•  4 Jul 2024
  •  ദീപം 57
  •  നാളം 17
ലേഖനം

വിണ്ണിനെ തേടേണ്ട ഗുരുമാനസങ്ങള്‍

ല്പിക്കപ്പെട്ട ദൂരമത്രയും ഇത്ര ചാരുതയോടെ നടന്നുതീര്‍ത്ത ഒരു മഹാഗുരുവിനെ ക്രിസ്തുവിലല്ലാതെ മറ്റാരിലാണ് ലോകം ആദ്യമായി ദര്‍ശിച്ചിട്ടുള്ളത്! കല്ലെറിയപ്പെടേണ്ടവള്‍ക്കും കല്ലറയിലടക്കം ചെയ്യപ്പെട്ടവനും ഒഴിവാക്കിക്കൊടുത്ത മരണത്തെ അതിന്റെ കഠോരവേദനയില്‍ അനുഭവിക്കുമ്പോഴും ചൊല്ലിപ്പഠിപ്പിച്ച സ്‌നേഹപാഠത്തിന്റെ വ്യാകരണനിയമങ്ങള്‍ ഒരു നിലവിളികൊണ്ടുപോലും തന്നില്‍ അസാധുവായിപ്പോകരുതേ എന്നായിരുന്നല്ലോ പ്രപഞ്ചഗുരുവിന്റെ പ്രാര്‍ഥനയും ജാഗ്രതയും. ഒറ്റുകൊടുത്തവന്‍ എപ്പോഴോ അടച്ചുപൂട്ടിയ ഹൃദയവാതില്‍പോലും ''സ്‌നേഹിതാ'' എന്ന ഒറ്റവിളിയുടെ പൊന്‍ചാവികൊണ്ടു തുറന്നിട്ടതിനുശേഷമായിരുന്നുവല്ലോ അനുഗ്രഹത്തിന്റെ കരങ്ങള്‍ ബന്ധിക്കപ്പെടാനായി ദൈവപുത്രന്‍ ഏല്പിച്ചുകൊടുത്തത്.
സ്വന്തം നിയോഗം തിരിച്ചറിഞ്ഞു യാത്രയാരംഭിക്കുന്ന നിമിഷംമുതല്‍ ഒരുവനില്‍ ഗുരുവിലേക്കുള്ള പരിണാമപ്രക്രിയകളും ആരംഭിക്കുന്നുണ്ട്. വഴിമുടക്കിയവരും വഴിതെറ്റിച്ചവരും തിക്താനുഭവങ്ങളുമെല്ലാം  ഈ രൂപാന്തരപ്രക്രിയയിലെ അനിവാര്യഘടകങ്ങള്‍മാത്രമായിരുന്നെന്നു തിരിച്ചറിയുമ്പോഴാണു വെറുപ്പിന്റെയും മുറിവുകളുടെയും ഇരുണ്ട ലോകത്തുനിന്ന് ഒരാള്‍ക്കു പുറത്തുവരാനാകുന്നത്. ഈ സ്വാതന്ത്ര്യത്തിലേക്കു വളരാത്ത ഒരാള്‍ അനുചരവൃന്ദം എത്ര ഉറക്കെ പ്രകീര്‍ത്തിച്ചാലും യഥാര്‍ഥഗുരുവില്‍നിന്ന് ഏറെ ദൂരെയായിരിക്കും എന്നതല്ലേ സത്യം?
ഒപ്പം നടന്നും ഒപ്പമുള്ളവരെയെല്ലാം  കേള്‍ക്കാന്‍ ശ്രമിച്ചും, അവര്‍ക്കൊപ്പം ചിരിച്ചും കരഞ്ഞും ഓരോരുത്തരുടെയും വ്യതിരിക്തതകള്‍ കണ്ടറിഞ്ഞു നയിച്ചും ജീവിതത്തിന്റെയും ജീവന്റെയും വില അമൂല്യമാണെന്നു ക്ലാസ്മുറിക്കു പുറത്തുള്ള പഠനാനുഭവങ്ങളിലൂടെ അവരെ ബോധ്യപ്പെടുത്തിയും, പ്രാര്‍ഥന ബലമാണ് ബലഹീനതയല്ല എന്നു സ്വജീവിതത്തിലൂടെ ഉദാഹരിച്ചും, അധ്യാപനത്തെ ആത്മാവിഷ്‌കാരംതന്നെയായി കരുതുന്ന 'ഏറ്റവും നിസ്സാരനായ ഒരുവന്‍' പോലും നസറായന്റെ കളരിയിലെ അനശ്വരമായ ഗുരുപരമ്പരയില്‍ കണ്ണിചേര്‍ക്കപ്പെടും എന്നുറപ്പാണ്.
