•  4 Jul 2024
  •  ദീപം 57
  •  നാളം 17
ലേഖനം

ഒളിമ്പിക്‌സ്ടീമില്‍ മലയാളിസാന്നിധ്യം കുറയുന്നു

രു മലയാളി അത്‌ലറ്റിക് ഒളിമ്പിക്‌സില്‍ പങ്കെടുത്തിട്ട് അടുത്ത മാസം ഒരു നൂറ്റാണ്ട് തികയും. 1924 ല്‍ പാരീസ് ഒളിമ്പിക്‌സില്‍ മത്സരിച്ച കണ്ണൂര്‍ ചെറുവാരി കൊറ്റിയത്ത് ലക്ഷ്മണന്‍ എന്ന സി.കെ. ലക്ഷ്മണനാണ് പ്രഥമ മലയാളി ഒളിമ്പ്യന്‍. 110 മീറ്റര്‍ ഹര്‍ഡില്‍സിലാണ് ലക്ഷ്മണന്‍ മത്സരിച്ചത്. പാരീസില്‍ അടുത്ത ഒളിമ്പിക്‌സ് ജൂലൈ 26 നു തുടങ്ങും. ഇന്ത്യന്‍ ടീമിന്റെ അവസാനഘടന വ്യക്തമായിട്ടില്ല. ടീമില്‍ നൂറോ ചിലപ്പോള്‍ അതിലധികമോ അത്‌ലറ്റുകള്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷ. പക്ഷേ, അതില്‍ എത്ര മലയാളികള്‍ കാണും?
ടോക്കിയോ ഒളിമ്പിക്‌സില്‍ ഒമ്പതു മലയാളികള്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നു. അതില്‍ ഒരു വനിതപോലും ഇല്ലായിരുന്നു. ഇത്തവണ പുരുഷ ഹോക്കി ടീമില്‍ പി.ആര്‍. ശ്രീജേഷ് ഉണ്ടാകും. ബാഡ്മിന്റന്‍ സിംഗിള്‍സില്‍ എച്ച്.എസ്. പ്രണോയ് യോഗ്യത നേടിയിട്ടുണ്ട്. ഹോക്കിയിലും ബാഡ്മിന്റനിലും ഇന്ത്യ പ്രതീക്ഷ പുലര്‍ത്തുന്നുമുണ്ട്. പുരുഷന്മാരുടെ ലോങ്ജംപില്‍  എം. ശ്രീശങ്കര്‍ യോഗ്യത നേടിയെങ്കിലും പരിക്കുമൂലം പങ്കെടുക്കാന്‍ കഴിയില്ല. 
പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഇന്ത്യയുടെ 4 ന്ത 400 മീറ്റര്‍  റിലേ ടീം യോഗ്യത നേടിയിട്ടുണ്ട്. അതില്‍ വനിതാവിഭാഗത്തില്‍ ഒരു മലയാളിതാരം സ്ഥാനം കണ്ടെത്താന്‍ സാധ്യതയില്ല. പുരുഷവിഭാഗത്തില്‍ മുഹമ്മദ് അനസ്, വി. മുഹമ്മദ് അജ്മല്‍, ഡല്‍ഹി മലയാളിയായ  അമോങ് ജേക്കബ് എന്നിവര്‍ യോഗ്യതാ മാര്‍ക്ക് കടന്ന ടീമില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കൊപ്പം, തമിഴ്‌നാടിന്റെ ആരോഗ്യരാജീവാണ്, ബഹമാസില്‍ നടന്ന ലോക റിലേ ചാമ്പ്യന്‍ഷിപ്പില്‍ 3:3.23 സമയം കുറിച്ച് ഒളിമ്പിക്‌സ് യോഗ്യത കരസ്ഥമാക്കിയത്. റിലേ ടീമില്‍ ആറുപേര്‍ക്ക് അവസരമുണ്ടാകുമെന്നതിനാല്‍ രണ്ടുപേര്‍ക്കുകൂടി സാധ്യതയുണ്ട്. ഇതില്‍ ഒന്നോ, ചിലപ്പോള്‍ രണ്ടോ മലയാളികള്‍ കണ്ടെന്നു വരും.
