•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

പവിത്രത നഷ്ടപ്പെട്ട പ്രവേശനപ്പരീക്ഷകള്‍

  • ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. കുര്യന്‍ തടത്തില്‍
  • 20 June , 2024

  രാജ്യത്തെ ഏറ്റവും വലിയ പ്രവേശപ്പരീക്ഷകളിലൊന്നായ നീറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിവാദത്തിലായിരിക്കുന്നു. രാജ്യം ലോകസഭാതിരഞ്ഞെടുപ്പിന്റെ ഫലം ഉറ്റുനോക്കിക്കൊണ്ടിരുന്ന ദിനത്തിലാണ്, നോട്ടം കിട്ടരുതെന്ന മട്ടില്‍, വിവാദമായ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയുടെ ഫലമെത്തിയത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, ഗ്രേസ്മാര്‍ക്കു നല്കിയതിലെ അസ്വാഭാവികത തുടങ്ങിയവ പ്രവേശനപ്പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്നു പറഞ്ഞ സുപ്രീംകോടതി, പരീക്ഷയുടെ നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ)യെയും കേന്ദ്രസര്‍ക്കാരിനെയും അതിരൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നു.
    കഴിഞ്ഞ മേയ് അഞ്ചിന് രാജ്യത്തെ 571 നഗരങ്ങളിലും വിദേശത്തുള്ള 14 കേന്ദ്രങ്ങളിലുമായി 23,33,297 പേരാണ് പരീക്ഷയെഴുതിയത്. ജൂണ്‍ നാലിന് ഫലം വന്നപ്പോള്‍ 13,16,268 പേര്‍ യോഗ്യത നേടി. കേരളത്തില്‍നിന്നു പരീക്ഷയെഴുതിയ 1,38,502 പേരില്‍ 86,681 പേരാണ് യോഗ്യരായത്.
     പരീക്ഷയെഴുതിയ 67 പേര്‍ ഫുള്‍മാര്‍ക്കുനേടി (720) ഒന്നാം റാങ്കുകാരായി! ഒന്നാം റാങ്കുകാരുടെ എണ്ണം വര്‍ധിച്ചതും ഹരിയാനയിലെ ഒരു കേന്ദ്രത്തില്‍ പരീക്ഷയെഴുതിയ ആറു പേര്‍ക്ക് ഒന്നാം റാങ്കു ലഭിച്ചതും സംശയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇടയാക്കി. ഫിസിക്‌സിലെ ഒരു ചോദ്യവുമായി ബന്ധപ്പെട്ടു പരാതി ഉയര്‍ന്നപ്പോള്‍ ഗ്രേസ്മാര്‍ക്ക് അനുവദിച്ചതോടെയാണ് ഒട്ടേറെപ്പേര്‍ക്ക് ഒന്നാം റാങ്കു ലഭിച്ചതെന്നാണ് എന്‍ടിഎയുടെ വിശദീകരണം. 2 മുതല്‍ 5.20 വരെയാണ് പരീക്ഷാസമയമെങ്കിലും 4 മണിക്ക് ചോദ്യപ്പേപ്പര്‍ സമൂഹമാധ്യമങ്ങളില്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ടാണ് മറ്റൊരു വിവാദം. നേരത്തെ പരീക്ഷയെഴുതി പുറത്തിറങ്ങിയ ഒരു വിദ്യാര്‍ഥി പ്രചരിപ്പിച്ചതാണെന്നായിരുന്നു എന്‍ടിഎയുടെ ന്യായീകരണം. ബീഹാറിലും ഒഡീഷയിലും ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേസും അറസ്റ്റുമുണ്ട്. രാജസ്ഥാനിലെ സവായ്മാധേപൂരിലെ പരീക്ഷാകേന്ദ്രത്തില്‍ ചോദ്യപ്പേപ്പര്‍ മാറിപ്പോയതും അവിടെ വീണ്ടും പരീക്ഷ നടത്തിയതും എന്‍ടിഎയ്ക്കു പറ്റിയ പിഴവുതന്നെയാണ്. പരീക്ഷാസമയം നഷ്ടപ്പെട്ട ചില വിദ്യാര്‍ഥികള്‍ പരാതിയുമായി ഹൈക്കോടതികളെ സമീപിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പരാതി ശരിയാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് 1563 പേര്‍ക്ക് ഗ്രേസ്മാര്‍ക്ക് അനുവദിച്ചു. സമയനഷ്ടത്തിനു നല്കിയ കോമ്പന്‍സേഷന്‍ മാര്‍ക്കാണ് രണ്ടു വിദ്യാര്‍ഥികള്‍ക്ക് 718,719 എന്നിങ്ങനെ മാര്‍ക്കു ലഭിക്കാനിടയായതെന്നാണ് എന്‍ടിഎയുടെ വിശദീകരണം.