അധ്യാപനം ഒരു കലയാണെന്നു വിശേഷിപ്പിക്കപ്പെട്ട കാലത്തുനിന്ന് കരുക്കള്‍ നീക്കിയും വെട്ടിയും മുന്നേറേണ്ട ഒരുതരം വാശിക്കളിയായി അതു മാറിയെന്ന് ആര്‍ക്കും തോന്നിപ്പോകുന്ന കാലമാണിത്. കവിതയെഴുതാനും പടം വരയ്ക്കാനും പഠിക്കാനും പഠിപ്പിക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുണയാകുന്ന കാലമാണെന്നുമറിയാം. എങ്കിലും, നൂറില്‍ നൂറു മാത്രം കണ്ടുവളര്‍ന്ന കുട്ടികള്‍ ഏതെങ്കിലുമൊരു സ്വപ്നഭംഗത്തിന്റെ നിരാശയില്‍ പൊലിഞ്ഞുവീഴുന്നതു കാണുമ്പോഴും, ആരോ വിരിച്ചിട്ട 'ശരിവഴി'കളിലൂടെ സഞ്ചരിച്ച് ഒടുവില്‍ ജീവിതത്തോടു തെറ്റിപ്പിരിഞ്ഞു നശിച്ചൊടുങ്ങുന്നതു  കാണുമ്പോഴും ക്രിസ്തുവിന്റെ പാഠശാലയിലേക്കു മടങ്ങാന്‍ ഇനിയുമെന്തിനു നാം മടിക്കണം?
പ്രകൃതിയാണ് ഏറ്റവും വലിയ പാഠശാല. സൂക്ഷ്മവും സമഗ്രവുമായ പ്രപഞ്ചദര്‍ശനത്തിലേക്കു വളരാനും വളര്‍ത്താനും നമുക്കു കഴിയേണ്ടതല്ലേ? അച്ഛനായ ദേവേന്ദ്രനാഥ് മഹര്‍ഷിക്കൊപ്പം ബാല്യത്തില്‍ നടത്തിയ ഹിമാലയയാത്ര തന്റെ പില്‍ക്കാലജീവിതത്തെയും കാഴ്ചപ്പാടുകളെയും സ്വാധീനിച്ചതായി ടാഗോര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദീര്‍ഘമായ ആ യാത്രയ്ക്കിടയില്‍ ശ്രേഷ്ഠമായ ഒട്ടേറെ ഗ്രന്ഥങ്ങള്‍ അച്ഛന്‍ മകനെ പരിചയപ്പെടുത്തുന്നു. വേദങ്ങളിലേക്കും ഉപനിഷത്തുകളിലേക്കും ജ്യോതിശാസ്ത്രരഹസ്യങ്ങളിലേക്കുമെല്ലാം  അവന്റെ ചിന്തകളെ ക്ഷണിക്കുന്നു. വിജയവും പരാജയവും സുഖവും ദുഃഖവുമെല്ലാം ചേരുന്നതാണു ജീവിതമെന്നു നിരന്തരം ബോധ്യപ്പെടുത്തുന്നു. ജീവിതത്തിലെ ഏറ്റവും തീവ്രമായ വേദനയുടെ ഘട്ടങ്ങളെ അതിജീവിച്ചതില്‍ ടാഗോറിനു തുണയായത് ഈ പ്രപഞ്ചാനുഭൂതിയുടെ ആദ്യപാഠങ്ങളായിരുന്നു. അതുകൊണ്ടാണ്, അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുക്കപ്പെട്ട പൊന്നുപോലെ ഉദാത്തമായ ഒരു കാവ്യം ലോകത്തിനു സമ്മാനിക്കാന്‍ അദ്ദേഹത്തിനായത്.
''കഠിനമായ ആത്മവേദനയില്‍നിന്നാണ് ഞാന്‍ ഗീതാഞ്ജലിയുടെ വാക്കുകള്‍ കടമെടുത്തത്. പലപ്പോഴും എഴുത്തിന്റെ വേദനകൊണ്ടു പുളഞ്ഞു. പേന താഴെ വീണു. കടലാസുകള്‍ നനഞ്ഞുകുതിര്‍ന്നു. പക്ഷേ, അപ്പോഴൊക്കെ ഞാന്‍ അനുഭവിച്ചത് വേദന മാത്രമായിരുന്നില്ലെന്ന് ഇന്നു മനസ്സിലാവുന്നു. പ്രകൃതി കൈപിടിച്ച് മൂര്‍ധാവില്‍ ഉമ്മ തരുമ്പോഴുള്ള അനുഭൂതിയാണ് യഥാര്‍ഥത്തില്‍ ഞാന്‍ അനുഭവിച്ചത്.'' ജ്യേഷ്ഠപത്‌നിയായ കാദംബരിയുടെയും രണ്ടാമത്തെ മകളായ രേണുകയുടെയും ഇളയപുത്രനായ സാമന്ദ്രയുടെയും അച്ഛനായ ദേവേന്ദ്രനാഥിന്റെയും മരണമേല്പിച്ച ആഘാതം ടാഗോറിനെ വല്ലാതെ ഉലച്ചു. കാദംബരിയുടെ മരണമൊഴികെ ബാക്കിയുള്ളതെല്ലാം ഏറെ അടുപ്പിച്ചുള്ള ദുരന്തങ്ങളായിരുന്നു. ഈ ദുഃഖവും ശൂന്യതയും വീര്‍പ്പുമുട്ടിച്ച നാളുകളില്‍ത്തന്നെയായിരുന്നു 'ഗീതാഞ്ജലി' യുടെ പിറവിയും.
