2014 മുതല്‍ പത്തുകൊല്ലമായി തകര്‍ന്നടിഞ്ഞുകിടന്നറബര്‍വിപണി ഉണരുന്ന കാഴ്ചയാണ്, കഴിഞ്ഞ രണ്ടു മാസക്കാലമായി നാം കണ്ടുകൊണ്ടിരിക്കുന്നത്. കുറേനാള്‍ 150 - 155 രൂപയില്‍ വലിയ മാറ്റമില്ലാതെ നിന്ന കോട്ടയം മാര്‍ക്കറ്റിലെ റബര്‍വില, ക്രമേണ ഉയരാന്‍ തുടങ്ങി; പിന്നീട് കുറേ ദിവസക്കാലം 170-175 രൂപ തലത്തിലെത്തി. ഒരാഴ്ച മുമ്പാണ്, വില200 രൂപയും കടന്ന് ഗ്രേഡ്ഷീറ്റിന്റെ വില 203 രൂപയിലെത്തിയത്. പത്തു കൊല്ലം നീണ്ടുനിന്ന വിലയിടിവ് സര്‍ക്കാരിന്റെ ഇടപെടലോ സഹായമോ ഇല്ലാതെതന്നെ നീങ്ങിക്കിട്ടുകയായിരുന്നു. ഇനി വരുന്നത്, റബര്‍കര്‍ഷകരുടെ നല്ല കാലമാണോ?
സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വിപണിയില്‍ ഒരു ഉത്പന്നത്തിന്റെ ആവശ്യം, ലഭ്യത എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് അതിന്റെ വിപണി
യിലെ വില നിര്‍ണയിക്കപ്പെടുന്നത്. പക്ഷേ, കേരളത്തിലെറബര്‍വിപണി റബറിന്റെ പ്രധാന ഉപഭോക്താക്കളായ ടയര്‍കമ്പനികളുടെ പരിപൂര്‍ണനിയന്ത്രണത്തിന്‍കീഴിലാണുപ്രവര്‍ത്തിക്കുന്നത്. നാം ഉത്പാദിപ്പിക്കുന്ന റബറിന്റെ 70 ശതമാനവും വാങ്ങിയുപയോഗിക്കുന്നത് പത്തോ പന്ത്രണ്ടോവലിയ ടയര്‍ കമ്പനികളാണ്. ഈ കമ്പനികളുടെ ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഒത്തുകൂടി, അടുത്ത രണ്ടാഴ്ചക്കാലത്ത് തങ്ങള്‍ക്ക് എത്ര ലോഡ് റബര്‍ വാങ്ങണം, എന്തു വില നല്‍കണം എന്നു തീരുമാനിക്കുന്നു. തീരുമാനങ്ങള്‍ തങ്ങളുടെ ഏജന്റുമാരായ വലിയ റബര്‍വ്യാപാരികളെ അറിയിക്കുന്നു; പറഞ്ഞ വിലയ്ക്കു ചരക്കു വാങ്ങി അവര്‍ കമ്പനി ഗോഡൗണില്‍ എത്തിക്കുന്നു. ആഴ്ചതോറും റബര്‍ഷീറ്റ് വിറ്റ്, അത്യാവശ്യകാര്യങ്ങള്‍ നടത്താന്‍ കാത്തിരിക്കുന്ന എട്ടു ലക്ഷം ചെറുകിടകര്‍ഷകര്‍ക്കു കമ്പനികള്‍ പറയുന്ന വിലയ്ക്കു റബര്‍ വില്‍ക്കുകയല്ലാതെ നിവൃത്തിയില്ലല്ലോ!
