•  4 Jul 2024
  •  ദീപം 57
  •  നാളം 17
ലേഖനം

ലഹരിക്കയങ്ങളില്‍ വീഴുംമുമ്പേ

ജൂണ്‍ 26 :  ലഹരിവിരുദ്ധദിനം

2024 ജൂണ്‍ ഇരുപതിന് മനോരമ ഓണ്‍ലൈനില്‍ ഒരു വാര്‍ത്ത വായിക്കാനിടയായി. അതിപ്രകാരമായിരുന്നു: തമിഴ്‌നാട്ടിലെ കരുണാപുരത്തുണ്ടായ വ്യാജമദ്യദുരന്തത്തില്‍ മരണം 47 ആയി. നൂറിലേറെപ്പേര്‍ ചികിത്സയിലാണ്. പലരുടെയും നില അതീവ ഗുരുതരമാണ്... വ്യാജമദ്യം വിറ്റയാള്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റിലായി. പിടിച്ചെടുത്ത മദ്യത്തിന്റെ സാമ്പിളില്‍ മെത്തനോളിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്... ഇങ്ങനെ പോകുന്ന വാര്‍ത്തയിലെ ഒരു ഭാഗം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അതിങ്ങനെയാണ്: സര്‍ക്കാര്‍ മദ്യവില്പനശാലയായ ദാസ്മാക്കിയില്‍ ഉയര്‍ന്ന വില നല്‍കേണ്ടതിനാല്‍ പ്രാദേശിക വില്പനക്കാരില്‍നിന്നു മദ്യം വാങ്ങിയവരാണ് ദുരന്തത്തില്‍പ്പെട്ടത്. 
നമ്മള്‍ സാധാരണ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: എന്തെല്ലാം പറഞ്ഞിട്ടും എന്തെല്ലാം ദുരനുഭവങ്ങള്‍  ഉണ്ടായിട്ടും എന്തേ ഈ സമൂഹം വീണ്ടും ലഹരിക്കടിമയായിത്തന്നെ കഴിയുന്നു?
ഒരുവനില്‍ ലഹരിയാസക്തിയുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്ന അഞ്ചു പ്രധാന ഘടകങ്ങളുണ്ട്. FACTS  എന്ന ചുരുക്കപ്പേരില്‍ ഇത് അറിയപ്പെടുന്നു: 
1. കുടുംബചരിത്രം (Family History)
2. ആദ്യ ഉപയോഗത്തിന്റെ പ്രായം (Age of first use)
3. ആഗ്രഹം (Craving)
4. സഹിഷ്ണുത (Tolerance)
5. ചുറ്റുപാട് ((Surroundings)
ഒരാളുടെ കുടുംബത്തിലെ ആര്‍ക്കെങ്കിലും, അതായത്, മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ മയക്കുമരുന്നുപയോഗിച്ച ചരിത്രമുണ്ടെങ്കില്‍ ആ വ്യക്തിക്ക് ലഹരിയാസക്തി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 
ഒരാളുടെ മസ്തിഷ്‌കം അയാളുടെ ഇരുപതുകളില്‍ എത്തുന്നതുവരെ പൂര്‍ണമായി വികസിക്കുകയില്ല. ഈ കാലഘട്ടത്തില്‍ ഉപയോഗിക്കുന്ന ലഹരിവസ്തുക്കള്‍ അയാളുടെ തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും പിന്നീട് കൂടുതല്‍ പ്രശ്‌നങ്ങളിലേക്കു നയിക്കുകയും ചെയ്യും. ഒരാള്‍ ലഹരിക്ക് അടിമയാണോ എന്നറിയുന്നതിനു താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക: 
1.നിങ്ങള്‍ മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ നേത്രസമ്പര്‍ക്കം ഒഴിവാക്കുന്നുണ്ടോ?
2. നിരുത്തരവാദിത്വപരമായി പെരുമാറുന്നുണ്ടോ?
3. ഇടയ്ക്കിടെ വീട്ടുകാരില്‍നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം കടം ചോദിക്കുന്ന പതിവുണ്ടോ? 
4. നിങ്ങള്‍ക്കു മോഷ്ടിക്കുന്ന ശീലമുണ്ടോ?
5. കിടപ്പുമുറിയുടെ വാതിലുകള്‍ അസാധാരണമായി പൂട്ടിയിടുന്ന സ്വഭാവമുണ്ടോ? 
