•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

പാരീസ് ഒളിമ്പിക്‌സ് മെഡല്‍നേട്ടത്തില്‍ രണ്ടക്കം ലക്ഷ്യമിട്ട് ഇന്ത്യ

  • സനില്‍ പി. തോമസ്‌
  • 1 August , 2024

ലണ്ടനുശേഷം പാരീസിനും മൂന്നുതവണ ഒളിമ്പിക്‌സ് വേദിയായ നഗരം എന്ന പേരു കൈവരാന്‍ പോകുന്നു. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് പാരീസ് ഒളിമ്പിക്‌സ്. 1900 ത്തിലും 1924 ലും പാരീസ് ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിച്ചിരുന്നു. ഇതിനുമുമ്പ് ലണ്ടനില്‍ മാത്രമാണ് മൂന്നുതവണ (1908, 1948, 2012) ഒളിമ്പിക്‌സ് നടന്നത്. 206 രാജ്യങ്ങളില്‍നിന്നു 10,500 കായികതാരങ്ങള്‍ പാരീസില്‍ മത്സരിക്കും. യുക്രെയ്‌നില്‍ ആക്രമണം നടത്തിയതിന്റെ പേരില്‍ റഷ്യയെയും ബെലറൂസിനെയും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. പക്ഷേ, ഇവിടങ്ങളില്‍നിന്നുള്ള അത്‌ലറ്റുകള്‍ക്കുസ്വതന്ത്രരായി മത്സരിക്കാം.
        പുരുഷ-വനിതാതാരങ്ങളുടെ തുല്യപ്രാതിനിധ്യമായിരിക്കും പാരീസ് ഒളിമ്പിക്‌സിന്റെ പ്രത്യേകത. 34 സ്‌പോര്‍ട്‌സില്‍ 329 ഇനങ്ങളിലായിരിക്കും മത്സരം. ബ്രേക്കിങ്ങും (ബ്രേക്ക് ഡാന്‍സ്) സര്‍ഫിങ്ങും സ്‌പോര്‍ട് ക്ലൈമ്പിങ്ങും സ്‌കേറ്റ് ബോര്‍ഡിങ്ങും പാരീസില്‍ മത്സരയിനമാകും. ഇതില്‍ ബ്രേക്കിങ് മാത്രമാണ് അരങ്ങേറ്റയിനം.കരാട്ടെ, സോഫ്റ്റ്‌ബോള്‍, ബേസ്‌ബോള്‍ എന്നിവ ഒഴിവാക്കപ്പെട്ടു. ഒളിമ്പിക്‌സില്‍ 28 അടിസ്ഥാനസ്‌പോര്‍ട്‌സ് ഇനങ്ങളാണുള്ളത്. ആതിഥേയനഗരത്തിന് ആറിനങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്താം. പക്ഷേ,പാരീസ് നാലിനങ്ങളാണ് ഉള്‍പ്പെടുത്തിയത്.
       റിഫ്യൂജിടീമില്‍ ഇത്തവണ 11 രാജ്യങ്ങളില്‍നിന്നുള്ള 36 അത്‌ലറ്റുകള്‍ (23 പുരുഷന്മാരും 13 വനിതകളും) ഉണ്ട്. ഇവര്‍ ഒളിമ്പിക്‌സ്പതാകയ്ക്കു കീഴിലായിരിക്കും മത്സരിക്കുന്നത്. 2017 സെപ്റ്റംബറിലാണ് പാരീസ് നഗരം 2024 ഒളിമ്പിക്‌വേദിയായി തിരഞ്ഞെടുക്കുന്നത്. കൊവിഡ്മൂലം ടോക്കിയോ ഒളിമ്പിക്‌സ് 2020 ല്‍നിന്ന് 2021 ലേക്കു മാറ്റിയതിനാല്‍ കഴിഞ്ഞ ഒളിമ്പിക്‌സ് കഴിഞ്ഞ് മൂന്നുവര്‍ഷത്തിനുള്ളില്‍ അടുത്ത ഒളിമ്പിക്‌സ് എത്തി. അതുപോലെ, ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസ് 2022 ല്‍ നിന്ന് 2023 ലേക്കു മാറ്റിയതിനാല്‍ ഏഷ്യന്‍ ഗെയിംസ് കഴിഞ്ഞ് ഒരു വര്‍ഷംപോലും തികയുംമുമ്പ് ഒളിമ്പിക്‌സ് ആയി.