നോക്കൂ, അത്തിയും ലില്ലിച്ചെടിയും കടുകുമണിയും മുന്തിരിവള്ളിയും ആടും ഇടയനും മുള്‍ച്ചെടികളും പാറകളും വിതക്കാരനും പറവകളുമെല്ലാം ദൈവരാജ്യത്തിന്റെ വ്യാഖ്യാനോപാധികളായി വിശുദ്ധഗ്രന്ഥത്തില്‍ പെയ്തിറങ്ങുന്നതിന്റെ കാരണം പ്രപഞ്ചബിംബങ്ങളുടെ ആന്തരികയാഥാര്‍ഥ്യത്തിലേക്കു യാത്ര ചെയ്യാനിഷ്ടപ്പെട്ടിരുന്ന ക്രിസ്തുവിന്റെ മനസ്സുതന്നെയല്ലേ?
 ഗുരുവായിരിക്കുകയും അതേസമയം, അതു നല്കുന്ന ആദരവില്‍ അഭിരമിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഒരാള്‍ക്കു ചുറ്റുമുള്ള സമൂഹത്തില്‍ എന്തെങ്കിലും ചലനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടോ? ഗുരു എന്ന സംബോധനയെ ക്രിസ്തു നിരാകരിച്ചത് കേവലമൊരു ശാസനകൊണ്ടല്ല. മേലങ്കിയഴിച്ചുവച്ച്, അരക്കച്ച കെട്ടി ശിഷ്യരുടെ പാദം കഴുകി ചുംബിച്ചപ്പോള്‍ ഗുരു എന്ന ലളിതസത്യത്തിനുമേല്‍ പഴയനിയമകാലംമുതല്‍ ഉണ്ടായിരുന്ന വച്ചുകെട്ടുകളെയെല്ലാം 'തച്ചന്റെ മകന്‍' തകര്‍ത്തെറിയുകയല്ലേ ചെയ്തത്?
പാണ്ഡിത്യത്തിന്റെയോ പദവിയുടെയോ പേരില്‍ ഊറ്റംകൊള്ളാതെ അധ്യാപനത്തിന്റെമാത്രം ആനന്ദം  നുകര്‍ന്നും പകര്‍ന്നും സംതൃപ്തിയോടെ കടന്നുപോയ എത്രയോ മഹാഗുരുക്കന്മാരുടെ മുഖമാണു മനസ്സില്‍ തെളിഞ്ഞുവരുന്നത്. കവിയും നിരൂപകനും ബഹുഭാഷാപണ്ഡിതനും ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ യൂണിവേഴ്‌സിറ്റികളില്‍നിന്നു നിരവധി അക്കാദമിക് ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുള്ള ആളുമായ ഒരു ഗുരുശ്രേഷ്ഠനെ വൈസ്ചാന്‍സിലറുടെ പദവി നല്കി ആദരിക്കുന്ന കാര്യമറിയിക്കാന്‍ വിദ്യാഭ്യാസമന്ത്രി നേരിട്ടു വിളിച്ചുവരുത്തി. അധ്യാപനവൃത്തിയിലൊതുങ്ങിക്കഴിയുന്നതാണു സുഖമെന്നും തന്നെ ഒഴിവാക്കണമെന്നും വിനയപൂര്‍വം അറിയിച്ച് സെക്രട്ടേറിയറ്റിന്റെ പടിയിറങ്ങിയ ആ മനുഷ്യന്റെ പേരായിരുന്നു ഡോ. കെ. അയ്യപ്പപ്പണിക്കര്‍. വച്ചുനീട്ടിയ പദവി ത്യജിച്ചതിലല്ല, ആ ത്യാഗത്തിന്റെ കഥ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ആരോടും പറഞ്ഞില്ല എന്നതിലായിരുന്നു അദ്ദേഹത്തിന്റെ മഹത്ത്വം. അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന (1988) കെ. ചന്ദ്രശേഖരന്‍ പിന്നീട് എം.കെ. സാനുമാഷിനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍മാത്രമാണ് മറ്റുള്ളവര്‍ അതറിയുന്നത്.
ഇതു ജൂണാണ്. അധ്യയനവര്‍ഷത്തിന്റെ ആരംഭമാണ്. മഴയത്തുനിന്നോടിക്കയറി വരുന്ന കുരുന്നിന്റെ കണ്‍കോണിലെ തിളക്കം മഴത്തുള്ളിയോ കണ്ണീര്‍ക്കണമോ എന്നു തിരിച്ചറിയാന്‍ കഴിയട്ടെ. മാര്‍ച്ചിന്റെ നട്ടുച്ചകളില്‍, മീനച്ചൂടിന്റെ പൊരിവെയിലില്‍ ജീവിതത്തിന്റെ ഓരം ചേര്‍ന്നുനടക്കുമ്പോള്‍ ഗുരുസ്മൃതി ഒരു തണലായി എന്നും അവന്റെയൊപ്പമുണ്ടാകട്ടെ. 

 

Login log record inserted successfully!