•  1 Aug 2024
  •  ദീപം 57
  •  നാളം 21
ലേഖനം

മലയാളിമനസ്സിനെ കീഴടക്കിയ രണ്ടക്ഷരം

''ഒരു പന്തീരാണ്ടിനുശേഷം ലീലയെപ്പറ്റി ഞാനിന്ന് ഓര്‍ത്തുപോയി. ലീലയെന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ വിചാരിച്ചേക്കാം, തെറ്റിദ്ധരിക്കാതിരിക്കാന്‍ പറയട്ടെ, അവളെന്റെ സഹോദരിയാണ്. ഈ വസ്തുത അറിയുന്നവര്‍ ലോകത്തില്‍ വളരെ കുറച്ചേയുള്ളൂ''.

പത്തു വയസ്സുള്ളപ്പോള്‍ ഹൃദയത്തെ നോവിച്ച ഒരനുഭവത്തെ ആധാരമാക്കി  എം ടി എഴുതിയ  ''നിന്റെ ഓര്‍മയ്ക്ക്'' എന്ന ചെറുകഥയുടെ തുടക്കമാണ് ഇപ്പോള്‍ നിങ്ങള്‍ വായിച്ചത്.  കഥയുടെ അവസാനത്തിലും അതാവര്‍ത്തിക്കുന്നുണ്ട്. ''ഒരു പന്തീരാണ്ടിനുശേഷം ലീലയെപ്പറ്റി ഞാനിന്ന് ഓര്‍ത്തുപോയി''.
ഇരുപത്തിരണ്ടാം വയസ്സില്‍ ഓര്‍ക്കാനൊരു കാരണം പത്തു വയസ്സുള്ളപ്പോള്‍ എംടിക്കു കിട്ടിയ ഒരു കളിപ്പാട്ടമാണ്. ഒരു റബര്‍മൂങ്ങ. ഏറെക്കാലമായി അടഞ്ഞുകിടന്ന കാല്‍പ്പെട്ടി തുറന്നപ്പോള്‍ കണ്ടു കിട്ടിയ റബര്‍മൂങ്ങ സമ്മാനിച്ചത് കൊളംബോയില്‍നിന്ന് (അന്ന് കൊളമ്പ് ആണ്) അച്ഛനോടൊപ്പം വന്ന പത്തുവയസ്സുകാരി ലീലയാണ്.
അച്ഛന് കൊളമ്പിലെ ഏതോ ഒരു സ്ത്രീയിലുണ്ടായ മകളാണു ലീലയെന്നു നാട്ടില്‍  വാര്‍ത്ത പരന്നതും അതുമൂലം വീട്ടിലൊത്തിരി കോലാഹലമുണ്ടായതും പിന്നെ അച്ഛനോടൊപ്പം അവള്‍ കൊളമ്പിലേക്കു തിരിച്ചുപോകുമ്പോള്‍ വിവരിക്കാനാവാത്ത വികാരങ്ങളോടെ പത്തുവയസ്സുകാരന്‍ നോക്കിനിന്നതുമൊക്കെയാണ് കഥയില്‍.
വലിയ സൂര്യകാന്തിപ്പൂക്കളുള്ള ഗൗണുമിട്ട് അരയിലൊരു നീല പട്ടുനാടയും കെട്ടി കൈയില്‍ റബര്‍മൂങ്ങയുമായി പോകാനിറങ്ങിയ അവള്‍ കോലായയില്‍ തൂണും ചാരിനില്‍ക്കുന്ന വാസുവിന്റെ അടുത്തുചെന്ന് ആ മൂങ്ങ കൈയില്‍വച്ചു കൊടുത്തു. ആ ചെക്കന്‍ സ്തബ്ധനായിപ്പോയി.
എം ടി കഥയിങ്ങനെ അവസാനിപ്പിക്കുന്നു:
'അച്ഛന്‍ മുന്നിലും ലീല പുറകിലുമായി പടിയിറങ്ങി... നീണ്ടുപോകുന്ന ഇടവഴിയിലൂടെ നടന്നകലുകയാണ്. അവര്‍ പോകുകയാണോ?
