•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

പുതുനിയമങ്ങളുടെ ന്യായസംഹിതകള്‍

  • അനില്‍ ജെ. തയ്യില്‍
  • 11 July , 2024

ആശങ്കകള്‍ ബാക്കിനിര്‍ത്തി, പ്രതിഷേധത്തിന്റെ കടലിരമ്പം വകവയ്ക്കാതെ പുതിയ ക്രിമിനല്‍ -  തെളിവുനിയമങ്ങള്‍ 2024ജൂലൈ 1 മുതല്‍ ഭാരതത്തില്‍ നിലവില്‍ വന്നു. 1860 മുതല്‍ നിലനില്‍ക്കുന്ന ഇന്ത്യന്‍ പീനല്‍കോഡ് (ഐ.പി.സി.) ഭാരതീയന്യായസംഹിത (ബി.എന്‍.എസ്.) എന്നും, 1973 മുതല്‍ നിലനില്‍ക്കുന്ന ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് (സി.ആര്‍.പി.സി.) ഭാരതീയനാഗരിക് സുരക്ഷാസംഹിത (ബി.എന്‍.എസ്. എസ്.)എന്നും, 1872 മുതലുള്ള ഇന്ത്യന്‍ എവിഡന്‍സ് ആക്ട് ഭാരതീയസാക്ഷ്യ അധീനിയം (ബി.എസ്.എ.) എന്നുമാണ് ഇനി അറിയപ്പെടുന്നത്. വെറുമൊരു പേരുമാറ്റലല്ല; മറിച്ച്, നിയമങ്ങളുടെ സമൂലമാറ്റമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ന്യായസംഹിതപ്രകാരമുള്ള ആദ്യകേസില്‍ ജൂലൈ ഒന്നിന് ഡല്‍ഹി കമല മാര്‍ക്കറ്റിനുസമീപം ലഹരിമരുന്നു കച്ചവടക്കാരനെതിരേവകുപ്പ് 255 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 
   നിയമങ്ങള്‍ പരിഷ്‌കരിച്ചു പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനെന്നവകാശപ്പെട്ടാണ്  അന്നത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ 2023 ഓഗസ്റ്റ് 12 ന് പാര്‍ലമെന്റില്‍ പുതിയ നിയമങ്ങളുടെ കരട് അവതരിപ്പിച്ചത്. എന്നാല്‍, ബിജെപിക്കുഭൂരിപക്ഷമുള്ള പാര്‍ലമെന്റിന്റെ സ്ഥിരംസമിതിതന്നെ കരടുനിയമങ്ങളിലെ നിലവാരമില്ലായ്മചൂണ്ടിക്കാട്ടിയതോടെ ഡിസംബര്‍ 13 ന് അവ പുതുക്കി അവതരിപ്പിക്കുകയുണ്ടായി. തുടര്‍ന്ന്,ഡിസംബര്‍ 25 ന് രാഷ്ട്രപതി അംഗീകാരം നല്‍കുകയും 2024 ഫെബ്രുവരിയില്‍ വിജ്ഞാപനമിറക്കുകയും ചെയ്യുകയായിരുന്നു.
