•  4 Jul 2024
  •  ദീപം 57
  •  നാളം 17
ലേഖനം

അനാഥത്വത്തിന്റെ മരുഭൂമികള്‍

അമ്മ... അമ്മിഞ്ഞപ്പാല്‍ മുതല്‍ ഇന്നോളം നമുക്കു വേണ്ടതൊക്കെ മനസ്സറിഞ്ഞു തന്നു. 
അപ്പനോ... വിയര്‍പ്പൊഴുക്കി ആവോളം കുടുംബത്തെ പോറ്റി.
ഒടുവില്‍, ആശുപത്രിക്കിടക്കകളില്‍ ഒരിറ്റു സ്‌നേഹത്തിനും സഹായത്തിനുംവേണ്ടി കൊതിക്കുന്ന, ചുളിവും തളര്‍ച്ചയും വന്ന അവരുടെ ശരീരത്തെ താങ്ങിനിര്‍ത്താന്‍ പരസ്പരം അവരുടെ ആരോഗ്യം മതിയായെന്നു വരില്ല. കാരണം ഇരുവരും  രോഗത്താല്‍  തളര്‍ന്നുതുടങ്ങി...ഏതു പ്രതിസന്ധിഘട്ടത്തിലും നമ്മുടെകൂടെ നിന്നിരുന്ന മാതാപിതാക്കള്‍ക്ക്, അവരുടെ വാര്‍ധക്യകാലത്ത് ഒരു ചെറുതണലേകാന്‍ ഇന്നു കൂലിക്ക് ആളെ നിര്‍ത്തേണ്ട അവസ്ഥയാണ്. 

ആരുംതന്നെ പൂര്‍ണമനസ്സോടെയല്ല ഈ ദേശം വിട്ടുപോകുന്നത്. 
വിദേശത്തുള്ളവരോട് അവര്‍ സ്വന്തം നാട്ടില്‍  എന്തെങ്കിലും മിസ് ചെയ്യുന്നുണ്ടോ എന്നു ചോദിക്കുന്ന വീഡിയോസ് പൊതുവേ കാണാറുണ്ട്.
പലരും പറയുന്നു  ഫുഡ്, ഫ്രണ്ട്‌സ്, പെരുന്നാള്‍, പൂരം... അങ്ങനെ...
പക്ഷേ, ആരുംതന്നെ സ്വന്തം മാതാപിതാക്കളെ മിസ് ചെയ്യുന്നു എന്നുപറയുന്നത് ഞാന്‍ കണ്ടിട്ടില്ല. ചിലപ്പോള്‍ ഞാന്‍ കാണാത്തതാവും.
ഒരു കാര്യം ചോദിച്ചോട്ടെ.
എന്റെ ഈ ധാരണ തെറ്റാണെങ്കില്‍ എങ്ങനെയാണ് ഇന്ന് എല്ലാവിധ ആധുനികചികിത്സാസൗകര്യങ്ങളോടുംകൂടിയ അനേകം കെയര്‍ഹോമുകള്‍ ഇവിടെ ഉയര്‍ന്നുവരുന്നത്?
എന്തുതന്നെ സുഖസൗകര്യങ്ങള്‍ നമ്മള്‍ അവര്‍ക്കു നല്‍കിയാലും സ്വന്തം മക്കള്‍ക്കുപകരം വയ്ക്കാന്‍ ആര്‍ക്കും കഴിയില്ല. ഒരുനാളും. കഴിയില്ല.
പുറമേ സന്തോഷം അഭിനയിച്ചാലും അവരുടെ മനസ്സിന്റെ ഉള്ളറകളില്‍ തങ്ങളുടെ മക്കളെയും കൊച്ചുമക്കളെയുംകുറിച്ചുള്ള നീറുന്ന ഓര്‍മകളായിരിക്കും..
അവരെ ഒരുനോക്കു കാണാന്‍ വര്‍ഷങ്ങള്‍ അവര്‍ കാത്തിരിക്കുന്നു.
ആ കാത്തിരിപ്പാണ് അവരുടെ മുന്നോട്ടുള്ള ജീവിതത്തിന്റെ ഊര്‍ജം. 
വരുംകാലങ്ങളില്‍ ഈ  സാഹചര്യം കൂടുതല്‍ ഉയരുകയേ ഉള്ളൂ. 
വീടുകളില്‍ അവര്‍ക്കു സഹായം നല്‍കാന്‍ ബന്ധുക്കളും സുഹൃത്തുക്കളുമുണ്ടാവാം... എന്നാല്‍, സ്നേഹം നല്‍കാന്‍  നല്ല മനസ്സുള്ളവര്‍ എത്ര പേര്‍ കാണും?
സഹായം ചെയ്തവര്‍ക്കുതന്നെ ഒരുനാള്‍  അവര്‍ ഒരു വലിയ ബാധ്യതായി മാറും. അതിനാല്‍, നമ്മളെ സംരക്ഷിച്ചു പരിപാലിച്ച കരങ്ങളെ നമുക്കു ചേര്‍ത്തുപിടിക്കാം. അവരെ സ്‌നേഹത്താല്‍  കരുതാം.
ആരും ഇല്ലാത്തവര്‍ക്കു ദൈവം തുണ എന്നു പറയാറുണ്ട്. പക്ഷേ, എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാതാകുന്ന അവസ്ഥ വളരെ വേദനിപ്പിക്കുന്നതാണ്.
തങ്ങളുടെ ഇനിയുള്ള ഓട്ടം പൂര്‍ത്തിയാകുന്നതുവരെ അവര്‍ സത്യത്തില്‍  അനാഥരാണ് എന്ന സത്യം അവര്‍ക്ക് അറിയുമോ?

Login log record inserted successfully!