വനിതകളുടെ ലോങ്ജംപില്‍ ആന്‍സി സോജനും നയന ജയിംസും മികവു കാട്ടുന്നുണ്ടെങ്കിലും ഇനിയും ഒളിമ്പിക്‌സ് യോഗ്യത കൈവരിച്ചിട്ടില്ല. ജൂണ്‍ 30 വരെ സമയമുണ്ട്. പക്ഷേ, വനിതാ ലോങ്ജംപില്‍ യോഗ്യതാമാര്‍ക്ക് അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റെക്കോര്‍ഡിന് (6.83 മീറ്റര്‍) അപ്പുറമാണ് നിശ്ചിത എണ്ണം താരങ്ങള്‍ യോഗ്യതാമാര്‍ക്ക് (6.86 മീറ്റര്‍) കടന്നില്ലെങ്കില്‍ റാങ്കിങ് അടിസ്ഥാനത്തില്‍ അവസരം കൈവന്നാല്‍ ഭാഗ്യം. പക്ഷേ, സാധ്യത വിദൂരമാണ്. 
പ്രധാനചോദ്യം അതല്ല. 32 സ്‌പോര്‍ട്‌സ് ഇനങ്ങളിലാണ് പാരീസില്‍ മത്സരം. ഇതില്‍ പകുതിയോളം ഇനങ്ങളില്‍ ഇന്ത്യ യോഗ്യത നേടിക്കഴിഞ്ഞു. പക്ഷേ, മലയാളിപ്രാതിനിധ്യം അത്‌ലറ്റിക്‌സ്, ഹോക്കി, ബാഡ്മിന്റന്‍ ഇനങ്ങളില്‍ മാത്രം. ഷൂട്ടിങ്, ബോക്‌സിങ്, ടെന്നീസ്, ടേബിള്‍ ടെന്നീസ്, റോവിങ്, സെയ്‌ലിങ്, ഭാരോദ്വഹനം, ഗുസ്തി, ആര്‍ച്ചറി തുടങ്ങിയ ഇനങ്ങളിലൊന്നും മലയാളിസാന്നിധ്യമില്ല. ഇതില്‍ ടേബിള്‍ ടെന്നീസ്, റോവിങ് ഇനങ്ങളില്‍ മലയാളികള്‍ മുമ്പ് ഒളിമ്പിക്‌സില്‍ പങ്കെടുത്തിട്ടുണ്ട് എന്ന് ഓര്‍ക്കണം. നീന്തലില്‍ ഒരുപക്ഷേ, സാജന്‍ പ്രകാശ് മത്സരിച്ചേക്കും. ബോക്‌സിങ്ങില്‍ മലയാളി ഒളിമ്പ്യന്‍ ഇല്ലെങ്കിലും മലയാളിവനിത ലോകചാമ്പ്യന്‍ ആയിട്ടുണ്ട്. 
ടോക്കിയോ ഒളിമ്പിക്‌സില്‍ മലയാളിപ്രാതിനിധ്യം അത്‌ലറ്റിക്‌സ്, ഹോക്കി, നീന്തല്‍ ഇനങ്ങളില്‍മാത്രമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ഇന്ത്യ ഒളിമ്പിക്‌സ് നിലവാരത്തിലെത്തിയ കായിയ യിനങ്ങളില്‍ പകുതിയില്‍പോലും കേരളത്തിന്റെ സാന്നിധ്യം ഇല്ല. ഏതാനും പരമ്പരാഗത ഇനങ്ങളിലൊഴികെയൊന്നിലും പുതിയ താരനിരയെ സൃഷ്ടിക്കാന്‍ കേരളത്തിനു സാധിക്കുന്നില്ല. അതിനുള്ള പദ്ധതികളും നമുക്കില്ല. 
ട്രാക്ക് ആന്‍ഡ് ഫീല്‍ഡിനും ഹോക്കിക്കും അപ്പുറം ഇന്ത്യ ശ്രദ്ധയൂന്നിയപ്പോഴാണ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കു തുടരെ മെഡല്‍നേട്ടം സാധ്യമായത്. 1996 ല്‍ അറ്റ്‌ലാന്റയില്‍ ടെന്നീസില്‍ ലിയാന്‍ഡര്‍ പെയ്‌സ് സ്വര്‍ണം നേടിയശേഷം എല്ലാ ഒളിമ്പിക്‌സിലും ഇന്ത്യയ്ക്കു മെഡല്‍നേട്ടം ഉണ്ടായി. ഇതില്‍ ബാഡ്മിന്റന്‍, ഷൂട്ടിങ്, ബോക്‌സിങ്, ഗുസ്തി ഇനങ്ങള്‍ ഉള്‍പ്പെടുന്നു. ഗുസ്തിയില്‍ കഴിഞ്ഞ നാല് ഒളിമ്പിക്‌സിലും ഇന്ത്യയ്ക്കു മെഡല്‍ ലഭിച്ചു. വനിതകളുടെ ബോക്‌സിങ്ങിലും ഗുസ്തിയിലും കേരളത്തിനു വളരാമായിരുന്നു. ഷൂട്ടിങ്ങിലും സാധ്യതയില്ലാതില്ല.
