ഞെട്ടറ്റു വീഴുന്നിലയ്ക്കുമുണ്ട്
പറയുവാനായിരം കഥകളേറെ
വീഴാതെ വാഴുന്നിലയ്ക്കുമുണ്ട്
കാണുവാനായിരം സ്വപ്നങ്ങളും
വറ്റിവരണ്ടൊരാ പുഴയ്ക്കുമുണ്ട്
വര്‍ണ്ണങ്ങള്‍നെയ്യുന്ന കഥ പറയാന്‍
തീരത്തിരിക്കുന്ന വഞ്ചിക്കുമുണ്ട്
തുടിക്കുന്ന ഹൃദയത്തിന്‍ താളമൊന്ന്
ഇരവുകള്‍ മറയുന്ന പുലര്‍കാലത്തിനി എന്നില്‍ വരുമോ നീ സ്വപ്നങ്ങളേ
ആകാശമേലാപ്പില്‍ മിന്നിമറയുന്ന
നക്ഷത്രമാണിന്നെനിക്കുകൂട്ട്
മണ്ണിന്റെ മാറില്‍ മലര്‍ന്നുകിടന്നു ഞാന്‍
കാണുന്നു മിന്നാമിനുങ്ങുവെട്ടം
പെട്ടെന്നുവന്നൊരാ കാര്‍മേഘത്തുണ്ടുകള്‍
തല്ലിക്കെടുത്തിയാ സ്വപ്നങ്ങളെ
എങ്കിലും ഞാനെന്‍ പ്രതീക്ഷതന്‍ തേരിലാ സ്വപ്നത്തിന്‍ കുതിരയെ കെട്ടിയിട്ടു
ചിറകടിച്ചുയരുവാന്‍ വെമ്പുന്ന പക്ഷിതന്‍
ഹൃദയത്തിന്‍ താളമുയര്‍ന്നുപൊങ്ങി
കാര്‍മേഘത്തുണ്ടുകള്‍ കുളിര്‍മഴയായപ്പോള്‍
ഭൂമിതന്‍ ജീവനോ തളിരണിഞ്ഞു
വഞ്ചിത്തുഴപ്പാട്ടിന്‍ താളത്തിലാപ്പുഴ-
യൊന്നു ശാന്തമായൊഴുകിടുന്നു.
പുഴയൊന്നു ശാന്തമായൊഴുകിടുന്നു...
കവിത
മിന്നാമിനുങ്ങിന്റെ വെട്ടം