     നീറ്റ് പരീക്ഷയ്‌ക്കെതിരേ അടിമുടി ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് ഹര്‍ജികളില്‍ സുപ്രീംകോടതി ഇടപെട്ടത്. നീറ്റ് യു.ജി.യില്‍ ക്രമക്കേടു നടന്നെന്നും പുനഃപരീക്ഷ വേണമെന്നും ആവശ്യപ്പെട്ട് പത്തു വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. എം.ബി.ബി.എസ്. അടക്കമുള്ള കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് കൗണ്‍സലിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. പ്രവേശനനടപടികള്‍ മുന്‍നിശ്ചയപ്രകാരം തുടരാനാണ് ബഞ്ച് നിര്‍ദേശിച്ചത്. വിവാദവിഷയങ്ങളില്‍ വിശദവാദം വേണമെന്നു നിരീക്ഷിച്ച കോടതി, ഹര്‍ജികളും കേസും ജൂലൈ എട്ടിലേക്കു മാറ്റി.
     24 ലക്ഷത്തോളം വിദ്യാര്‍ഥികളെഴുതിയ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) പരീക്ഷയുടെ ഫലം വന്നപ്പോള്‍ പരീക്ഷാചരിത്രത്തിലെ ഏറ്റവും വലിയ നീറ്റലും നാറ്റക്കേസുമായി മാറിയിരിക്കുന്നു. പരീക്ഷയുടെ വിശുദ്ധി ചോദ്യം ചെയ്യപ്പെട്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചത് പരീക്ഷാനടത്തിപ്പുകാര്‍ക്കുമാത്രമല്ല, രാജ്യത്തിനു മുഴുവന്‍ അപമാനഭാരമായിരിക്കുന്നു. പരീക്ഷാനടത്തിപ്പിലെ തട്ടിപ്പുകളും അതുണ്ടാക്കുന്ന കോളിളക്കങ്ങളും നമ്മുടെ കുട്ടികളെയും അവരുടെ ഭാവിഭദ്രതയെയും കുറച്ചൊന്നുമല്ല വലച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കേണ്ടതുണ്ട്. അധികപണവും അധികസമയവും ഉപയോഗിച്ച് വര്‍ഷങ്ങളുടെ പരിശീലനം നേടി കഷ്ടപ്പെട്ടു പഠിക്കുന്ന ലക്ഷക്കണക്കിനു വിദ്യാര്‍ഥികളെ പരിഹസിക്കുന്ന ഇത്തരം കൊള്ളരുതായ്മകള്‍ വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത് വളരെ പരിതാപകരമാണ്. കുട്ടികളുടെ അധ്വാനമൂല്യത്തെയും അവരുടെ പരിശ്രമങ്ങളെയും ഭാവിയെത്തന്നെയുമാണ് ഇവിടെ അവഹേളിച്ചുവിടുന്നത്. ഫലത്തിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് എന്‍ടിഎ തൃപ്തികരമായ മറുപടികള്‍ നല്കുന്നില്ല. ഗ്രേസ്മാര്‍ക്ക് മാനദണ്ഡങ്ങള്‍ കുറ്റമറ്റതാക്കി റാങ്കുകള്‍ പുനര്‍നിര്‍ണയിക്കുക, പരീക്ഷ വീണ്ടും നടത്തുക തുടങ്ങിയവയാണ് ഫലപ്രദമായ പരിഹാരമാര്‍ഗങ്ങളെന്നു നിര്‍ദേശിക്കുന്നവരുണ്ട്. ഗുരുതരമായ ഈയൊരവസ്ഥയില്‍ കേന്ദ്രസര്‍ക്കാരും അന്വേഷണ ഏജന്‍സികളും സത്വരമായി ഇടപെടേണ്ടിയിരിക്കുന്നു.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)