സോജന്‍ ജോസഫ് ബ്രിട്ടീഷ് പാര്‍ലമെന്റിലെ ആദ്യമലയാളി
കോട്ടയം: ബ്രിട്ടീഷ് പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യമലയാളിയാണ് കോട്ടയംകാരന്‍ സോജന്‍ ജോസഫ്. കെന്റിലെ ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍നിന്ന് ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് കൈപ്പുഴ ഓണംതുരുത്ത് സ്വദേശി സോജന്‍ ജോസഫ് പാര്‍ലമെന്റിലേക്കു മത്സരിച്ചുവിജയിച്ചത്.
ചാമക്കാലായില്‍ സി.റ്റി. ജോസഫിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും ഏഴുമക്കളില്‍ ഇളയവനാണ് 49 കാരനായ സോജന്‍. സോജന്‍ ജോസഫിന്റെ ചരിത്രനേട്ടത്തില്‍ ഓണംതുരുത്തു നിവാസികളും കുടുംബാംഗങ്ങളും ആഹ്ലാദത്തിലാണ്. സോജന്റെ സഹോദരങ്ങളായ വിമുക്തഭടന്‍ ജോയി, സൈമണ്‍, ആലീസ്, ഷേര്‍ളി, വത്സമ്മ, സിബി എന്നിവരും അവരുടെ കുടുംബാംഗങ്ങളും പിതാവ് സി.റ്റി. ജോസഫിനൊപ്പം ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു.
വര്‍ഷങ്ങളായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കൈയടക്കിവച്ചിരുന്ന ആഷ്‌ഫോര്‍ഡ് മണ്ഡലം അട്ടിമറിയിലൂടെയാണ് സോജന്‍ ജോസഫ് പിടിച്ചെടുത്തത്. കഴിഞ്ഞ നൂറുവര്‍ഷമായി ഒരിക്കല്‍പ്പോലും ലേബര്‍പാര്‍ട്ടി വിജയിക്കാത്ത മണ്ഡലമാണിത്. ആഷ്‌ഫോര്‍ഡ് സിറ്റി കൗണ്‍സിലില്‍ കൗണ്‍സിലറായി വിജയിച്ചുകയറിയ സോജന്‍ പൊതുപ്രവര്‍ത്തനത്തില്‍ സജീവമാവുകയായിരുന്നു. സ്വന്തം വ്യക്തിപ്രഭാവവും കടുത്ത ഭരണവിരുദ്ധവികാരവുമാണ് സോജന്റെ വിജയത്തിന് ആധാരമായത്.
എന്‍.എച്ച്.എസ്.സര്‍വീസ്, സോഷ്യല്‍ കെയര്‍, റോഡുകള്‍, ബിസിനസ് സംരംഭങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കാണ് ആദ്യഘട്ടം മുന്‍ഗണന നല്കുന്നതെന്ന് സോജന്‍ പറഞ്ഞു. ഉയരുന്ന ജീവിതച്ചെലവ് സാധാരണക്കാരനു താങ്ങാനാവുന്നതിലധികമാണ്. ഇതു പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് സോജന്‍ ഉറപ്പുകൊടുത്തു.
തികച്ചും സാധാരണ കര്‍ഷകകുടുംബമാണ് സോജന്റേത്. മാതാപിതാക്കളും ഏഴുമക്കളും. കൈപ്പുഴ സെന്റ് ജോര്‍ജ് സ്‌കൂളിലും മാന്നാനം കെ.ഇ. കോളജിലുമായിരുന്നു വിദ്യാഭ്യാസം. പ്രീഡിഗ്രിക്കുശേഷം കുറെക്കാലം സെമിനാരി പരിശീലനത്തില്‍. അവിടെനിന്ന് ബംഗളൂരുവില്‍ നഴ്‌സിംഗ്പഠനത്തിന്.
നഴ്‌സിംഗ് പഠനത്തിനുശേഷം 22 വര്‍ഷം മുമ്പാണ് യുകെയില്‍ എത്തിയത്. യുകെയില്‍ നഴ്‌സായ ഇരിങ്ങാലക്കുട കരുവന്നൂര്‍ സ്വദേശി ബ്രൈറ്റാണു ഭാര്യ. മക്കള്‍ ഹന്നയും സാറയും മാത്യുവും യു.കെ.യില്‍ വിദ്യാര്‍ഥികളാണ്.