ദൂരെ സൂര്യകാന്തിപ്പൂക്കളും നീല പട്ടുനാടയും കാഴ്ചയില്‍നിന്നു മറഞ്ഞു...
പന്തീരാണ്ടിനുശേഷം ഞാനിന്ന് ലീലയെപ്പറ്റി  ഓര്‍ത്തുപോയി.
പ്രിയപ്പെട്ട സഹോദരീ, നാഴികകള്‍ക്കിപ്പുറത്തുനിന്ന് ഞാന്‍ മംഗളം നേരുന്നു.
നിന്റെ ഓര്‍മയ്ക്കുവേണ്ടി ഞാനിതു കുറിക്കട്ടെ.'
എത്രനേരം നോക്കിനിന്നാലും മടുക്കാത്ത വികാരസുന്ദരമായ ദൃശ്യമാണത്. മിഴിവാര്‍ന്ന ഒരു പെയിന്റിങ്ങുപോലെ.
'ദൂരെ സൂര്യകാന്തിപ്പൂക്കളും നീല പട്ടുനാടയും കാഴ്ചയില്‍നിന്നു മറഞ്ഞു...' അതു ഞാന്‍ എത്ര വട്ടം വായിച്ചു എന്നറിയില്ല. ഇപ്പോഴും അതു വായിക്കുമ്പോള്‍ എന്റെ കണ്ണു നിറയും.
ഒരു സഹോദരിയില്ലാത്ത പത്തു വയസ്സുകാരന് കുറച്ചു ദിവസത്തേക്കു കൂട്ടായി വന്നെത്തിയ സഹോദരി എന്നേക്കുമായി പിരിയുന്ന രംഗമാണ്.
കഥയില്‍ ഇങ്ങനെയും എഴുതുന്നു: 'ഒരു പെണ്‍കുട്ടിയുണ്ടായിക്കാണാന്‍ അച്ഛനുമമ്മയും ആഗ്രഹിച്ചിരുന്നു. മൂന്നാണ്‍മക്കള്‍ക്കുശേഷം അമ്മ ഗര്‍ഭിണിയായപ്പോള്‍ കണിയാര്‍ പറഞ്ഞു: ''ഇത്തവണ പെണ്‍കുട്ടിതന്നെ.''
എല്ലാവര്‍ക്കും സന്തോഷമായി.
ചെയ്യാത്ത വഴിപാടുകളും കേറാത്ത അമ്പലങ്ങളുമില്ല.
പക്ഷേ, പ്രതീക്ഷകളെയെല്ലാം തെറ്റിച്ചുകൊണ്ട് ഒരു ചാവാലിച്ചെക്കന്‍ ഭൂജാതനായി. വിനയപൂര്‍വം പറയട്ടെ, ആ നിര്‍ഭാഗ്യവാന്‍ ഞാനാണ്.
ആ നിര്‍ഭാഗ്യവാനായ ചാവാലിച്ചെക്കനെ മലയാളസാഹിത്യത്തിലെ പെരുന്തച്ചനാക്കി കാലം മാറ്റി.
പലരുടെയും പല കൃതികളും വായിക്കുമ്പോള്‍ വായനക്കാര്‍ കരയാറുണ്ട് അഥവാ വായനക്കാരെ കരയിപ്പിക്കുന്നവിധം എഴുതുന്നവരുണ്ട്.  അത്തരം രംഗങ്ങള്‍ എഴുതുമ്പോള്‍ എഴുത്തുകാര്‍ കരയാറുണ്ടോ എന്നത് അനേകം വായനക്കാര്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ചോദ്യമായിരിക്കും.
ഉണ്ട്. എഴുതുമ്പോള്‍ എഴുത്തുകാര്‍ കരയാറുണ്ട്. പലതും ഉച്ചത്തില്‍ വിളിച്ചുപറയാറുണ്ട്, അഭിനയിക്കാറുണ്ട്.
ദസ്തയേവ്‌സ്‌കി അങ്ങനെയുള്ള ഒരെഴുത്തുകാരനായിരുന്നു. തോപ്പില്‍ ഭാസി നാടകമെഴുതുമ്പോള്‍ ഇപ്പറഞ്ഞതെല്ലാം ചെയ്യുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മകന്‍ അജയന്‍ എഴുതിയിട്ടുണ്ട്.
