•  18 Jul 2024
  •  ദീപം 57
  •  നാളം 19
പ്രാദേശികം

ശക്തിയും ഐക്യവും വിളിച്ചോതി നസ്രാണി മാപ്പിള സമുദായയോഗം

കുറവിലങ്ങാട്: ദുക്‌റാനത്തിരുനാളില്‍ പകലോമറ്റം അര്‍ക്കദിയാക്കോന്‍ നഗറില്‍ സംഘടിപ്പിക്കപ്പെട്ട നസ്രാണി മാപ്പിള സംഗമം, സമുദായശക്തിയും ഐക്യവും വിളിച്ചോതുന്നതായി. പാരമ്പര്യമഹിമയുണര്‍ത്തുന്ന പ്രാര്‍ഥനകളും കര്‍മാനുഷ്ഠാനങ്ങളുംകൊണ്ടു വേറിട്ട സമ്മേളനത്തില്‍ മെത്രാന്മാരും വൈദികരും വിശ്വാസികളുമടങ്ങുന്ന നസ്രാണിസഭകളുടെയും ഇതരസമുദായങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. 
മലയാളഭാഷ ഇന്നത്തെ രീതിയില്‍ രൂപപ്പെടുന്നതിനുമുമ്പുതന്നെ അര്‍ക്കദിയാക്കോന്മാരുടെ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന റംശാപ്രാര്‍ഥന മാര്‍ത്തോമ്മാപാരമ്പര്യമുള്ള നസ്രാണിസഭകളിലെ അഭിവന്ദ്യ പിതാക്കന്മാരുടെ നേതൃത്വത്തില്‍ ചടങ്ങില്‍ അര്‍പ്പിക്കപ്പെട്ടപ്പോള്‍,  പതിനാറാം നൂറ്റാണ്ടുവരെ മാര്‍ത്തോമ്മാ നസ്രാണികളുടെ ഭരണസിരാകേന്ദ്രമായിരുന്ന പകലോമറ്റത്തെ അര്‍ക്കദിയാക്കോന്മാരുടെ പുണ്യകബറുകള്‍ അനുഗൃഹീതമാവുകയായിരുന്നു. തുടര്‍ന്ന്, മാര്‍ത്തോമ്മാശ്ലീഹായെയും മാര്‍ത്തോമാമാര്‍ഗം സംരക്ഷിച്ച പിതാക്കന്മാരെയും നസ്രാണി ഐക്യത്തിനുവേണ്ടി സുധീരം പ്രവര്‍ത്തിച്ച പൂര്‍വസൂരികളെയും ഓര്‍ത്തും ധ്യാനിച്ചും 'പിതാക്കന്മാരുടെ വഴിയേ' എന്ന തീര്‍ഥാടനപ്രദക്ഷിണം നടത്തി വിശ്വാസികള്‍ യോഗസ്ഥലത്തേക്കു നീങ്ങി.
നസ്രാണിസഭകളുടെ പ്രതിനിധികളും ഇതരസമുദായപ്രതിനിധികളും ചേര്‍ന്ന് ഏഴു വിളക്കിലെ (മെനോറ) തിരികള്‍ തെളിച്ച് ആരംഭിച്ച സമ്മേളനത്തില്‍  കല്‍ദായസുറിയാനിസഭയുടെ തലവന്‍ മാര്‍ ഔഗേന്‍ കുറിയാക്കോസ് മെത്രാപ്പോലീത്ത, മാര്‍ത്തോമ്മാ സുറിയാനിസഭയുടെ റാന്നി ഭദ്രാസനാധ്യക്ഷന്‍ ജോസഫ് മാര്‍ ബര്‍ണബാസ്  മെത്രാപ്പോലീത്ത, മലങ്കര സുറിയാനി കത്തോലിക്കാസഭ മാവേലിക്കര ഭദ്രാസനാധ്യക്ഷന്‍ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത, സിഎസ്‌ഐ സഭ ബിഷപ് ഉമ്മന്‍ ജോര്‍ജ് എന്നീ മെത്രാന്മാര്‍ പങ്കെടുത്തു.
കുറവിലങ്ങാടും പകലോമറ്റവും  നസ്രാണിസഭകളുടെ അതിപുരാതനകേന്ദ്രങ്ങളാണെന്നും സഭകളെ ഒന്നിപ്പിച്ചു നിര്‍ത്താനും സുറിയാനിപാരമ്പര്യങ്ങള്‍ സംരക്ഷിക്കാനും കഴിയുന്ന സ്ഥലങ്ങളാണെന്നും, പാശ്ചാത്യവും പൗരസ്ത്യവുമായ ഓരോ സഭയും അതതു സഭകളിലെ വിശ്വാസികളും അവരവരുടെ പാരമ്പര്യങ്ങള്‍ വിശ്വസ്തതയോടെ കാത്തുസൂക്ഷിക്കണമെന്നും, അര്‍ക്കദിയാക്കോന്മാരുടെ പുണ്യകബറുകള്‍ സ്ഥിതിചെയ്യുന്ന പകലോമറ്റത്തു വന്നു പ്രാര്‍ഥിക്കുന്നതു വലിയ ഊര്‍ജം നല്കുമെന്നും മെത്രാന്മാര്‍ അഭിപ്രായപ്പെട്ടു. 
സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് പാലാ രൂപത സിഞ്ചെല്ലൂസ് മോണ്‍. ഡോ.  ജോസഫ് മലേപ്പറമ്പില്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. യാക്കോബായസഭയെ പ്രതിനിധീകരിച്ച് മുന്‍ വൈദികട്രസ്റ്റി സ്ലീബാ പോള്‍ വട്ടവേലില്‍ കോറെപ്പിസ് കോപ്പ, നായര്‍സമുദായത്തില്‍നിന്ന് ബാബു കിളിരൂര്‍, ഈഴവസമുദായത്തില്‍നിന്ന് ഡോ. ബിജു എം.എസ്. എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പകലോമറ്റം കുടുംബയോഗം രക്ഷാധികാരി ഫാ. ജോസ് കോട്ടയില്‍, നസ്രാണി മാപ്പിളസംഘം ദക്ഷിണമേഖലാ പ്രതിനിധി ജോസ് ഈശോ കോട്ടൂര്‍ എന്നിവരും സംസാരിച്ചു. അബ്രാഹം ബെന്‍ഹര്‍ രചിച്ച 'ഠവല ഖലംശവെ കിറശമി'െ എന്ന ഗ്രന്ഥം മാര്‍ ഔഗേന്‍ കുറിയാക്കോസ് മെത്രാപ്പോലീത്ത, തേക്കിന്‍കാട് ജോസഫിനു നല്‍കി പ്രകാശിപ്പിച്ചു. സമ്മേളനത്തിന് കുവൈറ്റ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ  സംഭാവന  ഭാരവാഹി സോണി വെളിയത്തുമ്യാലിയില്‍നിന്ന് യോഗാധ്യക്ഷന്‍ സ്വീകരിച്ചു. അര്‍ക്കദിയാക്കോന്‍മാരുടെ കാലഘട്ടത്തിലെ പതിനാറ് കല്‍ദായ സുറിയാനിരേഖകളെ അധികരിച്ചുള്ള സുപ്രധാനപഠനചിന്തകള്‍ ശ്രീ ജോസുകുട്ടി മരങ്ങാട്ടില്‍ അവതരിപ്പിച്ചു.
സംവരണരഹിതസമുദായ
ങ്ങള്‍ക്ക് ഉപകരിക്കുന്ന സാമ്പത്തികസംവരണത്തെ അനുകൂലിച്ച യോഗം, 'അഞ്ച് ഏക്കര്‍ ഭൂമി, എട്ടുലക്ഷം വാര്‍ഷികവരുമാനം' എന്ന മാനദണ്ഡം കേരളത്തിലും നടപ്പാക്കണമെന്നും നിലവില്‍ സംവരണം ഉള്ളവരുടെ ക്രീമിലെയറിനും ഇതേ മാനദണ്ഡംതന്നെവച്ച് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.  ജാതിസംവരണത്തില്‍ കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ കടന്നുകൂടിയിട്ടുള്ള മതസംവരണം വിവേചനം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും ക്രിസ്ത്യാനിയായതിന്റെ പേരില്‍ ജാതിയുടെ സംവരണം നഷ്ടപ്പെട്ട ദളിത് ക്രൈസ്തവര്‍ക്കു നേരത്തേ ലഭ്യമായിരുന്ന സംവരണാനുകൂല്യം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജെ ബികോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ ക്രൈസ്തവര്‍ക്കുള്ള ആശങ്ക  യോഗം പ്രകടിപ്പിച്ചു. സ്‌നേഹവിരുന്നോടെ സമാപിച്ച യോഗത്തില്‍ വിവിധ ദേശങ്ങളില്‍നിന്നു നൂറുകണക്കിനു നസ്രാണികള്‍ പങ്കെടുത്തു.

 

Login log record inserted successfully!