•  4 Jul 2024
  •  ദീപം 57
  •  നാളം 17
ലേഖനം

മത്തി വെറും മത്തിയല്ല, ഗോള്‍ഡന്‍ മത്തി

കിലോ നാനൂറ്...! ചെമ്പല്ലി, കിളി, അയല, തുടങ്ങിയ രണ്ടാംനിര മീനുകളെ പിന്നിലാക്കി താരപദവിയിലേക്ക് എത്തിയിരിക്കുകയാണ് മത്തി. ചാള എന്ന വിളിപ്പേരുള്ള മത്തിക്ക് ഇപ്പോള്‍ പോത്തിറച്ചിക്കൊപ്പമാണു വില. ട്രോളിങ് നിരോധനം തുടരുകയും ലഭ്യത കുറയുകയും ചെയ്താല്‍ മോതയെയും പൂമീനിനെയുമൊക്കെ പിന്നിലാക്കുന്ന നിലയിലാണ് മത്തിയുടെ കുതിച്ചുചാട്ടം. കപ്പയും മത്തിക്കറിയുമെന്നാല്‍ മലയാളികള്‍ക്ക് ഇഷ്ടവിഭവമാണ്. എന്നാല്‍, വില വര്‍ധിച്ചതോടെ മത്തി സാധാരണക്കാര്‍ക്ക് അന്യമാവുകയാണ്.

ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയതുമുതലാണ് സംസ്ഥാനത്തു മത്സ്യവില ഉയര്‍ന്നത്. ലഭ്യതക്കുറവു വന്നതോടെ മത്തിയുടെ വില അപ്രതീക്ഷിതമായി വര്‍ധിക്കുകയായിരുന്നു. വിവിധയിടങ്ങളില്‍ ഒരു കിലോ മത്തിയുടെ വില 400 കടന്നു. ചിലയിടങ്ങളില്‍ 360 നും 380 നും ഇടയിലാണ് വില. ഒരാഴ്ചമുമ്പ് 300 രൂപയിലെത്തിയ മത്തിവില അതിവേഗത്തിലാണ് നാനൂറിലെത്തിയത്. ട്രോളിങ്‌നിരോധനം തുടരുന്നതിനാല്‍ ചെറുവള്ളങ്ങളാണ് കടലില്‍ പോകുന്നത്. ഈ വള്ളങ്ങളില്‍ എത്തുന്ന മത്തിക്കാണ് വില കുതിച്ചുയരുന്നത്. ഐസിട്ട മത്തിക്ക് പലയിടത്തും നാനൂറില്‍ താഴെയാണു വില. മത്തിക്കുമാത്രമല്ല ഇതോടൊപ്പമുള്ള മറ്റു ചെറുമീനുകള്‍ക്കും  വില കൂടിയിട്ടുണ്ട്.
മത്തികഴിഞ്ഞാല്‍ ഏറെ വില്പനയുള്ള അയലയുടെ വിലയും രൂക്ഷമാണ്. 260 രൂപ വിലയുണ്ടായിരുന്ന അയലയ്ക്കു നിലവില്‍ 280 മുതല്‍ 300 രൂപവരെയാണ് വില. ചെമ്പല്ലി, നെയ്മീന്‍, ചൂര, വറ്റ, കേര, നത്തോലി (ഒഴുകല്‍) എന്നിവയുടെ വിലയും ഉയര്‍ന്ന തോതിലാണ്. ചെമ്മീന്‍ വില 300 കടന്നപ്പോള്‍ ഞണ്ടിന്റെ വില നാനൂറാണ്. ഏറെ വിലയുള്ള മോതയുടെ വില ആയിരം കടന്ന് 1050, 1100 എന്നീ വിലകളിലെത്തി. മത്തിയും അയലയും കഴിഞ്ഞാല്‍ കൂടുതലാളുകള്‍ വാങ്ങുന്ന ചെറുമീനുകളായ ചെമ്പല്ലിക്ക് 320 ഉം കിളിക്ക് 260 ഉം കടന്നു. വെള്ളമോതയ്ക്ക് 580, കേര 480, തിലോപ്പിയ 200, കട്‌ല 200 എന്നിങ്ങനെയാണ് മറ്റു മത്സ്യങ്ങളുടെ വില.
 ആസൂത്രിതവിലക്കയറ്റമെന്ന് ആരോപണം ഉയരുന്നുണ്ടെങ്കിലും ഇതെല്ലാം തള്ളുകയാണ് ഫിഷറീസ് വകുപ്പ്. സ്വാഭാവികമായുണ്ടാകുന്ന വിലക്കയറ്റമാണെന്നും ലഭ്യതക്കുറവാണ് ഇപ്പോഴത്തെ പ്രശ്‌നമെന്നും അധികൃതര്‍ പറയുന്നു. ജൂണ്‍ ഒമ്പതുമുതലാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചത്. ജൂലൈ 31 അര്‍ധരാത്രി വരെ നീണ്ടുനില്‍ക്കുന്നതാണ് 52 ദിവസത്തെ ട്രോളിങ്. 
നിലവിലെ സാഹചര്യങ്ങളനുസരിച്ച് മത്തി, അയല തുടങ്ങിയ മീനുകളുടെ ലഭ്യതയില്‍ വലിയ കുറവുണ്ടാകുമെന്നാണു വിവരം. കേരളതീരത്തുനിന്ന് മത്തി, അയല, നത്തോലി, വറ്റ തുടങ്ങിയ മത്സ്യങ്ങള്‍ അപ്രത്യക്ഷമായെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

Login log record inserted successfully!