•  4 Jul 2024
  •  ദീപം 57
  •  നാളം 17
ലേഖനം

ക്രൈസ്തവന്റെ മാറ്റുരയ്ക്കുന്ന മാര്‍ത്തോമ്മാമാര്‍ഗം

ജൂലൈ 3 മാര്‍ തോമാശ്ലീഹായുടെ ദുക്‌റാനത്തിരുനാള്‍

മാര്‍ത്തോമ്മാക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും വലിയ ഓര്‍മദിനമാണ് ദുക്‌റാന. നമ്മുടെ പിതാവായ മാര്‍ത്തോമ്മാശ്ലീഹാ റോമാസാമ്രാജ്യത്തിന്റെ അതിര്‍ത്തിയും പേര്‍ഷ്യന്‍സാമ്രാജ്യവും കടന്ന് ഏഷ്യയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന നമ്മുടെ ഭാരതത്തിലും വന്ന് വിശ്വാസം പകര്‍ന്നുതന്ന് രക്തം ചിന്തി മരിച്ചു. ദൈവരാജ്യത്തിന്റെ സന്ദേശം നമ്മെ അറിയിക്കാനായി ഏറ്റവും കൂടുതല്‍ യാത്ര ചെയ്തത് മാര്‍ത്തോമ്മാശ്ലീഹായാണെന്നാണു പറയപ്പെടുന്നത്. തോമാശ്ലീഹായെ ഭാരതത്തിന്റെ അപ്പസ്‌തോലനായിട്ടാണല്ലോ നാം കരുതുന്നത്. എന്നാല്‍, നമ്മള്‍ ചൈനയില്‍ ചെല്ലുമ്പോള്‍ അവിടെയുമുണ്ട് തോമാശ്ലീഹായുടെ പാരമ്പര്യം. അഭിവന്ദ്യ മാര്‍  ജോസഫ് പവ്വത്തില്‍പിതാവ് ഇന്തോനേഷ്യയില്‍ ചെന്നപ്പോള്‍ മനസ്സിലാക്കി, അവരും വിചാരിക്കുന്നത് തോമാശ്ലീഹാ അവിടെയും എത്തിയെന്നാണ്. അവരുടെ സഭാസമൂഹത്തിന് ആരംഭം കുറിച്ചത് തോമാശ്ലീഹായാണെന്ന് അവര്‍ വിശ്വസിക്കുന്നു. 
നമ്മള്‍ മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ എന്ന പേരിലാണല്ലോ അറിയപ്പെടുന്നത്. തോമാശ്ലീഹായുമായി ബന്ധപ്പെടുത്തിയാണ് നമ്മള്‍ അറിയപ്പെടുന്നത്. നമ്മള്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. നമുക്കു തനതായ ആചാരങ്ങള്‍ ഉണ്ടായിരുന്നു. വളരെ ആഴമായ വിശ്വാസമുള്ള ഒരു സമൂഹമായിട്ടാണ് നാം അറിയപ്പെടുന്നത്. മാര്‍പാപ്പാമാര്‍ അവരുടെ സന്ദേശങ്ങളില്‍ അത് ആവര്‍ത്തിച്ചുപറയുന്നുണ്ട്. പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ 1952 ലെ റേഡിയോസന്ദേശത്തില്‍ ഇതു പ്രത്യേകം എടുത്തുപറയുന്നുണ്ട്. ഇത്ര വിശ്വസ്തതയോടെ 19 നൂറ്റാണ്ടുകള്‍ വിശ്വാസപാരമ്പര്യം മുറുകെപ്പിടിച്ചു ജീവിച്ച ഒരു ജനസമൂഹമാണ് നമ്മള്‍ മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ എന്ന കാര്യത്തില്‍ നമുക്കഭിമാനിക്കാം.
