•  18 Jul 2024
  •  ദീപം 57
  •  നാളം 19
പ്രാദേശികം

പാലാ അഡാര്‍ട്ട് റൂബിജൂബിലിനിറവില്‍

സമാപനസമ്മേളനം ജൂലൈ 14 ഞായറാഴ്ച പാലായില്‍

പാലാ: 1984 ജൂലൈ മൂന്നിന് ദുക്‌റാനത്തിരുനാളില്‍ പാലാ രൂപതയുടെ പ്രഥമാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ തിരുമേനി ഉദ്ഘാടനം ചെയ്ത കേരളത്തിലെ ആദ്യത്തെ ലഹരിവിമോചനചികിത്സാപുനരധിവാസകേന്ദ്രമായ പാലാ അഡാര്‍ട്ട് സേവനത്തിന്റെ നാല്പതുവര്‍ഷങ്ങള്‍ പിന്നിടുകയാണ്.
മദ്യത്തിനും മയക്കുമരുന്നുകള്‍ക്കും അടിമകളായവരെ ചികിത്സിക്കുക, പുനരധിവസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റിന്റെ സംരംഭമായി സ്ഥാപിതമായതാണ് അഡാര്‍ട്ട്. ഫാമിലി അപ്പോസ്തലേറ്റിന്റെ അന്നത്തെ ഡയറക്ടറായിരുന്ന ഫാ. സെബാസ്റ്റ്യന്‍ പാട്ടത്തിലിന്റെ ദീര്‍ഘവീക്ഷണവും സി. ജോവാന്‍ ചുങ്കപ്പുരയുടെ സഹകരണവും ഒത്തുചേര്‍ന്നാണ് അഡാര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചത്. കുടുംബങ്ങളിലെ പ്രധാനപ്രശ്‌നം മദ്യപാനവും സാമ്പത്തികത്തകര്‍ച്ചയും അതുവഴിയുണ്ടാകുന്ന കുടുംബപ്രശ്‌നങ്ങളുമാണ് എന്നു മനസ്സിലാക്കിയതാണ് ഇങ്ങനെയൊരു ചികിത്സാകേന്ദ്രം ആരംഭിക്കാന്‍ പ്രേരണയായത്. 
1984 ജൂലൈ മുതല്‍ 1986 ഓഗസ്റ്റ് 15 വരെ ബുധന്‍, വ്യാഴം ദിവസങ്ങളിലായി അന്നത്തെ പാസ്റ്ററല്‍ സര്‍വീസ് സെന്ററിലാണ് അഡാര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. 1986 ഓഗസ്റ്റ് 15 ന് അഡാര്‍ട്ട് ഡേ കെയര്‍ സെന്ററായി. 1987 സെപ്റ്റംബര്‍ 8 ന് അഡാര്‍ട്ട് മുഴുവന്‍ സമയക്ലിനിക്കായി. 
1994 മേയ് 12 ന് 15 പേരെ കിടത്തി ചികിത്സിക്കാവുന്ന സൗകര്യങ്ങളോടെ മിഷന്‍ ഹോം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് അഡാര്‍ട്ട് മാറ്റി സ്ഥാപിച്ചു. 1995 മാര്‍ച്ചു മാസംമുതല്‍ അഡാര്‍ട്ടിനു കേന്ദ്രഗവണ്‍മെന്റിന്റെ സാമൂഹികക്ഷേമമന്ത്രാലയത്തിന്റെ അംഗീകാരവും ഗ്രാന്റും ലഭിച്ചുതുടങ്ങി.
പാലാ - രാമപുരം റോഡില്‍ മാര്‍ക്കറ്റ് ജങ്ഷനു സമീപം സ്വന്തം കെട്ടിടത്തില്‍ 2002 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന അഡാര്‍ട്ടില്‍  20 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. ലഹരിവിമോചനചികിത്സ, ചികിത്സാക്യാമ്പുകള്‍, ബോധവത്കരണക്ലാസുകള്‍, വിദ്യാര്‍ഥികള്‍ക്കായി അഡാര്‍ട്ട് ക്ലബുകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് അഡാര്‍ട്ട് നടത്തുന്നത്. ഇതുവരെ 11 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലഹരിവിമുക്തചികിത്സാമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് 2013 ലെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും, ബോധവത്കരണപരിപാടികള്‍ക്ക് 2016 ലെ കേന്ദ്രസര്‍ക്കാര്‍ അവാര്‍ഡും അഡാര്‍ട്ട് നേടിയിട്ടുണ്ട്. 
ഫാ. സെബാസ്റ്റന്‍ പാട്ടത്തിലിനു പുറമേ, ഫാ. മൈക്കിള്‍ നരിക്കാട്ട്, ഫാ. ജോസ് കോട്ടയില്‍, ഫാ. ജോണ്‍ എര്‍ണ്യാകുളത്തില്‍, ഫാ. മാത്യു പന്തലാനി, ഫാ. മാത്യു പുതിയിടം, ഫാ. സക്കറിയാസ് തൊണ്ടംകുളം, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. ദേവസ്യാച്ചന്‍ വട്ടപ്പലം, ഫാ. ജോസഫ് നരിതൂക്കില്‍, ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍ എന്നിവര്‍ വിവിധ കാലങ്ങളില്‍ അഡാര്‍ട്ടിനെ മികവാര്‍ന്ന നിലയില്‍ നയിച്ചവരാണ്. 
ഇപ്പോഴത്തെ ഡയറക്ടര്‍ റവ. ഫാ. ജെയിംസ് പൊരുന്നോലിയുടെയും പ്രൊജക്ട് ഡയറക്ടര്‍ ശ്രീ എന്‍.എം. സെബാസ്റ്റ്യന്റെയും മറ്റു സഹപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ അഡാര്‍ട്ട് സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു. പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് രക്ഷാധികാരിയും രൂപത സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് കണിയോടിക്കല്‍ ചെയര്‍മാനുമാണ്.
ജൂബിലിയാഘോഷസമാപനച്ചടങ്ങുകള്‍ ജൂലൈ 14 ഞായറാഴ്ച പാലാ അഡാര്‍ട്ട് അങ്കണത്തില്‍ നടക്കും. രാവിലെ 11.30 ന് വിശുദ്ധ കുര്‍ബാന, ഉച്ചകഴിഞ്ഞ് 1.15 ന് എ.എ., അല്‍ - അനോണ്‍സംഗമം, തുടര്‍ന്നു കലാപരിപാടികള്‍. ഉച്ചകഴിഞ്ഞു മൂന്നിനു ചേരുന്ന പൊതുസമ്മേളനം മാണി സി. കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണം: മോണ്‍. ജോസഫ് കണിയോടിക്കല്‍. നിര്‍മല ജിമ്മി, തോമസ് പീറ്റര്‍, ജോയി കെ. മാത്യു എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും. തുടര്‍ന്ന് സ്‌നേഹവിരുന്ന്.

Login log record inserted successfully!