സുപ്രധാനമാറ്റങ്ങള്‍
   ഐപിസിയിലും, സിആര്‍പിസിയിലുമാണ് സുപ്രധാന മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിനെ സമ്പൂര്‍ണമായിത്തന്നെ പൊളിച്ചെഴുതി എന്നു വേണമെങ്കില്‍ പറയാം. ഐപിസിയില്‍ 511വകുപ്പുകള്‍ ഉണ്ടായിരുന്നത്
ന്യായസംഹിതയില്‍ 358 ആയി ചുരുങ്ങിയപ്പോള്‍ സിആര്‍പിസിയിലെ 484 വകുപ്പുകള്‍ നാഗരിക് സുരക്ഷാസംഹിതയില്‍ 531 ആയി വര്‍ധിച്ചു. 20 കുറ്റങ്ങള്‍ പുതുതായി നിര്‍വചിച്ചു കൂട്ടിച്ചേര്‍ക്കുകയും 33 എണ്ണത്തിന്റെ ശിക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു. 23 കുറ്റങ്ങള്‍ക്കു നിര്‍ബന്ധിത ശിക്ഷാകാലാവധി ഉറപ്പാക്കിയപ്പോള്‍ 83 കുറ്റങ്ങള്‍ക്കു വന്‍തോതില്‍ പിഴത്തുക വര്‍ധിപ്പിക്കുകയാണു ചെയ്തത്. ഒരേ സ്വഭാവമുള്ള കുറ്റകൃത്യങ്ങളുടെ ചിതറിക്കിടന്നിരുന്ന വകുപ്പുകളെല്ലാം ഒരേ ചാപ്റ്ററില്‍ ക്രോഡീകരിക്കുകയും, പെറ്റിക്കേസുകള്‍, ആത്മഹത്യാശ്രമം, 5000 രൂപയില്‍ താഴെവരുന്ന മോഷണക്കേസുകള്‍ തുടങ്ങി താരതമ്യേന ചെറിയ കുറ്റകൃത്യങ്ങള്‍ക്കു പ്രതികളുടെ സ്വഭാവനവീകരണം ലക്ഷ്യംവച്ച് പല വിദേശരാജ്യങ്ങളിലും ചെയ്യുന്നതുപോലെ പ്രതിഫലമില്ലാത്ത നിര്‍ബന്ധിത സാമൂഹികസേവനം നിര്‍ദേശിക്കുകയും ചെയ്തു. മോഷണത്തിന്റെ നിര്‍വചനം വിപുലീകരിക്കുകയും ശിക്ഷാവിധികള്‍ പരിഷ്‌കരിക്കുകയും ചെയ്തതിനൊപ്പംതന്നെ, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ നേര്‍ക്കുള്ള ലൈംഗികപീഡനം, കൂട്ടബലാത്സംഗം മുതലായവയ്ക്ക് വധശിക്ഷയോ ജീവിതാവസാനംവരെയുള്ള തടവുശിക്ഷയോ ഉറപ്പുവരുത്തി. വിവിധ വാഗ്ദാനങ്ങള്‍ നല്‍കിസ്ത്രീകളെ ലൈംഗികമായിപീഡിപ്പിക്കുന്നത് ഗുരുതരകുറ്റകൃത്യമായി നിര്‍വചിക്കുന്നുമുണ്ട്. അതേസമയം, ഐപിസി 377 പ്രകാരം ഉണ്ടായിരുന്ന പ്രകൃതിവിരുദ്ധലൈംഗികപീഡനം എന്നത് കുറ്റകൃത്യമല്ലാതാകുന്നു എന്ന മാറ്റം അനഭിലഷണീയമാണ്. എന്നാല്‍, പോക്‌സോപ്രകാരം ഈ കുറ്റകൃത്യം നിലനില്‍ക്കുന്നുണ്ട്. ഐപിസി 34 എ യില്‍ വരുന്നഅശ്രദ്ധമൂലം ഉണ്ടാകുന്ന അപകടമരണങ്ങള്‍ക്കുള്ള ശിക്ഷ രണ്ടുവര്‍ഷം തടവ് എന്നത് അഞ്ചു വര്‍ഷമാക്കി വര്‍ധിപ്പിച്ചെങ്കിലും ഡോക്ടര്‍മാരുടെ ചികിത്സപ്പിഴവിന് ഇതു ബാധകമാക്കിയിട്ടില്ല. ഒപ്പംതന്നെ, വാഹ
