•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

മാര്‍ക്കുദാനം ഇനിയെങ്കിലും 'മഹാദാന'മാക്കരുതേ!

  • ചീഫ് എഡിറ്റർ: റവ. ഫാ. കുര്യൻ തടത്തിൽ
  • 6 June , 2024

കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയെപ്പറ്റി വിദ്യാഭ്യാസമേഖലയിലുള്ളവരും അല്ലാത്തവരും പരക്കെ വിമര്‍ശനമുന്നയിച്ചുതുടങ്ങിയിട്ട് നാളുകളേറെയായി. വിജയശതമാനവും ഗുണനിലവാരവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നു ചൂണ്ടിക്കാട്ടുന്നവര്‍ ഇന്നു നിരവധിയാണ്. എഴുത്തും വായനയും അറിയാത്ത വിദ്യാര്‍ഥികളെ ജയിപ്പിക്കുന്നതും എസ്എസ്എല്‍സി ക്കും പ്ലസ്ടുവിനും ഫുള്‍ എ പ്ലസ് നല്‍കി ഗുണമേന്മ പ്രഖ്യാപിക്കുന്നതും കൗതുകമായും വൈരുധ്യമായും അവശേഷിക്കുകയാണ്. 
     മാര്‍ക്കുദാനത്തിലെ ചതിക്കുഴികളെക്കുറിച്ച് പൊതുവിദ്യാഭ്യാസഡയറക്ടര്‍ മാസങ്ങള്‍ക്കുമുമ്പു പ്രതികരിച്ചത് കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. എസ്എസ്എല്‍സി ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകര്‍ക്കായി കഴിഞ്ഞ നവംബറില്‍ സംഘടിപ്പിച്ച ശില്പശാലയിലാണ് വാരിക്കോരി മാര്‍ക്കു നല്‍കി എ പ്ലസുകള്‍ സൃഷ്ടിക്കുന്ന വിദ്യാഭ്യാസവകുപ്പിന്റെ അതിസാഹസികതയെക്കുറിച്ച് അദ്ദേഹം തുറന്നടിച്ചത്. 
     അക്ഷരം കൂട്ടിവായിക്കാനും സ്വന്തം പേരെഴുതാനും അറിയാത്ത കുട്ടികള്‍ക്കുവരെ എ പ്ലസ് നല്‍കുകയാണെന്നും അതവരോടു ചെയ്യുന്ന ചതിയാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ തലവന് തുറന്നു പ്രതികരിക്കേണ്ടി വന്നത് പൊതുസമൂഹം ഗൗരവമായി ചര്‍ച്ച ചെയ്യണം. മാര്‍ക്കു നല്‍കി കുട്ടികളെ ജയിപ്പിക്കുന്നതിനോടല്ല, ഉയര്‍ന്ന ഗ്രേഡിങ്ങിലൂടെ വിദ്യാഭ്യാസമികവ് അളക്കുന്ന നിലവിലുള്ള സമ്പ്രദായത്തോടാണ് അദ്ദേഹം എതിര്‍പ്പു പ്രകടിപ്പിച്ചത്. 
   ''മനുഷ്യര്‍ അജ്ഞരായി ജനിക്കുന്നു. വിദ്യാഭ്യാസത്തിലൂടെ അവര്‍ വിഡ്ഢികളാക്കപ്പെടുന്നു'' എന്നു നിരീക്ഷിച്ചത് ബര്‍ട്രന്‍ഡ് റസലാണ്. പുതിയ പാഠ്യപദ്ധതിയും മൂല്യനിര്‍ണയരീതിയും നമ്മുടെ കുട്ടികളെ ശരിക്കും പരാജയപ്പെടുത്തുകയാണ്. നിരന്തരമൂല്യനിര്‍ണയത്തിന്റെ ഭാഗമായി എല്ലാ വിഷയങ്ങള്‍ക്കും ഇരുപതു ശതമാനം മാര്‍ക്ക് സ്‌കൂള്‍തലത്തില്‍ത്തന്നെ എല്ലാ കുട്ടികള്‍ക്കും  നല്കുന്ന പതിവാണുള്ളത്. എഴുത്തുപരീക്ഷയ്ക്ക് വെറും പത്തു ശതമാനംകൂടി വാങ്ങിയാല്‍ അവര്‍ പാസായി. 2005 ല്‍ ഗ്രേഡിങ് സമ്പ്രദായം ഏര്‍പ്പെടുത്തിയതുമുതല്‍ ആരംഭിച്ചതാണ് ഈ മാര്‍ക്കുദാനം. പരീക്ഷക്കടലാസില്‍ ചോദ്യനമ്പറിട്ട് എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ചാല്‍ 'പരിശ്രമശാലി'യായ കുട്ടിക്ക് അവന്റെ ചിന്താശേഷി പരിഗണിച്ച് അര മാര്‍ക്കെങ്കിലുമിട്ട് അവന് ഉപരിപഠനയോഗ്യതാസര്‍ട്ടിഫിക്കറ്റു നല്‍കണമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വാദം. 'തെറ്റ്' എന്ന രീതിയില്‍ ഒന്നും ചൂണ്ടിക്കാണിക്കാന്‍ പാടില്ലത്രേ. എല്ലാ ഉത്തരത്തിലും എന്തെങ്കിലുമൊക്കെ ശരികളുണ്ടാകാം. ശരിയും തെറ്റും ആപേക്ഷികമാണെന്നും ശരിതെറ്റുകളുടെ വിചാരകരും വിധിത്തീര്‍പ്പുകാരുമായി ആരും അവതരിക്കേണ്ടതില്ലെന്നുമാണു പക്ഷം. തെറ്റുകള്‍ തിരിച്ചറിയാനും തിരുത്താനും കാലക്രമേണ അവര്‍ ശീലിച്ചുകൊള്ളും എന്നുതുടങ്ങിയുള്ള മുടന്തന്‍ന്യായങ്ങളിലാണ് നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ പോക്ക്. 
      ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസില്‍ പഠനമികവല്ല, 'ഓള്‍പാസാ'ണ് ചിന്താവിഷയം. വാര്‍ഷികപ്പരീക്ഷ എഴുതുന്നവര്‍ക്കെല്ലാം ക്ലാസുകയറ്റം ഉറപ്പാണ്. എട്ടും ഒമ്പതും ക്ലാസുകളിലെ നോര്‍മല്‍ വിദ്യാര്‍ഥിയെ പത്തിലെത്തുമ്പോള്‍ വൈകല്യവിഭാഗത്തില്‍പ്പെടുത്തി 'അബ്‌നോര്‍മലാ'ക്കുന്നതും, അങ്ങനെ മറ്റൊരാളെക്കൊണ്ട് ഉത്തരമെഴുതിച്ച് എ പ്ലസ് വാങ്ങിക്കുന്നതുമൊക്കെ നമ്മുടെ സമ്പ്രദായത്തിന്റെ 'വൈകല്യ'മായി വിലയിരുത്താന്‍ വിദ്യാഭ്യാസവകുപ്പിന് ഇനി എത്ര ദൂരം സഞ്ചരിക്കണം?
      പൊതുവിദ്യാലയങ്ങളുടെ കെട്ടിടവും സാങ്കേതികസൗകര്യങ്ങളും മെച്ചപ്പെടുത്തിയതുകൊണ്ടുമാത്രം സ്മാര്‍ട്ട് എജ്യുക്കേഷന്‍ ഉണ്ടാകുന്നില്ല. പൊളിച്ചെഴുത്തുണ്ടാവേണ്ടത് അതിന്റെ അക്കാദമിക് കരിക്കുലത്തിലും സംവിധാനക്രമത്തിലുമാണ്. ഓര്‍മപ്പരീക്ഷയില്‍നിന്ന് അനുഭവജ്ഞാനവിലയിരുത്തലിലേക്ക് മൂല്യനിര്‍ണയത്തിന്റെ തോതുയരണം. കാണാപ്പാഠമെഴുതിയതുവച്ച് പരീക്ഷാമികവളക്കുന്ന രീതിയൊക്കെ പഴങ്കഥയാവുകയാണ്. സിബിഎസ്ഇ അടുത്ത അധ്യയനവര്‍ഷം 9-12 ക്ലാസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷ നടത്താന്‍ തീരുമാനമെടുത്തിരിക്കുന്നതു ശ്ലാഘനീയമായ ഒരു പുത്തന്‍ചുവടുവയ്പാണ്. ഓപ്പണ്‍ ബുക്ക് പരീക്ഷയെന്നാല്‍ പുസ്തകം നോക്കി ഉത്തരം നേരിട്ടു പകര്‍ത്തുന്ന രീതിയല്ല; മറിച്ച്, പുസ്തകവിവരങ്ങള്‍ വിശകലനം ചെയ്ത് അനുഭവവും പരിചയവും കൂട്ടിക്കലര്‍ത്തി ഉത്തരങ്ങള്‍ സ്വന്തമായി നിര്‍മിച്ചെടുക്കുകയാണ്. പഠിച്ച കാര്യങ്ങള്‍ എത്രത്തോളം മനസ്സിലാക്കിയെന്നു പരിശോധിക്കുന്ന രീതിയാണിത്. പാഠപുസ്തകങ്ങളും മറ്റു സ്റ്റഡി മെറ്റീരിയലുകളും പരീക്ഷാഹാളില്‍ ഉപയോഗിക്കാമെന്നതുകൊണ്ട് സ്‌ട്രെസ്, ടെന്‍ഷന്‍, മെന്റല്‍ ഇംബാലന്‍സ് എന്നിവയില്‍നിന്നൊക്കെ കുട്ടികള്‍ മോചിതരുമായിരിക്കും.
      മൂല്യനിര്‍ണയപരിഷ്‌കാരത്തോടൊപ്പം, അഭിരുചിക്കും കഴിവിനുമനുസരിച്ചുള്ള വൈവിധ്യവത്കരണവും തൊഴില്‍ നൈപുണ്യ ഉദ്ഗ്രഥനവും ജീവിതമൂല്യങ്ങളുടെ സന്നിവേശവും കേരളത്തിലെ വിദ്യാഭ്യാസരംഗം കാലങ്ങളായി ആവശ്യപ്പെടുന്ന കാര്യങ്ങളാണെന്നു ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം. പൊതു/ഉന്നതവിദ്യാഭ്യാസരംഗത്ത് രാഷ്ട്രീയ ഈഗോകള്‍ മാറ്റിവച്ച് കൃത്യമായ അവധാനതയോടെ പരിഷ്‌കാരങ്ങള്‍ക്കു പാതയൊരുക്കാന്‍ സര്‍ക്കാരും വിദ്യാഭ്യാസവകുപ്പും ഇച്ഛാശക്തി കാണിക്കേണ്ട അടിയന്തരകാലമാണിത്.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)