സര്‍ക്കാരുകള്‍ മാറിമാറി വരുമ്പോള്‍ പേരുമാറ്റി ഒളിമ്പിക് മെഡല്‍ ലക്ഷ്യമെന്നു പ്രഖ്യാപിച്ച് പദ്ധതികള്‍ തുടങ്ങുമെങ്കിലും കേരളം ഒളിമ്പിക്ചാമ്പ്യനെ വാര്‍ത്തെടുക്കാന്‍ നാളിതുവരെ ഒന്നും ചെയ്തിട്ടില്ല. ഹരിയാനയും തമിഴ്‌നാടും കര്‍ണാടകയും തെലങ്കാനയും ഒക്കെ എത്രയോ മുന്നോട്ടു പോയിരിക്കുന്നു. ഏറെക്കാലം അത്‌ലറ്റിക്‌സില്‍ കൈവരിച്ച നേട്ടത്തില്‍ അഭിമാനിച്ചു. പക്ഷേ, അതും കൈവിടുകയാണ്. പ്രത്യേകിച്ച്, വനിതാവിഭാഗത്തില്‍ പി.ടി. ഉഷ തുടങ്ങി വച്ചതും അഞ്ജു ബോബി ജോര്‍ജ് തുടര്‍ന്നതുമായ ആധിപത്യവും അവസാനിച്ചു.
തിരിഞ്ഞുനോക്കുമ്പോള്‍ രണ്ട് ഒളിമ്പിക് മെഡലുകള്‍ മാത്രമാണ് കേരളതാരങ്ങളുടെ പേരില്‍ ഉള്ളത്. 1972 ല്‍ മ്യൂണിക്കില്‍ മാനുവല്‍ ഫ്രെഡ്‌റിക്‌സ് ഹോക്കിയില്‍ നേടിയ വെങ്കലവും 2020 ല്‍ ടോക്കിയോയില്‍ പി.ആര്‍. ശ്രീജേഷിലൂടെ ഹോക്കിയില്‍ ലഭിച്ച വെങ്കലവും. പിന്നെ വേണമെങ്കില്‍, 1980 ല്‍ മോസ്‌കോ ഒളിമ്പിക്‌സില്‍ ഹോക്കിസ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിന്റെ ഗോള്‍ കീപ്പര്‍ അലന്‍സ്‌കോ ഫീല്‍ഡിന്റെ അമ്മ മലയാളിയാണെന്നു പറയാം. കഴിഞ്ഞു, കേരളത്തിന്റെ ഒളിമ്പിക്‌മെഡല്‍ ചരിത്രം. 
പിന്നെ, പി.ടി. ഉഷയുടെ നാലാം സ്ഥാനവും അഞ്ജു ബോബി ജോര്‍ജിന്റെ അഞ്ചാംസ്ഥാനവുമാണ് ഒളിമ്പിക്‌സില്‍ ഉയര്‍ത്തിക്കാട്ടാവുന്ന മലയാളി മികവുകള്‍. പക്ഷേ, പഴയ കാലമല്ല. ഇന്ന് ഒളിമ്പിക്‌സില്‍ ഇന്ത്യ എണ്ണപ്പെടുന്ന രാജ്യമാണ്. എത്ര മെഡല്‍ നേടും എന്ന ചോദ്യമാണ് അടുത്ത കാലത്തായി ഉയരുന്നത്. ആ ചോദ്യത്തില്‍ ഇതരസംസ്ഥാനങ്ങളിലെ താരങ്ങള്‍ പരാമര്‍ശിക്കപ്പെടുമ്പോള്‍ ഒട്ടുമിക്ക ഇനങ്ങളിലും കേരളതാരങ്ങള്‍ വരുന്നില്ല. ഈ സ്ഥിതി മാറണമെങ്കില്‍ സംസ്ഥാനത്തിന്റെ സമീപനം മാറണം. 

 

Login log record inserted successfully!