നമിടിച്ചിട്ടു റിപ്പോര്‍ട്ടു ചെയ്യാതെ രക്ഷപ്പെടുന്നത് (ഹിറ്റ് ആന്‍ഡ് റണ്‍) ഗുരുതരശിക്ഷ ലഭിക്കുന്ന വകുപ്പായി ചേര്‍ത്തിട്ടുമുണ്ട്. മതമോ രാഷ്ട്രീയമോ നിറമോ ലിംഗമോ തുടങ്ങി ഏത് അടിസ്ഥാനത്തിലുള്ളആള്‍ക്കൂട്ടക്കൊലപാതകങ്ങളുംവധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന കുറ്റകൃത്യമായി പരിഗണിക്കുന്നു. കുറ്റകൃത്യം നടന്ന പ്രദേശമോ പോലീസ്‌സ്റ്റേഷന്റെ അധികാരപരിധിയോ പരിഗണിക്കാതെ രാജ്യത്തെ ഏതു സ്റ്റേഷനിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്യാന്‍ (സീറോ എഫ്‌ഐആര്‍) സാധിക്കും. കൂടാതെ, പരാതികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ഇലക്ട്രോണിക് സമന്‍സും  പുതിയ നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭീകരവിരുദ്ധനിയമം
   യുഎപിഎ  ഭീകരവിരുദ്ധനിയമത്തിന്റെ നിര്‍വചനം ഉള്‍ക്കൊണ്ട് അതിലും ശക്തമായ രീതിയിലുള്ള വകുപ്പുകള്‍ ന്യായസംഹിതയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സെക്ഷന്‍ 18 എ യും 18 ബി യും ന്യായസംഹിതയില്‍ 113-ാം വകുപ്പുപ്രകാരം
കുറ്റകൃത്യമായി പരിഗണിക്കുകയും കേസെടുക്കാനുള്ള അധികാരം പോലീസിനു ലഭിക്കുകയും ചെയ്യുന്നു. ഒപ്പംതന്നെ, ഇന്ത്യന്‍ കറന്‍സിയുടെ വ്യാജനിര്‍മാണവും കൈമാറ്റവും ഭീകരപ്രവര്‍ത്തനമായി വിലയിരുത്തി യുഎപിഎയെക്കാള്‍ ശക്തമായ ശിക്ഷ ഉറപ്പുവരുത്തുന്നുമുണ്ട്.
രാജ്യദ്രോഹക്കുറ്റവും വിവാദങ്ങളും
   ഇന്ത്യന്‍ പീനല്‍ കോഡിലെ 124 എ പ്രകാരമുള്ള രാജ്യദ്രോഹക്കുറ്റം ന്യായസംഹിതയില്‍ ഇല്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഭരണകൂടത്തിനെതിരായുള്ള വിമര്‍ശനങ്ങളെ രാജ്യത്തിനെതിരായ ക്രിമിനല്‍ക്കുറ്റമായി വ്യാഖ്യാനിക്കാനുള്ള സാധ്യതകള്‍ വിശാലമായി തുറന്നിടുന്നുണ്ട് ന്യായസംഹിതയിലെ 113-ാം വകുപ്പ്. ഒപ്പംതന്നെ, 124 എയെക്കാള്‍ ക്രൂരമാണ് ന്യായസംഹിതയിലെ 152-ാം വകുപ്പ് എന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിമര്‍ശിക്കുന്നവരെയെല്ലാം ദേശവിരുദ്ധരായി ചാപ്പകുത്തി നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ള ബിജെപിയുടെ പാരമ്പര്യം ഈ വകുപ്പുകളെ സംബന്ധിച്ച ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. എഴുത്ത്, സംസാരം, സോഷ്യല്‍ മീഡിയ മുതലായവവഴിയുള്ള ഭരണകൂടവിമര്‍ശനങ്ങള്‍ ദേശവിരുദ്ധപ്രവര്‍ത്തനമായി കണക്കാക്കുമെന്നത് തങ്ങളുടെ മൃഗീയഭൂരിപക്ഷക്കാലത്ത് ഏകാധിപത്യത്തിലേക്കു  വഴിതുറക്കാന്‍ കൂട്ടിച്ചേര്‍ത്ത അടിച്ചമര്‍ത്തല്‍വകുപ്പുകളാണെന്ന വിമര്‍ശനം നിലനില്‍ക്കുന്നു.
ഒരേ കുറ്റം, രണ്ടു നീതി!