      ഒളിമ്പിക്‌സില്‍ ചരിത്രത്തിലാദ്യമായി ഇത്തവണ ഉദ്ഘാടനച്ചടങ്ങുകള്‍ പൊതുവേദിയിലാണു നടക്കുന്നത്. പാരീസ് നഗരമധ്യത്തിലൂടെ ഒഴുകുന്ന സെന്‍നദിയിലൂടെ ബോട്ടില്‍ താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടത്താനാണു തീരുമാനം. ഒളിമ്പിക്‌സ് അട്ടിമറിക്കാന്‍ റഷ്യ ശ്രമിക്കുമെന്ന ആശങ്ക സംഘാടകര്‍ക്ക് ഇല്ലാതില്ല. ഫ്രഞ്ച് പ്രസിഡന്റുതന്നെ മുമ്പ് ഇക്കാര്യം സൂചിപ്പിച്ചതുമാണ്. എന്തായാലും ചരിത്രത്തിലെ ഏറ്റവും പ്രകൃതിസൗഹൃദ ഒളിമ്പിക്‌സ് ആയിരിക്കും പാരീസിലേതെന്ന് സംഘാടകര്‍ ഉറപ്പുനല്‍കുന്നു. 35 വേദികളിലായിട്ടാണു മത്സരം.
വേദികള്‍ തമ്മിലുള്ള അകലം ഒളിമ്പിക്‌സ് സ്പിരിറ്റ് കെടുത്തുമെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. പാരീസ് നഗരത്തിന്റെ മുഖമുദ്രയായ ഈഫല്‍ ടവറിന്റെ ഇരുമ്പുപാളികളില്‍നിന്നൊരു അംശം കൂട്ടിച്ചേര്‍ത്താണ് മെഡലുകള്‍ നിര്‍മിച്ചിരിക്കുന്നത്.
റെക്കോര്‍ഡ് മെഡല്‍നേട്ടം ലക്ഷ്യമിട്ട് ഇന്ത്യ
      പതിനാറ് ഇനങ്ങളില്‍ 117 കായികതാരങ്ങളാണ് ഇന്ത്യയ്ക്കായി പാരീസില്‍ മത്സരിക്കുന്നത്. വനിതാ ഷോട്ട്പുട്ട് താരം ആദം ഖാത്തുവ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ പ്രഖ്യാപിച്ച പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും എന്‍ട്രി ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ല. ആറു റാങ്കിങ് അടിസ്ഥാനത്തില്‍ യോഗ്യത നേടിയിരുന്നതാണ്. ഇതോടെ അത്‌ലറ്റിക് സംഘം 30 ല്‍നിന്ന് 29 ആയി. ഷൂട്ടിങ്ങില്‍ 21 അംഗസംഘമാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത്. ടോക്കിയോയില്‍ 127 അത്‌ലറ്റുകള്‍ ഇന്ത്യന്‍ടീമില്‍ ഉണ്ടായിരുന്നു. ഇത്തവണ വനിതാ ഹോക്കി ടീം യോഗ്യത നേടാതെ പോയതാണ് എണ്ണം കുറയാന്‍ കാരണം. പക്ഷേ, സപ്പോര്‍ട്ട് സ്റ്റാഫിന്റെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. പതിമൂന്നംഗ സ്‌പോര്‍ട്‌സ് സയന്‍സ് ടീം പുതിയ തുടക്കവുമാണ്. 
