‍വേദത്തിലെ ബൃഹത്ത്രയികളെ അധികരിച്ച് ചരകപൈതൃകം (2003), സുശ്രുതപൈതൃകം (2007), വാഗ്ഭടപൈതൃകം (2009) എന്നീ മഹത്തായ ഗ്രന്ഥങ്ങള്‍ രചിച്ചു. 2013 ല്‍ 'ആയുര്‍വേദത്തിന് ഒരാമുഖം' എന്ന പുസ്തകവും രചിച്ചു. രണ്ടായിരത്തോളം  വര്‍ഷങ്ങള്‍ക്കുമുമ്പ് ഭാരതത്തിന്റെ പ്രാചീനചികിത്സാസമ്പ്രദായമായ ആയുര്‍വേദത്തിന്റെ ഉപജ്ഞാതാക്കളുടെ ചികിത്സാതത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗ്രന്ഥങ്ങള്‍ ഡോ. വല്യത്താന്‍ ഇംഗ്ലീഷിലാണു രചിച്ചത്. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ അവഗണിക്കപ്പെട്ടുകിടന്ന, നാടിന്റെ ആരോഗ്യപരിപാലനമേഖലയുടെ മുഖ്യധാരയില്‍ നിലകൊള്ളുന്ന ആയുര്‍വേദശാസ്ത്രങ്ങളെ ഇന്നത്തെ സമൂഹത്തില്‍ പുനരവതരിപ്പിക്കുക എന്ന അമൂല്യമായ കര്‍മമാണ് ഡോ. എം.എസ്. വല്യത്താന്‍ ചെയ്തത്.

ലേഖകന്‍ എറണാകുളം ലൂര്‍ദ്ദ് ഹോസ്പിറ്റലില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റാണ്.

 

 

Login log record inserted successfully!