6. രഹസ്യകോളുകള്‍ ചെയ്യുന്ന പതിവുണ്ടോ?
7. മറ്റുള്ളവരില്‍നിന്ന് ഒറ്റപ്പെട്ടുനില്‍ക്കുക; കുടുംബവുമായോ സുഹൃത്തുക്കളുമായോ ഉള്ള ബന്ധങ്ങള്‍ കുറയ്ക്കുക എന്നീ സ്വഭാവങ്ങള്‍ ഉണ്ടോ? 
8. നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കാതിരിക്കുകയോ അതിന് ഒഴിവുകഴിവുകള്‍ പറയുകയോ നുണ പറയുകയോ ചെയ്യുന്ന സ്വഭാവമുണ്ടോ? 
9. നിങ്ങളുടെ ഗ്രൂപ്പുകളില്‍നിന്ന് ഒഴിഞ്ഞുമാറി  നടക്കുന്ന സ്വഭാവമുണ്ടോ? 
10.ഉത്തരവാദിത്വബോധമില്ലാതെ ജീവിക്കുന്ന    ആളാണോ? 
11.നിങ്ങള്‍ക്കുണ്ടായിരുന്ന നല്ല ശീലങ്ങളോടു  താത്പര്യം ഇല്ലാതായിത്തീര്‍ന്നിട്ടുണ്ടോ? 
12.ദീര്‍ഘകാലസൗഹൃദങ്ങളെ ഉപേക്ഷിക്കുന്ന സ്വഭാവമുണ്ടോ? 
13.പതിവിലും കൂടുതല്‍ ഉറങ്ങുക, പെട്ടെന്ന് ശരീരഭാരം കുറയുകയോ കൂടുകയോ ചെയ്യുക ഇങ്ങനെ എന്തെങ്കിലും ഉണ്ടോ?
14.മൂക്കില്‍നിന്നു രക്തസ്രാവം ഉണ്ടാവാറുണ്ടോ? രക്തം കലര്‍ന്നതോ നനഞ്ഞതോ തിളങ്ങുന്നതോ ആയ കണ്ണുകള്‍ ഉണ്ടോ? 
15.ശുചിത്വമില്ലായ്മ ഒരു ജീവിതശൈലി ആയിട്ടുണ്ടോ? 
16.ക്ഷോഭത്തോടെയും ഉത്കണ്ഠയോടെയും ചഞ്ചലതയോടെയും പെരുമാറുന്ന ആളാണോ?
17.നിങ്ങളുടെ മാനസികാവസ്ഥയിലോ മനോഭാവത്തിലോ മാറ്റങ്ങള്‍ ഉണ്ടോ? 
18.ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? 
19.കൈകളിലോ കാലുകളിലോ അടയാളങ്ങള്‍, വായില്‍ വ്രണങ്ങള്‍, അത്യധിക ഹൈപ്പര്‍ ആക്ടീവ് ആകുന്ന സ്വഭാവം എന്നിവ ഉണ്ടോ?
 2023 ല്‍ കൗമാരക്കാരില്‍ നടത്തിയ സര്‍വേപ്രകാരം 97 ശതമാനം കൗമാരക്കാരും യുവജനങ്ങളും ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിച്ചിട്ടുള്ളവരാണ്. ലഹരിയുപയോഗത്തില്‍ 80%  പേരും രേഖപ്പെടുത്തിയിരിക്കുന്ന പ്രധാന ലഹരിപദാര്‍ഥം കഞ്ചാവാണ്.. 75.66% പുകയിലയും, 64.66% മദ്യവും 25.5% ലഹരിഗുളികകളും ഉപയോഗിച്ചവരാണ്. 
നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോ ട്രോഫിക് സബ്സ്റ്റന്‍സ് ആക്ട് (ഇന്ത്യ)1985
ഈ ആക്ട് ഏതെങ്കിലും മയക്കുമരുന്ന് അല്ലെങ്കില്‍ സൈക്കോട്രോപിക് വസ്തുക്കള്‍ ഉത്പാദിപ്പിക്കാനും നിര്‍മിക്കാനും കൃഷി ചെയ്യാനും കൈവശം വയ്ക്കാനും വില്‍ക്കാനും വാങ്ങാനും കഴിക്കാനുമുള്ള അവകാശങ്ങളെ നിയന്ത്രിക്കുന്നു. 
1985 നവംബര്‍ 14 മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. അതിനുശേഷം നാലുതവണ 1988, 2001, 2014, 2021 വര്‍ഷങ്ങളിലായി ഈ നിയമം ഭേദഗതി ചെയ്യുകയുണ്ടായി. ഈ നിയമം ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള എല്ലാ പൗരന്മാര്‍ക്കും ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കപ്പലുകളിലും വിമാനങ്ങളിലുമുള്ള എല്ലാ വ്യക്തികള്‍ക്കും ബാധകമാണ്.
ഈ നിയമപ്രകാരമുള്ള ശിക്ഷകള്‍: 