ടോക്കിയോയില്‍ ഏഴു മെഡല്‍ (ഒരു സ്വര്‍ണം, രണ്ടു വെള്ളി,നാലു വെങ്കലം) നേടി ഒളിമ്പിക്‌സ് ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച
ഇന്ത്യ ഇത്തവണ ഇരട്ടസംഖ്യലക്ഷ്യമിടുന്നു. 1992 വരെ ഹോക്കിയില്‍ നേടിയ എട്ടുസ്വര്‍ണവും ഒരു വെള്ളിയും  രണ്ടു വെങ്കലവും ഒഴിച്ചാല്‍ 1952 ല്‍ ഹെല്‍സിങ്കിയില്‍ ഗുസ്തിയില്‍ കെ.ഡി. ജാദവ് നേടിയ വെങ്കലംമാത്രമായിരുന്നു ഒളിമ്പിക്‌സിലെ ഇന്ത്യന്‍ നേട്ടം. എന്നാല്‍, 1996 ല്‍ അറ്റ്‌ലാന്റയില്‍ ലിയാന്‍ഡര്‍ പെയ്‌സ് ടെന്നീസില്‍ വെങ്കലം നേടിയത് വലിയൊരു മാറ്റത്തിന്റെ തുടക്കമായി. 16 വര്‍ഷത്തിനു മുമ്പ് ഇന്ത്യ മെഡല്‍പട്ടികയില്‍ സ്ഥാനം വീണ്ടെടുത്തെന്നുമാത്ര
മല്ല, തുടര്‍ന്നുനടന്ന ഒളിമ്പിക്‌സില്‍ ഇന്ത്യ മെഡല്‍ ഇല്ലാതെ മടങ്ങിയില്ല.
      2008 ല്‍ ബെയ്ജിങ്ങില്‍ ഷൂട്ടിങ്താരം അഭിനവ് ബിന്ദ്രയിലൂടെ ഒളിമ്പിക്‌സിലെ പ്രഥമ വ്യക്തിഗതസ്വര്‍ണം നേടിയ ഇന്ത്യ 2021 ല്‍ (ടോക്കിയോ 2020) നീരജ് ചോപ്രയിലൂടെ അത്‌ലറ്റിക്‌സില്‍ ആദ്യമെഡല്‍ (സ്വര്‍ണം) നേടി. ബെയ്ജിങ്ങില്‍ മൂന്നും ലണ്ടനില്‍ ആറുംറിയോയില്‍ രണ്ടും മെഡല്‍ നേടിയ ഇന്ത്യ ടോക്കിയോയില്‍ റെക്കോര്‍ഡ് നേട്ടമുണ്ടാക്കി. വെങ്കലം നേടിക്കൊണ്ട് ടോക്കിയോയില്‍ ഇന്ത്യന്‍ പുരുഷടീം തിരിച്ചുവരവു നടത്തിയപ്പോള്‍ വനിതകള്‍ നാലാം സ്ഥാനം കരസ്ഥമാക്കി. ഇക്കുറി വനിതാ ഹോക്കി ടീം യോഗ്യതനേടിയില്ല എന്നതാണ്
ഏറ്റവും വലിയ തിരിച്ചടി. അതുപോലെ, ടോക്കിയോയില്‍ ഗുസ്തിയില്‍ വെള്ളി നേടിയ രവികുമാര്‍ ദാഹിയയും വെങ്കലം  സ്വന്തമാക്കിയ ബജ്‌റങ് പുനിയയും പാരീസില്‍ ഉണ്ടാവില്ല.
      ഈ തിരിച്ചടികളില്‍ ചിലത് ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ രാഷ്ട്രീയാതിപ്രസരത്തിന്റെ ബാക്കിപത്രമാണ്. എങ്കിലും, ഇന്ത്യ പ്രതീക്ഷയില്‍ത്തന്നെ.ജാവലിന്‍ താരം, നിലവിലെ ഒളിമ്പിക്, ലോക, ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ നീരജ് ചോപ്രയില്‍നിന്ന് പാരീസിലും ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നു.
രïുതവണ ലോക വനിതാബോക്‌സിങ് ചാമ്പ്യനായ നിഖാത് സരിനും ടോക്കിയോയില്‍ വെങ്കലം നേടിയ ലൗലീനാ ബോര്‍ഗോ ഹെയ്‌നും മെഡല്‍ പ്രതീക്ഷയാണ്. ഗുസ്തിയില്‍ മെഡല്‍നേട്ടം സാധ്യമായ ഒന്നിലധികം താരങ്ങളുണ്ടെങ്കിലും ലൈംഗികാരോപണങ്ങളും ഉത്തേജകവിവാദവും ട്രയല്‍സ് സംബന്ധിച്ച് ഉയര്‍ന്ന പ്രശ്‌നങ്ങളുമൊക്കെ താരങ്ങളുടെ പ്രകടനത്തെ ബാധിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിക്കാം..

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)