•  30 Jan 2025
  •  ദീപം 57
  •  നാളം 46
ലേഖനം

ഇനി ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ്ദിനങ്ങള്‍

.പി.എല്‍. പതിനേഴാം സീസണ്‍ മേയ് 26 ന് അവസാനിച്ചു. അപ്പോഴേക്കും ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ആദ്യസംഘം അമേരിക്കയിലെത്തി. ഇനി ജൂണ്‍ ഒന്നുമുതല്‍ 29 വരെ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി ട്വന്റി 20 ലോകകപ്പ് മത്സരങ്ങള്‍. അമേരിക്കയില്‍ മൂന്നും വിന്‍ഡീസില്‍ ആറും വേദികളിലായാണു മത്സരം. പ്രാഥമികറൗണ്ട് മത്സരങ്ങളാണ് അമേരിക്കയില്‍ നടക്കുക.
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിക്കുമ്പോള്‍ ഐപിഎലില്‍ ഒന്‍പതു മത്സരങ്ങള്‍ പൂര്‍ത്തിയായിരുന്നു. ഐപിഎല്‍ താരങ്ങള്‍ മറ്റു രാജ്യങ്ങളുടെ ടീമിലുമുണ്ട്. ഇന്ത്യന്‍ടീമിലെത്തിയ ചിലരുടെ ഫോം നഷ്ടപ്പെട്ടതും ടീമിലില്ലാത്ത ചിലര്‍ ഫോം തെളിയിച്ചതും തുടര്‍ന്നുള്ള ഐപിഎല്‍ മത്സരങ്ങളില്‍ കണ്ടു. ട്വന്റി 20 ക്രിക്കറ്റിന്റെ സവിശേഷതയാണ് ഐപിഎല്‍ ഫൈനലില്‍ കണ്ടത്. സണ്‍റൈഡേഴ്‌സ് ഹെദരാബാദ് 18.3 ഓവറില്‍ 113 ന് ഓള്‍ഔട്ട്.
കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സ് ജയിച്ചത് 10.3 ഓവറില്‍ എട്ടു വിക്കറ്റിന്. അതിനുമുമ്പ്, തുടക്കത്തില്‍ കിതച്ച ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ് പിന്നീട് കുതിച്ചതും തുടക്കത്തില്‍ കുതിച്ച രാജസ്ഥാന്‍ റോയല്‍സ് പിന്നീട് കിതച്ചതും കണ്ടു.
ട്വന്റി 20 ക്രിക്കറ്റില്‍ കളിക്കാരുടെ ചരിത്രമോ ഫോമോ സാങ്കേതികമികവോ വച്ച് ടീമിന്റെ കരുത്തു വിലയിരുത്താനാവില്ല. ടെസ്റ്റിലെയോ, ഏകദിനത്തിലെയോപോലെ കടലാസിലെ കരുത്ത് കളിക്കളത്തില്‍ കണ്ടെന്നും വരില്ല. ആഞ്ഞടിക്കാനുള്ള വ്യഗ്രതയില്‍ പ്രതിരോധം മറക്കും. 
'കൊണ്ടാല്‍ കൊണ്ടു; പോയാല്‍ പോയി' 
എന്ന നാടന്‍പ്രയോഗം ട്വന്റി 20 യില്‍ ഒരളവു വരെ ശരിയാണ്.
രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിന് കിരീടജയം അനിവാര്യമാണ്. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഏകദിനലോകകപ്പ് ഫൈനലിലും ഓസ്‌ട്രേലിയയോടു പരാജയപ്പെട്ടു. 2007 ല്‍ പ്രഥമ ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യയ്ക്ക് 2011 ലെ ഏകദിനലോകകപ്പ്  വിജയത്തിനുശേഷം ഒരു ഐസിസി ലോകകപ്പ് വിജയിക്കാന്‍ സാധിച്ചിട്ടില്ല. സ്ഥാനമൊഴിയുന്ന കോച്ച് രാഹുല്‍ ദ്രാവിഡിനും വിജയം ആവശ്യമാണ്.