നമ്മുടെ കര്‍ത്താവീശോമിശിഹായുടെ സുവിശേഷത്തിനുവേണ്ടി ജീവിതം അര്‍പ്പിക്കുക എന്നതാണ് ഇന്ന് ഏറ്റവും ആവശ്യമായിരിക്കുന്നത്. നമ്മുടെ പ്രാര്‍ഥനകളിലും അയല്‍ബന്ധങ്ങളിലുമൊക്കെ ഈ വിശ്വാസത്തിന്റെ ആഴവും പരപ്പും  അനുഭവവേദ്യമാകുന്നുണ്ട്. അതിന്റെ ഫലമായാണ് ഇത്രമാത്രം ദൈവവിളികള്‍ നമുക്കുണ്ടാവുന്നതും സഭയ്ക്കും സമുദായത്തിനുംവേണ്ടി സേവനം ചെയ്യാനുള്ള പ്രചോദനം ലഭിക്കുന്നതും.
നമ്മുടെ സമൂഹം സുറിയാനിക്കാരെന്നാണ് അറിയപ്പെടുന്നത്. 1578 ല്‍ അങ്കമാലിയില്‍നിന്ന് അല്മായര്‍ 13-ാം ഗ്രിഗോറിയോസ് മാര്‍പാപ്പായ്ക്ക് ഒരു കത്തെഴുതി: ''ഞങ്ങള്‍ മാര്‍ത്തോമ്മാക്രിസ്ത്യാനികളാണ്. ഞങ്ങളുടെ ആരാധനക്രമം  സുറിയാനിയിലാണ്. ആ സുറിയാനി ഞങ്ങളുടെ പിതാവായ മാര്‍ത്തോമാശ്ലീഹായില്‍നിന്നു ഞങ്ങള്‍ക്കു ലഭിച്ചതാണ്. ഞങ്ങളുടെ പൂര്‍വികരും ഞങ്ങളും തന്മൂലം സുറിയാനി പഠിച്ചുകൊണ്ടിരിക്കുന്നു.'' നമ്മുടെ ആരാധനക്രമം തോമാശ്ലീഹായിലൂടെ ലഭിച്ച ഏറ്റവും വലിയ സമ്പത്താണ്. 
അടുത്തകാലത്തായി പൈതൃകവും പാരമ്പര്യവും നിശ്ചയമില്ലാത്തവര്‍ പല തലങ്ങളിലും പല തരത്തിലും അബദ്ധങ്ങള്‍ പറയുന്നുണ്ട്. ആഴമുള്ള വിശ്വാസപാരമ്പര്യം നമ്മുടെ പൂര്‍വികര്‍ക്കു ബോധ്യങ്ങള്‍ നല്‍കിയിരുന്നു. അത് അവരുടെ വിശ്വാസത്തിന് ആഴം കൂട്ടിയിരുന്നു. ഇക്കാലത്ത് ആളുകള്‍ക്ക്, പ്രത്യേകിച്ചു യുവജനങ്ങള്‍ക്ക് സുറിയാനി പഠിക്കാനുള്ള ഉത്സാഹം കണ്ടുവരുന്നുണ്ട്. ആ വെളിപാടിന്റെ ഭാഷ മാര്‍ത്തോമ്മാശ്ലീഹായിലൂടെ ലഭിച്ചതാണെന്ന് നമ്മുടെ പൂര്‍വികര്‍ക്കറിയാമായിരുന്നു.  തോമാശ്ലീഹാ നല്‍കിയ വിശ്വാസത്തിന്റെ ദീപം പാരമ്പര്യത്തോടെയും പ്രതിബദ്ധതയോടെയും ജീവിതശൈലിയാക്കേണ്ടതു കാലത്തിന്റെ വെല്ലുവിളിയാണ്. 
ലോകത്തില്‍ എവിടെപ്പോയാലും മാര്‍ത്തോമ്മാക്രിസ്ത്യാനികളെ കാണാമെന്നുള്ളത്  അദ്ഭുതമാണ്. വിദേശരാജ്യങ്ങളില്‍ നമ്മുടെ ആളുകള്‍ക്കുള്ള വിശ്വാസത്തനിമ എടുത്തുപറയേണ്ടതാണ്. തോമാശ്ലീഹാ നല്കിയ വിശ്വാസത്തിന്റെ തുടര്‍ച്ചയാണ് ആഴമുള്ള ഈ വിശ്വാസം. നമ്മെപ്പോലെയുള്ള പല സമൂഹങ്ങളും അവരുടെ വിശ്വാസത്തനിമയില്‍ വളരാന്‍ ആഗ്രഹിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നമ്മള്‍ മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍, നമ്മുടെ തനിമയില്‍ നിലനില്ക്കുകയും അതു പഠിക്കാനും അതിനു സാക്ഷ്യം നല്കാനും പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്. 