കാരണം, മിക്ക എഴുത്തുകാരും  രംഗങ്ങള്‍ ഭാവനയില്‍ കണ്ടാണ് എഴുതുന്നത്. അതിലൂടെ അവര്‍ കടന്നുപോകുന്നുണ്ട്.
എഴുത്തിനിടെ ഒരിക്കല്‍മാത്രമേ കരഞ്ഞിട്ടുള്ളുവെന്ന് എം ടി പറഞ്ഞിട്ടുണ്ട്. ആ കഥയാണ്  'നിന്റെ ഓര്‍മയ്ക്ക്.' എംടി കരഞ്ഞെഴുതിയ ഒരേയൊരു കഥ.
ആ കഥ വായിച്ചു ഞാന്‍ കരഞ്ഞിട്ടുണ്ട്, പതിനഞ്ചാം വയസ്സില്‍. ഇന്നും, ഇതെഴുതുമ്പോഴും എന്റെ കണ്ണു നിറഞ്ഞു.
'ദൂരെ സൂര്യകാന്തിപ്പൂക്കളും നീല പട്ടുനാടയും കാഴ്ചയില്‍നിന്നു മറഞ്ഞു...' എന്ന വാക്യം എന്റെ കണ്ണു നിറയ്ക്കും. അന്യദേശത്തേക്കു പോകുന്ന സഹോദരിയെ നോക്കി വിങ്ങിനില്‍ക്കുന്ന പത്തുവയസ്സുകാരന്‍ വാസുവിന്റെ സ്ഥാനത്ത് ഞാന്‍ എന്നെ നിര്‍ത്തുമ്പോള്‍ എന്റെ കണ്ണു നിറയും.
എംടിയുടെ കഥകളും നോവലുകളുമൊക്കെ തുടങ്ങുന്നതും അവസാനിക്കുന്നതും വായനക്കാരന്റെ ഹൃദയത്തില്‍ പതിഞ്ഞുപോകുന്ന മനോഹരവാക്യങ്ങളോടെയാണ്.
ഇരുപത്തിമൂന്നാം വയസ്സില്‍ എം ടി എഴുതിയ നാലുകെട്ടിന്റെ തുടക്കം നോക്കൂ: 'വളരും, വളര്‍ന്നു വലുതാവും, അപ്പോള്‍ കൈകാലുകള്‍ക്കു നല്ല കരുത്തുണ്ടാവും. ആരെടാ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാനാണ്, കോന്തുണ്ണിനായരുടെ മകന്‍ അപ്പുണ്ണി എന്നു പറയാം.'
'മഞ്ഞ്' നോവല്‍ തുടങ്ങുന്നത് ഒറ്റ വാക്കിലാണ്: 'വായിക്കാനൊന്നുമില്ല.'
ഒരു കാലഘട്ടത്തിലെ യുവാക്കളെല്ലാം, പ്രത്യേകിച്ച് കാമുകര്‍, പരസ്പരം കുറ്റപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന പ്രസിദ്ധമായ ഒരു വാക്യമുണ്ട്. എം ടിയുടെ 'കാലം' എന്ന നോവലിലെ അവസാനവാക്യമാണത്: 'സേതൂന് എന്നും ഒരാളോടേ ഇഷ്ടം ഉണ്ടായിരുന്നുള്ളൂ. സേതൂനോടുമാത്രം.'
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ വായിച്ച 'മാണിക്യക്കല്ലാ'ണ് ഞാന്‍ വായിക്കുന്ന ആദ്യ എം ടി കൃതി.   അത് ഒത്തിരിവട്ടം വായിച്ചു. പതിനഞ്ചാം വയസ്സില്‍ വാങ്ങിച്ച 'കാഥികന്റെ പണിപ്പുര'യാണ് സ്വന്തം സമ്പാദ്യംകൊണ്ട് ഞാന്‍ വാങ്ങുന്ന ആദ്യപുസ്തകം. ആദ്യം വാങ്ങിയ എംടി പുസ്തകവും അതുതന്നെ. കശുവണ്ടി വിറ്റുകിട്ടിയ രണ്ടു രൂപകൊണ്ടാണ് അതു വാങ്ങിയത്. പിന്നെപ്പിന്നെ എംടിയുടെ എല്ലാ പുസ്തകങ്ങളും വാങ്ങി, വായിച്ചു, സൂക്ഷിച്ചു.