ഇന്ത്യയുടെ ആദ്യമത്സരം ജൂണ്‍ അഞ്ചിന്  അയര്‍ലണ്ടിനെതിരേയാണ്. ഒന്‍പതിനാണ് ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം. മറ്റു മത്സരങ്ങള്‍ 12 ന് യുഎസിനെതിരേയും 15 ന് കാനഡയ്‌ക്കെതിരെയുമാണ്. സാധാരണഗതിയില്‍ ഗ്രൂപ്പ് 'എ'യില്‍ നിന്ന് ഇന്ത്യയും പാക്കിസ്ഥാനും സൂപ്പര്‍ എട്ടില്‍ കടക്കും.
ടെസ്റ്റ് ക്രിക്കറ്റിലെയോ ഏകദിനത്തിലെയോപോലെ കടലാസിലെ കരുത്തിനെ ആശ്രയിച്ച് ട്വന്റി 20 യില്‍ ടീമിനെ വിലയിരുത്താനാവില്ല. പരിചയസമ്പത്തും ഫോമും സംയോജിക്കണം. പക്ഷേ, കോപ്പിബുക്ക് ശൈലി വിട്ടുള്ള കളിയില്‍ ഏതു ഷോട്ടും അപകടമാണ്.  അതുകൊണ്ടാണ് കൊണ്ടാല്‍ കൊണ്ടു; പോയാല്‍ പോയി എന്നു നാടന്‍ ഭാഷയില്‍ പറയാം എന്നു സൂചിപ്പിച്ചത്.
ലോകകപ്പ് വിജയിച്ചാല്‍ പാക്കിസ്ഥാന്‍ ടീമംഗങ്ങള്‍ക്ക് ഒരു ലക്ഷം യുഎസ് ഡോളര്‍ വീതം (ഏകദേശം 83 ലക്ഷം രൂപ) പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കാഷ് അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുകയാണ്. പക്ഷേ, എയ്ഡന്‍ മാര്‍കം നയിക്കുന്ന ദക്ഷിണാഫ്രിക്ക, ജോസ് ബട്‌ലര്‍ ക്യാപ്റ്റനായുള്ള ഇംഗ്ലണ്ട്, മിച്ചല്‍ മാര്‍ഷിന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയ തുടങ്ങിയ ടീമുകളൊക്കെ ശക്തമാണ്. ഏറ്റവുമൊടുവിലാണ് പാക്കിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചത്. ബാബര്‍ അസം ആണ് നായകന്‍. ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പില്‍ ക്രിക്കറ്റ് പ്രേമികള്‍ പൂര്‍ണതൃപ്തരല്ല. വിമര്‍ശനങ്ങള്‍ പല ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു.
വിരാട് കോലിയും രോഹിത് ശര്‍മയുമാണ് ഏറ്റവും അനുഭവസമ്പന്നര്‍ എങ്കിലും ഇന്ത്യയുടെ ജയപരാജയങ്ങള്‍ നിശ്ചയിക്കുക ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും മധ്യനിരയിലെ ശിവം ദുബെയും ആയിരിക്കും എന്ന മുന്‍കോച്ച് രവിശാസ്ത്രിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. മികച്ചൊരു ഫാസ്റ്റ് ബൗളിങ് നിരയില്ലെന്നാണ് 1983 ല്‍ ഏകദിനലോകകപ്പ് ജയിച്ച ടീമില്‍ അംഗമായിരുന്ന മദന്‍ലാലിന്റെ പരാതി. ജസ്പ്രീത്ബുംറയും മുഹമ്മദ് സിറാജും അര്‍ഷദീപ് സിങ്ങുമാണ് ഫാസ്റ്റ് ബൗളര്‍മാര്‍. നാലു സ്പിന്നര്‍മാര്‍ ടീമിലുണ്ട്. അതിലാകട്ടെ ലെഗ്‌സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ മാത്രമാണ് വലംകൈയന്‍ സ്പിന്നര്‍. കുല്‍ദീപ് യാദവും ഓള്‍റൗണ്ടര്‍ ലേബലുള്ള  അക്‌സര്‍ പട്ടേലും രവീന്ദ്ര ജഡേജയും  വരുമ്പോള്‍ സ്പിന്നര്‍മാര്‍ നാലായി. ഇതില്‍ സ്ഥാനം പോയത് മികച്ച ഫിനിഷറായ റിജു സിങ്ങിനാണ്. ശുഭ്മാന്‍ ഗില്ലിനെ തഴഞ്ഞതും വിമര്‍ശനം ക്ഷണിച്ചുവരുത്തി.