മാര്‍ത്തോമ്മാനസ്രാണികളുടെ സഭാഭരണക്രമത്തിലെ ഒരു സവിശേഷതയായിരുന്നു പള്ളിയോഗങ്ങള്‍. കുടുംബത്തലവന്മാരും ദേശത്തുപട്ടക്കാരും ഉള്‍പ്പെട്ട ഒരു സമിതിയാണ് ഇടവകയുടെ ഭരണം നടത്തിയിരുന്നത്. അര്‍ക്കദിയാക്കോന്റെയും പള്ളിയോഗങ്ങളുടെയും നേതൃത്വത്തിലായിരുന്നു സഭാഭരണം നിര്‍വഹിക്കപ്പെട്ടിരുന്നത്. കേരളസഭയില്‍ അതിപ്രാചീനകാലംമുതല്‍ 'ജാതിക്കു കര്‍ത്തവ്യനും' ഭരണകര്‍ത്താവുമായി ആര്‍ച്ചു ഡീക്കന്മാര്‍ ഉണ്ടായിരുന്നു. സഭയില്‍ മെത്രാന്‍ കഴിഞ്ഞാല്‍ ആര്‍ച്ചുഡീക്കനായിരുന്നു സ്ഥാനം. നമ്മുടെ കുറവിലങ്ങാട്ട് ആര്‍ച്ചുഡീക്കന്മാര്‍ ഉണ്ടായിരുന്നുവെന്നു പറയുന്നത് വെറും കഥയല്ലെന്നുകൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.
കൂടാതെ, എല്ലാറ്റിന്റെയും അടിത്തറയായി ശ്ലൈഹികപിന്തുടര്‍ച്ചയുടെ കാവല്‍ക്കാരായിട്ടുള്ള മെത്രാന്മാര്‍ ഉണ്ടായിരുന്നു. മെത്രാന്മാര്‍ ദൈവജനത്തിന്റെ ആധ്യാത്മികകാര്യങ്ങളിലാണ് ശ്രദ്ധിച്ചിരുന്നത്. പട്ടംകൊടുക്കല്‍, കൂദാശാപരികര്‍മങ്ങള്‍, ആരാധനക്രമാനുഷ്ഠാനങ്ങള്‍ എന്നിവയൊക്കെയായിരുന്നു മെത്രാന്റെ പ്രധാന കടമകള്‍. വിശുദ്ധഗ്രന്ഥം വ്യാഖ്യാനിച്ചുകൊടുക്കുക, സഭാപിതാക്കന്മാരുടെ പ്രബോധനങ്ങള്‍ പഠിപ്പിക്കുക, സഭയുടെ ശ്ലൈഹികപൈതൃകവും പാരമ്പര്യങ്ങളും കാത്തുപാലിക്കുക എന്നിവയില്‍ അവര്‍ ശ്രദ്ധ പതിപ്പിച്ചു. ഉപവാസവും ജാഗരണവും അനുഷ്ഠിച്ചിരുന്ന അവര്‍ തികഞ്ഞ താപസജീവിതമാണ് നയിച്ചിരുന്നത്.
16-ാം നൂറ്റാണ്ടുവരെ,  അതായത്, വിദേശികളുടെ ആഗമനംവരെ നമുക്കു വിശ്വാസത്തിന്റെ ശക്തമായ ആ പാരമ്പര്യമുണ്ടായിരുന്നു. രൂപത എന്നു പറയുന്നത് പിന്നീടുണ്ടായതാണ്. ഡയോസിസ് എന്ന പദം 'ഡിയോയികെയിന്‍' (റശീശസലശി) എന്ന ഗ്രീക്കുപദത്തില്‍നിന്നു വന്നതാണ്. അതിന്റെ മൂലാര്‍ഥം 'ഭരണം നടത്തുക' എന്നത്രേ. റോമാസാമ്രാജ്യത്തിലെ ഡയോക്ലീഷന്‍ ചക്രവര്‍ത്തിയില്‍നിന്നാണ് ആ പദത്തിന്റെ ഉദ്ഭവം. അദ്ദേഹം ഒരു മതപീഡകനായിരുന്നു. പ്രജകളില്‍ തന്റെ സര്‍വാധിപത്യം സ്ഥാപിക്കാനുണ്ടാക്കിയ ഒരു ഭരണക്രമമാണ് ഡയോസിസ്. മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ക്ക് അതില്ലായിരുന്നു. 