    2024  ജൂലൈ ഒന്നുമുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ജൂണ്‍ 30 വരെയുള്ള കുറ്റകൃത്യങ്ങള്‍  പഴയ നിയമപ്രകാരമാകും വിചാരണ ചെയ്യപ്പെടുന്നതും ശിക്ഷ വിധിക്കപ്പെടുന്നതും. കുറെ വര്‍ഷങ്ങളിലേക്ക് രണ്ടു നിയമങ്ങളും പിന്തുടരേണ്ടിവരുന്ന അവസ്ഥയാണ് രാജ്യത്തു സംജാതമാവുന്നത്. ഒരേ കുറ്റത്തിനു രണ്ടു നിര്‍വചനവും രണ്ടു വിചാരണരീതികളും രണ്ടു ശിക്ഷാവിധികളുമാണ് ഉണ്ടാവുകയെന്നത് രണ്ടു നീതി എന്ന മനുഷ്യാവകാശപ്രശ്‌നമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
പ്രതിഷേധങ്ങള്‍
    ആദ്യകരട് അവതരിപ്പിച്ചപ്പോള്‍ത്തന്നെ നിലവാരമില്ലായ്മ ചൂണ്ടിക്കാണിക്കപ്പെട്ട നിയമങ്ങള്‍ പാസാക്കിയത് തികച്ചും ഏകാധിപത്യപരമായ രീതിയിലാണ്. പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷാംഗങ്ങളില്‍ ഭൂരിഭാഗത്തെയും സസ്‌പെന്‍ഡ് ചെയ്തതിനുശേഷമാണ് ബില്ലു പാസാക്കിയത്. പ്രമുഖ നിയമജ്ഞരുടെയും അഭിഭാഷകരുടെയും പൊതുജനത്തിന്റെയും അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ ഏകപക്ഷീയമായിരുന്നു ഇക്കാര്യത്തില്‍ ബിജെപി സര്‍ക്കാരിന്റെ നയം. ന്യായസംഹിതയിലെ ഭീകരവിരുദ്ധനിയമവും ദേശവിരുദ്ധപ്രവര്‍ത്തനനിര്‍വചനത്തില്‍ വരുന്ന നിയമങ്ങളും പോലീസ്‌രാജ് അടിച്ചേല്പിക്കുന്നതാണ് എന്ന ഗുരുതരാരോപണം നിയമവിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നു. വിമര്‍ശകരെ നിശ്ശബ്ദരാക്കാന്‍ 152-ാം വകുപ്പ് ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു ഭീതി. പരോള്‍ ഇല്ലാത്ത തടവുശിക്ഷയും വധശിക്ഷയുമൊക്കെ ഇതിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാവുന്നു. ലാപ്‌ടോപ്പ്, ഫോണ്‍ മുതലായവ പരിശോധിക്കാനുള്ള അധികാരം പൊലീസ് ഉദ്യോഗസ്ഥര്‍ക്കു ലഭിക്കുന്നത് വ്യക്തികളുടെ സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമായും ദുരുപയോഗസാധ്യതയായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
     പ്രതിഷേധങ്ങളുടെ പെരുമഴക്കാലത്തിനു തുടക്കം കുറിച്ചുകൊണ്ട് ബംഗാള്‍ ബാര്‍ അസോസിയേഷന്‍ ജൂലൈ ഒന്ന് കരിദിനമായി ആചരിച്ചു. വിവിധ ബാര്‍ അസോസിയേഷനുകള്‍ കോടതിബഹിഷ്‌കരണമടക്കമുള്ള സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന ടീസ്റ്റ സെതല്‍വാദ്, സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കപില്‍ സിബല്‍ മുതലായവര്‍ ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമെന്ന് പുതിയ നിയമങ്ങളെ വിശേഷിപ്പിച്ചപ്പോള്‍, മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്‌സിംഗ്, പ്രമുഖ അഭിഭാഷകരായ അഭിഷേക് മനു സിംഗ്‌വി, മുകുള്‍ റഹ്‌തോഗി തുടങ്ങിയവര്‍ കോളനിക്കാലനിയമങ്ങളെക്കാള്‍ നിര്‍ദയമാണ് പുതിയ നിയമങ്ങളെന്ന് അഭിപ്രായപ്പെടുന്നു. വിമര്‍ശനങ്ങളെ അടിച്ചൊതുക്കി ഏകാധിപത്യത്തിലേക്കുള്ള അശ്വമേധം സുഗമമാക്കാനുള്ള ആയുധങ്ങള്‍ ഒടുങ്ങാത്ത ആവനാഴിയല്ല പുതിയ നിയമങ്ങള്‍ എന്നു തെളിയിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ബാധ്യതയാണ്. ബിജെപിയുടെ തേരോട്ടത്തിനു കടിഞ്ഞാണിട്ട് ഇന്ത്യന്‍ജനത തങ്ങളിലേല്പിച്ച വിശ്വാസം മങ്ങാതെ ജനാധിപത്യസംരക്ഷണത്തിനായി പോരാടേണ്ട ചുമതല പ്രതിപക്ഷത്തിനുമുണ്ട്; ഒപ്പം, നാമോരോരുത്തര്‍ക്കും.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)