എന്‍ഡിപിഎസ് നിയമത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആര്‍ക്കും നിരോധിതപദാര്‍ഥത്തിന്റെ അളവ് അടിസ്ഥാനമാക്കി ശിക്ഷ നേരിടേണ്ടിവരും. ഒന്നുമുതല്‍ 20 വരെ വര്‍ഷം തടവും  പതിനായിരം രൂപ മുതല്‍ 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. 
ശിക്ഷ വിധിക്കുന്നത് നിരോധിതലഹരിപദാര്‍ഥത്തിന്റെ അളവിനെ അടിസ്ഥാനമാക്കിയാണ്.
ഒരു ചെറിയ അളവ് ഉള്‍പ്പെടുന്ന ലംഘനം പിടിക്കപ്പെട്ടാല്‍ ആ വ്യക്തിക്ക് ഒരു വര്‍ഷം വരെ നീട്ടിയേക്കാവുന്ന കഠിനതടവ് അല്ലെങ്കില്‍ 10,000 രൂപ വരെയുള്ള പിഴ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം.
ചെറിയ അളവിനെക്കാള്‍ കൂടുതലും എന്നാല്‍ വാണിജ്യ അളവിനെക്കാള്‍ കുറവിലും ലഹരിപദാര്‍ഥങ്ങളുമായി പിടിക്കപ്പെട്ടാല്‍ ആ വ്യക്തിക്ക് 10 വര്‍ഷംവരെയുള്ള കഠിനതടവോ അല്ലെങ്കില്‍ ഒരു ലക്ഷം രൂപ വരെയുള്ള പിഴയോ ലഭിച്ചേക്കാം. 
വാണിജ്യ അളവില്‍ ഉള്‍പ്പെടുന്ന ലംഘനം പിടിക്കപ്പെട്ടാല്‍ പത്തുവര്‍ഷത്തില്‍ കുറയാത്തതും എന്നാല്‍ 20 വര്‍ഷം വരെ നീട്ടിയേക്കാവുന്നതുമായ കഠിനതടവും, കൂടാതെ ഒരു ലക്ഷം രൂപയില്‍ കുറയാത്ത പിഴയും എന്നാല്‍ അതു നീട്ടിയേക്കാവുന്ന ശിക്ഷയും ലഭിക്കാം.
തലച്ചോറിനെ ഹൃദയത്തെയും അപകടകരമായ രീതിയില്‍ ബാധിക്കുന്ന ഒരു മാരകലഹരി വസ്തുവാണ് മെത്താംഫിറ്റമിന്‍.
ലോകത്തില്‍ പത്തില്‍ ഒരാളുടെ മരണത്തിനിടയാക്കുന്ന മാരകവിഷമാണ് പുകയില. ലോകത്തില്‍ പ്രതിവര്‍ഷം 60 ലക്ഷത്തോളം മരണങ്ങള്‍ക്കു കാരണം പുകയിലയാണ്. എയ്ഡ്‌സ്, ക്ഷയരോഗം, മലമ്പനി എന്നിവകൊണ്ടുണ്ടാകുന്ന മരണസംഖ്യയെക്കാള്‍ വലുതാണത്. ചെറുപ്പക്കാരെ പുകയില കൊന്നൊടുക്കുന്നതും കൂടുതലായും ഹൃദ്രോഗത്തിലൂടെയാണ്. 30 നും 50 നും ഇടയില്‍ പ്രായമുള്ള പുകവലിക്കാരില്‍ ഹൃദയാഘാതം ഉണ്ടാക്കാനുള്ള സാധ്യത പുകവലിക്കാത്തവരെക്കാള്‍ അഞ്ചിരട്ടിയാണ്. 
ലഹരിവസ്തുക്കള്‍ പുതുതലമുറ സൃഷ്ടിച്ചതല്ല. മദ്യവും മയക്കുമരുന്നുകളും മനുഷ്യന്‍ പണ്ടേ കണ്ടുപിടിച്ചതാണ്. പൂര്‍വികര്‍ കാട്ടില്‍നിന്നു ശേഖരിച്ച ഭക്ഷ്യപദാര്‍ഥങ്ങളില്‍ ചിലത് അവരുടെ മാനസികാവസ്ഥയെയും വികാരങ്ങളെയും ധാരണാശക്തികളെയും മാറ്റുന്നതായി അവര്‍ കണ്ടു. മനുഷ്യന്റെ ബോധം ക്ഷയിപ്പിക്കുന്ന ലഹരിവസ്തുക്കളെക്കുറിച്ച് മനുഷ്യര്‍ക്കു പണ്ടേയുണ്ടായിരുന്ന അറിവ് കാലംചെല്ലുന്തോറും മദമിളകിക്കൊണ്ടിരുന്നു. തിരിച്ചറിവുകള്‍ നഷ്ടപ്പെട്ട ഒരു പുതിയ തലമുറയെ കെട്ടകാലം ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. വിശുദ്ധ ബൈബിളില്‍ ലേവ്യരുടെ പുസ്തകം  പത്താം അധ്യായം പത്താം വാക്യത്തില്‍ ഇപ്രകാരം ഓര്‍മിപ്പിക്കുന്നു: വിശുദ്ധവും അവിശുദ്ധവും ശുദ്ധവും അശുദ്ധവും നിങ്ങള്‍ വേര്‍തിരിച്ചറിയണം.

 

Login log record inserted successfully!