ഭാരതീയസംസ്‌കാരവുമായി പൊരുത്തപ്പെടുത്തിയ ഒരു സുവിശേഷസാക്ഷ്യമാണ് തോമാശ്ലീഹാ നമുക്കു നല്‍കിയത്. യഹൂദപാരമ്പര്യവും ഭാരതീയസാംസ്‌കാരികപൈതൃകവും സമഞ്ജസമായി സമ്മേളിപ്പിച്ച ജീവിതശൈലിയാണത്.  യഹൂദരുടെ പാരമ്പര്യമാണ് സിനഗോഗ്. നമ്മുടെ പാരമ്പര്യമാണ് മണ്‍റം. കുടുംബത്തലവന്മാര്‍ ഒരുമിച്ചുകൂടിയിരുന്ന് ആ പ്രദേശത്തെ അവരുടെ കുടുംബങ്ങളെ ഒരു സമുദായമാണെന്നുള്ള ചിന്തയില്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ചു നടപ്പാക്കിയ ഒരു ഭരണസംവിധാനമാണ് മണ്‍റം. അങ്ങനെ, ദ്രാവിഡസംസ്‌കാരത്തിലെ മണ്‍റത്തിന്റെയും യഹൂദപാരമ്പര്യത്തിലെ സിനഗോഗിന്റെയും ഘടന  സംയോജിപ്പിച്ചാണു നമ്മുടെ ഭരണക്രമത്തിനു തോമാശ്ലീഹാ രൂപംകൊടുത്തത്.  രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സഭ ദൈവജനമാണെന്നു പഠിപ്പിക്കുമ്പോള്‍ അത് ആദ്യനൂറ്റാണ്ടുമുതലുള്ള സഭാപാരമ്പര്യത്തിന്റെ ഭാഗമാണെന്ന് മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ക്ക് അഭിമാനിക്കാവുന്നതാണ്. 
നോമ്പ്, ഉപവാസം, പ്രാര്‍ഥന ഇവ സമഞ്ജസമായി സമ്മേളിച്ചാണ് നമ്മുടെ ജീവിതശൈലിക്കു രൂപഭാവങ്ങള്‍ നല്‍കിയത്. അനേകദിനങ്ങള്‍ നോമ്പിനും ഉപവാസത്തിനുമായി നമ്മുടെ പൂര്‍വികര്‍ ചെലവഴിച്ചിരുന്നു. ഭാരതസംസ്‌കാരവുമായി വളരെ ബന്ധപ്പെട്ടതാണ് നോമ്പും ഉപവാസവും. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ഉപവാസം ആരംഭിച്ചത് ഈ പ്രാര്‍ഥനാചൈതന്യത്തിലായിരുന്നു. യേശുക്രിസ്തുവിന്റെ മലയിലെ പ്രസംഗമാണ് തന്റെ ജീവിതത്തിന് ഏറ്റവും കൂടുതല്‍ പ്രചോദനം നല്‍കിയിട്ടുള്ളതെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. കര്‍ത്താവിന്റെ മലയിലെ പ്രസംഗങ്ങള്‍ ഗാന്ധിജിക്കു മനപ്പാഠമായിരുന്നു. ഇങ്ങനെ മറ്റു മതസ്ഥര്‍ക്കും പ്രചോദനം ലഭിക്കത്തക്കവിധത്തിലുള്ള ഒരു ജീവിതശൈലിയാണ് നമ്മുടെ പൂര്‍വികര്‍ മാര്‍ത്തോമ്മാമാര്‍ഗം എന്ന പേരില്‍ പുലര്‍ത്തിപ്പോന്നത്. അതില്‍ പ്രാര്‍ഥനയുണ്ട്, ഉപവാസമുണ്ട്, നോമ്പുണ്ട്, പരിത്യാഗമുണ്ട്. അങ്ങനെയുള്ള ഒരു വലിയ ഓര്‍മയുടെ  തിരുനാളിനാണ്  തോമാശ്ലീഹായിലൂടെ ആരംഭം കുറിച്ചത്. തോമാ ചോദിച്ച ഒരു ചോദ്യത്തിന് കര്‍ത്താവു നല്കിയ ഉത്തരമാണ് 'ഞാനാണു വഴി, ഞാനാണു ജീവന്‍, ഞാനാണു സത്യം' എന്നത്. ഇതാണ് മാര്‍ത്തോമ്മാമാര്‍ഗം എന്നുപറയുന്നത്. 