കഥയെഴുത്തിന്റെ രസതന്ത്രങ്ങളെപ്പറ്റി  വെറും ഇരുപത്തൊമ്പതു വയസ്സില്‍ എഴുതാന്‍ തക്കവിധം കൃതഹസ്തനായിക്കഴിഞ്ഞിരുന്നു എം ടി.
'അറിയാത്ത അദ്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാള്‍ ഞാന്‍ അറിയുന്ന എന്റെ നിളാനദിയാണ് എനിക്കിഷ്ടം' എന്നെഴുതുന്ന എം ടി,  ജന്മദേശമായ കൂടല്ലൂരില്‍നിന്നു  കണ്ടെടുത്ത നൂറു കണക്കിനു കഥാപാത്രങ്ങള്‍ ലോകപ്രസിദ്ധരായി.
'സ്വപുത്രന്‍ ബാഷ്പാകുലനേത്രങ്ങളോടെയാണ് മാതാവിന്റെ സവിധത്തില്‍ അണഞ്ഞത്' എന്ന് എഴുതുന്നതിനു പകരം 'മകന്‍ കരഞ്ഞുകൊണ്ടാണ് അമ്മയുടെ അടുത്തെത്തിയത് ' എന്നെഴുതുന്നതാണ് സാഹിത്യമെന്ന് എം ടി തുറന്നുപറഞ്ഞു. ലളിതമായി പറയുന്നതാണ് ഉത്തമസാഹിത്യം എന്ന പാഠം എം ടി തന്റെ കൃതികളിലെല്ലാം പുലര്‍ത്തി.
ഏറ്റവും ലളിതമായ ഭാഷയില്‍ എഴുതിയ ബഷീറാണ് മലയാളത്തിലെ ഏറ്റവും വലിയ എഴുത്തുകാരനെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് അമേരിക്കയില്‍നിന്ന് അവധിക്കെത്തിയ എന്റെ സ്‌നേഹിതന്‍ തിരുവല്ലക്കാരന്‍ ബാബുവിന് എം ടിയുടെ വീടും നാടും കാണണമെന്ന് ഒരാഗ്രഹം. അങ്ങനെ ഞങ്ങള്‍ കൂടല്ലൂരിലെ ആള്‍താമസമില്ലാത്ത മാടത്തു തെക്കേപ്പാട്ട് വീട്ടില്‍ പോയി. അവിടെയെല്ലാം ചുമ്മാ ചുറ്റിനടന്നു. 'നിന്റെ ഓര്‍മയ്ക്ക്' എന്ന കഥയെഴുതിക്കൊണ്ട്, കരഞ്ഞുകൊണ്ട്, എം ടി കിടന്ന ആ പത്തായം അവിടെങ്ങാനുമുണ്ടോ എന്നു ഞാന്‍ തിരഞ്ഞു. കണ്ടില്ല.
പത്തായമില്ലെങ്കിലും അതിന്റെ ഗന്ധവും ഓര്‍മയും കഥയെഴുതിയ കടലാസില്‍ വീണ കണ്ണീരും എന്നെ പൊതിഞ്ഞു.
(എട്ടു മണിക്കൂര്‍കൊണ്ട് ഞാന്‍ വരച്ച ഈ പെന്‍സില്‍ ചിത്രം എം ടി എന്ന മഹാസാഹിത്യമാന്ത്രികന്റെ പിറന്നാള്‍ദിനത്തില്‍ ഏറ്റവും ബഹുമാനത്തോടെ അദ്ദേഹത്തിന്റെ മുന്നില്‍ വയ്ക്കട്ടെ.)
സൂര്യകാന്തിപ്പൂക്കളുള്ള കുപ്പായമിട്ട്  അകലെ മറയുന്ന സഹോദരിയെ നോക്കി നില്‍ക്കുന്ന വാസുവിന്റെ ചിത്രം എന്നെ ഇന്നും കരയിക്കുന്നു.

Login log record inserted successfully!