ഈ പ്രതികൂലസാഹചര്യത്തിലും, ഇപ്പോഴത്തെ വിലക്കയറ്റം ഉണ്ടായതെങ്ങനെ? ഇന്ന്, ലോകത്തില്‍ ഏറ്റവുമധികം റബര്‍ ഉത്പാദിപ്പിക്കുന്ന രാജ്യം തായ്‌ലന്‍ഡാണ്. അവരുടെ ഉത്പാദനം 49 ലക്ഷം ടണ്‍. രണ്ടാമത് ഇന്തോനേഷ്യ, 27 ലക്ഷം ടണ്‍. മൂന്നാം സ്ഥാനത്ത് വിയറ്റ്‌നാം, 13 ലക്ഷം ടണ്‍. ഇക്കൊല്ലം വേണ്ടത്ര മഴയില്ലാതെ തായ്‌ലന്‍ഡിലെ ഉത്പാദനം കുറഞ്ഞുപോയി. ഇന്തോനേഷ്യയില്‍ ആണ്ടുതോറും കുറേ റബര്‍കര്‍ഷകര്‍, എണ്ണപ്പനയിലേക്കു ചുവടു മാറുന്ന പ്രതിഭാസം തുടരുകയും ചെയ്യുന്നു. ഇന്തോനേഷ്യയും വിയറ്റ്‌നാമും വിപണിയിലെത്തിക്കുന്നത്, റബര്‍ഷീറ്റല്ല; ആഴ്ചയിലൊരിക്കല്‍മാത്രം ശേഖരിക്കുന്ന ചിരട്ടപ്പാലും വള്ളിപ്പാലുമെല്ലാം കൂട്ടിച്ചേര്‍ത്ത് അരച്ചുണ്ടാക്കുന്ന ബ്ലോക്ക് റബറാണ്. ബ്ലോക്ക് റബര്‍ ഫാക്ടറികളില്‍ ഈ മാലിന്യങ്ങളെല്ലാം കലര്‍ന്ന റബര്‍, ഒരടി നീളമുള്ള ദീര്‍ഘചതുരക്കട്ടകളാക്കിയെടുത്ത്, അവയെ വേഗത്തില്‍ ഉണക്കിയെടുക്കാനായി 115 ഡിഗ്രിവരെ ചൂടാക്കുന്നു. ഈ ചൂടാക്കല്‍പ്രക്രിയയില്‍ റബര്‍തന്തുക്കളുടെ ഇലാസ്തികതയും മറ്റും കുറഞ്ഞുപോകാനിടയുണ്ടെന്നു വിദഗ്ധാഭിപ്രായം. ഇങ്ങനെ ഗുണനിലവാരം കുറഞ്ഞ ബ്ലോക്ക് റബറിനു വിലയും കുറവായിരിക്കും. പക്ഷേ, ജപ്പാനിലെ ടയര്‍ ഫാക്ടറികള്‍ക്കാവശ്യം, ഗുണനിലവാരം കുറഞ്ഞ ബ്ലോക്ക് റബറല്ല, ചെറിയ ഊഷ്മാവില്‍ പുക കൊടുത്ത് ക്രമേണ ഉണക്കിയെടുക്കുന്ന മാലിന്യമില്ലാത്ത റബര്‍ ഷീറ്റാണ് - ആര്‍എസ്എസ്-3 ഗ്രേഡ് ഷീറ്റ്.
കൂടുതല്‍ ഷീറ്റ് ഉത്പാദിപ്പിക്കുന്ന തായ്‌ലന്‍ഡിലെ ഉത്പാദനം കുറഞ്ഞതോടെ റബര്‍ഷീറ്റിന്റെ ലഭ്യത കുറഞ്ഞു, വില കൂടി. മറ്റു റബറുത്പാദകരാജ്യങ്ങളിലും കാലാവസ്ഥാമാറ്റങ്ങളുടെ ഫലമായി ഇക്കൊല്ലം റബറുത്പാദനം കുറഞ്ഞുപോയിട്ടുണ്ട് എന്ന തിരിച്ചറിവും, ചൈനയിലും ജപ്പാനിലുമെല്ലാം വ്യവസായമാന്ദ്യം നീങ്ങി, ടയര്‍ഫാക്ടറികളും മറ്റും മുഴുവന്‍ ശേഷിയും ഉപയോഗിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതും മറ്റു ചില വസ്തുതകള്‍. ഈ അനുകൂലഘടകങ്ങളെല്ലാംകൂടി ഒന്നിച്ചുവന്നപ്പോഴാണ് ടോക്കിയോ, കോലാലംപൂര്‍, ബാങ്കോക്ക് തുടങ്ങിയ വിപണികളില്‍ റബറിന്റെ വില, പ്രത്യേകിച്ചും റബര്‍ഷീറ്റിന്റെ വില, ഉയര്‍ന്നത്.
