•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

ബിഷപ് ജോര്‍ജ് മാമലശ്ശേരില്‍ ഓര്‍മയായി

പാലാ: മേഘാലയസംസ്ഥാനത്തെ ടുറ രൂപതയുടെ പ്രഥമമെത്രാന്‍ മാര്‍ ജോര്‍ജ് മാമലശ്ശേരില്‍ ഓര്‍മയായി. ടുറയിലെ ഹോളിക്രോസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ജൂലൈ അഞ്ചിനു പുലര്‍ച്ചെയായിരുന്നു അന്ത്യം.
സംസ്‌കാരം ജൂലൈ 8 ന് ടുറയിലെ സേക്രഡ് ഹാര്‍ട്ട് തീര്‍ഥാടനകേന്ദ്രത്തിലെ ശുശ്രൂഷകള്‍ക്കുശേഷം ടുറ കത്തീദ്രല്‍ ദൈവാലയത്തില്‍ നടന്നു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാങ്മ, ബിഷപ്പുമാര്‍, വൈദികര്‍, സന്ന്യാസിനികള്‍ തുടങ്ങി വമ്പിച്ച ജനാവലി സംസ്‌കാരശുശ്രൂഷകളില്‍ പങ്കെടുത്തു. പാലാ രൂപതയ്ക്കുവേണ്ടി പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍ സംസ്‌കാരശുശ്രൂഷകളില്‍ പങ്കെടുത്തു.
പാലാ രൂപത കളത്തൂര്‍ മാമലശ്ശേരി കുര്യന്‍ - എലിസബത്തു ദമ്പതികളുടെ മകനായി 1932 ഏപ്രില്‍ 22 നാണ് ബിഷപ്പിന്റെ ജനനം. പ്രാഥമികപഠനത്തിനുശേഷം മദ്രാസ് - മൈലാപ്പൂര്‍ രൂപതയ്ക്കായി പൂനമല്ലിയിലെ സേക്രഡ് ഹാര്‍ട്ട് സെമിനാരിയില്‍ ചേര്‍ന്നു. 1960 ഏപ്രില്‍ 24 ന് ആര്‍ച്ചുബിഷപ് മാര്‍ ജയിംസ് മത്തിയാസില്‍നിന്നു തിരുപ്പട്ടം സ്വീകരിച്ചു. മലേറിയയും വന്യജീവികളുടെ ആക്രമണവുംമൂലം വല്ലാത്ത പ്രതിസന്ധി നേരിട്ടിരുന്ന ഷില്ലോങ് - ഗുവാഹത്തി അതിരൂപതയിലെ ഗോരോഹില്‍സിലേക്കായിരുന്നു ഫാ. ജോര്‍ജിന്റെ ആദ്യനിയമനം. ഒരു ദശാബ്ദക്കാലം ടുറയിലും ബാഗ്മാരയിലും സഹവികാരിയായി സേവനമനുഷ്ഠിച്ചശേഷം 1970 ല്‍ ഡാലുവിലെ ഇടവകവികാരിയായി നിയമിക്കപ്പെട്ടു. 
1971 ലെ ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത് അദ്ദേഹം തന്റെ ഇടവകയില്‍ കുടിയിറക്കപ്പെട്ട ആളുകള്‍ക്കു താമസവും ഭക്ഷണവും പിന്തുണയും നല്‍കി. തന്റെ ഹോസ്റ്റലുകളിലെ അന്തേവാസികളായ കുട്ടികള്‍ക്ക് അരിയുള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങള്‍ ഫാ. ജോര്‍ജ് കൃഷി ചെയ്തുണ്ടാക്കുകയായിരുന്നു. 
1979 ഫെബ്രുവരി എട്ടിന് 46-ാം വയസ്സില്‍, ടുറയിലെ പ്രഥമബിഷപ്പായി ഫാ. ജോര്‍ജിനെ വത്തിക്കാന്‍ നിയമിച്ചു. 1979 മാര്‍ച്ച് 18 നായിരുന്നു സ്ഥാനാരോഹണം. ബിഷപ്പെന്ന നിലയില്‍, നിലവിലുള്ള 14 കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയും 23 പുതിയ ഇടവകകള്‍ സ്ഥാപിക്കുകയും ചെയ്തു. 
ഗാരോഹില്‍സിലെ അഞ്ചു ജില്ലകളിലായി അദ്ദേഹം 34 ഡിസ്‌പെന്‍സറികള്‍ സ്ഥാപിച്ചു. 1993 ല്‍ ടുറയില്‍ 150 കിടക്കകളുള്ള ഹോൡക്രോസ് ഹോസ്പിറ്റലിനു തുടക്കംകുറിച്ചു. 57 എല്‍പി സ്‌കൂളുകള്‍, 35 മെട്രിക് സ്‌കൂളുകള്‍, 16 സെക്കന്‍ഡറി സ്‌കൂളുകള്‍, രണ്ട് എച്ച്എസ് സ്‌കൂളുകള്‍, 24 ഗേള്‍സ് ഹോസ്റ്റലുകള്‍, 23 ബോയ്‌സ് ഹോസ്റ്റലുകള്‍, കോളജുകള്‍ എന്നിങ്ങനെ ഒട്ടനവധി സ്ഥാപനങ്ങളാണ് ബിഷപ്പിന്റെ നേതൃത്വത്തില്‍ രൂപതയില്‍ ജന്മംകൊണ്ടത്. ബിഷപ്പിന്റെ വിവിധങ്ങളായ നിര്‍മാണസംരംഭങ്ങള്‍ പില്‍ക്കാലത്ത് അദ്ദേഹത്തിന് എന്‍ജിനീയര്‍ ബിഷപ് എന്ന വിളിപ്പേരു നേടിക്കൊടുത്തു. 
റിനോ സിമോനെറ്റി സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് സ്ഥാപിച്ച് ആരോഗ്യസംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും ബിഷപ് മുന്‍ഗണന നല്‍കി. ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കും ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുമായി മോണ്ട്‌ഫോര്‍ട്ട്‌കേന്ദ്രം സൃഷ്ടിക്കാന്‍ അദ്ദേഹം മോണ്ട്‌ഫോര്‍ട്ട് സന്ന്യാസസമൂഹത്തെ തന്റെ രൂപതയിലേക്കു ക്ഷണിച്ചു. ഇതിനിടെ നിരവധി സാമൂഹികക്ഷേമപദ്ധതികള്‍ കൊണ്ടുവരാനും ബിഷപ്പിന്റെ ഇടപെടലുകള്‍ വഴിതെളിച്ചു. 
2007 ല്‍ വിരമിച്ചശേഷവും ബിഷപ് ജോര്‍ജ് വൈദികഭവനത്തില്‍നിന്നു രൂപതയ്ക്കുവേണ്ടിയുള്ള സേവനം തുടര്‍ന്നു. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക, സാമ്പത്തികമേഖലകളിലെ സംഭാവനകള്‍ക്കു മേഘാലയ സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പാ ടോഗന്‍ സാങ്മ അവാര്‍ഡ് നല്‍കി ബിഷപ്പിനെ ആദരിച്ചിരുന്നു. മേഘാലയയിലെ ശാസ്ത്രസാങ്കേതികസര്‍വകലാശാല 2019 ല്‍ അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)