•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

പാലാ സെന്റ് ജോസഫ് സ് എഞ്ചിനീയറിങ് കോളജിന് ഓട്ടോണമസ്പദവിയും നാക് എ ഗ്രേഡും

ചൂണ്ടച്ചേരി: പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനീയറിങ് കോളജിന് ഓട്ടോണമസ് പദവിയും നാക് എ ഗ്രേഡും ലഭിച്ചു. ജൂലൈ 13 ശനിയാഴ്ച നടന്ന മെറിറ്റ് ഡെയില്‍ കോളജ് രക്ഷാധികാരികൂടിയായ  പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് ഓട്ടോണോമസ് പദവി ലഭിച്ച കാര്യം അറിയിച്ചത്. നാക് അക്രഡിറ്റേഷനില്‍ ആദ്യ സൈക്കിളില്‍ത്തന്നെ എ ഗ്രേഡ്ലഭിച്ച വിവരവും അദ്ദേഹം പ്രഖ്യാപിച്ചു.  അക്കാദമികമികവ്, ഉയര്‍ന്ന പ്ലെയ്‌സ്മെന്റ്, മികച്ച അടിസ്ഥാനസൗകര്യങ്ങള്‍, മതിയായ യോഗ്യതയുള്ള അധ്യാപകര്‍, ഉയര്‍ന്ന അധ്യാപക - വിദ്യാര്‍ഥി അനുപാതം തുടങ്ങിയ മികവുകളുടെ അടിസ്ഥാനത്തിലാണ് യു ജി സി ഓട്ടോണമസ് പദവി സെന്റ് ജോസഫ്‌സിനു ലഭിച്ചത്. ഇരുപത്തിരണ്ടു വര്‍ഷത്തെ അക്കാദമിക മികവിനുള്ള നേര്‍സാക്ഷ്യംകൂടിയായി കോളജിനു ലഭിച്ച ഇരട്ടനേട്ടം.

സെന്റ് ജോസഫ്‌സിനു ലഭിക്കുന്ന അക്കാദമികനേട്ടങ്ങളുടെ പട്ടികയില്‍ ഏറ്റവും മികച്ചവയാണ് ഇതെന്ന് ബിഷപ് അനുസ്മരിച്ചു.
മെറിറ്റ് ഡേയില്‍ കോളജ് കരസ്ഥമാക്കിയ നാഴികക്കല്ലുകളെ ബിഷപ് എടുത്തുപറഞ്ഞു. മൂല്യബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും  പ്രശ്‌നങ്ങളില്‍നിന്ന് ഓടിയകലാതെ അവയെ നിര്‍ഭയം നേരിട്ട് രാഷ്ട്രനിര്‍മാണത്തിനു സജ്ജരാകണമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഓര്‍മിപ്പിച്ചു.
2002 ല്‍ ആരംഭിച്ച കോളജില്‍ ബിടെക് വിഭാഗത്തില്‍ ഒന്‍പതും എംടെക് വിഭാഗത്തില്‍ നാലും പ്രോഗ്രാമുകളാണുള്ളത്.  പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകളില്‍ എംബിഎ, രണ്ടു വര്‍ഷ എംസിഎ, അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എംസിഎ എന്നിവയും ഉള്‍പ്പെടുന്നു. സിവില്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നിവയില്‍ പിഎച്ച്ഡിയും സെന്റ് ജോസഫ്‌സ് നല്‍കുന്നു. കോളജിലെ ആറു പ്രോഗ്രാമുകള്‍ക്ക് എ ഐ സി റ്റി യില്‍നിന്ന് എന്‍ബിഎ അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വര്‍ഷം 826 പ്ലേസ്‌മെന്റ് ഓഫറുകള്‍ സെന്റ് ജോസഫ്‌സിലെ അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കു നേടാനായി എന്നതും മികവിന്റെ മികച്ച ഉദാഹരണമാണ്.
മെറിറ്റ്‌ഡേയില്‍ കെല്‍ട്രോണ്‍ എം ഡി വൈസ് അഡ്മിറല്‍ ശ്രീകുമാര്‍നായര്‍ മുഖ്യാതിഥിയായിരുന്നു. ചെയര്‍മാന്‍ മോണ്‍. ഡോ. ജോസഫ് മലേപ്പറമ്പില്‍, ഡയറക്ടര്‍ ഫാ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത്, മാനേജര്‍ ഫാ. മാത്യു കോരംകുഴ, പ്രിന്‍സിപ്പല്‍ ഡോ. വി. പി. ദേവസ്യ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. മധുകുമാര്‍ എസ്. എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)