ഇതെഴുതുമ്പോള്‍ കിട്ടിയ വിവരമനുസരിച്ച് ആര്‍എസ്എസ്-3 റബര്‍ഷീറ്റിന് വിദേശവിപണിയില്‍ 203 രൂപ (കിലോഗ്രാമിന്). ഇത് ഇറക്കുമതി ചെയ്ത്, ചുങ്കംകൊടുത്ത്, കയറ്റിറക്ക്, കപ്പല്‍ക്കൂലി മുതലായവ ഉള്‍പ്പെടെ ഗോഡൗണിലെത്തുമ്പോള്‍ ചെലവ് 275 രൂപ എങ്കിലുമാകും.
എസ്എംആര്‍ 20 എന്ന ബ്ലോക്ക് റബറിന് അവിടെ വിപണിവില, 150 രൂപാ. ചുങ്കവും മറ്റു ചെലവുംകൂടി 203 രൂപ ആകുന്നു അടക്കവില. വിദേശവിപണിയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ബ്ലോക്ക്‌റബറിനു ചെലവാകുന്ന വിലയായ 203 രൂപയാണ് കോട്ടയം മാര്‍ക്കറ്റിലെ മൂന്നാം ഗ്രേഡ് ഷീറ്റിന്റെ വില എന്ന രീതിയില്‍ ടയര്‍ക്കമ്പനിക്കാര്‍ വിപണിയെ നിയന്ത്രിച്ചുനിറുത്തിയിരിക്കുന്നതെന്നു കാണാം.
നമ്മുടെ ടയര്‍കമ്പനികള്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിച്ചു മികച്ച ലാഭം നേടുന്ന സ്ഥാപനങ്ങളാണ്. ഏറ്റവും കുറഞ്ഞ വിലയ്ക്കു റബര്‍ മുതലായ അസംസ്‌കൃതവസ്തുക്കള്‍ വാങ്ങിയെടുക്കാന്‍ ശ്രമിക്കുന്നു; അതിന് അവരെ നാം കുറ്റം പറഞ്ഞിട്ടുകാര്യമില്ല. ഏറ്റവും കുറഞ്ഞ ചെലവില്‍ ഫാക്ടറിയിലെ ഉത്പാദനപ്രക്രിയ നടത്താനും, ടയര്‍ മുതലായ ഉത്പന്നങ്ങള്‍ ഏറ്റവും മികച്ച വിലയ്ക്കു നല്‍കാനും അവര്‍ അധ്വാനിക്കുന്നു. ഉത്പാദനപ്രക്രിയ ചെലവു കുറഞ്ഞതും, അതേസമയം, ഗുണനിലവാരം നിലനിര്‍ത്തുന്നതും ആയിത്തീരാന്‍ അവര്‍ കണ്ടെത്തിയിരിക്കുന്ന ഫോര്‍മുലയാണ് വില കുറഞ്ഞ ബ്ലോക്ക് റബര്‍ കൂടുതലായി ഇറക്കുമതി ചെയ്ത്, നാട്ടില്‍ ഉത്പാദിപ്പിക്കുന്ന കൂടുതല്‍ ഗുണനിലവാരം പുലര്‍ത്തുന്ന ഗ്രേഡ് ഷീറ്റ് ബ്ലോക്ക് റബറിന്റെ വിലയ്ക്കു വാങ്ങി മിക്‌സ് ചെയ്ത്, മറ്റു രാസവസ്തുക്കളും കലര്‍ത്തി അരച്ചെടുക്കുന്ന മിശ്രിതമുപയോഗിച്ച് ടയര്‍ നിര്‍മിക്കുക എന്നത്. നാട്ടിലെ റബര്‍വിപണി നിയന്ത്രിക്കാനുള്ള ശക്തി കൈവന്നിരിക്കുന്ന സ്ഥിതിക്ക്, 275 രൂപ മുടക്കി വാങ്ങേണ്ടിവരുമായിരുന്ന ഗ്രേഡ് ഷീറ്റ്, 205 രൂപയ്ക്കു വാങ്ങി അങ്ങനെ ഉത്പാദനച്ചെലവ് കുറച്ചിരിക്കുന്നു, ടയര്‍ കമ്പനികള്‍.