പാര്‍ട്‌ടൈം ബൗളര്‍ എന്ന ലേബല്‍ ശിവം ദുബെയെ തുണച്ചു. ഋഷഭ് പന്തിനൊപ്പം മലയാളിതാരം സഞ്ജു സാംസണും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ഗില്ലിനുപകരം ജയ്‌സ്വാളും ആയിരിക്കും ഓപ്പണ്‍ ചെയ്യുക. ഹാര്‍ദിക് പാണ്ഡ്യ ഫോമിലെത്തേണ്ടതുണ്ട്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളാണെന്ന വിശ്വാസത്തിലാണ് ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തത്. അത് എത്ര ശരിയാണെന്നു കാത്തിരുന്നു കാണാം.
ഇരുപതുടീമുകള്‍ നാലു ഗ്രൂപ്പുകളിലായി മത്സരിക്കും. ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ എട്ടില്‍ കളിക്കും. ഇവിടെയും രണ്ടു ഗ്രൂപ്പുണ്ട്. ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയില്‍ കടക്കും. 2022 ലെ ലോകകപ്പില്‍ 16 ടീമുകളാണു മത്സരിച്ചത്. കാനഡയും ഉഗാണ്ടയും യോഗ്യത നേടുന്നത് ആദ്യമാണ്. ആതിഥേയര്‍ എന്ന നിലയിലാണ് യുഎസ് കളിക്കുന്നത്. ആകെയുള്ള 55 മത്സരങ്ങളില്‍ 41 എണ്ണം  കരീബിയന്‍ ദ്വീപുകളിലാണ്. സെമിഫൈനല്‍ 26 ന് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലും 27 ന് ഗയാനയിലുമായി നടക്കും. ഫൈനല്‍ 29 ന് ബാര്‍ബഡോസിലാണ്.
ഗ്രൂപ്പ് എ: കാനഡ, ഇന്ത്യ, അയര്‍ലണ്ട്, പാക്കിസ്ഥാന്‍, യു.എസ്.
ഗ്രൂപ്പ് ബി: ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, നമീബിയ, ഒമാന്‍, സ്‌കോട്ട്‌ലന്‍ഡ്.
ഗ്രൂപ്പ് സി: അഫ്ഗാനിസ്ഥാന്‍, ന്യൂസിലന്‍ഡ്, പാപ്പുവന്യൂഗിനിയ, ഉഗാണ്ട, വെസ്റ്റ്ഇന്‍ഡീസ്.
ഗ്രൂപ്പ് ഡി: ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നേപ്പാള്‍, നെതര്‍ലന്‍ഡ്‌സ്
ഗ്രൂപ്പുമത്സരങ്ങളില്‍ വിജയത്തിന് രണ്ടു പോയിന്റ് ലഭിക്കും. ഫലം കണ്ടില്ലെങ്കില്‍ ഓരോ പോയിന്റ് വീതം.
ആതിഥേയരായ രണ്ടു രാജ്യങ്ങളും 2022 ലെ ലോകകപ്പിലെ ആദ്യ എട്ടു സ്ഥാനക്കാരുമാണ് നേരിട്ട് യോഗ്യത നേടിയത്. ഐസിസി ട്വന്റി 20 ടീം റാങ്കിങ്ങില്‍ അടുത്ത രണ്ടു സ്ഥാനക്കാര്‍ക്കും നേരിട്ട് അവസരം നല്‍കി. ശേഷിച്ച എട്ടു ടീമുകള്‍ മേഖലാതലത്തിലെ യോഗ്യതാമത്സരങ്ങളിലൂടെ കടന്നുവന്നു. അതായത്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഇന്ത്യ, പാക്കിസ്ഥാന്‍, ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് (ആതിഥേയരും), ബംഗ്ലാദേശ് ടീമുകള്‍ കഴിഞ്ഞ  ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ യോഗ്യരായി. സ്‌കോട്‌ലന്‍ഡും ശ്രീലങ്കയും റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ കടന്നുവന്നു. പക്ഷേ, സന്നാഹമത്സരത്തില്‍ യുഎസ്എ ബംഗ്ലാദേശിനെ തോല്പിച്ചുവെന്ന് ഓര്‍ക്കണം. ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍) ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജൈസ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋഷഭ്പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ്‌യാദവ്, യശ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
റിസര്‍വ്: ശുഭ്മാന്‍ഗില്‍, റിങ്കുസിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)