'അല്പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല. വീണ്ടും, അല്പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും...' എന്ന് ഈശോമിശിഹാ പറഞ്ഞപ്പോള്‍ ശ്ലീഹന്മാര്‍ ദുഃഖിച്ചു. 'ഞാന്‍ പോകും, എന്നിട്ട് നിങ്ങള്‍ക്കു സഹായകനായി എന്റെ അരൂപിയെ അയയ്ക്കു'മെന്ന് അവിടുന്നു പറഞ്ഞപ്പോഴാണ് 'അങ്ങ് എങ്ങോട്ടു പോകുന്നു'വെന്നു ശിഷ്യന്മാര്‍ ചോദിച്ചത്. വെറും ഉപരിതലവിശ്വാസമല്ലായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ചോദിച്ചുചോദിച്ച് അതിന്റെ ആഴം മനസ്സിലാക്കിക്കൊണ്ടുള്ള ജീവിതശൈലിയായിരുന്നു മാര്‍ത്തോമ്മാശ്ലീഹായുടേത്. അതിനാലാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ അനുസ്മരണം 'ദുക്‌റാന' എന്ന പേരില്‍ത്തന്നെ അറിയപ്പെട്ടത്. മാര്‍ഗം എന്ന വാക്കിനര്‍ഥം വഴി എന്നാണല്ലോ. മാര്‍ഗത്തില്‍ വസിക്കുന്നവന്‍ മാര്‍ഗവാസി. ക്രിസ്തുമാര്‍ഗത്തില്‍ വസിക്കുന്നവനെന്നാണ് ഈ വാക്കിനര്‍ഥം.
ഈ അവസരത്തില്‍ വലിയൊരു ദൗത്യം നമ്മുടെ സഭയ്ക്ക് ഏറ്റെടുക്കാനുണ്ടെന്ന സത്യം ഓര്‍ത്തിരിക്കുന്നതു നല്ലതാണ്. ഭാരതജനത ആധ്യാത്മികദര്‍ശനമുള്ള ഒരു സമൂഹമാണ്. താരതമ്യേന മറ്റു സമുദായങ്ങളെക്കാള്‍ നമുക്ക് ആ ദര്‍ശനം ലഭിച്ചിട്ടുമുണ്ട്. ഈശോമിശിഹായാണ് യഥാര്‍ഥ വഴിയും സത്യവും ജീവനുമെന്ന് ആഴത്തില്‍ മനസ്സിലാക്കി, നമ്മുടെ സംസാരത്തിലും പ്രവര്‍ത്തനങ്ങളിലുമെല്ലാം നാം യഥാര്‍ഥത്തില്‍ മാര്‍ഗവാസികളാണോ എന്നു വിലയിരുത്തുന്നതിനുള്ള സമയമാണിത്.  
'നമുക്കും അവനോടുകൂടെ പോയി മരിക്കാം' എന്നു പറഞ്ഞ് കര്‍ത്താവിനൊപ്പം പോകാന്‍ തയ്യാറായ മാര്‍ത്തോമ്മാശ്ലീഹായാണ് നമ്മുടെ പിതാവ്. അതുകൊണ്ട്, പ്രശ്‌നങ്ങളും പ്രതിസന്ധികളും സഭയ്ക്കു മുമ്പില്‍ വിലങ്ങുതടിയായി വരുമ്പോഴും നമ്മുടെ പിതാവായ മാര്‍ത്തോമ്മാശ്ലീഹായുടെ നിശ്ചയദാര്‍ഢ്യവും അചഞ്ചലമായ വിശ്വാസവും ധീരനേതൃത്വവും നമ്മുടെ ചിന്തകളിലും വഴികളിലും പ്രചോദനവും മാതൃകയുമാകട്ടെ.

Login log record inserted successfully!