അതേസമയം, ഇവര്‍ ദീര്‍ഘവീക്ഷണത്തോടെ കേരളത്തിലെ ചെറുകിടകര്‍ഷകര്‍ക്കു ന്യായമായ വില നല്‍കി, അവര്‍ക്കു പ്രോത്സാഹനമരുളിയിരുന്നെങ്കില്‍, ഇവിടെ, 2013 ലെ 10 ലക്ഷം ടണ്‍ ഉത്പാദനശേഷി വളര്‍ത്തിയെടുത്ത്, മുമ്പ് ആണ്ടുതോറും നാം നേടിയിരുന്ന ഉത്പാദനവളര്‍ച്ചാനിരക്കനുസരിച്ച് ന്യായവിലയ്ക്ക് ആവശ്യമുള്ള മുഴുവന്‍ റബറും ഉത്പാദിപ്പിച്ചുനല്‍കാന്‍ ഇന്ന് നമ്മുടെ കര്‍ഷകര്‍ക്കു കഴിയുമായിരുന്നു. ഇന്നത്തെ റബര്‍ക്ഷാമം വരുത്തിവച്ചത് ടയര്‍വ്യവസായികളുടെ ദീര്‍ഘവീക്ഷണമില്ലായ്മതന്നെയല്ലേ?
ഒരു സ്വതന്ത്രരാജ്യത്തിന്റെ നിലനില്പിനാവശ്യമായ അനേകം ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള അസംസ്‌കൃതവസ്തുവായ റബറിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടേണ്ടത് അത്യാവശ്യമാണെന്നു മനസ്സിലാക്കിയാണ്, നെഹ്‌റുവിന്റെ കാലത്തുതന്നെ റബര്‍ബോര്‍ഡും, അതിന്റെ ഗവേഷണനിലയവുമെല്ലാം സ്ഥാപിച്ച് കര്‍ഷകര്‍ക്കു പ്രോത്സാഹനം നല്‍കുന്ന നയങ്ങളുമായി മുമ്പോട്ടു പോയത്. ഇതിന്റെഫലമായി 1950 ല്‍ 15,000 ടണ്‍ മാത്രമായിരുന്നു ഉത്പാദനമാണ് 2013 ആയപ്പോഴേക്കും 10 ലക്ഷം ടണ്ണിലെത്തിയത്. 2013 ല്‍ ഏറ്റവും വലിയ റബര്‍ ഉപഭോക്താക്കളായ ചൈനയെയും മാന്ദ്യം ബാധിച്ചതോടെ വിദേശവിപണിയില്‍ റബര്‍ കെട്ടിക്കിടന്നു. കുറഞ്ഞ വിലയ്ക്കു കിട്ടിയ ഈ റബര്‍ മുഴുവനും, ഗുണനിലവാരം നോക്കാതെതന്നെ വാങ്ങിക്കൂട്ടി ഇറക്കുമതി ചെയ്ത നമ്മുടെ ടയര്‍വ്യവസായികള്‍, നാട്ടിലെ വിപണിയില്‍നിന്നു മാറിനിന്നു; ഇവിടെ റബര്‍ വാങ്ങാന്‍ ആളില്ലാതെവന്നതോടെ വിപണി തകര്‍ന്നു. കിട്ടുന്ന വിലയ്ക്ക് റബര്‍ വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. ടാപ്പര്‍ക്ക് കൂലി കൊടുക്കാന്‍പോലും മിച്ചം കിട്ടാതിരുന്ന കര്‍ഷകര്‍, അനേകര്‍, ടാപ്പിംഗ് നിറുത്താന്‍ നിര്‍ബന്ധിതരായി. അങ്ങനെ 2015-16 ആയപ്പോഴേക്കും നമ്മുടെ റബര്‍ ഉത്പാദനം വെറും 5 ലക്ഷം ടണ്‍ മാത്രമായി കുറഞ്ഞു!
ആഭ്യന്തര ഉത്പാദനം ഉയര്‍ത്താനായി കര്‍ഷകര്‍ക്കു മെച്ചപ്പെട്ട വില ലഭിക്കാന്‍വേണ്ടി ഇറക്കുമതിയുടെ ചുങ്കം ഉയര്‍ത്താന്‍ നാം അഭ്യര്‍ഥിച്ചു. കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞില്ല. നമ്മുടെ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം, ഇവിടെ സബ്‌സിഡികള്‍ ഇല്ലാതാക്കി, അസം, മേഘാലയ, ത്രിപുര പ്രദേശത്ത് വന്‍സബ്‌സിഡികള്‍ നല്‍കി. നിരാശരായ കര്‍ഷകര്‍ പലരും റബര്‍ ഉപേക്ഷിച്ച് മറ്റു കൃഷികളിലേക്കു തിരിയാന്‍ ശ്രമിച്ചു. ഈ അനുഭവങ്ങളില്‍നിന്നു പാഠം ഉള്‍ക്കൊണ്ട് കഠിനാദ്ധ്വാനികളായ കേരളത്തിലെ ചെറുകിടകര്‍ഷകര്‍ക്കു പ്രോത്സാഹനം നല്‍കുന്ന വില ലഭ്യമാക്കാന്‍ നമ്മുടെ ടയര്‍മേഖല മുന്നോട്ടുവരുമെന്നു പ്രതീക്ഷിക്കട്ടെ!
ഇനി എത്രകാലം നീണ്ടുനില്‍ക്കും ഇന്നത്തെ റബര്‍ക്ഷാമവും, ആ സാഹചര്യത്തിലുണ്ടായ ഉയര്‍ന്ന വിലയും? വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടോ? ഈ ചോദ്യങ്ങള്‍ക്കൊന്നും ആര്‍ക്കും കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയില്ല. കാലാവസ്ഥാവ്യതിയാനത്തിന്റെ പോക്ക്, അന്താരാഷ്ട്രരംഗത്ത് ഇന്നു നടക്കുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധം, ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം അവസാനിക്കുമോ? അതിനിടയ്ക്ക് ചൈന, തയ്‌വാനെ ആക്രമിക്കുമോ? അങ്ങനെ സംഭവിച്ചാല്‍ അമേരിക്ക ഇടപെടില്ലേ?
ഇറാന്‍, ഉത്തരകൊറിയ തുടങ്ങിയ ആണവശക്തികള്‍ എന്തുചെയ്യും? ചൈനയുടെ പിന്‍ബലമുള്ള പാക്കിസ്ഥാന്‍ നമ്മുടെ ഉപഭൂഖണ്ഡത്തില്‍ അസ്വസ്ഥത ഉണ്ടാക്കുമോ? ഈ സംഭവങ്ങളെല്ലാം എണ്ണവിലയെയും ലോകസമ്പദ്‌വ്യവസ്ഥയെയും എങ്ങനെ ബാധിക്കും? ഉത്തരം നല്‍കാന്‍ കഴിയാത്ത ചോദ്യങ്ങള്‍!
ഏതായാലും, രണ്ടു കൊല്ലത്തേക്കെങ്കിലും റബര്‍വില ഉയര്‍ന്നതലത്തില്‍ നില്‍ക്കും. ടയര്‍വ്യവസായികള്‍ ദീര്‍ഘവീക്ഷണത്തോടെ നമ്മുടെ കര്‍ഷകര്‍ക്ക് കിലോഗ്രാമിന് 250 രൂപയെങ്കിലും നല്‍കി പ്രോത്സാഹനം നല്‍കാന്‍ തയ്യാറായാല്‍ കര്‍ഷകര്‍ കഠിനാധ്വാനം ചെയ്യും, ഉത്പാദനം ഉയര്‍ത്തും. ലോകവിപണിയിലെ അനിശ്ചിത്വം ഒഴിവാക്കി, ധൈര്യമായി മുമ്പോട്ടുപോകാന്‍ അവര്‍ക്കു കഴിയും.
കര്‍ഷകര്‍ ഈ അവസരമുപയോഗിച്ച്, ടാപ്പു ചെയ്യാതെ കിടക്കുന്ന മുഴുവന്‍ തോട്ടങ്ങളിലും ഉത്പാദനം നടത്തുക. അതേസമയം, കുരുമുളക്, കൊക്കോ, പാമോയില്‍, കശുവണ്ടി എന്നിവയുടെ വില പുതിയ ഉയരങ്ങളിലേക്കു പോകുന്നത് നിരീക്ഷിക്കുക. ഈ ഉത്പന്നങ്ങളില്‍ മൂല്യവര്‍ധനയുണ്ടാക്കി, കൂടുതല്‍ ലാഭം നേടാന്‍ വലിയ മൂലധനമില്ലാതെതന്നെ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയും എന്ന കാര്യവും മനസ്സിലാക്കുക.